..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Saturday, 5 December 2015

ഇസ്‌ലാമിക കല ഇസ്‌ലാമിക നാഗരികതയില്‍ ഉരുവം പ്രാപിച്ചവയും അന്യ നാഗരികതകളില്‍നിന്ന് പ്രതിഭാധനരായ മുസ്‌ലിം കലാകാരന്മാര്‍ സ്വാംശീകരിച്ച് സവിശേഷമായ ഇസ്‌ലാമിക സ്പര്‍ശം നല്കിയവയുമായ കലകളെയാണ് ഇസ്‌ലാമിക കല എന്നു പറയുന്നത്. ഇസ്‌ലാമിന്റെ കലാ പൈതൃകത്തെ സൂചിപ്പിക്കാന്‍ ആംഗലേയ ഗ്രന്ഥകാരന്മാര്‍ ആര്‍ട്ട് ഓഫ് ഇസ്‌ലാം, ഇസ്‌ലാമിക് ആര്‍ട്ട് എന്നീ സംജ്ഞകള്‍ ഉപയോഗിക്കാറുണ്ട്. അറബിയില്‍ എല്ലാ കലകളെയും സൂചിപ്പിക്കാന്‍ ഫന്ന് എന്ന പദം ഉപയോഗിക്കുന്നു. വൈജ്ഞാനിക കലകളെക്കൂടി ഉള്‍ക്കൊള്ളാനുള്ള വിശാലത ഈ വാക്കിനുണ്ട്. ഇസ്‌ലാമിക കലയെ സംബന്ധിച്ചുള്ള പുസ്തകങ്ങളുടെ വൈവിധ്യം പരിഗണിക്കുമ്പോള്‍ ഇതൊരു പ്രത്യേക പഠനശാഖയുടെ സ്വഭാവം ആര്‍ജിച്ചിരിക്കുന്നു എന്നു പറയാം. (i) എന്താണ് ഇസ്‌ലാമിക കല? ജോനാഥന്‍ ബ്‌ളൂമും ഷീലാ ബ്ലയറും എഴുതുന്നു: 'The term 'Islamic Art' refers not only to the art made for Islamic practices and settings but also to the art made by and for people who lived or live in lands where most - or the most important- people were or are muslims, that is believers in Islam.'' (ഇസ്‌ലാമിക ആചാര സമ്പ്രദായങ്ങള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ട കലയെ മാത്രമല്ല 'ഇസ്‌ലാമിക കല' എന്നതുകൊ?ണ്ട് സൂചിപ്പിക്കുന്നത്. പ്രധാനമായി അഥവാ ഏറ്റവും പ്രധാനമായി മുസ്‌ലിംകള്‍ അഥവാ ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ ജീവിച്ചിരുന്നതോ ജീവിക്കുന്നതോ ആയ നാടുകളിലെ ജനങ്ങളും ആ ജനങ്ങള്‍ക്കു വേണ്ടിയും നിര്‍മിക്കപ്പെട്ട കലകളെക്കൂടിയാണ്.) ഇസ്‌ലാമിക സംസ്‌കാരം നിലനിന്ന എല്ലാ നാടുകളിലും ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്ന എല്ലാ കലകളും ഇസ്‌ലാമിക കലയുടെ പരിധിയില്‍ വരുന്നു എന്ന് ഈ നിര്‍വചനം വ്യക്തമാക്കുന്നു. കലാചരിത്രത്തിലെ പതിവു സമ്പ്രദായ പ്രകാരമുള്ള കാല-ദേശ വിഭജനം ഇസ്‌ലാമിക കലയില്‍ പ്രസക്തമല്ലാതാവുന്നത് ഇതുകൊണ്ടാണ്. കാല-ദേശങ്ങള്‍ ഇസ്‌ലാമിക കലയെ സ്വാധീനിക്കുന്നുണ്ടെങ്കിലും ആ സ്വാധീനം അതിന്റെ ഏക സ്വരത(Harmony)യെ ഭഞ്ജിക്കുന്നില്ലെന്ന് ടൈറ്റസ് ബര്‍ക്കാര്‍ഡ്റ്റ് വ്യക്തമാക്കുന്നു: ''ഇസ്‌ലാമിക കലയുടെ ആവിഷ്‌കാര രീതികള്‍ വംശീയ പരിതോവസ്ഥകള്‍ക്കും നൂറ്റാണ്ടുകളുടെ മാറ്റത്തിനുമനുസരിച്ച് വ്യത്യാസപ്പെടാം. രണ്ടാമത്തേതിനെക്കാള്‍ ഒന്നാമത്തേതിനാണ് കൂടുതല്‍ സാധ്യത. എങ്കിലും സൗന്ദര്യ ശാസ്ത്രപരമായ കാഴ്ചപ്പാടിലും ആത്മീയ ലക്ഷ്യത്തിലും അത് പൊരുത്തമില്ലാത്തതാവുന്നില്ല. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മുഴുവന്‍ മണ്ഡലങ്ങളെക്കുറിച്ചും ഇങ്ങനെ ഉറപ്പിച്ചു പറഞ്ഞുകൂടാത്തതുമാണ്.'' സാര്‍വ ജനീനമായ ഒരാധ്യാത്മിക തലം വിവിധ കാലങ്ങളിലെയും ദേശങ്ങളിലെയും ഇസ്‌ലാമികകലയെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്നു സയ്യിദ് ഹുസൈന്‍ നസ്വ്‌റും അഭിപ്രായപ്പെട്ടിട്ടുണ്ട്. കാല-ദേശ പരിധികള്‍ക്കതീതമായ ഇസ്‌ലാമിക സംസ്‌കാര വിസ്തൃതിയില്‍ ഉടലെടുത്ത, പൊതുവായ ഇസ്‌ലാമിക ആത്മീയതയുടെ മുദ്രകള്‍ വഹിക്കുന്ന എല്ലാ സൗന്ദര്യാവിഷ്‌കാരങ്ങളെയും 'ഇസ്‌ലാമിക കല' എന്ന പ്രയോഗം ഉള്‍ക്കൊള്ളുന്നു എന്ന് മേല്‍വിവരണത്തില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ കല മതേതരമായ ഒരു പ്രവര്‍ത്തനമാകയാല്‍ 'ഇസ്‌ലാമിക കല' എന്ന പ്രയോഗം തന്നെ നിരര്‍ഥകമാണെന്നു വാദിക്കുന്നവരുമുണ്ട്. പക്ഷേ, വിവിധ മതസമൂഹങ്ങളുമായി ബന്ധപ്പെട്ടു വളര്‍ന്നുവന്ന കലകള്‍ക്കു തമ്മില്‍ പ്രമേയത്തിലും ആവിഷ്‌കാരത്തിലും പ്രകടമായ അന്തരം നിലനില്ക്കുന്നുവെന്ന വസ്തുത അനിഷേധ്യമാണ്. ക്രൈസ്തവ, ഹൈന്ദവ, ബൗദ്ധ കലകളില്‍നിന്ന് ഇസ്‌ലാമിക കല വ്യത്യസ്തമാണെന്നിരിക്കെ അതേക്കുറിച്ചുള്ള പഠനം അസംഗതമാവുന്നില്ല. മാത്രമല്ല, കലാപഠനം പൂര്‍ണമാവുന്നത് അതിന്റെ പിന്നിലെ മാനസിക വ്യാപാരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മാത്രമാണുതാനും. കലാസങ്കല്പങ്ങളില്‍ തന്നെ സാരമായ വ്യതിയാനത്തിന് ഇസ്‌ലാം നിമിത്തമായിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ തീര്‍ത്തും മതപരമായിരുന്നു എന്നും കാണാം. അതിനാല്‍ 'ഇസ്‌ലാമിക കല' എന്ന പ്രയോഗത്തെ കലാബാഹ്യമായ ഇടപെടലായി കാണേണ്ടതില്ല. അതേപോലെ, കലയുടെ വിഷയത്തില്‍ ഇസ്‌ലാമിനു തനതായ കാഴ്ചപ്പാടുകളുള്ളതിനാല്‍ 'ഇസ്‌ലാമിക കല'യെ മതബാഹ്യമായ ചിന്താ വ്യായാമമായും ഗണിക്കേണ്ടതില്ല. കല സര്‍വാതിശായി (Universal) ആണെന്നതുപോലെ ഇസ്‌ലാമും സര്‍വാതിശായിയായ ഒരു ജീവിത ദര്‍ശനമാണെന്നു മനസ്സിലാക്കുമ്പോള്‍ രണ്ടിനെയും യോജിപ്പിക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചുകൊള്ളും. (ii) പ്രചോദനവും ഉറവിടവും പ്രപഞ്ച സൃഷ്ടിപ്പിലെ താളപ്പൊരുത്തത്തെ സംബന്ധിച്ച ഖുര്‍ആനിന്റെ വിവരണങ്ങളും ''അല്ലാഹു സുന്ദരനാണ്; അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു'' എന്നു തുടങ്ങിയ നബി വചനങ്ങളുമാണ് ഇസ്‌ലാമിക കലയുടെ പ്രചോദനം എന്നു മതചിന്തകര്‍ ചൂണ്ടിക്കാണിക്കുന്നു. സൗന്ദര്യത്തോടുള്ള മനുഷ്യന്റെ പ്രതിപത്തിയാണ് കലാ പ്രവര്‍ത്തനങ്ങളുടെ പ്രേരണ. മതവിശ്വാസങ്ങളോടുള്ള പ്രതിബദ്ധത കലാപ്രവര്‍ത്തനത്തെ നിയന്ത്രിക്കുമ്പോള്‍ മതാത്മകമായ കല ഉടലെടുക്കുന്നു. കലാകാരനായ മുസ്‌ലിമിനു ഇസ്‌ലാമിക വിശ്വാസം പ്രചോദനമരുളുമ്പോഴുണ്ടാവുന്ന സൗന്ദര്യാവിഷ്‌കാരങ്ങളില്‍ ആ വിശ്വാസം തന്നെ പ്രതിഫലിക്കുന്നു. പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്നംഗീകരിക്കുന്നതാണ് ഇസ്‌ലാമിന്റെ സൗന്ദര്യ സങ്കല്പം. പ്രപഞ്ചം സുന്ദരമാണ് എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ സൗന്ദര്യത്തെ തന്റേതായ രീതിയില്‍ അനുകരിക്കുകയാണ് കലാകാരന്‍. അരിസ്റ്റോട്ടല്‍ മുതലിങ്ങോട്ടുള്ള കലാചിന്തകരെല്ലാം കലയിലെ അനുകരണം എന്ന ഘടകത്തെക്കുറിച്ചു പ്രസ്താവിച്ചവരാണ്. കലാകാരനെ 'സ്രഷ്ടാവെ'ന്നു വിളിക്കുന്ന ക്ലാസിക്കല്‍ ചിന്തകര്‍ ദൈവത്തിന്റെ സര്‍ഗവൈഭവത്തെ അനുകരിക്കാനുള്ള ശ്രമമാണ് കലാകാരന്‍ നടത്തുന്നതെന്നു പറയുന്നു. ഇസ്‌ലാമിക കലാകാരനെ സംബന്ധിച്ചിടത്തോളം കലയെ സംബന്ധിച്ച ഈ തത്ത്വ#ം സവിശേഷം പ്രസക്തമാവുന്നു. ഇസ്‌ലാമിക കല മനുഷ്യ ഹൃദയത്തെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുന്നത്. സ്രഷ്ടാവുമായി അത് കലഹിക്കുന്നില്ല. പ്രതിമാ നിര്‍മാണം പോലുള്ള കലാപ്രവര്‍ത്തനങ്ങളെ ഇസ്‌ലാം നിരാകരിക്കുന്നത് ദൈവത്തിന്റെ ഏകത്വം എന്ന അടിസ്ഥാന തത്ത്വവുമായി അത് കലഹിക്കുന്നു എന്നതുകൊണ്ടാണ്. falsfa പ്രപഞ്ചത്തിന്റെ അനന്ത നിഗൂഢതകളിലേക്കുള്ള അന്വേഷണമായും ഇസ്‌ലാമിക കല ഉരുത്തിരിഞ്ഞിട്ടുണ്ടെന്ന് ഇസ്‌ലാമിക കലാ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നു. സൗന്ദര്യാവിഷ്‌കാരം എന്നതുപോലെ സൗന്ദര്യാന്വേഷണവുമായിരുന്നു ഇസ്‌ലാമിക കല. ഭക്തന്നു പ്രാര്‍ഥനയെന്നപോലെ കലാകാരന്ന് കലയും പവിത്രമായ ഒരാത്മീയാന്വേഷണത്തിന്റെ മാര്‍ഗം തുറന്നിട്ടു. ഇസ്‌ലാമിക കലയുടെ ഉറവിടം ഇസ്‌ലാമിന്റെ ആധ്യാത്മികതയാണെന്നു തറപ്പിച്ചു പറയുന്നു സയ്യിദ് ഹുസൈന്‍ നസ്വ്ര്‍: 'It is within the inner dimension of the Islamic tradition that one must seek the origin of islamic art and the power which has created and sustained it over the ages while making possible the blinding unity and inebriating interiority which this art possesses''. (ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ആന്തരിക മാനത്തിലും, പ്രസ്തുത കലയ്ക്കു ജന്മം നല്കുകയും കാലങ്ങളിലൂടെ അതിനെ നിലനിര്‍ത്തുകയും അതിന് കണ്ണഞ്ചിപ്പിക്കുന്ന ഏകത്വവും മദിപ്പിക്കുന്ന ആന്തരപരതയും സുസാധ്യമാക്കുകയും ചെയ്ത ശക്തിവിശേഷത്തിലുമാണ് ഇസ്‌ലാമിക കലയുടെ പ്രഭവം അന്വേഷിക്കേണ്ടത്.) ഖുര്‍ആന്റെ ആന്തരിക യാഥാര്‍ഥ്യങ്ങളും (ഹഖാഇഖ്) പ്രവാചകന്റെ അനുഗ്രഹ(ബറകഃ) പ്രസരവുമാണ് ഇസ്‌ലാമിക കലയില്‍ തെളിയുന്നതെന്നും നസ്വ്ര്‍ പറയുന്നു. ഇസ്‌ലാമിക കലയെന്നല്ല ഏതൊരു പവിത്ര കല(Sacred Art)യും നമ്മെ നയിക്കുക മാനുഷ്യകത്തിന്റെ ആത്മീയമായ അടിവേരുകളിലേക്കാണെന്ന് ബര്‍ക്കാര്‍ഡ്റ്റ് എഴുതിയിട്ടുണ്ട്. ഇതര ഇസ്‌ലാമിക വിജ്ഞാനീയങ്ങളോ(ഉദാ. ഫിഖ്ഹ്)ടെന്നതിനെക്കാളേറെ ഇസ്‌ലാമിക ആധ്യാത്മികതയോടാണ് ഇസ്‌ലാമിക കല ബന്ധപ്പെട്ടിരിക്കുന്നതെന്ന നസ്വ്‌റിന്റെ നിരീക്ഷണത്തെ ഈ പ്രസ്താവം സാധൂകരിക്കുന്നു. (iii) പശ്ചാത്തല സംസ്‌കാരം മുഹമ്മദ്‌നബിയുടെ വിയോഗ(10/632)ത്തിനു ശേഷമുള്ള ഒരു നൂറ്റാണ്ടുകൊണ്ടുതന്നെ ഇസ്‌ലാമിക കല പുഷ്‌കലത പ്രാപിച്ചത് ചരിത്രകാരന്മാരെ വിസ്മയിപ്പിക്കുന്നു. ഇസ്‌ലാമിന്റെ ദിഗ്വിജയങ്ങളെപ്പോലെ അഭൂതപൂര്‍വമായ വേഗതയിലാണ് കല വികാസം പ്രാപിച്ചത്. പ്രവാചകന്നു മുമ്പേ അറബ് വ്യാപാരികള്‍ ബൈസാന്തിയ, പേര്‍ഷ്യ തുടങ്ങിയ അന്നത്തെ സാമ്രാജ്യ തലസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും അവിടത്തെ കലകളൊന്നും അറബികളെ ആകര്‍ഷിച്ചിരുന്നില്ല. കച്ചവട സാധനങ്ങള്‍ക്കു പുറമേ ആയുധം, ആഭരണം, വസ്ത്രം എന്നിവയിലായിരുന്നു അവര്‍ക്കു താല്‍പര്യം. അറേബ്യയിലാകട്ടെ സാഹിത്യേതര കലകള്‍ക്ക് വലിയ പ്രചാരവുമുണ്ടായിരുന്നില്ല. പ്രാക്തനമായ ഒരു നാടോടി ജീവിതമായിരുന്നു അറബികളുടേത്. ഏഴു മുതല്‍ 17 വരെ നൂറ്റാണ്ടുകളില്‍ അറ്റ്‌ലാന്റിക്- ഇന്ത്യാ മഹാ സമുദ്രങ്ങള്‍ക്കും മധ്യേഷ്യന്‍ പുല്‍മേടുകള്‍ക്കും ആഫ്രിക്കന്‍ മരുഭൂമികള്‍ക്കുമിടയിലുള്ള നാടുകളില്‍ മുഴുവനായി ഇസ്‌ലാമിക കല ആവിഷ്‌കാരം നേടുകയുണ്ടായി. സിറിയന്‍, ഈജിപ്ഷ്യന്‍, സ്പാനിഷ്, തുര്‍കി, പേര്‍ഷ്യന്‍, മുഗള്‍ തുടങ്ങിയ കലാ പൈതൃകങ്ങളെല്ലാം ഇസ്‌ലാമിക കലയുടെ കുടക്കീഴില്‍ ഒരേ ആത്മഭാവം പൂണ്ട് ഒന്നിക്കുന്നു. മൊറോക്കോയിലെയും ദമസ്‌കസിലെയും ദല്‍ഹിയിലെയും ജക്കാര്‍ത്തയിലെയും മസ്ജിദുകള്‍ നിര്‍മിതിയില്‍ പങ്കുവയ്ക്കുന്ന ഏകീഭാവം ഇസ്‌ലാമിക കലയുടെ ആത്മപ്രസരത്തിനു തെളിവു നല്കുന്നു. അന്യോന്യം പരിചയപ്പെട്ടിട്ടില്ലാത്ത ആളുകള്‍ പല നൂറ്റാണ്ടുകളില്‍ പല ദേശങ്ങളില്‍ തീര്‍ത്തവയാണ് ആ കലാമാതൃകകള്‍. സ്‌പെയ്‌നിലെ അല്‍ഹംറാഉം ആഗ്രയിലെ താജ്മഹലും തമ്മില്‍ കലാപരമായ പൊരുത്തമുണ്ട്. അന്യ സംസ്‌കാരങ്ങളില്‍ നിന്നു സ്വീകരിച്ചതിനെയും ഇസ്‌ലാം സൗന്ദര്യമണിയിച്ചു സാര്‍വജനീനമാക്കുകയായിരുന്നു. ആദാന പ്രദാനങ്ങളിലൂടെ കല വളരുമ്പോഴും ഇസ്‌ലാം അതില്‍ സ്വന്തം റൂഹ് (ആത്മാവ്) സന്നിവേശിപ്പിച്ചുവെന്നര്‍ഥം. സാസാനിയന്‍, ഗ്രീകോ-റോമന്‍ ബൈസാന്തിയന്‍ കലാപാരമ്പര്യങ്ങളെ ഇസ്‌ലാം സ്വാംശീകരിച്ചതായി റോബര്‍ട്ട് ഇര്‍വിന്‍ എടുത്തുപറയുന്നുണ്ട്. സാസാനിയന്‍, ബൈസാന്തിയന്‍ ചിത്രാലങ്കാരങ്ങളുടെയും വാസ്തുവിദ്യയുടെയും സ്വാധീനതകള്‍ ഇസ്‌ലാമിക അലങ്കാര കലയിലും വാസ്തുവിദ്യയിലും ധാരാളമുണ്ടെന്ന് ഇര്‍വിന്‍ പറയുന്നു. ബൈസാന്തിയന്‍ നാണയങ്ങളിലും ചിത്രകലയിലും കാണുന്ന അലങ്കാരപ്പണികളില്‍ ദേവന്മാരു#െടയും ദേവതകളുടെയും ചിത്രങ്ങള്‍ കാണാമെങ്കില്‍ ഇസ്‌ലാമിക കലാകാരന്മാര്‍ അത്തരം രൂപചിത്രീകരണങ്ങളെ പാടെ വര്‍ജിച്ചു എന്നതാണു വ്യത്യാസം. പ്രതിമാ നിര്‍മാണത്തെയും ഇസ്‌ലാം തിരസ്‌കരിച്ചു. പകരം മറ്റാവിഷ്‌കാര രീതികള്‍ സ്വയം വികസിപ്പിക്കുകയും ചെയ്തു. എന്നാല്‍ വാസ്തു വിദ്യയില്‍ ബൈസാന്തിയന്‍-സാസാനിയന്‍ മാതൃകകളെ സംയോജിപ്പിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്തത്. പള്ളിയുടെ (മസ്ജിദ്) നിര്‍മിതിയില്‍ ഈ സ്വാധീനങ്ങള്‍ കാണാം. (iv) ഇസ്‌ലാമിക കലയുടെ പൊതുഭാഷ ഇസ്‌ലാമിക കലയെ 'അറബ് കല' എന്നു വിശേഷിപ്പിച്ച പണ്ഡിതന്മാരുണ്ട്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പൊതുഭാഷ അറബി ആയിരുന്നതിനാലാണത്. ഖുര്‍ആന്റെ അവതരണത്തോടെ വ്യക്തമായ വ്യാകരണവും പദശാസ്ത്രവും ഉരുത്തിരിഞ്ഞ് അറബി ഇതര ഭാഷകളെക്കാള്‍ ഏറെ മുന്നോട്ടു പോവുകയുണ്ടായി. മറ്റു പല ഭാഷകളും 100 കൊല്ലത്തിനിടയില്‍ തന്നെ തിരിച്ചറിയാനാവാത്ത വിധം മാറ്റങ്ങള്‍ക്ക് വിധേയമായപ്പോള്‍ അറബി സഹസ്രാബ്ദത്തിനു ശേഷവും സ്ഥിരത നിലനിര്‍ത്തുന്നു. സഞ്ചാരികളായ അറബികളുടെ ഭാഷ അറേബ്യയുടെ ചുറ്റുപാടുമുള്ള സ്ഥിരവാസികള്‍ സ്വീകരിക്കുകയായിരുന്നു. ഭാഷാ ചരിത്രത്തിലെ അനന്യ സാധാരണമായ ഒരു പ്രവണതയാണിത്. ഇസ്‌ലാമിക നാഗരികതയുടെ ഏറ്റവും ശക്തമായ ആവിഷ്‌കാര മാധ്യമം അറബിയായിരുന്നു. പവിത്ര ഭാഷ എന്ന പദവി അറബിയെ അറേബ്യയുടെ അതിര്‍ത്തിക്കപ്പുറത്തേക്കു വ്യാപിപ്പിച്ചു. അറബ് വംശത്തിന്റെ ഭാഷ എന്നതില്‍നിന്ന് ഇസ്‌ലാമിക സമൂഹത്തിന്റെ പൊതുഭാഷ എന്ന പദവിയും അറബിക്ക് കൈവന്നു. അറബെസ്ഖും കലിഗ്രഫിയും അറബി സംസാരിക്കാത്ത മുസ്‌ലിംകളുടെയും സൗന്ദര്യാവിഷ്‌കാരത്തിന്റെ മാര്‍ഗങ്ങളായത് അതുകൊണ്ടാണ്. തുര്‍കി, പേര്‍ഷ്യന്‍ ഭാഷകളെയും അറബി വന്‍തോതില്‍ സ്വാധീനിച്ചു. ഖുര്‍ആന്‍ ഇസ്‌ലാമിക കലയെ ഭാഷകൊണ്ടെന്നതിനെക്കാളേറെ ആശയംകൊണ്ടാണ് സ്വാധീനിച്ചത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം

No comments:

Post a Comment