..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Thursday, 3 December 2015

യഅ്ഖൂബ് നബിയും സന്തതികളും ഇബ്രാഹിം മകന്‍ ഇസ്ഹാഖ് മകന്‍ യഅഖൂബ്. ഇദ്ദേഹത്തിന്റെയും മക്കളുടെയും കഥ ഖുര്‍ആന്‍ നമുക്കു പറഞ്ഞു തരികയും അതിനെ ശാശ്വത വല്‍ക്കരിക്കുകയും ചെയ്തിരിക്കുന്നു. ഈ കഥയില്‍ നമുക്ക് മാതൃകയും ഗുണപാഠങ്ങളുമുണ്ട്. 'തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്മാര്‍ക്ക് പാഠമുണ്ട്. (12:111) എന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. ഈ കഥയില്‍, സംസ്‌കരണവുമായി ബന്ധപ്പെട്ട ചില വശങ്ങളുണ്ട്. പ്രാധാന്യമര്‍ഹിക്കുന്നതും, പഠനം നടത്തപ്പെടേണ്ടതും, സംസ്‌കരണ ഗ്രന്ഥങ്ങളില്‍ ഉല്ലേഖനം ചെയ്യപ്പെടേണ്ടതുമായ ചില കാര്യങ്ങള്‍. യഅഖൂബ് മകന്‍ യൂസുഫ് കണ്ട ഒരു സ്വപ്നമാണ് തുടക്കം. പ്രായപൂര്‍ത്തിയാകാത്ത ഒരു കൊച്ചു കുട്ടിയായിരുന്നു യൂസുഫ്. അദ്ദേഹം സംഭവം പിതാവിനോട് വിവരിച്ചു. വിവരണത്തില്‍ നിന്നും, തന്റെ മകനില്‍ എന്തൊ മഹത്വം നിലകൊള്ളുന്നുവെന്ന് മനസ്സിലാക്കിയ പിതാവിന്ന് അത് സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. അദ്ദേഹം ഒരു പ്രവാചകനാണല്ലോ. പ്രവാചകത്വം അനന്തിരമെടുക്കുന്നതും പൂര്‍വികരെ പോലെ ആയിതീരുന്നതും യൂസുഫായിരിക്കുമെന്നും അദ്ദേഹത്തിന്നു ബോധ്യപ്പെട്ടു. യൂസുഫിന്ന് വയസ്സ് 12 മാത്രം. അതിനാല്‍, സ്വപ്നം ഗോപ്യമാക്കി വെക്കണമെന്നും, ഏറ്റവും അടുത്തവര്‍ക്ക് (സഹോദരങ്ങള്‍) പോലും അത് വെളിപ്പെടുത്തരുതെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു. 'അദ്ദേഹം (പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്നം നീ നിന്റെ സഹോദരന്മാര്‍ക്ക് വിവരിച്ചു കൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു. അപ്രകാരം നിന്റെവ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്‌നവാര്‍ത്തകകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന്‍ പഠിപ്പിച്ചുതരികയും, നിേെന്റ മേലും യഅ്ഖൂബ് കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്. മുമ്പ് നിന്റെ രണ്ട് പിതാക്കളായ ഇബ്രാഹീമിന്റെയും ഇസ്ഹാഖിന്റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത് പോലെത്തന്നെ. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് സര്‍വജ്ഞനും യുക്തിമാനുമാകുന്നു. (12: 5, 6) സ്‌നേഹം, ഈര്‍ഷ്യ, അസൂയ എന്നിവയോടെയായിരുന്നു അദ്ദേഹവും സഹോദരന്‍ ബിന്യാമീനും വളര്‍ന്നത്. ദയാനിധിയായ മാതാവ് ഇരുവര്‍ക്കും നഷ്ടമായിരുന്നു. മറ്റു സഹോദരങ്ങളുടെ സ്ഥിതി അതായിരുന്നില്ല. അതിനാല്‍ തന്നെ, ഇരുവരോടും യഅഖൂബിന്ന് കൂടുതല്‍ കരുണയുണ്ടായിരുന്നു. മാതൃസ്‌നേഹത്തിന്ന് പകരമായ സ്‌നേഹം അദ്ദേഹം അവര്‍ക്ക് നല്‍കി. അവരോടുള്ള പെരുമാറ്റത്തില്‍ ഇത് പ്രകടവുമായിരുന്നു. സഹോദരങ്ങള്‍ യൂസുഫിനെ കീഴ്‌പ്പെടുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്യുമെന്ന് സൂചിപ്പിക്കുന്ന സ്വപ്നത്തിന്നു ശേഷം, പ്രത്യേകിച്ചും, യൂസുഫിനോട് ഇത് വര്‍ദ്ധിച്ചിരുന്നു. ഈ സ്‌നേഹത്തിന്റെ കാര്യത്തില്‍, യഅ്ഖൂബിന്ന് ന്യായീകരണമുണ്ടെന്നത് ശരി തന്നെ. പക്ഷെ, തങ്ങളേക്കാള്‍ പരിഗണനയും കരുണയും ആവശ്യമുള്ളവനാണ് ചെറിയ കുട്ടിയെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ മറ്റു സന്തതികള്‍ക്ക് കഴിഞ്ഞിരുന്നില്ല. തങ്ങളൊടുള്ള സ്‌നേഹം പിതാവില്‍ നിന്നും നീങ്ങിയിരിക്കുന്നുവെന്നും അതിനിപ്പോള്‍ നിലനില്‍പില്ലെന്നുമാണ് അവര്‍ ധരിച്ചത്. ഖുര്‍ആന്‍ അവരുടെ ഈ ധാരണയെ ഇങ്ങനെ ഉദ്ദരിക്കുന്നു: 'യൂസുഫും അവന്റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു (പ്രബലമായ) സംഘമാണ് താനും. തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്. (12: 8) യഅ്ഖൂബ് യൂസുഫിനെ അളവറ്റ് സ്‌നേഹിച്ചു. മനസ്സിലെ സ്‌നേഹം അനിയന്ത്രിതമാണല്ലോ. അത് സ്വയം ഉണ്ടാക്കുന്നതല്ല. അത് ദൈവികമാണ്. എന്നാല്‍, ചിലര്‍ ചെയ്യുന്നത് പോലെ, സമ്മാനം നല്‍കുന്നതിലോ, അനന്തരം നല്‍കുന്നതിലോ, ഔദാര്യം കാണിക്കുന്നതിലോ മറ്റുള്ളവരെ അവഗണിക്കാന്‍ ഇത് അദ്ദേഹത്തിന്നു പ്രചോദനം നല്‍കിയിരുന്നില്ല. മാതാവില്ലാത്ത, ദുര്‍ബലനായ ഒരു കൊച്ചു കുട്ടിയോട് തോന്നിയ സ്‌നേഹം മാത്രമായിരുന്നു അത്. ഈ വശം അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. പക്ഷെ, അതുണ്ടായില്ല. കുട്ടിക്ക് ഇക്കാര്യങ്ങളൊന്നും അറിയുകയുമില്ല. ഒരു പിതൃഹൃദയം അദ്ദേഹത്തിനില്ലല്ലോ. മതാപിതാക്കള്‍ക്ക് ഏതെങ്കിലും ഒരു മകനോട്, എന്തെങ്കിലും കാരണത്താല്‍ പ്രത്യേകം സ്‌നേഹം തോന്നുന്നുവെങ്കില്‍, അത് കടക്കാതിരിക്കുന്നതിന്ന് ഹൃദയ കവാടം അടച്ചു കളയാനും, നിമിഷനേരത്തേക്കെങ്കിലും അത് പുറത്തുവരാന്‍ അനുവദിക്കാതിരിക്കാനും, അവര്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത് അത് കൊണ്ടത്രെ. അല്ലാത്ത പക്ഷം, ഈ വികാരങ്ങള്‍ അറിയിച്ചു കൊണ്ട്, മുന്നറിയിപ്പ് ബെല്ലുകള്‍ മുഴങ്ങും. അത് ചലനത്തിലൂടെയാകാം, വാക്കുകളിലൂടെയാകാം, സ്പര്‍ശനത്തിലൂടെയാകാം, ചുംബനത്തിലൂടെയാകാം, സമ്മാന ദാനത്തിലൂടെയാകാം… ഈ സ്‌നേഹത്തിന്റെ അധിക വില യൂസുഫ് അടച്ചു തീര്‍ക്കുകയായിരുന്നു. കാരണം, സഹോദരങ്ങളില്‍ അസൂയ ജനിച്ചു. പിതാവിനോടുള്ള ചതിയും കൗശലവും നുണയും വെറുപ്പും ക്രൂരതയുമെല്ലാം അതില്‍ നിന്നുടലെടുത്തു. അദ്ദേഹത്തെ കിണറ്റിലെറിഞ്ഞു രക്ഷപ്പെടാന്‍ അവര്‍ തീരുമാനിച്ചത് അത് കൊണ്ടായിരുന്നു. ഇത് ഉടനെ അവര്‍ നടപ്പില്‍ വരുത്തുകയും ചെയ്തു. അവര്‍ പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം.' (12: 9) അതെ, കുറ്റം ചെയ്യുന്നതിന്നു മുമ്പ് തന്നെ, അനുതാപം അവര്‍ മറച്ചു വെക്കുകയായിരുന്നു. കുടുംബ ബന്ധം വിച്ഛേദിക്കുക, പിതാവിനെ വെറുപ്പിക്കുക, കൊച്ചു കുട്ടിയോട് നിര്‍ദ്ദയമായി പെരുമാറുക എന്നിത്യാദി കാര്യങ്ങളില്‍ ഏകോപിച്ചു കൊണ്ട് ഒരു ഭയങ്കര കൃത്യമാണ് അവര്‍ ചെയ്തത്. യൂസുഫ് കിണറ്റിലെറിയപ്പെട്ടതും, അകറ്റപ്പെട്ടതും, പിന്നെ, അടിമത്തം, ബന്ധനം, കാരാഗ്രഹം എന്നിവയെല്ലാമുണ്ടായതും അങ്ങനെയാണ്. യഅ്ഖൂബ് സന്തതികളുടെ മനസ്സില്‍ അസൂയയും വിദ്വേഷവും വിതറാന്‍ പിശാചിന്നു സാധിച്ചു. ഓരോ പിതാവിന്നും ഇതില്‍ സന്ദേശമുണ്ട്. ഓരോ പുത്രനും ഇതില്‍ ഉപദേശമുണ്ട്. ഹസനോട് ഒരാള്‍ ചോദിച്ചു; വിശ്വാസി അസൂയാലുവാകുമോ? അദ്ദേഹം: യഅ്ഖൂബ് സന്തതികളുടെ കാര്യം മറക്കുകയോ? ഹേ, പിതാവേ, താങ്കളറിയാതെ കുട്ടികള്‍ പരസ്പരം വെറുപ്പും അസൂയയും വെച്ചു പുലര്‍ത്തുന്നത് ശ്രദ്ധിക്കുക. ആണിന്നും പെണ്ണിന്നുമിടയില്‍ വിവേചനം കാണിക്കാതിരിക്കുക. പെണ്‍കുട്ടിയെക്കാള്‍ ആണ്‍കുട്ടിയെ സ്‌നേഹിക്കുന്നവരുണ്ട്. അതിനാല്‍, സംസ്‌കരണം, സ്‌നേഹം, ജീവിതച്ചെലവ്, ഉദാരത, അനന്തരാവകാശം എന്നീ കാര്യങ്ങളില്‍ അവന്ന് പ്രാധാന്യം നല്‍കുന്നു. ഒരിക്കല്‍ തിരുമേനി(സ) പറഞ്ഞു; അല്ലാഹുവെ സൂക്ഷിക്കുക; സന്താനങ്ങള്‍ക്കിടയില്‍ നീതി കാണിക്കുക. (മുസ്‌ലിം) 'സന്താനങ്ങള്‍ക്കിടയില്‍ നീതി കാണിക്കുക; സന്താനങ്ങള്‍ക്കിടയില്‍ നീതി കാണിക്കുക (നസാഈ) ഒരിക്കല്‍ നബി(സ)യോട് ഒരാള്‍ പറഞ്ഞു: ഞാന്‍ ഒരു മകന്ന് ദാനം നല്‍കിയിരിക്കുന്നു. അവിടുന്നു സാക്ഷി നിന്നാലും.' നബി(സ): നിങ്ങള്‍ക്ക് വേറെ മക്കളുണ്ടൊ? അയാള്‍: ഉണ്ട്. നബി(സ): അവര്‍ക്കും ഇത് പോലെ കൊടുത്തിട്ടുണ്ടൊ? അയാള്‍; ഇല്ല നബി(സ): അനീതിക്ക് ഞാന്‍ സാക്ഷി നില്‍ക്കുകയില്ല. (നസാഈ) ഒരു സഹോദരനോട് മറ്റുള്ളവരേക്കാള്‍ സ്‌നേഹം പ്രകടിപ്പിക്കരുത്. നിങ്ങള്‍ക്ക് ഏറ്റവ്യത്യാസം തോന്നുന്നുവെങ്കില്‍, കുട്ടികളുമായി സംസാരിക്കുക; എല്ലാവരും നിങ്ങളുടെ മക്കളാണെന്നും എന്റെയടുക്കല്‍ എല്ലാവരും സമാനരാണെന്നും അവരെ ബോധ്യപ്പെടുത്തുക. എല്ലാവരോടും ഉദാരമായി പെരുമാറുക. നന്മ മനസ്സുകളെ ബന്ധനത്തിലാക്കുമെന്നും, ഗുണം ഹൃദയങ്ങളെ പിടിച്ചു വെക്കുമെന്നും അവര്‍ക്ക് അറിയിച്ചു കൊടുക്കുക. നിങ്ങളുടെ നന്മക്ക് വേണ്ടി അവര്‍ പരസ്പരം മത്സരിക്കാനാണത്. ഒരാള്‍ക്ക് പ്രാധാന്യം കല്പിക്കുന്നതിന്റെ കാരണം – അങ്ങനെയുണ്ടായാല്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കുക. 'ഏത് മകനോടാണ് കൂടുതല്‍ ഇഷ്ട'മെന്ന് ഒരാളോട് ചോദിക്കപ്പെട്ടു. അയാള്‍ പറഞ്ഞു; സന്നിഹിതനല്ലാത്തവനോട്, അവന്‍ തിരിച്ചു വരുന്നത് വരെ; രോഗിയോട്, അവന്‍ സുഖം പ്രാപിക്കുന്നത് വരെ; കൊച്ചു കുട്ടിയൊട്, അവന്‍ വലുതാകുന്നത് വരെ.' ഹെ, മകനെ; പിതാവിനോട് അക്രമം പ്രവര്‍ത്തിക്കരുത്; അദ്ദേഹത്തെ തെറ്റിദ്ധരിക്കരുത്; അയാളെ കുറിച്ച് നല്ലത് ധരിക്കുക; അദ്ദേഹത്തിന്ന് നന്മ ചെയ്യുക; കരുണ ചെയ്യുക. അവരോട് വിദ്വേഷം കാണിക്കരുത്; സ്‌നേഹവും സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുക; സ്വയം ഇഷ്ടപ്പെടുന്നത് അവര്‍ക്കും ഇഷ്ടപ്പെടുക; എങ്കില്‍ മാതാപിതാക്കളുടെ പ്രീതി നേടാം, സഹോദരങ്ങളുടെ സ്‌നേഹവും. കുട്ടികളോടുള്ള പെരുമാറ്റത്തിലെ വിവേചനം ഈര്‍ഷ്യയുണ്ടാക്കും. സുകൃതങ്ങളെ ദഹിപ്പിക്കുന്ന അസൂയ അത് ആളിക്കത്തിക്കും. ഈര്‍ഷ്യ, ഹൃദയ മാറ്റത്തില്‍ നിന്നും, കോപത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്. ഇനി അസൂയയുടെ കാര്യം. അസൂയ വെക്കപ്പെടുന്ന വ്യക്തിയിലെ ഒരനുഗ്രഹം, തന്നിലേക്ക് മാറാനുള്ള അസൂയാലുവിന്റെ ആഗ്രഹമത്രെ അത്. 'ഒരു അനുഗ്രഹത്തിന്റെ അവകാശിയില്‍ നിന്നും അത് നീങ്ങണമെന്നാഗ്രഹിക്കുന്നതാണ് അസൂയ എന്നും, ചിലപ്പോള്‍ അത് നീങ്ങാനുള്ള ശ്രമവും ഉണ്ടാകുമെന്നും' റാഗിബ് പറയുന്നു. അത് കൊണ്ടത്രെ യൂസുഫിന്റെ സഹോദരങ്ങള്‍ പറഞ്ഞത്: നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്റെ! മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. (12: 9) ഇവിടെ 'സ്‌നേഹം' എന്ന അനുഗ്രഹം, ദുര്‍ബലനായ ആ കൊച്ചു കുട്ടിയില്‍ നിന്നും നീങ്ങുന്നതിനായിരുന്നു അവര്‍ ആഗ്രഹിച്ചത്. പിതാവില്‍ നിന്നും അവനെ അകറ്റാന്‍ അവര്‍ അദ്ധ്വാനിക്കുകയും ചെയ്തു. അവന്റെ അഭാവത്തില്‍, യഅ്ഖൂബിന്റെ സ്‌നേഹം തങ്ങളിലേക്ക് നീങ്ങുകയായിരുന്നു അവരുടെ ലക്ഷ്യം. യൂസുഫ് നിരപരാധിയായിരുന്നു. അസൂയാലുക്കളോട് അവന്‍ എന്തു ചെയ്യാന്‍? മുആവിയ പറഞ്ഞു: എല്ലാവര്‍ക്കും തങ്ങളുടെ ഇഷ്ടം നിയന്ത്രിക്കാനാകും. ഒരനുഗ്രഹത്തിന്മേല്‍ അസൂയ പുലര്‍ത്തുന്നവന്‍ മാത്രമാണ് അപവാദം. ആ അനുഗ്രഹം നീങ്ങി കിട്ടണമെന്നാണല്ലോ അയാള്‍ ആഗ്രഹിക്കുന്നത്.' ഹൃദയ ശുദ്ധിക്കും അതിന്റെ തൃപ്തിക്കും പ്രചോദനം നല്‍കി കൊണ്ട് പ്രവാചകന്‍ (സ) പറഞ്ഞു: 'പരസ്പരം അസൂയ വെക്കാത്ത കാലത്തോളം, ആളുകള്‍ നന്മയിലായിരിക്കും.' (തബ്‌റാനി) കഥ തീര്‍ന്നില്ല യഅ്ഖൂബ് സന്തതികള്‍, അദ്ദേഹത്തെയും യൂസ്ഫിനെയും ഇങ്ങനെയെല്ലാം ചെയ്ത ശേഷം, യൂസുഫിന്ന് വേണ്ടി കരഞ്ഞെത്തി, യഅ്ഖൂബിനോട് നുണ പറയുകയായിരുന്നു: 'യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്.' (12: 18) 'കണ്ണുനീര്‍ വറ്റിവരളുവോളം യഅ്ഖൂബ് കരഞ്ഞു. ദുഃഖം നിമിത്തം അദ്ദേഹത്തിന്റെന ഇരുകണ്ണുകളും വെളുത്ത് പോയി.' (12: 84) അല്ലാഹുവോട് വേവലാതി പറഞ്ഞു കൊണ്ട് ആക്ഷേപകരെ അദ്ദേഹം നിശ്ചലരാക്കുകയായിരുന്നു. 'എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്.' (12: 86) യൂസുഫ് അല്ലാഹുവിന്റെ പരിരക്ഷയിലായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിതിയാകെ മാറി കഴിഞ്ഞിരുന്നു. കിണറ്റിന്റെ അഗാധതയില്‍ നിന്നും അസീസിന്റെ കൊട്ടാരത്തിലെത്തി. ഇപ്പോഴിതാ, അദ്ദേഹത്തിന്ന് പ്രായപൂര്‍ത്തി എത്തിയിരിക്കുന്നു. അസീസിന്റെ പത്‌നി ഇതാ, അദ്ദേഹത്തെ വശീകരിക്കുന്നു. 'വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ.' (12: 23) പക്ഷെ, അല്ലാഹു അദ്ദേഹത്തില്‍ നിന്ന് തിന്മയും മ്ലേച്ഛതയും തിരിച്ചു കളഞ്ഞ് കുഴപ്പത്തില്‍ നിന്നു രക്ഷിക്കുകയായിരുന്നു. പക്ഷെ, താമസിച്ചില്ല, മറ്റൊരു കുഴപ്പത്തിലദ്ദേഹം അകപ്പെടുകയായിരുന്നു. ക്രൂരതയില്‍, ആദ്യത്തേതില്‍ നിന്നും ഒട്ടും കുറവല്ലാത്ത കുഴപ്പം. അതെ, ഇരുണ്ട തടവറ! പക്ഷെ, അദ്ദേഹം വഴങ്ങിയില്ല. അല്ലാഹുവിലേക്ക് ജനങ്ങളെ വിളിക്കുന്ന പ്രബോധകനായിരുന്നുവല്ലോ അദ്ദേഹം. ദൈവ പ്രീതിയില്‍ സംതൃപ്തിയടയുകയും അവങ്കലുള്ളത് ആഗ്രഹിക്കുകയും ചെയ്യുന്നവന്‍. ജയിലിന്റെ തമസ്സില്‍ നിന്നും പ്രഭാതത്തിന്റെ പ്രഭ വെളിപ്പെടുകയായിരുന്നു. സ്വാതന്ത്ര്യം ചിറകടിച്ചു. അതിന്റെ പക്ഷി അന്തരീക്ഷത്തില്‍ ഉയര്‍ന്നു. വന്നിറങ്ങിയത് യൂസുഫിന്നടുത്തായിരുന്നു. അതോടെ ആശ്വാസവും വിജയവും ലബ്ധമായി. എല്ലാ നിര്‍ഭാഗ്യവന്മാര്‍ക്കും നന്മയില്‍ നിന്നകറ്റപ്പെട്ടു കഴിയുന്നവര്‍ക്കും, ഇതില്‍ സുവാര്‍ത്തയുണ്ട്. ആട്ടിയോടിക്കപ്പെട്ടവര്‍ക്കും അന്യായമായി ജയിലിലടക്കപ്പെട്ടവര്‍ക്കും ഇതില്‍ പ്രതീക്ഷയുണ്ട്. അദ്ദേഹത്തെയും കുടുംബത്തെയും സുഹൃത്തുക്കളെയും വേര്‍പിരിച്ചവര്‍ക്ക് പാഠമുണ്ട്. കാരണം, നീണ്ട നാളത്തെ മോഹത്തിന്നു ശേഷം കൂടിച്ചേരല്‍ നടക്കാതിരിക്കില്ലല്ലോ. 'എന്നാല്‍ തീര്‍ച്ചായായും ഞെരുക്കത്തിന്റെ് കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെക കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.' (94: 5, 6) എന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. കാലം എത്ര നീണ്ടാലും ദൈവിക ശക്തിയാല്‍ പ്രതിബന്ധങ്ങള്‍ നീങ്ങുക തന്നെ ചെയ്യും. ടെന്റുകള്‍ നീക്കം ചെയ്യപ്പെടും. ഭിത്തികള്‍ പൊളിഞ്ഞു വീഴും. യൂസുഫ് കഥയില്‍ സാന്ത്വനമുണ്ട്; സമാധാനമുണ്ട്; പ്രതീക്ഷയുണ്ട്. അതെ, കുടുംബവുമായി പിരിഞ്ഞ ശേഷം, പ്രവാസം സ്വീകരിച്ച ശേഷം കൂടിച്ചേരല്‍ എന്ന സുവാര്‍ത്ത വെളിപ്പെട്ടിരിക്കുകയാണ്. ദീര്‍ഘകാലത്തെ തടസ്സത്തിന്നു ശേഷം, പ്രതീക്ഷ പ്രകടമായിരിക്കുകയാണ്. 'യൂസുഫിന്റൈ സഹോദരന്മാര്‍ വന്നു അദ്ദേഹത്തിന്റെ അടുത്ത് പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല.' (12: 58) വ്യത്യസ്തങ്ങളായ മാനസിക വിഷമതകളോടും വികാരങ്ങളോടും കൂടി കഥ തുടരുന്നു യൂസുഫ് തന്റെ സഹോദരനുമായി സന്ധിക്കുന്നു. അങ്ങനെ, പിതാവിനെയും സഹോദരങ്ങളെയും മറ്റു കുടുംബങ്ങളെയും കാണുവാന്‍ കഴിയുന്നു. അതോടെ അല്ലാഹുവിന്റെ വാഗ്ദാനം പുലരുന്നു. മുമ്പ് കണ്ട സ്വപ്നം സാക്ഷാല്‍കരിക്കപ്പെടുന്നു. അതാ, സഹോദരങ്ങള്‍ തങ്ങളുടെ ചെയ്തി തെറ്റായിരുന്നുവെന്ന് മനസ്സിലാക്കിയിരിക്കുന്നു. എന്തായിരിക്കും ഇപ്പോള്‍ അവരുടെ വികാരം? എങ്ങനെ, അവര്‍ തങ്ങളുടെ സഹോദരന്റെ മുഖത്ത് നോക്കും? 'അവര്‍ പറഞ്ഞു: അല്ലാഹുവെതന്നെയാണ, തീര്‍ച്ചയായും അല്ലാഹു നിനക്ക് ഞങ്ങളെക്കാള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.' (12: 91) ഉടനെയതാ, അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മറുപടി വരുന്നു: 'അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു. (12: 92) എത്ര നല്ല മാപ്പ്! ആക്ഷേപമില്ല, ഭീഷണിയില്ല, ശിക്ഷയുമില്ല. മാന്യതയോടെയാണ് അദ്ദേഹം മാപ്പ് ചെയ്തത്. 'മാപ്പ് ചെയ്യുക വഴി, ദാസന്ന് മാന്യത മാത്രമേ അല്ലാഹു വര്‍ദ്ധിപ്പിക്കുകയുള്ളുവല്ലോ' (മുസ്‌ലിം) 'അക്രമമുണ്ടാകുമ്പോള്‍ സഹനം അവലംബിക്കുകയും, കഴിവുണ്ടാകുമ്പോള്‍ ശിക്ഷിക്കുകയും ചെയ്യുന്നവനല്ല സഹന ശീലന്‍, പ്രത്യുത, അക്രമിക്കപ്പെടുമ്പോള്‍ സഹനമവലംബിക്കുകയും കഴിവുണ്ടാകുമ്പോള്‍ മാപ്പു ചെയ്യുകയും ചെയ്യുന്നവനത്രെ' എന്ന് വിദ്വാന്മാര്‍ പറയുന്നു. എല്ലാവര്‍ക്കും ആവശ്യമായ ആശയങ്ങള്‍! ശാശ്വതവല്‍ക്കരണം അര്‍ഹിക്കുന്ന തത്വങ്ങള്‍! അങ്ങനെ, കുടുംബത്തിന്റെ പുനരേകീകരണത്തിന്ന് അല്ലാഹു യൂസുഫിനെ ഹേതുവാക്കുകയായിരുന്നു. അവര്‍ വരുമ്പോള്‍, ഭൂമിയുടെ ഖജനാവുകള്‍ അദ്ദേഹം വശമായിരുന്നു: 'അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്) തന്റെ മാതാപിതാക്കളെ തിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കു പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക. അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമം ചെയ്യുവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്. എന്റെ രക്ഷിതാവ് അതൊരു യാഥാര്‍ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സര്‍ന്ദഭത്തിലും എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാവരെയും (എന്റെ അടുത്തേക്ക്) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുവനും യുക്തിമാനുമാകുന്നു. (12: 99, 100)

No comments:

Post a Comment