Monday, 7 December 2015
ചരിത്ര ഗ്രന്ഥങ്ങളും ചരിത്രകാരന്മാരും
മുസ്‌ലിംകള്‍ നിസ്തുലമായ സംഭാവനകളര്‍പ്പിച്ച വിജ്ഞാന ശാഖകളിലൊന്നാണ് ചരിത്രം. ഖുര്‍ആന്റെ ചരിത്ര വിവരണവും അതിന്റെ ചരിത്ര ദര്‍ശനം പകര്‍ന്നു നല്കിയ ചരിത്രബോധവും നിരന്തരമായ സൈനിക വിജയങ്ങള്‍ മൂലം ഉളവായ ആത്മാഭിമാനവുമാണ് മുസ്‌ലിംകളെ ചരിത്ര പഠനത്തില്‍ ശ്രദ്ധയുള്ളവരാക്കിയത്. തങ്ങളുടെ ഗതകാല ചരിത്രം ഇത്ര കൃത്യമായും സൂക്ഷ്മമായും ഭാവി തലമുറക്ക് പകര്‍ന്നു നല്കാന്‍ മുസ്‌ലിംകളെപ്പോലെ ആവേശം കാണിച്ച മറ്റൊരു സമൂഹവും ലോകചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല. 14 നൂറ്റാണ്ട് ദൈര്‍ഘ്യമുള്ള ഇസ്‌ലാമിക ചരിത്രത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ എല്ലാംകൂടി പരാമര്‍ശിക്കുകയെന്നത് തന്നെ സാഹസമാണ്. അതിനാല്‍ ഏതാനും പ്രധാന ഗ്രന്ഥങ്ങളെക്കുറിച്ച സൂചന മാത്രമേ ഇവിടെ സാധ്യമാകൂ.
(i) നബിചരിത്ര കൃതികള്‍
പ്രവാചക ചരിത്രത്തില്‍നിന്നാണ് ഇസ്‌ലാമിക ചരിത്ര രചനയുടെ തുടക്കം. പ്രവാചക ചരിത്രസംബന്ധമായ ഗ്രന്ഥങ്ങള്‍ കുതുബുസ്സീറഃ, കുതുബുല്‍ മഗാസി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അതുതന്നെ സ്വതന്ത്രമായ ഒരു വിജ്ഞാന ശാഖയാണ്. ആദ്യത്തെ നബിചരിത്രം രചിച്ചത് ഖലീഫഃ ഉഥ്മാന്റെ പുത്രന്‍ അബാനുബ്‌നു ഉഥ്മാനാണ്. പ്രമുഖ സ്വഹാബി സുബൈറുബ്‌നുല്‍ അവ്വാമിന്റെ പുത്രന്‍ ഉര്‍വതുബ്‌നുസ്സുബൈറും ഒരു നബിചരിത്രം ക്രോഡീകരിച്ചിരുന്നു. ഈ രണ്ട് ഗ്രന്ഥങ്ങളും അതിന്റെ തനത് രൂപത്തില്‍ ഇന്ന് ലഭ്യമല്ലെങ്കിലും പില്ക്കാല ചരിത്രകാരന്‍മാര്‍ തങ്ങളുടെ കൃതികളില്‍ അവയില്‍നിന്നുള്ള ഭാഗങ്ങള്‍ പലതും എടുത്തു ചേര്‍ത്തിട്ടുണ്ട്. ഹദീഥ് നിവേദനത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും അവധാനതയും ഇവര്‍ ചരിത്ര രചനയിലും പുലര്‍ത്തി എന്നതാണ് ഈ ഗ്രന്ഥങ്ങളുടെ സവിശേഷത.
ഉര്‍വഃയുടെ ശിഷ്യനും പ്രമുഖ പണ്ഡിതനുമായിരുന്ന ഇബ്‌നുശിഹാബിസ്സുഹ്‌രി(മ. 124)യാണ് ഗുരുനാഥന്‍ തുടങ്ങിവച്ച നബിചരിത്രത്തിന്റെ ക്രോഡീകരണം കൂടുതല്‍ പരിപുഷ്ടമാക്കിയത്. ഉമവീ ഖലീഫഃ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം നബിചരിത്രം ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചത്. അസാമാന്യമായ നിരീക്ഷണ പാടവം കൈമുതലായുണ്ടായിരുന്ന സുഹ്‌രി നിവേദന പരമ്പരയുടെയും ഉള്ളടക്കത്തിന്റെയും ബലാബലം കൃത്യമായി പരിശോധിച്ചുറപ്പു വരുത്തിയതിനു ശേഷമേ നിവേദനം സ്വീകരിച്ചിരുന്നുള്ളൂ. അയുക്തികവും അസാധാരണവുമായ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പൊതുവേ വര്‍ജിക്കുന്ന നിലപാടാണദ്ദേഹം സ്വീകരിച്ചിരുന്നത്. സുഹ്‌രിയുടെ ഗ്രന്ഥവും പില്ക്കാലത്ത് നഷ്ടപ്പെടുകയുണ്ടായി. എങ്കിലും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ത്വബരിയെപ്പോലുള്ള പില്ക്കാല ചരിത്രകാരന്മാരുടെ കൃതികളില്‍ കാണാം.
മറ്റെല്ലാ വിജ്ഞാന ശാഖകളെയും പോലെ ചരിത്രത്തിന്റെയും വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ ക്രോഡീകരണം നടന്നത് അബ്ബാസീ കാലഘട്ടത്തിലാണ്. ഇബ്‌നുഇസ്ഹാഖി(മ. 152)ന്റെ കിതാബുല്‍ മഗാസി, വാഖിദി(മ. 207)യുടെ അസ്സീറതു വല്‍മഗാസി, ഇബ്‌നുഹിശാമി(മ. 218)ന്റെ അസ്സീറതുന്നബവിയ്യഃ തുടങ്ങിയവ ഇക്കാലത്ത് രചിക്കപ്പെട്ട പ്രധാന നബി ചരിത്ര ഗ്രന്ഥങ്ങളാണ്.
ഇവിടെ പരാമര്‍ശിക്കപ്പെട്ട ഗ്രന്ഥങ്ങളെല്ലാം നബിചരിത്രം എന്ന പേരിലാണറിയപ്പെടുന്നതെങ്കിലും പ്രവാചകന്റെ വ്യക്തിജീവിതത്തിനു പുറമേ പ്രവാചകന്‍ മുഖ്യ കേന്ദ്രമായ ഇസ്‌ലാമിന്റെ ആദ്യകാല ചരിത്രവും അവയില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
(ii) ഇതര ചരിത്ര കൃതികള്‍
നബിക്ക് ശേഷമുള്ള ഇസ്‌ലാമിക ചരിത്രം പ്രതിപാദ്യത്തെ അടിസ്ഥാനമാക്കി രണ്ടായി തിരിക്കാവുന്നതാണ്. ഒന്ന്, പൊതു ചരിത്രം. ഇസ്‌ലാമിക ചരിത്രത്തിന്റെ നാനാ തലങ്ങളെയും സ്പര്‍ശിക്കുന്നതാണ് പൊതു ചരിത്രം. ജീവ ചരിത്രമാണ് രണ്ടാമത്തേത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്രകളര്‍പ്പിച്ച വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനമാണ് ജീവചരിത്രം. അതുതന്നെ രണ്ടു വിധമുണ്ട്. ഹദീഥ് നിരൂപണാവശ്യാര്‍ഥം നിവേദകന്മാരെക്കുറിച്ചുള്ള പഠനമാണ് അവയിലൊന്ന്. ഒരാളുടെ വ്യക്തിത്വത്തിന്റെ ബഹുമുഖ തലങ്ങളെക്കുറിച്ച് അവയില്‍ പരാമര്‍ശിച്ചെന്ന് വരില്ല. അയാളുടെ ഹദീഥ് സ്വീകാര്യമാണോ അല്ലേ എന്ന് തീരുമാനിക്കാന്‍ ആവശ്യമായ വിവരങ്ങളേ അവയില്‍ ഉണ്ടായിരിക്കുകയുള്ളൂ. അസ്മാഉര്‍രിജാല്‍ എന്ന പേരിലാണ് ഈ വിജ്ഞാന ശാഖ അറിയപ്പെടുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിനു ആളുകളുടെ ജീവചരിത്രം പ്രതിപാദിക്കുന്ന ഒട്ടേറെ ഗ്രന്ഥങ്ങള്‍ വിവിധ കാലങ്ങളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇബ്‌നുഹജരില്‍ അസ്ഖലാനിയുടെ തഹ്ദീബുത്തഹ്ദീബ്, ലിസാനുല്‍ മീസാന്‍, ഹാഫിള് അബുല്‍ഹജ്ജാജില്‍ മിസ്സിയുടെ തഹ്ദീബുല്‍ കമാല്‍, ദഹബിയുടെ മീസാനുല്‍ ഇഅ്തിദാല്‍, ഇമാം ബുഖാരിയുടെ അത്താരീഖുല്‍ കബീര്‍ തുടങ്ങിയവ ഉദാഹരണം. വ്യക്തികളുടെ ബഹുമുഖ ജീവചരിത്രമാണ് രണ്ടാമത്തേത്. ഒരാളുടെ വ്യക്തിത്വത്തിന്റെ ഭിന്ന തലങ്ങളെക്കുറിച്ചറിയാന്‍ ഇത്തരം സമഗ്ര ജീവ ചരിത്രങ്ങളെയാണ് അവലംബിക്കേണ്ടത്. ഇത്തരത്തിലുള്ള അസംഖ്യം ജീവ ചരിത്ര കൃതികള്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ വിരചിതമായിട്ടുണ്ട്. ഇബ്‌നുസഅ്ദിന്റെ അത്ത്വബഖാതുല്‍ കുബ്‌റാ, ഇബ്‌നുല്‍ജൗസിയുടെ മനാഖിബുല്‍ ഇമാമി അഹ്മദബ്‌നി ഹന്‍ബല്‍ തുടങ്ങിയവ ഉദാഹരണം.
പൊതു ചരിത്രത്തില്‍ ആദ്യകാല ഖിലാഫതിന്റെ ചരിത്രം പ്രതിപാദിക്കുന്ന ബസ്വ്‌റഃയിലെ അലിയ്യുബ്‌നു മുഹമ്മദില്‍ മദാഇനി(225/840)യുടെ ഗ്രന്ഥമാണ് ആദ്യമായി വരുന്നത്. ഇറാഖീ നിവേദനങ്ങളെ ഹദീഥ് നിവേദനത്തിലെ മദീനഃക്കാരുടെ സവിശേഷ മാനദണ്ഡമനുസരിച്ച് നിരൂപണം ചെയ്തതിന് ശേഷമേ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നതിനാല്‍ ആദ്യകാല ഖിലാഫതിന്റെ ഒരാധികാരിക റഫറന്‍സ് എന്ന സ്ഥാനം ഇതിനു ലഭിക്കുകയുണ്ടായി.
ഹി. മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇസ്‌ലാമിക ചരിത്ര രചന കുറേക്കൂടി വ്യവസ്ഥാപിത രൂപമാര്‍ജിച്ചു. ബലാദുരി(മ. 279/892)യുടെ ഫുതൂഹുല്‍ ബുല്‍ദാന്‍, അബൂഹനീഫതദ്ദീനവരിയുടെ അല്‍അഖ്ബാറുത്ത്വിവാല്‍, ഇബ്‌നുജരീരിത്ത്വബരിയുടെ താരീഖുല്‍ ഉമമി വല്‍മുലൂക്, മസ്ഊദിയുടെ മുറൂജുദ്ദഹബ് തുടങ്ങിയവ ക്ലാസിക്കല്‍ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ കിടയറ്റതാണ്. ലോകാരംഭം മുതല്ക്കുള്ള ലോക ചരിത്രത്തിന്റെ വിശാലമായ ക്യാന്‍വാസില്‍ ഇസ്‌ലാമിക ചരിത്രം പ്രതിപാദിക്കുന്നുവെന്നതാണ് ഈ ഗ്രന്ഥങ്ങളുടെയെല്ലാം പൊതുവായ സവിശേഷത. ഇവയില്‍ ഇബ്‌നുജരീരിത്ത്വബരിയുടെ താരീഖുല്‍ ഉമമി വല്‍മുലൂക് ഏറ്റവും ആധികാരികമായ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥം എന്ന നിലയ്ക്കാണ് അറിയപ്പെടുന്നത്. 14 വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തില്‍ നബിയുടെ കാലം തൊട്ട് ഗ്രന്ഥകാരന്റെ കാലം വരെയുള്ള 300 കൊല്ലത്തെ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. താരീഖുത്ത്വബരിയുടെ ആധികാരികതയും സമഗ്രതയും കാരണം പില്ക്കാല ചരിത്രകാരന്മാരെല്ലാം ആദ്യകാല ഇസ്‌ലാമിക ചരിത്രത്തില്‍ കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനും മുതിരാതെ തങ്ങളുടെ ചരിത്രത്തില്‍ അതപ്പടി പകര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. ശീഈ പക്ഷപാതിയായ സൈഫുബ്‌നു ഉമറിനെ അവലംബിച്ചുവെന്നത് താരീഖുത്ത്വബരിയുടെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ബലാദുരിയുടെയും മസ്ഊദിയുടെയും അബൂഹനീഫതദ്ദീനവരിയുടെയും ഗ്രന്ഥങ്ങളില്‍ ഇറാനിയന്‍ ഗ്രീക്ക് ഇതിഹാസ കഥകളുടെ സ്വാധീനം ഉള്ളതായി വിമര്‍ശമുണ്ട്. ഇവരില്‍ മസ്ഊദി ഭൂമിശാസ്ത്രകാരനും ലോകസഞ്ചാരിയും കൂടിയായതിനാല്‍ ഈ സ്വാധീനം സ്വാഭാവികവുമാണ്. ഇബ്‌നുഖുതൈബഃ, യഅ്ഖൂബി, ഇസ്വ്ഫഹാനി തുടങ്ങിയവരും ക്രി. ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക ചരിത്രത്തിന് വിലപ്പെട്ട സേവനങ്ങളര്‍പ്പിച്ചവരാണ്.
ഇബ്‌നുമിസ്‌കവൈഹി, അല്‍ബീറൂനി, ഉത്ബി, അല്‍ബക്‌രി, ഇബ്‌നുഹയ്യാന്‍, ഇബ്‌നുഹസ്മ്, അല്‍ഖത്വീബുല്‍ ബഗ്ദാദി തുടങ്ങിയവരാണ് ക്രി. 11-ാം നൂറ്റാണ്ടിലെ പ്രധാന ഇസ്‌ലാമിക ചരിത്രകാരന്മാര്‍. ഇവരില്‍ ഇബ്‌നുഹയ്യാനും ഇബ്‌നുഹസ്മും മുസ്‌ലിം സ്‌പെയ്‌നിന്റെ സമഗ്ര ചരിത്രം രചിച്ചവരാണ്. അല്‍ബീറൂനിയുടെ കിതാബുല്‍ ഹിന്ദ് പുരാതന ഇന്ത്യയെക്കുറിച്ച വിലപ്പെട്ട വിവരങ്ങള്‍ അറബികള്‍ക്ക് പകര്‍ന്നു നല്കി. ഉത്ബിയുടെ കിതാബുല്‍ യമീനി ഗസ്‌നീഭരണകൂടത്തിന്റെ ചരിത്രമാണ്. അല്‍ഖത്വീബുല്‍ ബഗ്ദാദിയുടെ 14 വാല്യങ്ങളുള്ള താരീഖു ബഗ്ദാദ് എന്ന വിശ്രുത ഗ്രന്ഥം ഹി. 463 വരെയുള്ള ബഗ്ദാദ് പട്ടണത്തിന്റെ പൂര്‍ണ ചരിത്രം ഉള്‍ക്കൊള്ളുന്നു. 12-ാം നൂറ്റാണ്ടിലെ ചരിത്രകാരന്മാരില്‍ ഇബ്‌നുഅസാകിര്‍, മഖ്‌രീസി, മര്‍വാന്‍, നാസ്വിര്‍ ഖുസ്‌റു തുടങ്ങിയവര്‍ പ്രഥമ ഗണീയരാണ്. ദമസ്‌കസിന്റെ ചരിത്രം പ്രതിപാദിക്കുന്ന ബൃഹദ് വാല്യത്തിലുള്ള താരീഖു ദിമശ്ഖ് ആണ് ഇബ്‌നുഅസാകിറിന്റെ പ്രധാന കൃതി. മഖ്‌രീസി ഈജിപ്തിന്റെ ചരിത്രവും മര്‍വാന്‍ സ്‌പെയ്‌നിന്റെ സമഗ്ര ചരിത്രവും എഴുതിയവരാണ്. നാസ്വിര്‍ ഖുസ്‌റുവിന്റേത് യാത്രാവിവരണമാണെങ്കിലും താന്‍ സന്ദര്‍ശിച്ച രാജ്യങ്ങളുടെ ചരിത്രത്തിലേക്ക് അത് ഉള്‍ക്കാഴ്ച നല്കുന്നുണ്ട്.
ഇബ്‌നുല്‍അഥീര്‍, സിബ്ത്വു ഇബ്‌നില്‍ജൗസി, ഇബ്‌നുഖല്ലികാന്‍, കമാലുദ്ദീന്‍, റശീദുദ്ദീന്‍, ഇബ്‌നുശദ്ദാദ്, യാഖൂതുല്‍ ഹമവി, അബുല്‍ഫറജ് തുടങ്ങിയവരാണ് 13-ാം നൂറ്റാണ്ടിലെ പ്രസിദ്ധരായ ചരിത്രകാരന്മാര്‍. ഇവരില്‍ ഇബ്‌നുല്‍അഥീറിന്റെ അല്‍കാമിലു ഫിത്താരീഖ് ത്വബരിക്കുശേഷം രചിക്കപ്പെട്ട ഏറ്റവും സമഗ്രവും ആധികാരികവുമായ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥമാണ്. ഇസ്‌ലാമിന്റെ ആരംഭം മുതല്‍ ക്രി. 1230 വരെയുള്ള ചരിത്രം സവിസ്തരം അതില്‍ വിവരിച്ചിരിക്കുന്നു. താതാരികളുടെ ബഗ്ദാദ് അധിനിവേശം വരെയുള്ള ഇസ്‌ലാമിക സമൂഹത്തിന്റെ ഏറ്റവും സുവര്‍ണ കാലഘട്ടത്തിന്റെ ചരിത്രം പൂര്‍ണമായും അല്‍കാമിലു ഫിത്താരീഖ് ഉള്‍ക്കൊള്ളുന്നു. താരീഖു അതാബികതില്‍ മൗസ്വില്‍ എന്നപേരില്‍ സങ്കി രാജവംശത്തിന്റെ ചരിത്രവും ഉസ്ദുല്‍ ഗാബഃ എന്ന പേരില്‍ സ്വഹാബികളുടെ ജീവചരിത്രവും അദ്ദേഹം രചിച്ചിട്ടുണ്ട്. സിബ്ത്വു ഇബ്‌നില്‍ജൗസിയുടെ മിര്‍ആതുസ്സമാന്‍ ഫീ താരീഖില്‍ അഅ്‌യാന്‍ അബ്ബാസീ ഭരണകൂടത്തിന്റെ പതനം വരെയുള്ള ചരിത്രം വിവരിക്കുന്ന ഗ്രന്ഥമാണ്. വാഖിഅതുല്‍ അയ്യാം എന്ന പേരില്‍ ഒരു പൊതു ചരിത്രവും വഫയാതുല്‍ അഅ്‌യാന്‍ എന്ന പേരില്‍ ഒരു ചരിത്രവും ഇബ്‌നുഖല്ലികാന്‍ രചിച്ചിട്ടുണ്ട്. കമാലുദ്ദീന്റെ സുബ്ദതുത്തവാരീഖ്, റശീദുദ്ദീന്റെ ജാമിഉത്തവാരീഖ്, ഇബ്‌നുശദ്ദാദിന്റെ മഹാസിനുല്‍ യൂസുഫിയ്യഃ തുടങ്ങിയവയും ഈ കാലഘട്ടത്തിലെ പ്രധാന ചരിത്ര ഗ്രന്ഥങ്ങളാണ്.
14-ാം നൂറ്റാണ്ടില്‍ ജീവിച്ച ചരിത്രകാരന്മാരില്‍ ഇബ്‌നുകഥീറും ഇബ്‌നുഖല്‍ദൂനും ഹാഫിളുബ്‌നു ഹജറും ഹാഫിള് ദഹബിയും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. തുടക്കവും ഒടുക്കവും എന്നര്‍ഥം വരുന്ന ഇബ്‌നുകഥീറിന്റെ അല്‍ബിദായതു വന്നിഹായഃ എന്ന ചരിത്രകൃതി ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ആധികാരികവും പ്രാമാണികവുമായ ഗ്രന്ഥം എന്ന ഖ്യാതി നേടിയിട്ടുണ്ട്. ചരിത്ര നിവേദനങ്ങളെ നിരൂപണവിധേയമാക്കുന്നതില്‍ തന്റെ മുന്‍ഗാമികളായ ത്വബരിയെക്കാളും ഇബ്‌നുല്‍അഥീറിനെക്കാളും ഒരുപടി മുന്നിലാണ് ഇബ്‌നുകഥീര്‍. ചരിത്രത്തിന് സാമൂഹിക ശാസ്ത്രമാനം നല്കിയ ചരിത്ര ദാര്‍ശനികനാണ് ഇബ്‌നുഖല്‍ദൂന്‍. അല്‍ഇബര്‍ എന്ന ചരിത്ര ഗ്രന്ഥവും അതിന്റെ ആമുഖമായ മുഖദ്ദിമഃയുമാണ് ഇബ്‌നു ഖല്‍ദൂന്റെ ഏറ്റവും വലിയ സംഭാവന. വിശ്രുത ഹദീഥ് പണ്ഡിതനായ ഇബ്‌നുഹജരില്‍ അസ്ഖലാനി അല്‍ഇസ്വാബഃ, തഹ്ദീബുത്തഹ്ദീബ്, ലിസാനുല്‍ മീസാന്‍ തുടങ്ങിയ ഹദീഥ് നിരൂപണവുമായി ബന്ധപ്പെട്ട കൃതികള്‍ക്കു പുറമേ ഇന്‍ബാഉല്‍ ഗുംരി ബി അബ്‌നാഇല്‍ ഉംറ് എന്ന പേരില്‍ ഒരു പൊതു ചരിത്ര ഗ്രന്ഥവും രചിച്ചിട്ടുണ്ട്. മുഅര്‍രിഖുല്‍ ഇസ്‌ലാം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദഹബിയുടെ താരീഖുല്‍ ഇസ്‌ലാം, അല്‍ഇബര്‍, ദുവലുല്‍ ഇസ്‌ലാം, സിയറു അഅ്‌ലാമിന്നുബലാഅ്, തദ്കിറതുല്‍ ഹുഫ്ഫാള് തുടങ്ങിയവ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാമാണിക ഗ്രന്ഥങ്ങള്‍ എന്ന അംഗീകാരം നേടിയവയാണ്. അല്‍ബിദായതു വന്നിഹായഃ, അല്‍ഇബര്‍, താരീഖുല്‍ ഇസ്‌ലാം എന്നിവയെ ഒഴിച്ചുനിര്‍ത്തിയാല്‍ താതാരികളുടെ ബഗ്ദാദ് ആക്രമണശേഷം ഇസ്‌ലാമിക ചരിത്രത്തില്‍ അധികവും രചിക്കപ്പെട്ടത് പ്രാദേശിക ചരിത്രമോ സവിശേഷ ഭരണകൂടങ്ങളുടെ ചരിത്രമോ ആണ്. പിന്നീട് ആധുനിക കാലത്താണ് ഇസ്‌ലാമിക ചരിത്രം സമഗ്രമായി കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ ഏറെയും പുറത്തുവന്നത്. മാത്രമല്ല, ആദ്യകാലത്ത് അറബി ഭാഷയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ചരിത്ര രചന അബ്ബാസികളുടെ പതനത്തോടെ പേര്‍ഷ്യന്‍-തുര്‍കി ഭാഷകളിലേക്കുകൂടി വ്യാപിച്ചു. ആധുനിക കാലമായപ്പോഴേക്ക് ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു ഭാഷകളിലും മറ്റനേകം പ്രാദേശിക ഭാഷകളിലും ധാരാളം ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി.
അബുല്‍മഹാസിന്‍ തഗ്‌രീബര്‍ദിയുടെ അന്നുജൂമുസ്സാഹിറഃ ഫീ മുലൂകി മിസ്വ്‌റല്‍ മുആസ്വിറഃ, അബ്ദുര്‍റഹ്മാന്‍ ജബര്‍തിയുടെ അജാഇബുല്‍ ആഥാര്‍, മഖ്ഖരിയുടെ നഫ്ഹുത്ത്വീബ്, അഹ്മദ് ഖാലിദുന്നാസ്വിരിയുടെ കിതാബുല്‍ ഇസ്തിഖ്‌സ്വാ ലി അഖ്ബാരിദുവലില്‍ മഗ്‌രിബില്‍ അഖ്‌സ്വാ തുടങ്ങിയവ പ്രാദേശിക ചരിത്ര ഗ്രന്ഥങ്ങള്‍ക്കുദാഹരണമാണ്. അന്നുജൂമുസ്സാഹിറഃയും അജാഇബുല്‍ ആഥാറും ഈജിപ്തിന്റെ ചരിത്രവും നഫ്ഹുത്ത്വീബും കിതാബുല്‍ ഇസ്തിഖ്‌സ്വാഉം യഥാക്രമം സ്‌പെയ്‌നിന്റെയും മൊറോക്കോയുടെയും ചരിത്രവുമാണ് ഉള്‍ക്കൊള്ളുന്നത്. അത്വാമുല്‍ക് അല്‍ജുവൈനിയുടെ താരീഖു ജഹാനത്, അബ്ദുര്‍റസ്സാഖ് സമര്‍ഖന്ദിയുടെ മത്വ്‌ലഉസ്സഅ്‌ദൈന്‍ തുടങ്ങിയവ ഭരണകൂടങ്ങളുടെ ചരിത്രത്തിന് ഉദാഹരണമാണ്. ഇവയില്‍ താരീഖു ജഹാനത് മംഗോളുകളുടെയും ഖുവാരിസ്മ് ഷാഹി ഭരണകൂടത്തിന്റെയും ചരിത്രമാണ്; മത്വ്‌ലഉസ്സഅ്‌ദൈന്‍ ഈല്‍ഖാനി ഭരണാധികാരിയായിരുന്ന അബൂ സഈദിന്റെ ഭരണകാലം മുതല്‍ തിമൂരി ഭരണാധികാരി അബൂസഈദിന്റെ കാലം വരെയുള്ള ചരിത്രവും. നുവൈരിയുടെ നിഹായതുല്‍ അറബ് ഫീ ഫുനൂനില്‍ അദബ്, ഖല്‍ഖശന്‍ദിയുടെ സ്വുബ്ഹുല്‍ അഅ്ശാ തുടങ്ങിയവയില്‍ മംലൂക് ഭരണകൂടത്തിന്റെ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്നു. ഖാദി മിന്‍ഹാജുസ്സിറാജിന്റെ ത്വബഖാതുന്നാസ്വിരി, ദിയാഉദ്ദീന്‍ ബര്‍ഫിയുടെ താരീഖ് ഫീറുസ് ഷാഹി, അബുല്‍ഖാസിം ഫിരിശ്തയുടെ താരീഖെ ഫിരിശ്ത, നിളാമുദ്ദീന്‍ അഹ്മദിന്റെ ത്വബഖാതെ അക്ബരി, അബ്ദുല്‍ ഖാദിര്‍ ബദായൂനിയുടെ മുന്‍തഖബുത്തവാരീഖ് തുടങ്ങിയവ പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട പ്രധാന ചരിത്ര ഗ്രന്ഥങ്ങളാണ്. ഇപ്പറഞ്ഞ ഗ്രന്ഥങ്ങളെല്ലാം ഇന്ത്യയിലെ മുസ്‌ലിം ഭരണകൂടങ്ങളെ സംബന്ധിച്ച സവിശദവും ആധികാരികവുമായ ചരിത്രം ഉള്‍ക്കൊള്ളുന്നവയാണ്.
ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന ഒട്ടേറെ ഇംഗ്ലീഷ് കൃതികളും പുറത്തുവന്നിട്ടുണ്ട്. മുസ്‌ലിംകളെക്കൂടാതെ അമുസ്‌ലിം ചരിത്രകാരന്മാരും ഈ രംഗത്ത് വിലപ്പെട്ട സേവനങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്. മുഗള്‍ കാലഘട്ടത്തെക്കുറിച്ച ആധികാരികമായ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഡോ. ഇര്‍ഫാന്‍ ഹബീബ്. അദ്ദേഹത്തിന്റെ അഗ്രേറിയന്‍ സിസ്റ്റം ഓഫ് മുഗള്‍ ഇന്ത്യ, ആന്‍ അറ്റ്‌ലസ് ഓഫ് ദ മുഗള്‍ എമ്പയര്‍, ഇശ്തിയാഖ് ഹുസൈന്‍ ഖുറേശിയുടെ ദ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ദ മുഗള്‍ എമ്പയര്‍, ഹസനൈന്‍ എസ്.ഇ.യുടെ ഇന്ത്യന്‍ മുസ്‌ലിംസ്, ഹോഡി വിലയുടെ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ്, ഡോ. ഈശ്വരി പ്രസാദിന്റെ എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് മുസ്‌ലിം റൂള്‍ ഇന്‍ ഇന്ത്യ, ഗുലാം ഹുസൈന്‍ സാലിമിന്റെ ഹിസ്റ്ററി ഓഫ് ബംഗാള്‍, ആര്‍.വി. ത്രിപാഠിയുടെ റൈസ് ആന്റ് ഫാള്‍ ഓഫ് മുഗള്‍ എമ്പയര്‍, ഖലീഖ് അഹ്മദ് നിളാമിയുടെ സ്റ്റേറ്റ് ആന്റ് കള്‍ച്ചര്‍ ഇന്‍ മിഡീവല്‍ ഇന്ത്യ, എം. മുജീബിന്റെ ദ ഇന്ത്യന്‍ മുസ്‌ലിംസ്, കുന്‍ദ്ര & ബാവയുടെ ഹിസ്റ്ററി ഓഫ് മുസ്‌ലിം റൂള്‍ ഇന്‍ ഇന്ത്യ, റാം ഗോപാലിന്റെ ഇന്ത്യന്‍ മുസ്‌ലിംസ് എ പൊളിറ്റിക്കല്‍ ഹിസ്റ്ററി, ലാല്‍ കെ.എസിന്റെ ഹിസ്റ്ററി ഓഫ് ഖല്‍ജിസ്, റിച്ചാര്‍ഡ് എം. ഈഷറിന്റെ ദ റൈസ് ഓഫ് ഇസ്‌ലാം ആന്റ് ദ ബംഗാള്‍ ഫ്രോണ്ടിയര്‍, പ്രൊഫ. മുശീറുല്‍ ഹസന്റെ ലഗസി ഓഫ് എ ഡിവൈഡഡ് നാഷന്‍, ഇന്ത്യാസ് മുസ്‌ലിംസ് സിന്‍സ് ഇന്റിപെന്റന്‍സ്, റോളണ്‍ഡ് ഇ. മില്ലറിന്റെ മാപ്പിള മുസ്‌ലിംസ് ഓഫ് കേരള, എ.പി. ഇബ്‌റാഹീം കുഞ്ഞിന്റെ മാപ്പിള മുസ്‌ലിംസ്, ടോട്ടന്‍ ഹാമിന്റെ 1921 മലബാര്‍ റിബലിയന്‍ തുടങ്ങിയവ ഇന്ത്യയിലെ മുസ്‌ലിം ചരിത്രം വിവരിക്കുന്ന പ്രധാന ഇംഗ്ലീഷ് രചനകളാണ്. സയ്യിദ് അമീര്‍ അലിയുടെ എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് സാരസണ്‍സ്, പ്രൊഫ. മസ്ഊദുല്‍ ഹസന്റെ ഹിസ്റ്ററി ഓഫ് ഇസ്‌ലാം തുടങ്ങിയവ ഇസ്‌ലാമിക ചരിത്രത്തിന്റെ വൈവിധ്യമാര്‍ന്ന തലങ്ങളെക്കുറിച്ച് ദക്ഷിണേഷ്യയില്‍ രചിക്കപ്പെട്ട പ്രധാന ഇംഗ്ലീഷ് കൃതികളാണ്.
ഉഥ്മാനികളുടെ ഭരണകാലത്താണ് തുര്‍കി ഭാഷയില്‍ ഇസ്‌ലാമിക ചരിത്രം അധികവും രചിക്കപ്പെട്ടത്. കമാല്‍ പാഷ സാദയുടെ താരീഖു ആലി ഉഥ്മാന്‍, ഖ്വാജ സഅ്ദുദ്ദീന്റെ (മ. 1599) താജുത്തവാരീഖ്, മുസ്വ്ത്വഫാ അലി ചലീബിയുടെ കുന്‍ഹുല്‍ അഖ്ബാര്‍ തുടങ്ങിയവയാണ് തുര്‍കിയിലെ പ്രധാന ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങള്‍. ഇവയില്‍ മുസ്വ്ത്വഫാ അലി ചലീബിയുടെ കുന്‍ഹുല്‍ അഖ്ബാര്‍ ഇസ്‌ലാമിക ചരിത്രം സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണെങ്കിലും തുര്‍കികളുടെ ചരിത്രം വിവരിക്കുന്ന ഭാഗമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. കമാല്‍ പാഷാ സാദയുടെ താരീഖു ആലി ഉഥ്മാനില്‍ ഹി. 886 മുതല്‍ 933 വരെയുള്ള ഉഥ്മാനീ സല്‍ത്വനതിന്റെ ചരിത്രമാണ് പ്രതിപാദ്യം. ഉഥ്മാനീ ക്ലാസിക്കല്‍ ചരിത്രകാരന്മാരായാണ് ഇവര്‍ അറിയപ്പെടുന്നത്.
ക്ലാസിക്കല്‍ ഇസ്‌ലാമിക ചരിത്ര കൃതികള്‍ മിക്കവയും വസ്തു നിഷ്ഠതക്കും ആധികാരികതക്കും പേര് കേട്ടവയാണെങ്കിലും അവയുടെ സവിശേഷമായ ഘടനയും രചനാരീതിയും കാരണം ആധുനിക മനസ്സുമായി സംവദിക്കാന്‍ വളരെ പ്രയാസപ്പെടുന്നതായാണ് അനുഭവം. ഓരോ വര്‍ഷത്തെയും സംഭവങ്ങള്‍ ഒരുമിച്ച് ഒരു സ്ഥലത്ത് പറയുന്ന രീതിയാണ് ഈ ഗ്രന്ഥങ്ങള്‍ മിക്കവയും പിന്തുടരുന്നത്. ഈ രചനാ രീതി വിഷയാടിസ്ഥാനത്തിലുള്ള വര്‍ഗീകരണം അസാധ്യമാക്കുന്നു. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ ഒരു ഭരണകൂടത്തിന്റെ സമ്പൂര്‍ണ ചരിത്രം ലഭിക്കണമെങ്കില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ പരതേണ്ട അവസ്ഥയാണ് ഇത് വായനക്കാരന്നുണ്ടാക്കുന്നത്. നാഗരിക- സാംസ്‌കാരിക നേട്ടങ്ങളെക്കാള്‍ യുദ്ധങ്ങള്‍ക്കും ഇസ്‌ലാമിക സമൂഹത്തിലെ സൈദ്ധാന്തിക വടംവലികള്‍ക്കുമാണ് കൂടുതല്‍ പ്രാമുഖ്യം കല്പിക്കുന്നതെന്നതും ഈ ഗ്രന്ഥങ്ങളുടെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ അക്കാലത്തെ സാമൂഹിക-സാംസ്‌കാരിക ജീവിതം അവയില്‍നിന്ന് വായിച്ചെടുക്കാനും വളരെ ക്ലേശിക്കേണ്ടി വരുന്നു. സാമൂഹിക സാംസ്‌കാരിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സൂചനകള്‍ അവയില്‍ ഇല്ലെന്നല്ല. മറിച്ച്, അവ അടുക്കും ചിട്ടയുമില്ലാതെ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്നുവെന്നതാണ് പ്രശ്‌നം.
എന്നാല്‍ ഇസ്‌ലാമിക സമൂഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക-നാഗരിക ജീവിതത്തെ മൂര്‍ത്തമായി പ്രതിഫലിപ്പിക്കുന്ന ആധുനിക രചനകള്‍ നിരവധിയുണ്ട്. ഡോ. ഹസന്‍ ഇബ്‌റാഹീം ഹസന്റെ താരീഖുല്‍ ഇസ്‌ലാം (നാല് വാല്യം)- ക്ലാസിക്കല്‍ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍നിന്ന് ഭിന്നമായി രാഷ്ട്രീയ ചരിത്രത്തോടൊപ്പം ഇസ്‌ലാമിക സമൂഹത്തിന്റെ സാമൂഹിക-നാഗരിക-സാംസ്‌കാരിക ചരിത്രം കൂടി സവിസ്തരം പ്രതിപാദിക്കുന്നുണ്ട് ഇതില്‍- അറബി ഭാഷയിലെ പ്രഗല്ഭനായ ചരിത്രകാരനും ഗദ്യകാരനുമായ ശകീബ് അര്‍സ്‌ലാന്റെ അല്‍ഹുലലുസ്സുന്‍ദുസിയ്യഃ ഫില്‍ അഖ്ബാരില്‍ അന്‍ദലുസിയ്യഃ, ഗസവാതുല്‍ അറബ് ഫീ ഫറന്‍സാ വശമാലി ഈത്വാലിയാ വ സുവൈസിറഃ, താരീഖുത്തുര്‍കി വദ്ദൗലതില്‍ ഉഥ്മാനിയ്യഃ, മഹ്മൂദ് ശാകിറിന്റെ അത്താരീഖുല്‍ ഇസ്‌ലാമി, മുഹമ്മദ് ഖുദ്‌രീബകിന്റെ മുഹാദറാതുന്‍ ഫീ താരീഖില്‍ ഉമമില്‍ ഇസ്‌ലാമിയ്യഃ, ഡോ. അഹ്മദ് ശലബിയുടെ മൗസൂഅതുത്താരീഖില്‍ ഇസ്‌ലാമി വല്‍ഹദാറതില്‍ ഇസ്‌ലാമിയ്യഃ (10 വാല്യം)- ആധുനിക കാലഘട്ടം വരെയുള്ള ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന സമഗ്രമായ ഒരിസ്‌ലാമിക ചരിത്ര ഗ്രന്ഥമാണിത്- കൈറോയിലെ ശരികതു സഫീര്‍ പ്രസിദ്ധീകരിച്ച മൗസൂഅതു സഫീര്‍ ലിത്താരീഖില്‍ ഇസ്‌ലാമി (ഒമ്പത് വാല്യം) എന്നിവ ഉദാഹരണം.
ഇത്തരം ആധുനിക രചനകള്‍ കൂടുതല്‍ പ്രസക്തമാകുന്നത് ക്ലാസിക്കല്‍ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളുടെ മേല്‍ സൂചിപ്പിച്ച പോരായ്മകൊണ്ടാണ്. നവീന ചരിത്ര രചനാ രീതിയുമായി തട്ടിച്ചു നോക്കുമ്പോള്‍ പോരായ്മകളുണ്ടെങ്കിലും ക്ലാസിക്കല്‍ മുസ്‌ലിം ചരിത്രകാരന്മാര്‍ അവലംബിച്ച ചരിത്ര രചനാരീതി അക്കാലത്തെ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ രീതിയായിരുന്നുവെന്ന് സമ്മതിക്കാന്‍ വൈമനസ്യം ഉണ്ടാകേണ്ടതില്ല.
അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം
Subscribe to:
Post Comments (Atom)
No comments:
Post a Comment