..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

ദൈവവിശ്വാസം ഇസ്‌ലാം അനുശാസിക്കുന്ന ദൈവവിശ്വാസം ഇതാണ്: ദൈവം ഉണ്ട്. അവന്‍ ഏകനാണ്. അനാദിയാണ്. അനന്ത്യനാണ്. അഖണ്ഡനാണ്. യുക്തിമാനും സര്‍വജ്ഞനുമാണ്. നിരാശ്രയനാണ്. അവിഭാജ്യനാണ്. എല്ലാവിധ പങ്കാളിത്തങ്ങള്‍ക്കും അതീതനാണ്. സൃഷ്ടികളോട് യാതൊരുവിധ സമാനതയുമില്ലാത്ത അതുല്യനാണ്. സര്‍വ സദ്ഗുണ സമ്പൂര്‍ണനാണ്. നിത്യജാഗ്രത്താണ്. സകല ചരാചരങ്ങളുടെയും സ്രഷ്ടാവും വിധാതാവുമാണ്. സൃഷ്ടികളഖിലം അവന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്. അവന്റെ കാരുണ്യത്തിലാണവ ഉളവാകുന്നതും നിലനില്ക്കുന്നതും. അവന്‍ അഗോചരനും സര്‍വശക്തനും കരുണാമയനുമാണ്. സ്രഷ്ടാവും സംരക്ഷകനും വിധാതാവും അനുഗ്രഹദാതാവും എന്ന നിലക്ക് സൃഷ്ടികളുടെ ആരാധനയും നിരുപാധികമായ അനുസരണവും വിധേയത്വവും അര്‍ഹിക്കുന്ന ഏക അസ്തിത്വം അവനാകുന്നു. അവനാല്‍ മാത്രം സൃഷ്ടിക്കപ്പെട്ടവരും അവന്റെ സംരക്ഷണത്താലും അനുഗ്രഹത്താലും കാരുണ്യത്താലും മാത്രം നിലനില്ക്കുന്നവരും എന്ന നിലക്ക് അവനെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടത് സൃഷ്ടികളുടെ നിര്‍ബന്ധ ബാധ്യതയുമാകുന്നു. (ഈ അടിമയുടമാ ബന്ധത്തിന്റെയും അവകാശബാധ്യതകളുടെയും വികാസമാണ് ദീനും ശരീഅതും). ദൈവത്തോടുള്ള സൃഷ്ടികളുടെ ബാധ്യത പ്രായോഗികമായി പൂര്‍ത്തീകരിക്കുകയാണ് അവനെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലൂടെ സൃഷ്ടികള്‍ ചെയ്യുന്നത്. ഈ അനുസരണത്തെയും ആരാധനയെയും സാങ്കേതികമായി ഇബാദത് എന്നു പറയുന്നു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന സൂക്തങ്ങള്‍ നിരവധിയാണ്. ചിലതുമാത്രം താഴെ ഉദ്ധരിക്കാം: هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ ﴿٢٢﴾ هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ ﴿٢٣﴾ هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ (അവനാകുന്നു അല്ലാഹു. അവനല്ലാതെ ദൈവമില്ല. അഗോചരവും ഗോചരവുമായ സകല കാര്യങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്നവന്‍. ദയാപരനും കരുണാവാരിധിയുമായവന്‍. അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. അവനാണ് യഥാര്‍ഥ രാജാവ്. അതീവ പരിശുദ്ധന്‍. പരമശരണം. അഭയ ദായകന്‍. സര്‍വ രക്ഷകന്‍. സര്‍വാതിജയന്‍, സകലതും അടക്കി ഭരിക്കുന്നവന്‍. മഹോന്നതനായി വാഴുന്നവന്‍. ജനം ആരോപിക്കുന്ന പങ്കാളിത്തങ്ങള്‍ക്കെല്ലാം അതീതന്‍. അവനാണ് അല്ലാഹു. സൃഷ്ടി പ്രക്രിയ ആവിഷ്‌കരിച്ചവന്‍. അതു നടപ്പിലാക്കിയവന്‍. അനുയോജ്യമായ ആകാരമേകുന്നവന്‍. വിശിഷ്ട നാമങ്ങളൊക്കെയും അവന്നുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല ചരാചരങ്ങളും അവനെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അവന്‍ അജയ്യനും അഭിജ്ഞനുമാകുന്നു. - 59: 22-24) هُوَ يُحْيِي وَيُمِيتُ وَإِلَيْهِ تُرْجَعُونَ (അവനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും - (10: 56) هُوَ الَّذِي يُحْيِي وَيُمِيتُ ۖ فَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ (അവന്‍ ഒരു കാര്യം ഇഛിച്ചാല്‍ ഭവിക്കട്ടെ എന്നു കല്പിക്കുകയേ വേണ്ടൂ, അതു സംഭവിക്കുകയായി - 40:68) يَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۚ وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ الْمَصِيرُ (ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ള സകലതിന്റെയും അധിപനാണല്ലാഹു. താനിഛിക്കുന്നതെന്തും അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു സകല സംഗതികള്‍ക്കും കഴിവുള്ളവനല്ലോ - 5:17) وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۚ وَهُوَ الْحَكِيمُ الْخَبِيرُ (അവന്‍ തന്റെ ദാസന്മാരെ അടക്കി ഭരിക്കുന്നവനും യുക്തിമാനും സര്‍വജ്ഞനുമാകുന്നു - 6:18) لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ (മുമ്പിലൂടെയോ പിന്നിലൂടെയോ മിഥ്യ അവനെ ബാധിക്കുന്നില്ല - 41:42) وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ (എന്റെ കാരുണ്യം സര്‍വ ചരാചരങ്ങളെയും ഉള്‍ക്കൊണ്ടിരിക്കുന്നു - 7:156, 24: 23) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (അവന്‍ പരമദയാലുവും കരുണാവാരിധിയുമാകുന്നു - 1:2) كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ (കാരുണ്യം അവന്റെ സത്തയുടെ സ്ഥായിയായ ഗുണമായിരിക്കുന്നു - 6: 12) إِنَّ اللَّهَ لَا يَظْلِمُ النَّاسَ شَيْئًا وَلَٰكِنَّ النَّاسَ أَنفُسَهُمْ يَظْلِمُونَ (അല്ലാഹു മനുഷ്യരോട് അശേഷം അക്രമം കാണിക്കുന്നില്ല തന്നെ. മറിച്ച്, അവരെ അക്രമിക്കുന്നത് അവര്‍ തന്നെയാണ് - 10: 44) قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤ (പ്രഖ്യാപിക്കുക: അവന്‍ അല്ലാഹുവാകുന്നു. ഏകന്‍. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന്ന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല. അവന്ന് തുല്യനായി ആരുമില്ല. - 112:1-4) ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കുക എന്നതിലേറെ ഇസ്ലാം ഊന്നിയിട്ടുള്ളത് ദൈവത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള ഏകത്വം അംഗീകരിക്കുക എന്നതിലാണ്. നാസ്തികതയെ ബുദ്ധിപരമായ അടിത്തറയുള്ള വാദമായി ഇസ്ലാം കാണുന്നില്ല. ഖുര്‍ആനിന്റെ ദൃഷ്ടിയില്‍ നാസ്തികര്‍ ഊഹങ്ങളെ പിന്തുടരുന്നവരാണ്. ദൈവമില്ലെന്ന് വാദിക്കുന്നവന്‍ തന്നെത്തന്നെ ദൈവമാക്കുകയാണ്. ഇസ്ലാമിക വീക്ഷണത്തില്‍, ദൈവം പലതുണ്ടെന്നു പറയുന്നതുപോലെ ദൈവമേയില്ലെന്നു പറയുന്നതും ബഹുദൈവത്വമാണ്. അതെക്കുറിച്ചു ഖുര്‍ആന്‍ പറയുന്നു: أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّهِ ۚ أَفَلَا تَذَكَّرُونَ ﴿٢٣﴾ وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ (സ്വേഛകളെ സ്വന്തം ദൈവമാക്കിയവനെക്കുറിച്ചു നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?....അവര്‍ പറയുന്നു: നമ്മുടെ ഈ ജീവിതമല്ലാതെ ജീവിതമില്ലതന്നെ. നമ്മുടെ മരണവും ജീവിതവും ഇവിടെ മാത്രം. കാലചക്രമല്ലാതെ മറ്റൊന്നും നമ്മെ നശിപ്പിക്കുന്നില്ല. ഇതെപ്പറ്റി അവര്‍ക്ക് യാതൊരു ജ്ഞാനവുമില്ല എന്നതത്രെ യാഥാര്‍ഥ്യം. അവര്‍ കേവലം ഊഹങ്ങള്‍ ജല്പിക്കുകയാകുന്നു - 45:23-24) സാക്ഷാല്‍ ഈശ്വരനെ നിഷേധിക്കുന്നവരില്‍ ചെറിയൊരു വിഭാഗമേ എക്കാലത്തും നാസ്തികരായിട്ടുള്ളൂ. അധിക ദൈവ നിഷേധികളും സാക്ഷാല്‍ ദൈവത്തെ നിഷേധിച്ച് തല്‍സ്ഥാനത്ത് മറ്റു പലതിനെയും ദൈവങ്ങളായി സങ്കല്പിക്കുന്നവരാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ ദൈവാസ്തിത്വത്തിലേറെ ദൈവത്തിന്റെ ഏകത്വത്തിലൂന്നി സംസാരിക്കുന്നത്. ഇസ്ലാമിക ദൈവശാസ്ത്രം ദൈവവിശ്വാസത്തെ, ചിലപ്പോള്‍ ഇസ്ലാമിനെത്തന്നെ 'തൗഹീദ്'' (ഏകമാക്കല്‍) എന്നു വ്യവഹരിക്കുന്നതും ഈയടിസ്ഥാനത്തില്‍തന്നെ. അല്ലാഹു എല്ലാ അര്‍ഥത്തിലും ഏകനാകുന്നു എന്ന തത്ത്വത്തിന്റെ അനിവാര്യ താല്‍പര്യമാകുന്നു, സൃഷ്ടികളില്‍നിന്നുണ്ടാകുന്ന എല്ലാ അര്‍ഥത്തിലുള്ള ഇബാദതും അല്ലാഹുവിനേ പാടുള്ളൂ എന്നത്. ഏതെങ്കിലും തരത്തിലുള്ള ഇബാദത് അല്ലാഹുവല്ലാത്തവര്‍ക്കര്‍പ്പിക്കുന്നുവെങ്കില്‍ അര്‍പ്പിക്കുന്നവര്‍ അര്‍പ്പിക്കപ്പെടുന്നവരെ ദൈവത്തിന്റെ പങ്കാളിയായി വരിച്ചിരിക്കുന്നുവെന്നാണ് അതിനര്‍ഥം. അതുകൊണ്ട് അല്ലാഹുവല്ലാത്തവര്‍ക്ക് ഇബാദതു ചെയ്യുന്നവര്‍ തൗഹീദില്‍നിന്ന് ഇസ്ലാമില്‍നിന്നുതന്നെയും സ്വയം ബഹിഷ്‌കൃതരാകുന്നു. പാപങ്ങളില്‍ ഏറ്റവും ഗുരുതരവും മാപ്പര്‍ഹിക്കാത്തതുമാണ് ശിര്‍ക് അഥവാ ബഹുദൈവത്വത്തെ സാക്ഷ്യപ്പെടുത്തല്‍. ഇസ്ലാമില്‍ ദൈവത്തില്‍ വിശ്വസിക്കുകയെന്നാല്‍, ദൈവം ഉണ്ട് എന്ന് സമ്മതിക്കല്‍ മാത്രമല്ല, ദൈവത്തെ അവന്റെ സകല ദൈവിക ഗുണങ്ങളോടെയും അധികാര സ്വാതന്ത്യ്രങ്ങളോടെയും അംഗീകരിക്കലാണ്. ഈ അംഗീകാരത്തിന്റെ അനിവാര്യ താല്‍പര്യമാകുന്നു സൃഷ്ടികള്‍ ഭക്തിപൂര്‍വം അവന്ന് ഇബാദതു ചെയ്യുക എന്നതും അവനല്ലാത്ത ആര്‍ക്കും ഇബാദതു ചെയ്യാതിരിക്കുക എന്നതും. ദൈവത്തിന്റെ ഏറ്റവും പ്രഥമവും പ്രധാനവുമായ വിശേഷണം അവന്‍ റഹ്മാനും റഹീമുമാകുന്നു എന്നതാണ്. തന്റെ എല്ലാ സൃഷ്ടികളെയും അവന്റെ കാരുണ്യം വലയം ചെയ്തിരിക്കുന്നു. കാരുണ്യം അവന്റെ സ്ഥായിയായ ഗുണമാകുന്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത് (6:12) വിശുദ്ധ ഖുര്‍ആന്റെ ഓരോ അധ്യായവും ആരംഭിക്കുന്നത് റഹ്മാന്‍, റഹീം എന്നീ ദൈവിക ഗുണങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ്. ഖുര്‍ആനിലെ പ്രഥമാധ്യായവും വിശ്വാസികള്‍ നമസ്‌കാരത്തില്‍ ദിനേന ചുരുങ്ങിയത് 17 വട്ടം ഉരുവിടുന്നതുമായ അല്‍ഫാതിഹഃയിലെ രണ്ടാമത്തെ സൂക്തവും ദൈവം റഹ്മാനും റഹീമുമാകുന്നു എന്നു വിളംബരം ചെയ്യുന്നതാണ്. തന്നെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരോടും നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവരോടും ഒരുപോലെ സ്‌നേഹവും കാരുണ്യവും കാട്ടുന്നവന്‍ എന്നാണ് റഹ്മാന്‍ എന്ന പദത്തിന്റെ വിവക്ഷ. ദൈവത്തെ ബോധപൂര്‍വം വണങ്ങുന്നവരെ സവിശേഷം സ്‌നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നവന്‍ എന്നാണ് റഹീം എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്. ദൈവത്തിന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഫലമായിട്ടാണ് സൃഷ്ടികളഖിലം സൃഷ്ടിക്കപ്പെടുന്നതും നിലനില്ക്കുന്നതും. ആ കരുണാമയനോടുള്ള നന്ദി എന്ന നിലക്കും സൃഷ്ടികള്‍ ദൈവത്തിന് മാത്രം ഇബാദതു ചെയ്യാന്‍ ബാധ്യസ്ഥരാകുന്നു. 'ലാ ഇലാഹ ഇല്ലല്ലാ' എന്നാണ് ഇസ്ലാമിന്റെ മൂല മുദ്രാവാക്യം. അല്ലാഹുവല്ലാതെ ദൈവമില്ല എന്നാണ് അതിന്റെ ഭാഷാര്‍ഥം. മുകളില്‍ സൂചിപ്പിച്ച ദൈവസങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ ലാ ഇലാഹ ഇല്ലല്ലാ എന്നു പ്രഖ്യാപിക്കുമ്പോള്‍ ആശയം ഇതാണ്: എനിക്ക് ആരാധ്യനും ഉടമയും ശാസകനും ആശ്രയവും അനുഗ്രഹദാതാവുമായി ഏകനായ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അല്ലാഹുവല്ലാത്ത ആരുടെയും ഉടമത്വവും യജമാനത്തവും രാജത്വവും ആധിപത്യവും ഞാന്‍ അംഗീകരിക്കുന്നില്ല. ഞാന്‍ അവന്റെ മാത്രം അടിമയും ആജ്ഞാനുവര്‍ത്തിയുമാകുന്നു. മറ്റാരോടുമുള്ള അടിമത്തത്തെയും വിധേയത്വത്തെയും ഞാന്‍ നിഷേധിക്കുന്നു. ഈ അര്‍ഥത്തിലാണ് ലാ ഇലാഹ ഇല്ലല്ലാ ലോകം കേട്ടതില്‍വച്ച് ഏറ്റവും ശക്തവും വിപുലവും അര്‍ഥ ഗര്‍ഭവുമായ സ്വാതന്ത്യ്രമുദ്രാവാക്യമാണ് എന്ന് പറയാറുള്ളത്.

No comments:

Post a Comment