..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

സത്രീ പ്രവാചകന്‍മാര്‍ ഇല്ലാത്തതെന്തു കൊണ്ട്? ദൈവത്തിങ്കല്‍ ലിംഗവിവേചനമില്ലെങ്കില്‍ എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരെ നിയോഗിച്ചില്ല? ദൈവിക ജീവിതവ്യവസ്ഥ സമൂഹത്തിന് സമര്‍പ്പിക്കലും അതിന് കര്‍മപരമായ സാക്ഷ്യം വഹിക്കലും പ്രായോഗിക മാതൃക കാണിച്ചുകൊടുക്കലുമാണല്ലോ പ്രവാചകന്‍മാരുടെ പ്രധാന ദൌത്യം. അതിനാല്‍ ആരാധനാകാര്യങ്ങളിലും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, ഭരണരംഗങ്ങളിലും യുദ്ധം, സന്ധി പോലുള്ളവയിലും സമൂഹത്തിന് അവര്‍ മാതൃകയാവേണ്ടതുണ്ട്. മാസത്തില്‍ ഏതാനും ദിവസം ആരാധനാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗര്‍ഭധാരണം, പ്രസവം പോലുള്ള ഘട്ടങ്ങളില്‍ നായകത്വപരമായ പങ്കുവഹിക്കാനും സ്ത്രീകള്‍ക്ക് സാധ്യമാവാതെ വരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിന് സദാ സകല മേഖലകളിലും നേതൃത്വം നല്‍കേണ്ട പ്രവാചകത്വബാധ്യതയില്‍നിന്ന് സ്ത്രീകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എങ്കിലും മൂസാനബിയുടെ മാതാവ് സ്വന്തം ജീവിതത്തില്‍ പകര്‍ത്തേണ്ട നിര്‍ദേശങ്ങള്‍ ദൈവത്തില്‍നിന്ന് നേരിട്ട് സ്വീകരിച്ചതായി വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹു അറിയിക്കുന്നു: 'നാം മൂസായുടെ മാതാവിനു ബോധനം നല്‍കി. അവനെ മുലയൂട്ടിക്കൊള്ളുക. അവന്റെ ജീവനില്‍ ആശങ്കയുണ്ടായാല്‍ അവനെ നദിയിലെറിയുക. ഒന്നും ഭയപ്പെടേണ്ടതില്ല. ഒട്ടും ദുഃഖിക്കേണ്ടതില്ല. നാം അവനെ നിന്റെ അടുക്കലേക്കുതന്നെ തിരികെ കൊണ്ടുവരുന്നതാകുന്നു. അവനെ ദൈവദൂതന്മാരിലുള്‍പ്പെടുത്തുകയും ചെയ്യും''(28: 7). പ്രവാചകന്‍മാര്‍ക്ക് ലഭിക്കും വിധം യേശുവിന്റെ മാതാവ് മര്‍യമിന് മലക്കില്‍നിന്ന് സന്ദേശം ലഭിച്ചതായും ഖുര്‍ആന്‍ പ്രസ്താവിക്കുന്നു: 'അങ്ങനെ മര്‍യം ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭവുമായി അവള്‍ അകലെയുള്ള ഒരു സ്ഥലത്ത് ചെന്നെത്തി. പിന്നെ പ്രസവവേദന അവളെ ഒരു ഈന്തപ്പനയുടെ ചുവട്ടിലെത്തിച്ചു. അവള്‍ കേണുകൊണ്ടിരുന്നു. ഹാ കഷ്ടം! ഇതിനു മുമ്പുതന്നെ ഞാന്‍ മരിക്കുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കില്‍! അപ്പോള്‍ താഴെനിന്ന് മലക്ക് അവളെ വിളിച്ചറിയിച്ചു. വ്യസനിക്കാതിരിക്കുക! നിന്റെ നാഥന്‍ നിനക്കു താഴെ ഒരു അരുവി ഒഴുക്കിയിരിക്കുന്നു. നീ ആ ഈന്തപ്പനയുടെ തടിയൊന്നു കുലുക്കി നോക്കുക. അതു നിനക്ക് പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരും. അതു തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്തുകൊള്ളുക. പിന്നെ, വല്ല മനുഷ്യരെയും കാണുകയാണെങ്കില്‍ അവരോടു പറഞ്ഞേക്കുക: ഞാന്‍ കാരുണികനായ ദൈവത്തിനുവേണ്ടി വ്രതം നേര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഞാനിന്ന് ആരോടും സംസാരിക്കുന്നതല്ല''(19: 2226). പ്രകൃതിപരമായ കാരണങ്ങളാല്‍ സ്ത്രീകള്‍ പ്രവാചകരായി നിയോഗിതരായിട്ടില്ലെങ്കിലും പ്രവാചകന്മാര്‍ക്കെന്നപോലെ അവര്‍ക്കും ദിവ്യബോധനം ലഭിച്ചിരുന്നതായി ഈ വേദവാക്യങ്ങള്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment