..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Thursday, 3 December 2015

ശഅ്ബാന്‍ മാസത്തില്‍ പ്രത്യേക നോമ്പുണ്ടോ? മറ്റു മാസങ്ങളെ അപേക്ഷിച്ച് ശഅ്ബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കാന്‍ പ്രവാചകന്‍ പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ റമദാന്‍ ഒഴിച്ച് മറ്റൊരു മാസത്തിലും മാസം മുഴുവന്‍ നോമ്പ് അനുഷ്ടിക്കുന്ന പതിവ് പ്രവാചകനുണ്ടായിരുന്നില്ലെന്ന് ആയിശ (റ) യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റജബും ശഅ്ബാനും റമദാനും അതിനു പുറമെ ശവ്വാലിനെ ആറ് ദിവസവും തുടര്‍ച്ചയായി നോമ്പ് അനുഷ്ടിക്കുന്നവരുടെ നടപടിയെ നിരാകരിക്കുന്നതാണ് ആയിശ (റ)യില്‍ നിന്നുള്ള ഈ ഹദീസ്. ഇത്തരക്കാര്‍ റജബ് ഒന്നിന് നോമ്പ് തുടങ്ങിയാല്‍ ഈദുല്‍ ഫിത്വര്‍ ദിനം (ശവ്വാല്‍ 1) ഒഴികെ ശവ്വാല്‍ 7 വരെ തുടര്‍ച്ചയായി നോമ്പ് പിടിക്കുന്നു. പ്രവാചകനോ അനുചരന്മാരോ ഇപ്രകാരം നോമ്പ് അനുഷ്ടിച്ചതിന് യാതൊരു തെളിവുമില്ല. പ്രവാചകന്‍ എല്ലാ മാസവും ചില ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു : ചിലപ്പോള്‍ പ്രവാചകന്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കും, അപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്മാര്‍ പ്രവാചകന്‍ നോമ്പ് നോല്‍ക്കുന്നത് നിര്‍ത്തില്ല എന്ന് കരുതിപ്പോകും, മറ്റു ചിലപ്പോള്‍ പ്രവാചകന്‍ നോമ്പ് നോല്‍ക്കുന്നത് നിയന്ത്രിക്കും, അപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്മാര്‍ വിചാരിക്കും ഇനി പ്രവാചകന്‍ നോമ്പ് നോല്‍ക്കില്ല എന്ന്. എല്ലാ മാസവും 13,14,15 തീയ്യതികളില്‍ നോമ്പ് നോല്‍ക്കുന്നത് പ്രവാചകന്റെ പതിവായിരുന്നു. ചില മാസങ്ങളില്‍ ദാവൂദ് (അ) നെ പോലെ ഒന്നിടവിട്ട ദിവസങ്ങളിലും പ്രവാചകന്‍ നോമ്പ് നോല്‍ക്കുമായിരുന്നു. പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട് :'നോമ്പ് നോല്‍ക്കുന്നതില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട മാര്‍ഗം ദാവൂദിന്റേതാകുന്നു. അദ്ദേഹം ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു നോമ്പ് നോറ്റിരുന്നത്.' (ബുഖാരി, മുസ്‌ലിം) റമാദാനിലേക്കുള്ള മുന്നൊരുക്കം എന്ന നിലയിലാണ് പ്രവാചകന്‍ ശഅ്ബാനില്‍ നോമ്പ് നോല്‍ക്കാന്‍ കൂടുതല്‍ ഉത്സാഹം കാണിച്ചത്. എന്നാല്‍ ശഅ്ബാനില്‍ ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചതായി പ്രമാണങ്ങളിലില്ല. എന്നാല്‍ അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ ഒഴിവാക്കി സ്വന്തം ഇഷ്ടപ്രകാരം ചില പ്രത്യേക ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കുകയോ അല്ലെങ്കില്‍ രാത്രി നിന്ന് നമസ്‌കരിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. മതപരമായ അനുഷ്ടാനങ്ങള്‍ മനുഷ്യര്‍ സ്വന്തം ഇഷ്ടപ്രകാരം ഉണ്ടാക്കേണ്ടതല്ല, മറിച്ച് അത് ദൈവിക കല്‍പ്പനയനുസരിച്ചാണ് നിര്‍വഹിക്കേണ്ടത്.

No comments:

Post a Comment