Monday, 7 December 2015
നബിമാരുടെ പ്രബോധനം
ഭൂമുഖത്ത് ആഗതരായ മുഴുവന്‍ നബിമാരുടെയും ദൗത്യം ജനങ്ങളെ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യുകയായിരുന്നു. നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ, മുഹമ്മദ് തുടങ്ങിയവരെല്ലാം ഒരേ പ്രബോധനമാണ് നടത്തിയത്. പ്രവാചകന്‍മാരുടെ പ്രബോധന ചരിത്രം ഖുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.
നൂഹ്‌നബി
പ്രഥമ മനുഷ്യനായ ആദമിനെ ഭൂമിയിലേക്ക് നിയോഗിക്കുമ്പോള്‍ തന്നെ ദൈവിക മാര്‍ഗദര്‍ശനമായ ഇസ്‌ലാം അല്ലാഹു അദ്ദേഹത്തിന് നല്കിയിരുന്നു. അതിനാല്‍ ആദമില്‍നിന്ന് ഉദ്ഭവംകൊണ്ട മനുഷ്യസമൂഹം തുടക്കത്തില്‍ ആദര്‍ശ-കര്‍മാദികളിലെല്ലാം പൂര്‍ണമായും ഇസ്‌ലാം സ്വീകരിച്ച ഒരൊറ്റ സമുദായമായിരുന്നു. ഇബ്‌നുഅബ്ബാസിന്റെ ഒരു നിവേദനമനുസരിച്ച്, ആദമിന് ശേഷം 10 തലമുറ ഇസ്‌ലാമില്‍ അടിയുറച്ച് നിന്നു. അവര്‍ ക്രമേണ പിശാചിന്റെയും ദേഹേഛകളുടെയും പ്രേരണകള്‍ക്ക് വശംവദരായി. സ്വാര്‍ഥികളും ഭിന്ന കക്ഷികളുമായിത്തീരുകയും ഇസ്‌ലാമില്‍നിന്ന് ബഹുദൂരം അകന്നു പോവുകയും ചെയ്തു. തങ്ങളുടെ കൂട്ടത്തില്‍നിന്ന് മരിച്ചുപോയ മഹത്തുക്കളുടെ പേരില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയും അവരെ ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇങ്ങനെ വിശ്വാസപരമായും കര്‍മപരമായും ആദം സന്തതികള്‍ ദുഷിച്ചപ്പോള്‍ അവരെ സത്യത്തിലേക്ക് അഥവാ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യാന്‍ അല്ലാഹു ഭൂമുഖത്ത് നിയോഗിച്ച ആദ്യത്തെ പ്രവാചകനാണ് നൂഹ്‌നബി.
ഇന്ന് ഇറാഖ് എന്നറിയപ്പെടുന്ന സ്ഥലത്താണ് നൂഹ്‌നബി നിയോഗിക്കപ്പെട്ടത്. വിഗ്രഹാരാധനയായിരുന്നു ആദര്‍ശരംഗത്ത് നൂഹിന്റെ ജനത അകപ്പെട്ട ഏറ്റവും വലിയ മാര്‍ഗഭ്രംശം. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്ര്‍ എന്നീ പേരുകളിലുള്ള വിഗ്രഹങ്ങളെ ആ ജനത ആരാധിച്ചിരുന്നു. അതിനാല്‍ നൂഹ് തന്റെ പ്രബോധനത്തിന്റെ പ്രഥമ ലക്ഷ്യമായി സ്വീകരിച്ചത് സമൂഹത്തെ ബഹുദൈവത്വത്തില്‍നിന്ന് രക്ഷപ്പെടുത്തി അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുന്നവരാക്കി മാറ്റുക എന്നതിലായിരുന്നു. നൂഹിന്റെ പ്രബോധനത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക:
أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ
(നിന്റെ ജനത്തില്‍ വേദനയേറിയ ശിക്ഷ വന്നെത്തുന്നതിനു മുമ്പായി അവര്‍ക്ക് മുന്നറിയിപ്പ് നല്കുക (എന്ന സന്ദേശവുമായി) നൂഹിനെ നാം അദ്ദേഹത്തിന്റെ ജനങ്ങളിലേക്ക് നിയോഗിച്ചു. അദ്ദേഹം പറഞ്ഞു:
إِنَّا أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ . قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ . أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ (نوح: 1-4)
(എന്റെ ജനമേ, ഞാന്‍ നിങ്ങള്‍ക്ക് ഒരു തെളിഞ്ഞ മുന്നറിയിപ്പുകാരനാകുന്നു. അല്ലാഹുവിന് ഇബാദത് ചെയ്യണമെന്നും അവനെ സൂക്ഷിച്ച് ജീവിക്കണമെന്നും എന്നെ അനുസരിക്കണമെന്നും (ഞാന്‍ നിങ്ങളോടുണര്‍ത്തുന്നു). അവന്‍ നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തു തരുന്നതും ഒരു നിശ്ചിത അവധി വരെ നിങ്ങളെ ശേഷിപ്പിക്കുന്നതുമാകുന്നു. അല്ലാഹു നിശ്ചയിച്ച അവധി വന്നെത്തിയാല്‍ പിന്നെ പിന്തിക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ -നൂഹ് 1-4). മറ്റൊരിടത്ത് ഇപ്രകാരം കാണാം:
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ إِنِّي لَكُمْ نَذِيرٌ مُّبِينٌ . أَن لَّا تَعْبُدُوا إِلَّا اللَّهَ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍ (هود: 25-26)
(നൂഹിനെ തന്റെ ജനതയിലേക്ക് നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്കുന്നവനാണ്. അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. വേദനാജനകമായ ഒരു നാളിലെ ശിക്ഷ നിങ്ങളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു - 11: 25-26)
നൂഹ്‌നബിയുടെ പ്രബോധനത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം, തന്റെ ജനതയെ ബാധിച്ച സാമൂഹിക ജീര്‍ണതയില്‍നിന്ന് അവരെ ശുദ്ധീകരിക്കുക എന്നതായിരുന്നു. കടുത്ത സാമൂഹികാസമത്വവും ഉച്ചനീചത്വവും നിലനിന്നിരുന്ന ഒരു സമൂഹമായിരുന്നു നൂഹിന്റെത്. മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ അധികാരങ്ങളും കൈയടക്കിവെച്ചിരുന്നത് ഒരുപിടി പ്രമാണിമാരായിരുന്നു. സാധാരണ ജനങ്ങളുടെ മേല്‍ പരമാധികാരം വാണിരുന്ന ഈ വര്‍ഗമാണ് എല്ലാവിധ അക്രമങ്ങളും അനീതികളും അധര്‍മങ്ങളും അഴിച്ചുവിട്ടിരുന്നത്. സത്യപ്രബോധന മാര്‍ഗത്തില്‍ വിഘാതം സൃഷ്ടിച്ചതും ദൈവദൂതനെ കഠിനമായി എതിര്‍ത്തവരും അവരായിരുന്നു. അതേസമയം നൂഹ്‌നബിയുടെ പ്രബോധനത്തില്‍ ആകൃഷ്ടരായവരും അദ്ദേഹത്തെ അനുഗമിച്ചവരും പ്രമാണിവര്‍ഗത്തിന്റെ അടിച്ചമര്‍ത്തലിന് വിധേയരായിരുന്ന പാവങ്ങളായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അധഃസ്ഥിതാവസ്ഥയില്‍നിന്നുള്ള മോചനം കൂടിയായിരുന്നു ഇസ്‌ലാം. എന്നാല്‍ ഈ അധഃസ്ഥിത വിഭാഗം കൂടെയുള്ള കാലത്തോളം നൂഹ്‌നബിയെ അനുഗമിക്കാന്‍ സാധ്യമല്ലാ എന്ന നിലപാടായിരുന്നു പ്രമാണിമാര്‍ക്ക്. അവര്‍ അക്കാര്യം അദ്ദേഹത്തോട് പറയുകയും ചെയ്തു.
قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ (الشعراء: 111)
(ഏറ്റവും അധഃസ്ഥിതിയിലുള്ള ആളുകള്‍ നിന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കെ ഞങ്ങളെങ്ങനെയാണ് നിന്നെ വിശ്വസിക്കുക - അശ്ശുഅറാഅ് 111). എന്നാല്‍ ഈ പ്രമാണിവര്‍ഗത്തിന്റെ പ്രീതി നേടാന്‍ വേണ്ടി തന്നോടൊപ്പമുള്ള പാവപ്പെട്ട വിശ്വാസികളെ ഉപേക്ഷിക്കാന്‍ നൂഹ് തയ്യാറായില്ല. അദ്ദേഹമത് ശക്തമായ ഭാഷയില്‍ തന്നെ അവരെ അറിയിക്കുകയും ചെയ്തു.
وَمَا أَنَا بِطَارِدِ الْمُؤْمِنِينَ (الشعراء: 114)
(എന്തായാലും വിശ്വസിച്ചവരെ ഞാന്‍ ആട്ടിയകറ്റുകയില്ല. -അശ്ശുഅറാഅ് 114).
അസാധാരണമായ ക്ഷമാശീലവും അര്‍പ്പണ ബോധവും ത്യാഗസന്നദ്ധതയും ഒത്തിണങ്ങിയിരുന്ന നൂഹ് തന്റെ ജനതയെ രാപകല്‍ ഭേദമില്ലാതെ സത്യത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. പക്ഷേ, അതൊന്നും അവരിലൊരു പരിവര്‍ത്തനവും സൃഷ്ടിച്ചില്ല. അവര്‍ തങ്ങളുടെ ധിക്കാരത്തിലും അഹങ്കാരത്തിലും ഉറച്ചുനില്ക്കുകയാണുണ്ടായത്. ഖുര്‍ആന്‍ പറയുന്നു:
قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا . فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا . وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا ثُمَّ إِنِّي دَعَوْتُهُمْ جِهَارًا . ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا
(നൂഹ് പറഞ്ഞു: നാഥാ, എന്റെ ജനതയെ ഞാന്‍ രാപകല്‍ ഭേദമില്ലാതെ പ്രബോധനം ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ എന്റെ പ്രബോധനം അവരെ കൂടുതല്‍ അകറ്റുക മാത്രമാണ് ചെയ്തത്. അവരുടെ പാപങ്ങള്‍ നീ പൊറുത്തുകൊടുക്കാനായി ഞാനവരെ ക്ഷണിച്ചപ്പോഴെല്ലാം അത് കേള്‍ക്കാന്‍ സന്നദ്ധമാവാതെ തങ്ങളുടെ ചെവിയില്‍ വിരലുകള്‍ തിരുകുകയും മുഖം വസ്ത്രംകൊണ്ടു മൂടുകയും ധിക്കാരത്തിലുറച്ച് നില്ക്കുകയും അങ്ങേയറ്റത്തെ അഹങ്കാരം നടിക്കുകയുമാണവര്‍ ചെയ്തത്. പിന്നീട് ഞാനവരെ വളരെ ഉച്ചത്തില്‍ വിളിച്ചു. പരസ്യമായും രഹസ്യമായും പ്രബോധനം ചെയ്തു. - നൂഹ് 5-9).
തുടര്‍ന്ന്, അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങി, അവന്റെ സന്മാര്‍ഗം അംഗീകരിക്കാന്‍ തയ്യാറായാല്‍ ലഭിക്കുന്ന ഐഹിക നേട്ടങ്ങളെക്കുറിച്ചും നൂഹ് തന്റെ ജനതക്ക് വിശദീകരിച്ചുകൊടുത്തു. എങ്കിലും നന്നെ ചെറിയ ഒരു സംഘം മാത്രമേ അദ്ദേഹത്തെ അംഗീകരിച്ചുള്ളൂ. അധികപേരും അദ്ദേഹത്തെ കളവാക്കുകയും നിഷേധിക്കുകയുമാണുണ്ടായത്.
തങ്ങളുടെ മേല്‌ക്കോയ്മയും പദവിയും പോകുമെന്ന് ഭയപ്പെട്ടിരുന്ന പ്രമാണിവര്‍ഗം നൂഹ്‌നബിയുടെ പ്രബോധന ലക്ഷ്യം സ്ഥാനമാനങ്ങളാണെന്ന് പ്രചരിപ്പിച്ചിരുന്നു. അതിനാല്‍, തന്റെ പ്രബോധനത്തിന്റെ പേരില്‍ ഒരുവിധ ഭൗതിക നേട്ടങ്ങളും താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന വസ്തുത അദ്ദേഹം തന്റെ പ്രബോധിതരെ അറിയിക്കുകയുണ്ടായി. (ഹൂദ് 29)
950 വര്‍ഷക്കാലം നൂഹ് തന്റെ ദൗത്യം തുടര്‍ന്നു. അങ്ങനെ തന്റെ ജനതക്ക് ദൈവിക സന്മാര്‍ഗം എത്തിച്ചുകൊടുക്കുകയെന്ന ബാധ്യത പൂര്‍ത്തീകരിച്ചു. അതോടെ അവരുടെ സന്മാര്‍ഗ സ്വീകരണത്തെ സംബന്ധിച്ച സകല പ്രതീക്ഷകളും അവസാനിച്ചു. അല്ലാഹു തന്നെ അക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു:
وَأُوحِيَ إِلَىٰ نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ آمَنَ فَلَا تَبْتَئِسْ بِمَا كَانُوا يَفْعَلُونَ (هود: 36)
(നൂഹിന് നാം സന്ദേശം നല്കി: നേരത്തെ വിശ്വസിച്ചവരല്ലാതെ നിന്റെ സമുദായത്തില്‍ ഇനി ആരും വിശ്വസിക്കുകയില്ല. അതിനാല്‍ അവരുടെ ചെയ്തികളില്‍ നീ നിരാശനാവരുത് - ഹൂദ് 36). ഇക്കാര്യം സ്വന്തം അനുഭവങ്ങളിലൂടെ നൂഹ്‌നബി നല്ലപോലെ മനസ്സിലാക്കിയിരുന്നു. വളരുന്ന തലമുറയെ സംബന്ധിച്ച് പോലും അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നില്ല. അതിനാല്‍ അല്ലാഹുവോട് രക്ഷ തേടുകയും സത്യനിഷേധികളെ നശിപ്പിക്കാന്‍ അവനോട് പ്രാര്‍ഥിക്കുകയും ചെയ്തു:
قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ . فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ (الشعراء: 117-118)
(എന്റെ ജനത എന്നെ കളവാക്കിയിരിക്കുന്നു. അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീ വ്യക്തമായ വിധി കല്പിക്കേണമേ. എന്നെയും എന്നോടൊപ്പമുള്ള സത്യവിശ്വാസികളെയും രക്ഷിക്കുകയും ചെയ്യേണമേ. - അശ്ശുഅറാഅ് 117-118).
അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിക്കുകയും വരുംതലമുറകള്‍ക്ക് പാഠമാകുമാറ് ഒരു പ്രളയത്തിലൂടെ അവരെ നശിപ്പിക്കുകയും വിശ്വാസികളെ അതില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
(ii) ഹൂദ്‌നബി
നൂഹ്ജനതയുടെ സന്താനപരമ്പരയില്‍ പെട്ട ആദ് സമുദായത്തിലേക്ക് ഇസ്‌ലാമിക പ്രബോധനാര്‍ഥം നിയോഗിക്കപ്പെട്ട ദൈവദൂതനാണ് ഹൂദ്‌നബി. ഹിജാസിന്റെയും യമന്റെയും യമാമഃയുടെയും മധ്യേ റുബ്ഉല്‍ ഖാലിക്ക് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അഹ്ഖാഫ് പ്രദേശമായിരുന്നു ആദ് സമുദായത്തിന്റെ ആസ്ഥാനം. ഉന്നതമായൊരു ഭൗതിക സംസ്‌കാരത്തിന്റെ ഉടമകളായിരുന്നു അവര്‍. ആദ് സമുദായം തങ്ങള്‍ക്ക് ലഭിച്ച ഭൗതികാനുഗ്രഹങ്ങളില്‍ മതിമറന്നുകൊണ്ട് ദൈവധിക്കാരികളായി മാറിയപ്പോഴാണ് അവരിലേക്ക് ഹൂദ്‌നബി ദൈവദൂതുമായി വരുന്നത്. അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച ആദ് സമുദായത്തിന്റെ മുഖ്യ തിന്മകള്‍ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവയിങ്ങനെ വായിക്കാം:
1. അല്ലാഹുവിനെ ആരാധിക്കുന്നതിന് പകരം അവനില്‍ പങ്ക്‌ചേര്‍ക്കുകയും വിഗ്രഹാരാധനയില്‍ വ്യാപൃതരാവുകയും ചെയ്തു. പല പേരുകളിലുമുള്ള പ്രതിഷ്ഠകളെയാണവര്‍ പൂജിച്ചിരുന്നത്. അതിനാല്‍ ഹൂദ് അവരോട് പറഞ്ഞു.
وَإِلَىٰ عَادٍ أَخَاهُمْ هُودًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ (هود:50)
(എന്റെ സമുദായമേ, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്ക് ഒരാരാധ്യനുമില്ല. നിങ്ങള്‍ പൂജിക്കുന്ന വിഗ്രഹങ്ങളെല്ലാം നിങ്ങളുടെ വ്യാജനിര്‍മിതിയത്രെ. - ഹൂദ് 50)
ഹൂദ്‌നബിയുടെ ഈ പ്രബോധനത്തോട് നിഷേധാത്മകമായാണ് ജനത പ്രതികരിച്ചത്. ധിക്കാരപൂര്‍വം അവര്‍ ചോദിച്ചു:
قَالُوا أَجِئْتَنَا لِتَأْفِكَنَا عَنْ آلِهَتِنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ (الأحقاف:22)
(ഞങ്ങളുടെ ദൈവങ്ങളില്‍നിന്ന് ഞങ്ങളെ വ്യതിചലിപ്പിക്കാനാണോ നീ വന്നത്. ശരി, നീ സത്യവാദിയാണെങ്കില്‍ നീ ഞങ്ങളെ താക്കീത് ചെയ്യുന്ന ശിക്ഷയിങ്ങ് കൊണ്ടുവരിക. - അഹ്ഖാഫ് :22).
2. ഭൗതിക പ്രമത്തതയായിരുന്നു ആദ് സമൂഹത്തിന്റെ രണ്ടാമത്തെ തിന്മ. സുഖാഡംബരങ്ങളില്‍ ആമഗ്നരായിത്തീര്‍ന്ന അവര്‍ പുനരുത്ഥാനത്തെയും പരലോകത്തെയും നിഷേധിച്ചു തനി ഭൗതികന്മാരായിത്തീര്‍ന്നു. പ്രത്യേകിച്ചും അവരിലെ നേതാക്കളും പ്രമാണികളും. ജനങ്ങളുടെ മേല്‍ പരമാധികാരം വാണിരുന്ന പ്രമാണിമാരും സുഖലോലുപരുമായ ഈ പ്രധാനികള്‍ക്ക് തങ്ങളുടെ നില ഭദ്രമാക്കാന്‍ പ്രവാചകനെയും പരലോകത്തെയും നിഷേധിക്കേണ്ടത് അനിവാര്യമായിരുന്നു. അവരാകട്ടെ ഹൂദ് നബിയുടെ പ്രബോധനത്തെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തു.
قَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ (الأعراف: 66)
(അദ്ദേഹത്തിന്റെ സമുദായത്തിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിശ്ചയം, നീ വിഡ്ഢിത്തത്തില്‍ പെട്ടതായാണ് ഞങ്ങള്‍ കാണുന്നത്. നീ വ്യാജവാദിയാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. - അല്‍അഅ്‌റാഫ് : 66)
ജനങ്ങളുടെ മേല്‍ പരമാധികാരികളായി വാഴുന്ന പ്രമാണിമാരുടെ പിടിത്തത്തില്‍നിന്ന് അവരെ മോചിപ്പിച്ച് അല്ലാഹുവിന്റെ പരമാധികാരത്തിന്‍ കീഴില്‍ കൊണ്ടുവരികയായിരുന്നു ഹൂദ്‌നബിയുടെ പ്രബോധനത്തിന്റെ ഒരു ലക്ഷ്യം. എന്നാല്‍ എക്കാലത്തെയും സാധാരണ മനുഷ്യരെപ്പോലെ ആദ് സമുദായവും തങ്ങളുടെ മേല്‍ അതിക്രമം അഴിച്ചുവിടുന്ന അധികാരികളെ പിന്തുണക്കുകയാണുണ്ടായത്.
وَتِلْكَ عَادٌ ۖ جَحَدُوا بِآيَاتِ رَبِّهِمْ وَعَصَوْا رُسُلَهُ وَاتَّبَعُوا أَمْرَ كُلِّ جَبَّارٍ عَنِيدٍ (هود: 59)
(അവരത്രെ ആദ് സമുദായം. അവര്‍ തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തം നിഷേധിച്ചു. അവര്‍ ദൂതന്മാരുടെ കല്പനകള്‍ ലംഘിച്ചു. ധിക്കാരികളും സ്വേഛാധിപതികളുമായ നേതാക്കന്‍മാരുടെ കല്പനകള്‍ പിന്തുടരുകയും ചെയ്തു. - ഹൂദ്:59)
ആദ് സമൂഹത്തിലെ പ്രമാണികള്‍ സുഖലോലുപരായി കഴിയാനും പൊങ്ങച്ച പ്രകടനത്തിനുമായി പര്‍വതങ്ങളില്‍ പടുകൂറ്റന്‍ കൊട്ടാരങ്ങള്‍ കെട്ടിയുണ്ടാക്കുന്നവരായിരുന്നു. ഭൗതിക സംസ്‌കാരത്തിന്റെ അടയാളങ്ങളായ ഈ ആഡംബരഭ്രമം അവസാനിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട് ഹൂദ് അവരോട് പറഞ്ഞു:
أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ (الشعراء: 128-129)
(ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം നിങ്ങള്‍ വൃഥാ സ്മാരക സൗധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ? നിങ്ങള്‍ നിത്യത വരിക്കാമെന്ന ഭാവേന ഗംഭീരമായ കൊട്ടാരങ്ങള്‍ നിര്‍മിക്കുകയുമാണോ? -അശ്ശുഅറാഅ് 128-129).
ആദ് സമുദായത്തില്‍ നിലനിന്നിരുന്ന ഗുരുതരമായ എല്ലാ തിന്മകളെയും എതിര്‍ത്തും ജീവിതത്തിലുടനീളം അല്ലാഹുവെ സൂക്ഷിക്കാനാവശ്യപ്പെട്ടും ഹൂദ് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. വ്യാജവാദിയെന്നും വിഡ്ഢിയെന്നും ഒക്കെ ഭര്‍ത്സിക്കപ്പെട്ടപ്പോഴും അദ്ദേഹം ശാന്തസ്വരത്തിലും ഗുണകാംക്ഷയോടുകൂടിയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ഹൂദ്‌നബിയും ഇതര പ്രവാചകന്മാരെപ്പോലെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഭൗതിക നേട്ടം പ്രതീക്ഷിക്കുകയുണ്ടായില്ല. അക്കാര്യം പ്രബോധിതരോട് തുറന്നു പറയുകയും ചെയ്തു.
ഇവ്വിധം നിസ്വാര്‍ഥമായി നിരന്തരം ശ്രമിച്ചിട്ടും ആദ് സമുദായം അദ്ദേഹത്തെ അംഗീകരിക്കുകയോ സത്യപ്രബോധനം സ്വീകരിക്കുകയോ ചെയ്തില്ല. അതോടെ ആ ജനത ഒരിക്കലും നന്നാവുകയില്ലെന്ന് ഹൂദ് നബിക്കും ബോധ്യമായി. തങ്ങളൊരിക്കലും നന്നാവുകയില്ലെന്ന് അവര്‍ സ്വയംതന്നെ തുറന്നുപറയുകയും ചെയ്തു.
قَالُوا سَوَاءٌ عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُن مِّنَ الْوَاعِظِينَ (الشعراء: 136)
(നീ സദുപദേശം നല്കുന്നതും നല്കാതിരിക്കുന്നതും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാണ്. ഇതൊക്കെ മുമ്പുള്ളവരുടെ സമ്പ്രദായമല്ലാതെ മറ്റൊന്നുമല്ല. എന്തായാലും ഞങ്ങള്‍ ശിക്ഷിക്കപ്പെടുകയില്ല. അങ്ങനെ അവരദ്ദേഹത്തെ കളവാക്കി.- അശ്ശുഅറാഅ് 136-139).
അവസാനം ആദ് സമുദായത്തെ അല്ലാഹു ഒന്നടങ്കം നശിപ്പിക്കുകയും ഹൂദിനെയും അനുയായികളെയും ഈ സമൂല നാശത്തില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
(iii) സ്വാലിഹ്‌നബി
ആദ് സമുദായത്തിന് ശേഷം അറേബ്യയില്‍ ജീവിച്ച പ്രബല സമുദായമായിരുന്ന ഥമൂദ് ജനതയിലേക്ക് ദൈവദൂതുമായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ്‌നബി. അറേബ്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അല്‍ഹിജ്ര്‍ പ്രദേശമായിരുന്നു ഥമൂദ് ജനതയുടെ വാസസ്ഥലം. ഥമൂദ് ജനതയെ ബാധിച്ച ബഹുദൈവത്വത്തില്‍നിന്ന് അവരെ ശുദ്ധീകരിക്കുകയായിരുന്നു സ്വാലിഹ്‌നബിയുടെ പ്രബോധനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം.
അല്ലാഹു ഒട്ടേറെ അനുഗ്രഹങ്ങള്‍ ഥമൂദ് ജനതക്ക് നല്കിയിരുന്നു. എന്നാല്‍ അക്കാര്യം അംഗീകരിച്ചും അനുസ്മരിച്ചും ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കുന്നതിന് പകരം കുഴപ്പവും നാശവും ഉണ്ടാക്കുകയാണവര്‍ ചെയ്തത്. അതിനാല്‍ സ്വാലിഹ്‌നബി അവരോട് പറഞ്ഞു:
وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ عَادٍ وَبَوَّأَكُمْ فِي الْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ الْجِبَالَ بُيُوتًا فَاذْكُرُوا آلَاءَ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ (الأعراف: 74)
(നിങ്ങള്‍ ഓര്‍ത്തുനോക്കുക. ആദിന് ശേഷം അല്ലാഹു നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചു. ഭൂമിയില്‍ നിങ്ങള്‍ക്കവന്‍ അധിവാസ സൗകര്യങ്ങള്‍ നല്കി. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ ഉന്നത സൗധങ്ങള്‍ പണിയുന്നു. പര്‍വതങ്ങള്‍ തുരന്ന് ഭവനങ്ങള്‍ നിര്‍മിക്കുന്നു. അതെ, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുക. ഭൂമിയില്‍ നാശകാരികളായി വിഹരിക്കാതിരിക്കുക. - അല്‍അഅ്‌റാഫ് 74)
എക്കാലത്തെയും പോലെ സ്വാലിഹ്‌നബിയെ അവിശ്വസിക്കുകയും എതിര്‍ക്കുകയും ചെയ്തത് സ്വസമുദായത്തിലെ പ്രമാണിമാരും നേതാക്കളുമായിരുന്നു. അഹങ്കാരികളായിരുന്നവര്‍ ദുര്‍ബല വിഭാഗത്തിലെ വിശ്വാസികളോട് പരിഹാസപൂര്‍വം പറഞ്ഞു:
قَالَ الَّذِينَ اسْتَكْبَرُوا إِنَّا بِالَّذِي آمَنتُم بِهِ كَافِرُونَ (الأعراف: 76)
(നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നതിനെ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. - അല്‍അഅ്‌റാഫ് 76)
ഥമൂദ് ഗോത്രത്തിലെ സാധാരണക്കാര്‍ നാശകാരികളും അതിക്രമകാരികളുമായ അധികാരിവര്‍ഗത്തിന്റെ ആജ്ഞാനുവര്‍ത്തികളായാണ് ജീവിച്ചിരുന്നത്. അതിനാല്‍ സ്വാലിഹ് അവരോട് കല്പിച്ചു:
وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ . الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ (الشعراء:151-152)
(നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുകയും ചെയ്യുക. അതിക്രമികളുടെ ആജ്ഞകള്‍ നിങ്ങളനുസരിക്കരുത്; അതായത് നാട്ടില്‍ നാശമുണ്ടാക്കുകയും നന്മ വരുത്താതിരിക്കുകയും ചെയ്യുന്നവരുടെ. - അശ്ശുഅറാഅ് 151-152).
സ്വാലിഹ്‌നബിയുടെ പ്രബോധനം ലക്ഷ്യമാക്കിയ മറ്റൊരു പ്രധാന കാര്യം തന്റെ ജനതയുടെ ഭൗതികരംഗത്തെ ജീര്‍ണതയുടെ ശുദ്ധീകരണമായിരുന്നു. ഐഹിക ജീവിത സൗകര്യങ്ങളില്‍ മതിമറന്ന് ഥമൂദ് ജനത പൊങ്ങച്ചപ്രകടനത്തിനായി പര്‍വത പ്രദേശങ്ങളില്‍ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തി. സ്വാലിഹ്‌നബി അവരോട് ചോദിച്ചു:
أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ . فِي جَنَّاتٍ وَعُيُونٍ. وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ. وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ (الشعراء: 146-149)
(ഇവിടെയുള്ള സുഖാനന്ദങ്ങളില്‍ നിര്‍ഭയരായി കഴിഞ്ഞുകൂടാന്‍ നിങ്ങളെ വിട്ടേക്കുമോ? ആരാമങ്ങളിലും അരുവികളിലും കാര്‍ഷിക വിളകളിലും മുറ്റിയ കൂമ്പുള്ള ഈന്തപ്പനകളിലും സുഖിച്ച് കഴിയാന്‍! നിങ്ങള്‍ സാമോദം മലകളില്‍ പാറകള്‍ തുരന്ന് വീടുകളുണ്ടാക്കുന്നു. - അശ്ശുഅറാഅ് 146-149).
തികഞ്ഞ ഗുണകാംക്ഷയോടുകൂടി സ്വാലിഹ് പ്രബോധനം ചെയ്തിട്ടും അദ്ദേഹത്തിന്റെ ജനതയില്‍ ഭൂരിപക്ഷവും അവിശ്വസിക്കുകയാണുണ്ടായത്. അവരിലെ നേതാക്കളാകട്ടെ സ്വാലിഹ്‌നബിയില്‍ ദുശ്ശകുനമാരോപിക്കുകയും അവസാനം അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. എന്നാല്‍ സ്വാലിഹ് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവിരാമം തുടര്‍ന്നു.
പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പ്രതിയോഗികള്‍ അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന് തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ പറഞ്ഞു:
مَا أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِآيَةٍ إِن كُنتَ مِنَ الصَّادِقِينَ (الشعراء: 156)
(നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. അതിനാല്‍ നിന്റെ ദൗത്യത്തിന് ഒരു ദൃഷ്ടാന്തം കൊണ്ടുവരിക. നീ സത്യവാദിയാണെങ്കില്‍. - അശ്ശുഅറാഅ് :154). അങ്ങനെ തന്റെ പ്രവാചകത്വത്തിന് തെളിവായി സ്വാലിഹ് ഒരൊട്ടകത്തെ കാണിച്ചുകൊടുത്തെങ്കിലും പ്രസ്തുത ഒട്ടകത്തെ അറുക്കാന്‍ മാത്രം അവര്‍ ദൈവധിക്കാരികളായിത്തീര്‍ന്നു. ഒടുവില്‍ ആ ജനതയെ അല്ലാഹു നശിപ്പിച്ചുകളയുകയാണ് ചെയ്തത്. സ്വാലിഹിനെയും അനുചരന്മാരെയും അല്ലാഹു രക്ഷിക്കുകയും ചെയ്തു.
(iv) ഇബ്‌റാഹീംനബി
നൂഹ്‌നബിക്ക് ശേഷം വ്യാപകമായ അര്‍ഥത്തില്‍ ലോക ഇസ്‌ലാമിക പ്രബോധനത്തിനായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് ഇബ്‌റാഹീം നബി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനം ബഹുമുഖമായിരുന്നു. ബി.സി. 2100-നോടടുത്ത് ഇന്നത്തെ ഇറാഖിലെ ഊര്‍ പട്ടണത്തിലാണ് ഇബ്‌റാഹീംനബിയുടെ ജനനം. ബഹുദൈവത്വമായിരുന്നു നാട്ടിലെ മതം. ഊറില്‍നിന്ന് ലഭിച്ച പുരാവസ്തു രേഖകളില്‍ 5000 ദൈവങ്ങളുടെ പേരുകള്‍ കാണപ്പെടുന്നുണ്ട്. ബഹുദൈവത്വം ജനതയുടെ സാമ്പത്തികവും സാമൂഹികവും നാഗരികവും രാഷ്ട്രീയവുമായ അഖില ജീവിത മേഖലകളെയും സ്വാധീനിച്ചിരുന്നു. കഴിയുന്നത്ര സമ്പാദിക്കുക, കൂടുതല്‍ കൂടുതല്‍ സുഖാഡംബരങ്ങളില്‍ മുഴുകുക-ഇതായിരുന്നു പൊതുവേ എല്ലാവരുടെയും ജീവിത ലക്ഷ്യം. എവിടെയും കടുത്ത കച്ചവട മനസ്ഥിതിയും ലാഭക്കൊതിയും മാത്രമാണുണ്ടായിരുന്നത്. പലിശ സാര്‍വത്രികവും. വഞ്ചനയും ചതിയും അഭിനന്ദിക്കപ്പെടേണ്ട സാമര്‍ഥ്യ ലക്ഷണങ്ങളുമായിരുന്നു. ജനം വ്യക്തമായും മൂന്നു തട്ടുകളായി വിഭജിക്കപ്പെട്ടിരുന്നു. പൂജാരികള്‍, ഉദ്യോഗസ്ഥന്മാര്‍, പട്ടാള ഓഫീസര്‍മാര്‍ തുടങ്ങിയ ഉന്നതന്‍മാരടങ്ങിയ മേല്‍ത്തട്ട് അമീലുകള്‍ എന്നാണറിയപ്പെട്ടിരുന്നത്. വ്യാപാരികള്‍ വ്യവസായികള്‍, കര്‍ഷക പ്രമുഖന്‍മാര്‍ എന്നിവരടങ്ങിയ രണ്ടാം തട്ട് മിശ്കിന്‍ എന്നും ഏറ്റവും താഴെക്കിടയിലുള്ള അടിമകള്‍ ഉള്‍പ്പെടുന്ന തട്ട് അര്‍ദ് എന്നും അറിയപ്പെട്ടു.
ഇവയില്‍ ഒന്നാമത്തെ വിഭാഗത്തിന് മറ്റാര്‍ക്കുമില്ലാത്ത പ്രത്യേക പരിഗണനകളും അവകാശങ്ങളും അംഗീകരിക്കപ്പെട്ടിരുന്നു. തല്‍മൂദിന്റെ വിവരണപ്രകാരം, ഈ വിഭാഗത്തില്‍ പെട്ട ഒരു തറവാട്ടിലാണ് ഇബ്‌റാഹീം നബിയുടെ ജനനം.
അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്ന ഇബ്‌റാഹീംനബിയുടെ ആഹ്വാനം സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവരെ ഒരുപോലെ ബാധിക്കുന്നതായിരുന്നു. ജനങ്ങളോട് അസാധാരണമായ സ്‌നേഹവും ഗുണകാംക്ഷയുമുണ്ടായിരുന്ന ഇബ്‌റാഹീമിന് അവര്‍ ശിക്ഷാര്‍ഹരാവുക എന്നത് അസഹ്യമായിരുന്നു. അതിനാല്‍ അല്ലാഹു രക്ഷാമാര്‍ഗമായി അറിയിച്ച ദൈവിക സന്ദേശം ആരുടെ മുമ്പിലും പറയാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സ്വപിതാവിനോടും ജനതയോടും രാജാവിനോടും പ്രമാണികളോടും അടിമകളോടുമെല്ലാം സന്ദര്‍ഭാനുസൃതം അദ്ദേഹം പ്രബോധനം നടത്തി. ഇതേ ഗുണകാംക്ഷാവികാരം തന്നെയാണ് ഒരിക്കലദ്ദേഹത്തെ വിഗ്രഹ ധ്വംസനത്തിന് വരെ പ്രേരിപ്പിച്ചതും. അതിലൂടെ ജനങ്ങളെ ബഹുദൈവത്വത്തിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം. പക്ഷേ, അദ്ദേഹത്തിന്റെ പ്രബോധനത്തിന് ജനങ്ങളില്‍നിന്ന് കിട്ടിയ പ്രതികരണം നിരാശാജനകമായിരുന്നു. സ്വസഹോദരപുത്രന്‍ ലൂത്വും അല്പം ചിലരുമല്ലാതെ ആരും അദ്ദേഹത്തില്‍ വിശ്വസിച്ചില്ല.
ഇബ്‌റാഹീംനബി ഒരു പ്രാദേശിക പ്രവാചകനായിരുന്നില്ല. സ്വന്തം ജനതയിലാണദ്ദേഹം പ്രബോധന പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും പിന്നീട് ഈജിപ്ത്, സിറിയ, ഫിലസ്ത്വീന്‍ എന്നിവിടങ്ങളിലും അറേബ്യന്‍ മരുഭൂമിയുടെ വിവിധ ഭാഗങ്ങളിലും ചുറ്റിനടന്ന് ഇസ്‌ലാമിക പ്രബോധനം നടത്തി. തുടര്‍ന്ന് ട്രാന്‍സ് ജോര്‍ഡാനില്‍ സഹോദര പുത്രന്‍ ലൂത്വിനെയും സിറിയ, ഫിലസ്ത്വീന്‍ എന്നിവിടങ്ങളില്‍ ഇളയ പുത്രന്‍ ഇസ്ഹാഖിനെയും അറേബ്യയില്‍ മൂത്തപുത്രന്‍ ഇസ്മാഈലിനെയും തന്റെ പ്രതിനിധികളായി നിയോഗിച്ചു. പിന്നീട് അല്ലാഹുവിന്റെ കല്പന പ്രകാരം മക്കഃയില്‍ കഅ്ബഃ മന്ദിരം നിര്‍മിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ മിഷ്യന്‍ ലോകാടിസ്ഥാനത്തില്‍ വികസിച്ചു.
ഇബ്‌റാഹീംനബിയുടെ കാലത്ത് ഇറാഖ് ഭരിച്ചിരുന്ന രാജകുടുംബവും അവരെ പിന്‍പറ്റിയ ജനതയും അദ്ദേഹം ഹിജ്‌റഃ പോയതിന് ശേഷം വിവിധങ്ങളായ വിപത്തുകള്‍ക്കും നാശത്തിനും നിരന്തരം ഇരയാവുകയുണ്ടായി. ബാബിലോണിലെ അറബി വംശജരായ ഒരു രാജകുടുംബമാണ് അവരെ സമ്പൂര്‍ണമായി നശിപ്പിച്ചത്. ഈ ബാബിലോണിയന്‍ രാജാക്കന്മാരില്‍ ഇബ്‌റാഹീംനബിയുടെ പ്രബോധനത്തിന്റെ സ്വാധീനമുണ്ടായിരുന്നതായി ചരിത്രം പറയുന്നു. അല്ലാഹുവിന്റെ വാക്യം ഉയര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ഇബ്‌റാഹീമിനെ പിടികൂടി ചോദ്യം ചെയ്ത് ജയിലിലടക്കുകയും അവസാനം ചുട്ടുകരിക്കാനായി അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയുകയും ചെയ്ത രാജാവും അദ്ദേഹത്തിന്റെ ജനതയും ഭൂമുഖത്തുനിന്ന് നിശ്ശേഷം തുടച്ചുമാറ്റപ്പെട്ടു.
(v) ലൂത്വ്‌നബി
ഇസ്‌ലാമിക പ്രബോധനാര്‍ഥം ഇറാഖിന്റെയും ഫിലസ്ത്വീന്റെയും മധ്യേയുള്ള ട്രാന്‍സ് ജോര്‍ഡാന്‍ എന്ന പേരിലറിയപ്പെടുന്ന ഭൂഭാഗത്ത് നിയോഗിക്കപ്പെട്ട പ്രവാചകനാണ് ലൂത്വ്‌നബി. ഇബ്‌റാഹീംനബിയുടെ കൂടെ ഇറാഖില്‍നിന്ന് പലായനം ചെയ്ത ലൂത്വ് അല്പകാലം സിറിയയിലും ഫിലസ്ത്വീനിലും ഈജിപ്തിലും അദ്ദേഹത്തോടൊപ്പം ഇസ്‌ലാമിക പ്രബോധനം നടത്തി പരിചയം നേടിയ ശേഷമാണ് പ്രവാചകനായി നിയോഗിക്കപ്പെടുന്നത്. ലൂത്വ്‌നബിയുടെ പ്രബോധിതര്‍ വിഗ്രഹാരാധകരായിരുന്നുവോ എന്ന കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല. ഏതായാലും അദ്ദേഹത്തിന്റെ പ്രബോധനം മുഖ്യമായും കേന്ദ്രീകരിച്ചത് സദാചാര-സാമ്പത്തിക മേഖലകളിലാണ്. സ്വവര്‍ഗ സംഭോഗം എന്ന ലൈംഗിക അരാജകത്വവും യാത്രക്കാരെ കൊള്ളയടിക്കലുമായിരുന്നു അവരുടെ മുഖ്യ തിന്മ. സ്വവര്‍ഗ സംഭോഗം മ്ലേഛവും മലിനവുമാണെന്നംഗീകരിക്കാന്‍ പോലും ലൂത്വിന്റെ ജനത കൂട്ടാക്കിയിരുന്നില്ല. അതിനാല്‍ ലൂത്വ് തന്റെ പ്രബോധനശ്രമങ്ങളധികവും സംഘടിപ്പിച്ചത് അവരെ ധാര്‍മിക ദൂഷ്യങ്ങളില്‍നിന്നും സദാചാര രാഹിത്യത്തില്‍നിന്നും മോചിപ്പിക്കാനാണ്. അദ്ദേഹം തന്റെ ജനതയോട് ചോദിച്ചു:
أَتَأْتُونَ الْفَاحِشَةَ وَأَنتُمْ تُبْصِرُونَ. أَئِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ بَلْ أَنتُمْ قَوْمٌ تَجْهَلُونَ (النمل: 54-55)
(ബോധപൂര്‍വം നിങ്ങള്‍ നീചവൃത്തിയില്‍ വ്യാപൃതരാവുകയാണോ? നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ ഉപേക്ഷിച്ച് പുരുഷന്മാരെ സമീപിക്കുകയാണോ? നിങ്ങളൊരു മൂഢ ജനത തന്നെ. - അന്നംല് 54, 55)
വഴിയാത്രക്കാരെ കടന്നാക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സാമ്പത്തിക കുറ്റങ്ങള്‍ക്കെതിരെയും ലൂത്വ്‌നബിയുടെ പ്രബോധനം വിരല്‍ചൂണ്ടി:
إِنَّكُمْ لَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِي (العنكبوت: 28-29)
(നിങ്ങള്‍ നീചകൃത്യം തന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് മുമ്പ് ലോകരിലാരും അത് ചെയ്തിട്ടില്ല. നിങ്ങള്‍ കാമ പൂര്‍ത്തീകരണത്തിനായി പുരുഷന്മാരെ പ്രാപിക്കുന്നു. വഴിയാത്രക്കാരെ ആക്രമിക്കുകയും സദസ്സുകളില്‍വെച്ച് നിഷിദ്ധ വൃത്തികളിലേര്‍പ്പെടുകയും ചെയ്യുന്നു. - അല്‍അന്‍കബൂത് 28, 29).
എന്നാല്‍ ആ ജനത ലൂത്വ്‌നബിയുടെ പ്രബോധനം സ്വീകരിച്ചുകൊണ്ട് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന നീച കൃത്യങ്ങളില്‍നിന്ന് പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. അവര്‍ ലൂത്വിനെ കളവാക്കുകയും നാട്ടില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ അവരിലെ സംസ്‌കരണ സാധ്യതകളെ സംബന്ധിച്ച സകല പ്രതീക്ഷകളും നഷ്ടപ്പെട്ട ലൂത്വ്‌നബി വൃത്തികെട്ട ഈ ജനതയില്‍നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന് അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ച അല്ലാഹു ആ ജനതയെ നിശ്ശേഷം നശിപ്പിച്ചു.
(vi) യൂസുഫ്‌നബി
ഇസ്‌റാഈല്‍ സമുദായത്തില്‍ പെട്ട ഒരു പ്രവാചകനാണ് യൂസുഫ് നബി. ഇബ്‌റാഹീംനബിയുടെ പുത്രനായ ഇസ്ഹാഖ്‌നബിയുടെ പൗത്രനാണ് അദ്ദേഹം. ക്രി.മു. 2000-ത്തിനോടടുത്താണ് അദ്ദേഹത്തിന്റെ ജീവിതകാലം. സഹോദരന്‍മാരുടെ അസൂയ മൂലം കിണറ്റിലെറിയപ്പെടുകയും പിന്നീട് ഈജിപ്തിലെ ഒരു പ്രഭുവിന്റെ അടിമയായി മാറുകയും ഒടുവില്‍ പ്രഭുവിന്റെ ഭാര്യയുടെ പ്രേമാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കാരാഗൃഹത്തില്‍ അടക്കപ്പെടുകയും ചെയ്ത യൂസുഫ് ജയിലില്‍ വെച്ചാണ് തന്റെ പ്രബോധന പ്രവര്‍ത്തനം ആരംഭിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വവും ശിര്‍കിന്റെ നിരാകരണവും പരലോക വിശ്വാസവുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പ്രബോധന വിഷയം. ജയിലില്‍ വെച്ച് യൂസുഫ് നടത്തിയ പ്രബോധനം ഖുര്‍ആന്‍ ഇപ്രകാരം സംഗ്രഹിക്കുന്നു:
قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِ قَبْلَ أَن يَأْتِيَكُمَا ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي إِنِّي تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِاللَّهِ وَهُم بِالْآخِرَةِ هُمْ كَافِرُونَ . وَاتَّبَعْتُ مِلَّةَ آبَائِي إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ مَا كَانَ لَنَا أَن نُّشْرِكَ بِاللَّهِ مِن شَيْءٍ ذَٰلِكَ مِن فَضْلِ اللَّهِ عَلَيْنَا وَعَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ. يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ. مَا تَعْبُدُونَ مِن دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّهُ بِهَا مِن سُلْطَانٍ ۚ إِنِ الْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ. (يوسف: 37-40)
(അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണം വന്നെത്തുന്നതിന് മുമ്പായിതന്നെ ഇതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. എന്റെ നാഥന്‍ എന്നെ അഭ്യസിപ്പിച്ച അറിവുകളില്‍ പെട്ടതാണത്. അല്ലാഹുവില്‍ വിശ്വസിക്കാത്ത, പരലോകത്തെ നിഷേധിക്കുന്ന ജനതയുടെ മാര്‍ഗം ഞാന്‍ നിരാകരിച്ചിരിക്കുന്നു. എന്റെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും മാര്‍ഗമാണ് ഞാന്‍ പിന്‍പറ്റിയിരിക്കുന്നത്. അല്ലാഹുവിനോടൊപ്പം പങ്കാളികളെ ആരോപിക്കാന്‍ ഞങ്ങള്‍ക്കവകാശമില്ല. ഇത് അല്ലാഹു നമുക്കും മുഴുവന്‍ മനുഷ്യര്‍ക്കും നല്കിയ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. പക്ഷേ, അധികമാളുകളും നന്ദികാണിക്കുന്നില്ല. എന്റെ ജയില്‍ കൂട്ടുകാരേ, വിഭിന്നങ്ങളായ യജമാനന്‍മാരാണോ ഉത്തമം? അതല്ല, എല്ലാവരെയും അതിജയിക്കുന്ന ഏകനായ അല്ലാഹുവോ? അവനെക്കൂടാതെ നിങ്ങള്‍ കീഴ്‌വണങ്ങുന്നവര്‍ നിങ്ങളുടെ പൂര്‍വ പിതാക്കള്‍ കല്പിച്ചുവെച്ച ചില പേരുകള്‍ മാത്രമാണ്. അല്ലാഹു അവര്‍ക്കതിന് ഒരു തെളിവും നല്കിയിട്ടില്ല. ശാസനാധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. അവനെയല്ലാതെ അനുസരിക്കരുതെന്നവന്‍ ആജ്ഞാപിച്ചിരിക്കുന്നു. അതത്രേ ചൊവ്വായ ജീവിതമാര്‍ഗം. പക്ഷേ, അധികമാളുകളും ഇത് ഗ്രഹിക്കുന്നില്ല. - യൂസുഫ് 37-40)
ദൈവദൂതനെന്ന നിലയില്‍ യൂസുഫ് നിര്‍വഹിച്ച രണ്ടാമത്തെ മുഖ്യ ദൗത്യം ഇസ്‌ലാമികാധ്യാപന പ്രകാരം ഈജിപ്തിന്റെ ഭരണം നിര്‍വഹിച്ചു എന്നതാണ്. രാജാവിന്റെ സ്വപ്നത്തിന് ശരിയായ വ്യാഖ്യാനം നല്കുക വഴി അദ്ദേഹത്തിന്റെ മതിപ്പും ആദരവും ആര്‍ജിച്ച ശേഷം അനുയോജ്യമായ അവസരം ഉപയോഗപ്പെടുത്തി. പ്രവാചകനെന്ന നിലയില്‍ തനിക്ക് ലഭിച്ച അറിവും സൂക്ഷ്മതയും ഉയര്‍ത്തിപ്പിടിച്ച് അവയുടെ വെളിച്ചത്തില്‍ ഭരണം നടത്താന്‍ അനുവദിക്കണമെന്ന് യൂസുഫ് രാജാവിനോട് ആവശ്യപ്പെട്ടു.
قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ إِنِّي حَفِيظٌ عَلِيمٌ (يوسف:55)
(അദ്ദേഹം പറഞ്ഞു: നാട്ടിലെ ഭണ്ഡാരങ്ങളുടെ ഉത്തരവാദിത്വം എന്നെ ഏല്പിക്കുക. ഞാന്‍ അത് കാത്തുസൂക്ഷിക്കുന്നവനും അറിവുള്ളവനുമാകുന്നു. - യൂസുഫ് 55). ഏകദേശം 80 വര്‍ഷം യൂസുഫ് ഈജിപ്ത് ഭരിച്ചതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
(vii) ശുഐബ്‌നബി
മദ്‌യന്‍-ഐകഃ നിവാസികളിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതനായിരുന്നു ശുഐബ്‌നബി. വടക്കന്‍ ഹിജാസ് മുതല്‍ ഫിലസ്ത്വീന്റെ തെക്കു ഭാഗം വരേക്കും അവിടന്ന് സീനാ അര്‍ധ ദ്വീപിന്റെ അറ്റം വരേക്കും കാസ്പിയന്‍ കടലിന്റെയും അഖബഃ ഉള്‍ക്കടലിന്റെയും തീരങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന ജനവിഭാഗമായിരുന്നു മദ്‌യന്‍കാര്‍. വടക്കന്‍ അറേബ്യയില്‍ തൈമാഅ്, തബൂക്, അല്‍ഉലാ എന്നിവിടങ്ങളില്‍ വസിച്ചിരുന്നവരാണ് ഐകഃ വാസികള്‍.
മദ്‌യന്‍ നിവാസികള്‍ ഇബ്‌റാഹീംനബിയുടെ സന്താന പരമ്പരയില്‍ പെട്ടവരായിരുന്നതിനാല്‍ തങ്ങള്‍ വിശ്വാസികളാണെന്ന് വാദിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. എങ്കിലും മദ്‌യന്‍ നിവാസികള്‍ ആദര്‍ശ രംഗത്തും കര്‍മരംഗത്തും വ്യക്തമായും മാര്‍ഗഭ്രംശം ബാധിച്ചവരായിരുന്നു. ആരാധനാ കാര്യങ്ങളിലും സാമ്പത്തിക മേഖലയിലുമായിരുന്നു അവരുടെ മാര്‍ഗ ഭ്രംശം കൂടുതല്‍ പ്രകടമായിരുന്നത്. രണ്ട് രംഗത്തും അല്ലാഹുവിന്റെ മാത്രം പരമാധികാരം അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കുകയും സാമ്പത്തിക ഇടപാടുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നവരായിരുന്നു ശുഐബിന്റെ ജനത. അതുപോലെ തങ്ങളുടെ പ്രദേശത്തുകൂടി കടന്നുപോകുന്ന യാത്രാ സംഘങ്ങളെ കൊള്ളയടിക്കലും മദ്‌യന്‍ നിവാസികളുടെ പതിവായിരുന്നു. ശുഐബിന്റെ പ്രബോധനം മുഖ്യമായും രണ്ട് മേഖലകളിലാണ് കേന്ദ്രീകരിച്ചത്. അദ്ദേഹം നടത്തിയ പ്രബോധനം ഖുര്‍ആന്‍ ഇപ്രകാരം സംഗ്രഹിക്കുന്നു:
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا الْكَيْلَ وَالْمِيزَانَ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ. وَلَا تَقْعُدُوا بِكُلِّ صِرَاطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ اللَّهِ مَنْ آمَنَ بِهِ وَتَبْغُونَهَا عِوَجًا ۚ وَاذْكُرُوا إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ وَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ (الأعراف: 85-86)
(മദ്‌യന്‍ നിവാസികളിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, അല്ലാഹുവിന് ഇബാദത് ചെയ്യുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ഇലാഹില്ല തന്നെ. നിങ്ങളുടെ റബ്ബിങ്കല്‍നിന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായ മാര്‍ഗദര്‍ശനം ആഗതമായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അളവ് തൂക്കങ്ങള്‍ നിറപടിയാക്കുവിന്‍. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കമ്മിയാക്കാതിരിക്കുവിന്‍. ഭൂമിയില്‍ അതിന്റെ സംസ്‌കരണം നടന്ന ശേഷം നിങ്ങള്‍ നാശമുണ്ടാക്കാതിരിക്കുവിന്‍. ഇതില്‍ മാത്രമാകുന്നു നിങ്ങള്‍ക്ക് ഗുണമുള്ളത്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ജനങ്ങളെ ഭയപ്പെടുത്തുന്നവരായും വിശ്വാസികളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരായും സന്മാര്‍ഗത്തെ വക്രമാക്കാന്‍ ശ്രമിക്കുന്നവരായുംകൊണ്ട് വഴികളിലെല്ലാം നിങ്ങള്‍ ഇരിക്കരുത്. നിങ്ങള്‍ അംഗസംഖ്യയില്‍ തുഛമായിരുന്ന കാലം ഓര്‍ത്തുനോക്കുക. അനന്തരം അല്ലാഹു നിങ്ങളെ വളരെ പെരുപ്പിച്ചു. ലോകത്ത് നാശകാരികളായവരുടെ പര്യവസാനം എങ്ങനെയെല്ലാമായിരുന്നുവെന്ന് കണ്ണുതുറന്ന് നോക്കുവിന്‍.- അല്‍അഅ്‌റാഫ് 85-86).
എന്നാല്‍ മദ്‌യന്‍കാരില്‍ ഭൂരിപക്ഷവും ശുഐബ്‌നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയോ അദ്ദേഹത്തിന്റെ പ്രബോധനം സ്വീകരിക്കുകയോ ചെയ്തില്ല. എല്ലാ പ്രവാചകന്മാരെയും പോലെ അദ്ദേഹത്തിന്റെയും പ്രതിയോഗികള്‍ സമൂഹത്തിലെ പ്രമാണിമാരായിരുന്നു. അവര്‍ സത്യപ്രബോധനത്തെ തടസ്സപ്പെടുത്താനും വിശ്വാസികള്‍ക്ക് വിഘാതം സൃഷ്ടിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ശുഐബിന്റെ പ്രബോധനത്തെ പരിഹാസത്തോടുകൂടിയാണ് അവര്‍ നേരിട്ടത്. ആ പരിഹാസം ഖുര്‍ആന്‍ ഇപ്രകാരം ചിത്രീകരിക്കുന്നു.
قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ ۖ إِنَّكَ لَأَنتَ الْحَلِيمُ الرَّشِيدُ (هود:87)
(ശുഐബ്, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ കൈവെടിയണമെന്നും ഞങ്ങളുടെ ധനത്തില്‍ ഞങ്ങളുദ്ദേശിക്കും വിധം പ്രവര്‍ത്തിക്കുന്നത് ഉപേക്ഷിക്കണമെന്നും കല്പിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്നത് നിന്റെ നമസ്‌കാരമാണോ? നിശ്ചയം, നീയൊരു ബുദ്ധിമാനും തന്റേടിയും തന്നെ. - ഹൂദ് :87)
ഇത്തരം പരിഹാസങ്ങളൊന്നും ശുഐബ്‌നബിയെ പ്രകോപിതനാക്കിയില്ല. തികഞ്ഞ ഗുണകാംക്ഷയോടെ സൗമ്യമായ ഭാഷയില്‍ അദ്ദേഹം പ്രബോധനം തുടര്‍ന്നു. എങ്കിലും അതൊന്നും അവരില്‍ ഒരു ചലനവും സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല, അവര്‍ അദ്ദേഹത്തെയും അനുയായികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവര്‍ പറഞ്ഞു:
لَنُخْرِجَنَّكَ يَا شُعَيْبُ وَالَّذِينَ آمَنُوا مَعَكَ مِن قَرْيَتِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا (الأعراف:88)
(ഓ ശുഐബ്, നിന്നെയും നിന്നോടൊപ്പം വിശ്വസിച്ചവരെയും ഞങ്ങളുടെ നാട്ടില്‍നിന്ന് ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തിലേക്ക് മടങ്ങിയേ തീരൂ. - അല്‍അഅ്‌റാഫ് 88)
സത്യപ്രബോധനം സ്വീകരിക്കാതെ ധിക്കാരം കാണിച്ചതിനാല്‍ തങ്ങളുടെ മുന്‍ഗാമികളായ ആദ്, ഥമൂദ് ഗോത്രങ്ങള്‍ക്കും ലൂത്വിന്റെ ജനതക്കുമൊക്കെ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടും അത്തരം ശിക്ഷയിലേക്ക് താക്കീത് ചെയ്തുകൊണ്ടും ശുഐബ് തന്റെ ജനതയെ പ്രബോധനം ചെയ്തു. പക്ഷേ, അവര്‍ ധിക്കാരത്തോടെ ശുഐബിന് നേരെ പുറംതിരിഞ്ഞ് നില്ക്കുകയാണുണ്ടായത്. ഒടുവില്‍ ശുഐബ്‌നബിയുടെ ജനത ഒരു കാരണവശാലും മാറുകയില്ലെന്ന് വ്യക്തമാവുകയും അക്കാര്യം അവര്‍തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ നശിപ്പിച്ചു:
فَأَصْبَحُوا فِي دِيَارِهِمْ جَاثِمِينَ . كَأَن لَّمْ يَغْنَوْا فِيهَا (هود: 94-95)
(അവര്‍ തങ്ങളുടെ വീടുകളില്‍ നിശ്ചേതനരായി കമിഴ്ന്ന് വീണു. അവര്‍ അവിടങ്ങളില്‍ മുമ്പ് വസിച്ചിട്ടേയില്ലാത്തവിധം. - ഹൂദ് 94-95) എന്നാണ് അതെപ്പറ്റി ഖുര്‍ആന്റെ പരാമര്‍ശം.
(viii) മൂസാനബി
ഇസ്‌ലാമിക പ്രബോധനത്തോടൊപ്പം ഒരു മര്‍ദക ഭരണത്തില്‍നിന്ന് സ്വജനതയെ വിമോചിപ്പിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മൂസാനബി. പൂര്‍വ പ്രവാചകന്മാരില്‍ മൂസാനബിയുടെ പ്രബോധന ചരിത്രമാണ് ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇബ്‌റാഹീം നബിയുടെ പൗത്രനായ യഅ്ഖൂബ്‌നബിയില്‍നിന്ന് രൂപംകൊണ്ട ഇസ്‌റാഈല്‍ വംശത്തിലായിരുന്നു മൂസായുടെ ജനനം. ഫിലസ്ത്വീന്‍ വംശജരായ ഇസ്‌റാഈല്യര്‍ യൂസുഫ്‌നബിയുടെ കാലത്ത് ഈജിപ്തിലേക്ക് കുടിയേറിയിരുന്നു. അതിനാല്‍ മൂസാനബിയുടെ ജന്മദേശവും പ്രബോധനത്തിന്റെ പ്രഥമ തട്ടകവും ഈജിപ്തായിരുന്നു. ഈജിപ്ത് ഭരിച്ചിരുന്ന, വര്‍ഗീയ വൈരം ബാധിച്ച കോപ്റ്റിക് ഭരണാധികാരികള്‍ ഇസ്‌റാഈല്യരെ കഠിനമായി പീഡിപ്പിക്കുന്ന കാലത്താണ് മൂസാനബി ജനിക്കുന്നത്. വിദേശികളും പുഷ്‌കലമായ ഒരു നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പൈതൃകം പേറുന്നവരുമായ ഇസ്‌റാഈല്യര്‍ ഭാവിയില്‍ തങ്ങളുടെ അധികാരത്തിന് ഭീഷണിയായിത്തീരുമോ എന്ന ഭയമായിരുന്നു അവരെ പീഡിപ്പിക്കാന്‍ കോപ്റ്റിക് ഭരണാധികാരികളെ പ്രേരിപ്പിച്ചത്. മൂസാനബിയുടെ ജനനകാലത്തെ ഫറോവ കിരാതനും ക്രൂരനുമായിരുന്നു. ഇസ്‌റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം കൊന്നുകളയാന്‍ അദ്ദേഹം കല്പിക്കുകയുണ്ടായി. അവരില്‍നിന്ന് വല്ല വിപ്ലവകാരിയും വളര്‍ന്നുവന്ന് തന്റെ ആധിപത്യത്തിന് ഭീഷണിയായിത്തീരുമോ എന്ന ഭയമായിരുന്നു അയാളെ ഈ നിഷ്ഠുര കൃത്യത്തിന് പ്രേരിപ്പിച്ചത്. ഫറോവയുടെ മര്‍ദക ഭരണത്തെ ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു:
إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ (القصص: 4)
(ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം കാണിച്ചു. അവിടത്തെ നിവാസികളെ അവന്‍ ഭിന്നിപ്പിച്ചു വിവിധ കക്ഷികളാക്കി. എന്നിട്ട് ഒരു വിഭാഗത്തെ മര്‍ദിച്ചുകൊണ്ടിരുന്നു. അവരുടെ പുരുഷ സന്താനങ്ങളെ അറുകൊല ചെയ്യുകയും സ്ത്രീകളെ നിന്ദ്യരായി ജീവിക്കാന്‍ വിടുകയും ചെയ്തു. അവന്‍ മഹാ നാശകാരികളില്‍ പെട്ടവനായിരുന്നു. - അല്‍ഖസ്വസ്വ് :4)
പ്രയാസപൂര്‍ണമായ ഈ ചുറ്റുപാടില്‍നിന്ന് സ്വജനതയെ രക്ഷിക്കുകയും അവരുടെ ആധിപത്യം വീണ്ടെടുത്തു കൊടുക്കുകയും അതോടൊപ്പം മര്‍ദകനായ ഭരണാധികാരിയെ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യുകയുമായിരുന്നു മൂസാനബിയുടെ മുഖ്യ ദൗത്യം. ഫിര്‍ഔനെ സത്യത്തിലേക്കും സന്മാര്‍ഗത്തിലേക്കും ക്ഷണിക്കുക എന്ന ദൗത്യമാണ് സ്വാഭാവികമായും മൂസാനബി ആദ്യം ഏറ്റെടുത്തത്. ത്വൂര്‍ പര്‍വതത്തിന്റെ പ്രാന്തപ്രദേശത്തുവെച്ച് ദൈവദൂതനായി നിയോഗിതനായ മൂസായോട് അല്ലാഹു ആദ്യമായി ആജ്ഞാപിച്ചതും ഫറോവയെ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യാനാണ്.
اذْهَبْ أَنتَ وَأَخُوكَ بِآيَاتِي وَلَا تَنِيَا فِي ذِكْرِي. اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ. فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ (طه: 42-44)
(നീയും നിന്റെ സഹോദരനും ചേര്‍ന്ന് എന്റെ ദൃഷ്ടാന്തങ്ങളുമായി പോവുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങളിരുവരും വീഴ്ച വരുത്തരുത്. നിങ്ങളിരുവരും ഫിര്‍ഔന്റെ അടുത്തേക്ക് പോവുക. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് സൗമ്യമായി വാക്കുകള്‍ പറയുക. ഒരുവേള അവന്‍ ആലോചിക്കുകയോ ഭയപ്പെടുകയോ ചെയ്‌തേക്കാം. - ത്വാഹാ :42-44)
ഫിര്‍ഔനോട് സൗമ്യമായി പ്രബോധനം നടത്തിയ ശേഷം ഇസ്‌റാഈല്യരുടെ വംശ നശീകരണം അവസാനിപ്പിക്കണമെന്നും അവരെ തന്നോടൊപ്പം വിട്ടുതരണമെന്നും കൂടി മൂസാ ആവശ്യപ്പെട്ടു.
وَقَالَ مُوسَىٰ يَا فِرْعَوْنُ إِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ (الأعراف: 104)
(മൂസാ പറഞ്ഞു: ഫിര്‍ഔന്‍, പ്രപഞ്ചനാഥനില്‍നിന്നുള്ള ദൂതനാണ് ഞാന്‍. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള സുവ്യക്തമായ ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്‌റാഈല്‍ മക്കളെ എന്റെ കൂടെ വിട്ടു തരിക. - അല്‍അഅ്‌റാഫ് :104-105)
മൂസാനബി ദൈവിക സന്ദേശം ഫിര്‍ഔന്റെ മുമ്പില്‍ വെച്ചതോടെ സ്വാഭാവികമായും അദ്ദേഹം പൊട്ടിത്തെറിച്ചു. ജനങ്ങളുടെ ഇലാഹ് താനാണെന്നായിരുന്നു ഫിര്‍ഔന്റെ നിലപാട്. അതിനാല്‍ താനല്ലാത്ത മറ്റൊരു ദൈവത്തിന്റെ സന്ദേശവുമായി രാജധാനിയില്‍ കടക്കാന്‍ ധൈര്യം കാണിച്ച മൂസായെ ഫിര്‍ഔന്‍ ഭ്രാന്തനെന്ന് മുദ്രകുത്തുകയും കാരാഗൃഹത്തിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ തനിക്ക് ദൈവം നല്കിയ രണ്ട് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ മൂസാ രാജസന്നിധിയില്‍ പ്രദര്‍ശിപ്പിച്ചു. നിലത്തിട്ടാല്‍ സര്‍പ്പമായി മാറുന്ന വടിയും കക്ഷത്തില്‍ നിന്നെടുക്കുമ്പോള്‍ പ്രകാശ പൂരിതമാകുന്ന കരങ്ങളുമായിരുന്നു ആ അദ്ഭുത ദൃഷ്ടാന്തങ്ങള്‍. ഈ അമാനുഷിക ദൃഷ്ടാന്തത്തെ ഖുര്‍ആന്‍ വര്‍ണിക്കുന്നത് കാണുക:
فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُّبِينٌ. وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ (الشعراء: 32-33)
(മൂസാ തന്റെ വടിയെറിഞ്ഞ ഉടനെയതാ അത് ശരിക്കും സര്‍പ്പമായി മാറുന്നു. അനന്തരം അദ്ദേഹം തന്റെ കൈ കക്ഷത്തില്‍നിന്ന് പുറത്തെടുത്തു. അപ്പോഴതാ കാഴ്ചക്കാരൊക്കെയും അത് തിളങ്ങുന്നതായി കാണുന്നു. - അശ്ശുഅറാഅ് 32-33)
ഈ ദൃഷ്ടാന്തങ്ങള്‍ കണ്ടപ്പോള്‍ തുടക്കത്തില്‍ പതറിപ്പോയ ഫിര്‍ഔനും കിങ്കരന്മാരും പെട്ടെന്നു തന്നെ പരിസര ബോധം വീണ്ടെടുക്കുകയും മൂസായെ വലിയ ആഭിചാരക്കാരനായി മുദ്രയടിക്കുകയും ആഭിചാര വൃത്തിയില്‍ അദ്ദേഹവുമായി മത്സരിക്കുവാന്‍ രാജ്യത്തുള്ള മുഴുവന്‍ ആഭിചാരക്കാരെയും അണിനിരത്തുകയും ചെയ്തു. അങ്ങനെ മുന്‍ നിശ്ചയപ്രകാരം രാജാവും കിങ്കരന്‍മാരും ബഹുജനങ്ങളും അണിനിരന്ന ഒരു പൊതുവേദിയില്‍വെച്ച് ആഭിചാരകരും മൂസായും തമ്മില്‍ നടന്ന ബലപരീക്ഷണത്തില്‍ മൂസാ വിജയിച്ചതോടെ ഭൂരിപക്ഷം ആഭിചാരകരും മൂസാനബിയുടെ പ്രബോധനം സ്വീകരിച്ചു.
فَلَمَّا جَاءَ السَّحَرَةُ قَالُوا لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ الْغَالِبِينَ . قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ الْمُقَرَّبِينَ . قَالَ لَهُم مُّوسَىٰ أَلْقُوا مَا أَنتُم مُّلْقُونَ . فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ . فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ . فَأُلْقِيَ السَّحَرَةُ سَاجِدِينَ . قَالُوا آمَنَّا بِرَبِّ الْعَالَمِينَ . رَبِّ مُوسَىٰ وَهَارُونَ (الشعراء: 41-48)
(ആഭിചാരകന്മാര്‍ വേദിയിലെത്തിയപ്പോള്‍ അവര്‍ ഫറോവയോട് പറഞ്ഞു: 'ജയിച്ചാല്‍ ഞങ്ങള്‍ക്ക് പാരിതോഷികം ഉറപ്പാണല്ലോ?' ഫറോവ മറുപടി കൊടുത്തു: അതേ, അന്നേരം നിങ്ങള്‍ ഉറ്റവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാകുന്നു.' മൂസാ അവരോട് പറഞ്ഞു: 'നിങ്ങള്‍ക്ക് എറിയാനുള്ളത് എറിയുക.' അവര്‍ ഉടനെ തങ്ങളുടെ കയറുകളും വടികളും എറിഞ്ഞു. അവര്‍ പ്രഖ്യാപിച്ചു: 'ഫറോവയുടെ മഹത്ത്വത്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ തന്നെ വിജയിക്കും.' പിന്നീട് മൂസാ തന്റെ വടി താഴെയിട്ടു. ഉടനെയതാ അത് അവരുടെ വ്യാജ നിര്‍മിതികളെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. അതോടെ ആഭിചാരകന്മാരഖിലവും സ്വയമറിയാതെ സാഷ്ടാംഗ പ്രണാമത്തില്‍ വീണു. അവര്‍ പ്രഖ്യാപിച്ചു: 'ഞങ്ങള്‍ ലോകനാഥനില്‍-മൂസായുടെയും ഹാറൂനിന്റെയും നാഥനില്‍- വിശ്വസിച്ചിരിക്കുന്നു. - അശ്ശുഅറാഅ് 41-48).
തന്റെ അനുവാദത്തിന് കാത്തുനില്ക്കാതെ മൂസായുടെ പ്രബോധനം സ്വീകരിച്ച ആഭിചാരകന്‍മാരെ കുരിശിലേറ്റുമെന്ന് ഫിര്‍ഔന്‍ ഭീഷണി മുഴക്കിയെങ്കിലും അവര്‍ ആ ഭീഷണിയെ പുഛിച്ചു തള്ളുകയാണുണ്ടായത്. ഒടുവില്‍ സമനില തെറ്റിയ ഫിര്‍ഔന്‍ മൂസായെ വധിക്കാന്‍ വരെ ഗൂഢാലോചന നടത്തിയെങ്കിലും ആ ഗൂഢാലോചനയും ഫിര്‍ഔന്റെ സ്വന്തം അണികളില്‍ പിളര്‍പ്പ് സൃഷ്ടിക്കപ്പെടുന്നതിലും അവരില്‍ ഒട്ടേറെ പേര്‍ ഇസ്‌ലാം സ്വീകരിക്കുന്നതിലുമാണ് കലാശിച്ചത്. ഒടുവില്‍ ദൈവഹിതപ്രകാരം ഫിര്‍ഔനും കൂട്ടാളികളും ചെങ്കടലില്‍ മുങ്ങി നശിക്കുകയും ഇസ്‌റാഈല്‍ ജനത മൂസായോടൊപ്പം ചെങ്കടല്‍ മുറിച്ചുകടന്ന് വാഗ്ദത്ത ഭൂമിയിലേക്ക് പ്രയാണമാരംഭിക്കുകയും ചെയ്തു. അതോടെയാണ് മൂസാനബിയുടെ പ്രബോധനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. പ്രസ്തുത ഘട്ടത്തില്‍ പ്രബോധനം കേന്ദ്രീകരിച്ചത് സ്വസമുദായമായ ഇസ്‌റാഈല്യരിലാണ്. ദീര്‍ഘകാലത്തെ അടിമത്തവും അവിശ്വാസികളുമായുള്ള സഹവാസവും കാരണം വിശ്വാസപരമായും ധാര്‍മികമായും സാംസ്‌കാരികമായും ഒട്ടേറെ ജീര്‍ണതകള്‍ ഇസ്‌റാഈല്യരെ ബാധിച്ചിരുന്നു. ഈജിപ്തില്‍വെച്ച് സ്വന്തം ജനതയുടെ രാഷ്ട്രീയ വിമോചനത്തിന് പരമപ്രാധാന്യം നല്കിയ മൂസാനബിക്ക് അവരുടെ സംസ്‌കരണത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. എന്നാല്‍ അവരുടെ രാഷ്ട്രീയ വിമോചനം ഒരു യാഥാര്‍ഥ്യമായിത്തീര്‍ന്നതോടെ മൂസാനബിയുടെ മുഴുവന്‍ ശ്രദ്ധയും ഇസ്‌റാഈല്യരുടെ സംസ്‌കരണത്തിലായിത്തീര്‍ന്നു. ഈജിപ്ത് വിട്ടതിന് ശേഷം ഏകദേശം 40 വര്‍ഷം മൂസാനബി പ്രബോധന പ്രവര്‍ത്തനങ്ങളുമായി സ്വന്തം ജനതക്കിടയില്‍ താമസിച്ചു. അതിനിടയില്‍ സ്വസമുദായത്തിന്റെ എണ്ണമറ്റ ദുഷ്‌ചെയ്തികളെയും ധിക്കാരങ്ങളെയും അദ്ദേഹം ക്ഷമാപൂര്‍വം ഗുണദോഷിച്ചു. ദൈവിക ദീനിന്റെ യഥാര്‍ഥ വാഹകരായി മാറാനും തങ്ങളുടെ പൈതൃക ഭൂമിയായ ഫിലസ്ത്വീന്‍ വിമോചിപ്പിച്ച് സ്വന്തമാക്കാനും അവരെ പ്രോത്സാഹിപ്പിച്ചു. ദൈവിക നിയമവ്യവസ്ഥയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന വേദഗ്രന്ഥം മൂസാനബി ഇസ്‌റാഈല്യര്‍ക്ക് നല്കിയതും ഈ രണ്ടാം ഘട്ടത്തിലാണ്.
(ix) ദാവൂദ്‌നബിയും സുലൈമാന്‍നബിയും
ഇസ്‌റാഈല്യരിലേക്കു നിയോഗിക്കപ്പെട്ട പ്രവാചകന്മാരാണ് ദാവൂദ്‌നബിയും പുത്രന്‍ സുലൈമാന്‍നബിയും. ഇസ്‌ലാമിന്റെയും ഇസ്‌റാഈല്യരുടെയും ശത്രുവായ ജാലൂതിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇസ്‌റാഈല്‍ സമുദായത്തിന് മാതൃകാപരമായ നേതൃത്വം നല്കുകയായിരുന്നു ദാവൂദ്‌നബിക്ക് നിര്‍വഹിക്കാനുണ്ടായിരുന്ന ദൗത്യം. അത് അദ്ദേഹം വിജയകരമായി നിര്‍വഹിക്കുകയും ചെയ്തു. സിറിയ, ഇറാഖ്, ഫിലസ്ത്വീന്‍, ട്രാന്‍സ് ജോര്‍ഡാന്‍ എന്നീ രാജ്യങ്ങള്‍ ദാവൂദ്‌നബിയുടെ ഭരണത്തിന്‍ കീഴിലായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പിതാവ് വിട്ടേച്ചുപോയ ഭരണം കൂടുതല്‍ കാര്യക്ഷമവും ഭദ്രവും വിശാലവുമാക്കുകയും സ്വന്തം ജനതയെ ധാര്‍മികമായി സംസ്‌കരിക്കുകയുമായിരുന്നു സുലൈമാന്‍നബിയുടെ പ്രബോധന ദൗത്യം. യമനിലെ സൂര്യാരാധകരായിരുന്ന ജനതയെയും അവരുടെ പ്രബല രാഷ്ട്രത്തെയും ഇസ്‌ലാമിന്നധീനമാക്കാന്‍ സുലൈമാന്‍നബിക്ക് സാധിക്കുകയുണ്ടായി. നാട്ടില്‍ അദ്ദേഹം ആരാധനാലയങ്ങള്‍ പണിയുകയും ജനങ്ങളില്‍ ദൈവസ്മരണ നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്തു.
(x) ഈസാനബി
ഇസ്‌റാഈല്യരിലേക്ക് അവസാനമായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് ഈസാനബി. മൂസാനബിയുടെ ശരീഅതിന്റെ അന്തസ്സത്തയില്‍ ഊന്നിനിന്നുകൊണ്ട് ഇസ്‌റാഈല്‍ സമുദായത്തിന്റെ സംസ്‌കരണമായിരുന്നു ഈസാനബിയുടെ പ്രബോധനത്തിന്റെ പ്രധാന ലക്ഷ്യം. മറ്റെല്ലാ പ്രവാചകന്മാരെയും പോലെ ഈസാനബിയും തന്റെ പ്രബോധനം ആരംഭിക്കുന്നത് അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്ന ആഹ്വാനത്തോടെയാണ്. ഈസാനബിയുടെ മുഖ്യമായ പ്രബോധനം ഖുര്‍ആന്‍ ഇപ്രകാരം സംഗ്രഹിക്കുന്നു:
وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُم بَعْضَ الَّذِي حُرِّمَ عَلَيْكُمْ وَجِئْتُكُم بِآيَةٍ مِّن رَّبِّكُمْ فَاتَّقُوا اللَّهَ وَأَطِيعُونِ. إِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۗ هَٰذَا صِرَاطٌ مُّسْتَقِيمٌ (ال عمران: 50-51)
(അദ്ദേഹം ഇസ്‌റാഈല്‍ വംശത്തില്‍ ദൂതനായി ചെന്നപ്പോള്‍ പറഞ്ഞു: തൗറാതില്‍നിന്ന് എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ളതിനെ സത്യപ്പെടുത്തുന്നവനായിട്ടാകുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങള്‍ അനുവദിക്കുന്നതിന് വേണ്ടിയും ഞാന്‍ വന്നു. അറിയുവിന്‍, നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളില്‍ വന്നിരിക്കുന്നത്. അതിനാല്‍ അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുവിന്‍. എന്നെ അനുസരിപ്പിന്‍. അല്ലാഹു എന്റെയും നിങ്ങളുടെയും റബ്ബാകുന്നു. അതിനാല്‍ നിങ്ങള്‍ അവന്നുമാത്രം ഇബാദത് ചെയ്യുവിന്‍. അതാകുന്നു നേരായ മാര്‍ഗം - ആലുഇംറാന്‍ 50-51).
ജൂതന്മാരിലെ പണ്ഡിതന്മാരും പുരോഹിതന്മാരുമാണ് ഈസാനബിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. കാരണം, ഈസാനബിയുടെ പ്രബോധനം, മതത്തിന്റെ മറവില്‍ അവര്‍ കെട്ടിപ്പൊക്കിയ ചൂഷണ വ്യവസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണിയായിരുന്നു. ഈസാനബിയാകട്ടെ അവരുടെ ചൂഷണത്തെയും കപടഭക്തിയെയും ജനസമക്ഷം തുറന്നുകാണിക്കുകയും ചെയ്തു. ഒടുവില്‍ ഗത്യന്തരമില്ലാതെ അവര്‍ ഈസാനബിയെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തെ കഠിനമായി ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ശത്രുക്കളുടെ ഇത്തരം ഗൂഢാലോചനയില്‍നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണുണ്ടായത്.
പണ്ഡിതന്മാരിലും നേതാക്കളിലും തന്റെ പ്രബോധനം ഫലിക്കുന്നില്ലെന്ന് കണ്ട ഈസാനബി നിരാശനാകാതെ നിര്‍ധനരും പേരും പൈതൃകവും ശക്തിയും സ്വാധീനവും കുറഞ്ഞവരുമായ ഹവാരികളില്‍ തന്റെ പ്രബോധനം കേന്ദ്രീകരിച്ചു. അങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ അവരെ സംസ്‌കരിച്ചെടുക്കാനും തനിക്ക് ശേഷം തന്റെ സത്യസന്ധരായ പ്രബോധന പ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് അവരെ പരിവര്‍ത്തിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് അവരാണ് ഇസ്‌റാഈല്യരുടെ ഓരോ ഗ്രാമത്തിലും ചെന്ന് അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment