..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

മുഹമ്മദ്‌നബിയുടെ പ്രബോധനം ആദം മുതല്‍ ഈസാനബി വരെയുള്ള മുഴുവന്‍ പ്രവാചകന്മാരും പ്രബോധനം ചെയ്ത ഇസ്‌ലാം തന്നെയാണ് മുഹമ്മദ്‌നബിയും പ്രബോധനം ചെയ്തത്. മുന്‍ പ്രവാചകന്മാരുടെ ദൗത്യം സവിശേഷ കാലഘട്ടങ്ങളിലും പ്രത്യേക സമൂഹങ്ങളിലും പരിമിതമായിരുന്നു. എന്നാല്‍, മുഹമ്മദ് നബിയുടെ പ്രബോധനം അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരാശിക്കും ബാധകമാണ്. ആദര്‍ശപരമായും ധാര്‍മികമായും സാംസ്‌കാരികമായും സാമൂഹികമായും ലോകം അത്യന്തം അധഃപതിച്ച ഒരു ചരിത്ര സന്ധിയിലാണ് അറേബ്യന്‍ ഉപദ്വീപില്‍ മുഹമ്മദ്‌നബി നിയോഗിക്കപ്പെടുന്നത്. അറേബ്യന്‍ സമൂഹത്തിന്റെ മുഴുവന്‍ ജീവിത മേഖലകളിലും സമൂലമായ മാറ്റം വരുത്തി നൂതനമായ ഒരു സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും സൃഷ്ടികര്‍മം നിര്‍വഹിക്കാന്‍ ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു. പ്രവാചകത്വ ലബ്ധിക്ക് ശേഷമുള്ള നബിയുടെ 23 വര്‍ഷത്തെ പ്രബോധന പ്രവര്‍ത്തനങ്ങളെ മക്കഃഘട്ടം, മദീനഃഘട്ടം എന്നിങ്ങനെ പ്രധാനമായും രണ്ടു ഘട്ടങ്ങളായി തിരിക്കാം. പ്രവാചകത്വ ലബ്ധി മുതല്‍ ഹിജ്‌റഃ വരെ മക്കഃയില്‍ ചെലവഴിച്ച 13 വര്‍ഷമാണ് മക്കഃഘട്ടം. ഹിജ്‌റാനന്തരം മരണം വരെയുള്ള 10 വര്‍ഷം മദീനഃഘട്ടവും. പ്രവാചകന്റെ മക്കഃ ജീവിതത്തിലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഫലങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. എക്കാലത്തെയും തലമുറകള്‍ക്ക് ഇസ്‌ലാമിക ജീവിതത്തിന്റെ മഹിതമായ മാതൃകയായി വര്‍ത്തിക്കുന്ന ഒരു ഉത്തമ സമൂഹത്തിന്റെ സൃഷ്ടിക്ക് തുടക്കം കുറിക്കുകയും പശ്ചാത്തലമൊരുക്കുകയും ചെയ്തത് ഈ കാലഘട്ടത്തിലെ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഇസ്‌ലാമികാദര്‍ശത്തിന്റെ ആധാര ശിലകളായ തൗഹീദ് (ഏകദൈവത്വം), രിസാലത് (പ്രവാചകത്വം), ആഖിറത് (പരലോകം) എന്നീ വിശ്വാസ ത്രയങ്ങള്‍ പ്രബോധനം ചെയ്യാനാണ് ഈ കാലഘട്ടത്തില്‍ പ്രവാചകന്‍ ഊന്നല്‍ നല്കിയത്. പ്രവാചകത്വ ലബ്ധിക്കുശേഷമുള്ള ആദ്യത്തെ മൂന്ന് വര്‍ഷം രഹസ്യ രൂപത്തിലായിരുന്നു പ്രബോധനം. പ്രവാചക പത്‌നി ഖദീജഃ, അബൂബക്ര്‍, അലി, സൈദ്, ഉഥ്മാന്‍ എന്നീ പ്രമുഖരടങ്ങുന്ന 130 പേര്‍ ഈ കാലഘട്ടത്തില്‍ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. وَأَنذِرْ عَشِيرَتَكَ الْأَقْرَبِي (الشعراء:214) (നിന്റെ അടുത്ത കുടുംബത്തിന് മുന്നറിയിപ്പ് നല്കുക. - അശ്ശുഅറാഅ് 214) എന്ന ദൈവിക കല്പന ലഭിച്ചതോടെയാണ് പരസ്യപ്രബോധനം ആരംഭിച്ചത്. പരസ്യപ്രബോധനത്തിനുള്ള ഉത്തരവ് കിട്ടിയതോടെ പ്രവാചകന്‍ ബനൂ അബ്ദില്‍ മുത്ത്വലിബ്, ബനൂ ഹാശിം, ബനൂ അബ്ദി മനാഫ് എന്നീ കുടുംബങ്ങളെ വിളിച്ചുകൂട്ടി. നബിയുടെ സ്വന്തം കുടുംബക്കാരായിരുന്നു ഇവരെല്ലാം. അവരില്‍ പെട്ട 40 പേര്‍ പങ്കെടുത്ത ആദ്യയോഗം അബൂലഹബ് കലക്കിയെങ്കിലും അടുത്ത ദിവസം തന്നെ വിളിച്ചുകൂട്ടിയ മറ്റൊരു സദസ്സില്‍വെച്ച് പ്രവാചകന്‍ തന്റെ കുടുംബക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. പരലോക ശിക്ഷയെ അനുസ്മരിപ്പിച്ചുകൊണ്ടായിരുന്നു ക്ഷണം. അടുത്ത പടിയായി നബിതിരുമേനി ഒരു പ്രഭാതത്തില്‍ സ്വഫാ മലയില്‍ കയറിനിന്ന് ഖുറൈശികളെ വിളിച്ചുകൂട്ടുകയും ഓരോ കുടുംബത്തെയും പേരെടുത്ത് വിളിച്ചുകൊണ്ട് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇപ്രകാരം സ്വന്തം കുടുംബത്തിലെയും ഗോത്രത്തിലെയും ആളുകള്‍ക്ക് അല്ലാഹുവിന്റെ സന്ദേശം എത്തിച്ചുകൊടുത്തതിന് ശേഷം തിരുമേനി മക്കഃയിലെയും അറേബ്യയിലെയും മറ്റു ജനങ്ങള്‍ക്കിടയില്‍ പ്രബോധന പ്രവര്‍ത്തനം ആരംഭിച്ചു. അത് മുതല്‍ നബിതിരുമേനി മക്കഃയില്‍ കഴിച്ചുകൂട്ടിയ 10 വര്‍ഷമത്രയും എപ്പോഴും എവിടെയും ജനങ്ങളെ ഖുര്‍ആന്‍ കേള്‍പ്പിക്കുകയും സത്യവിശ്വാസം സ്വീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തുകൊണ്ടാണ് കഴിച്ചുകൂട്ടിയത്. സ്വകാര്യ സദസ്സുകളിലും പൊതു വേദികളിലും ഹറമിലുമെല്ലാം അദ്ദേഹം പ്രബോധനം തുടര്‍ന്നു. കച്ചവടാവശ്യാര്‍ഥമോ ഉംറക്കോ മറ്റു വല്ല കാര്യത്തിനോ പുറത്തുനിന്ന് മക്കഃയിലേക്ക് വരുന്നവരെയും അദ്ദേഹം ചെന്ന് കാണുമായിരുന്നു. ഉക്കാള്, മജന്നഃ, ദില്‍മജാസ് തുടങ്ങിയ ചന്തസ്ഥലങ്ങളിലും ചെന്ന് വിവിധ ഗോത്രക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക പതിവാക്കി. ഹജ്ജിനെത്തുന്ന വിവിധ ഗോത്രക്കാരുടെ തമ്പുകളില്‍ ചെന്നും പ്രബോധനം നിര്‍വഹിച്ചു. ശിഅ്ബ് അബീത്വാലിബില്‍ കുടുംബക്കാരോടൊപ്പം ഉപരോധിക്കപ്പെട്ടപ്പോള്‍ പോലും പ്രബോധനത്തിന് മുടക്കം വരുത്തിയില്ല. ഹിജ്‌റഃയുടെ യാത്രയില്‍ പോലും പ്രബോധനത്തിന് കിട്ടിയ അവസരം നബിതിരുമേനി വിനിയോഗിക്കുകയുണ്ടായി. 80 വീട്ടുകാര്‍ പ്രസ്തുത പ്രബോധനം വഴി ഇസ്‌ലാം സ്വീകരിച്ചു. ഹിജ്‌റഃയോടുകൂടി പ്രബോധനം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു. മദീനഃ രാഷ്ട്രത്തിന്റെ സാരഥി എന്ന നിലക്കാണ് പിന്നീട് തിരുമേനി ജനങ്ങളെ പ്രബോധനം ചെയ്തത്. വ്യക്തികളെയും സംഘങ്ങളെയും പ്രബോധനപ്രവര്‍ത്തനത്തിന് നിയോഗിച്ചിരുന്നു. അബ്ദുര്‍റഹ്മാനിബ്‌നു ഔഫിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ നജ്‌റാനിലേക്കും ദൂമതുല്‍ ജന്ദലിലേക്കും ഖാലിദിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ നജ്‌റാനിലേക്കും മുആദിനെ യമനിലേക്കും അയച്ചത് ഇതിനുദാഹരണമാണ്. രാജാക്കന്‍മാരെയും ഭരണാധിപന്മാരെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി കത്തുകള്‍ അയച്ചു. പേര്‍ഷ്യയിലെ കിസ്‌റാ, റോമിലെ ഖൈസ്വര്‍, ഉമാന്‍ രാജാക്കന്മാര്‍, ഹജര്‍ ഭരണാധികാരി, മുഖൗഖിസ് തുടങ്ങിയവര്‍ക്കെല്ലാം ഇങ്ങനെ സന്ദേശങ്ങള്‍ അയച്ചിരുന്നു.

No comments:

Post a Comment