..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

പ്രബോധനം: മുഹമ്മദ്‌നബിക്കു ശേഷം മുഹമ്മദ്‌നബിയുടെ വിടവാങ്ങല്‍ പ്രസംഗത്തിലെ ആഹ്വാനം ചെവിക്കൊണ്ട അനുചരന്മാര്‍ ഇസ്‌ലാമിന്റെ സന്ദേശവുമായി ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേരുകയുണ്ടായി. പടിഞ്ഞാറ് അറ്റ്‌ലാന്റിക് തീരം മുതല്‍ കിഴക്ക് ചൈന വരെ നബിയുടെ ശിഷ്യന്മാര്‍ (സ്വഹാബികള്‍) എത്തിയതായി ഇസ്‌ലാമിക പ്രബോധന ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. നബിതിരുമേനിയുടെ വിയോഗാനന്തരം ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് ആ ദൗത്യം മുറക്ക് നിര്‍വഹിക്കപ്പെട്ടുകൊണ്ടിരുന്നു. പില്ക്കാലത്തും ആ പ്രവര്‍ത്തനം നൈരന്തര്യമില്ലാതെയാണെങ്കിലും നടക്കാതിരുന്നിട്ടില്ല. അതത് കാലത്തെയും അതത് നാട്ടിലെയും സാഹചര്യമനുസരിച്ച് ആ പ്രവര്‍ത്തനങ്ങള്‍ രൂപങ്ങളിലും നടപടികളിലും വ്യത്യസ്തമായിരുന്നെന്നുമാത്രം. ഓരോ കാലത്തും ഉയര്‍ന്നുവന്ന നവോത്ഥാന നായകന്മാര്‍ നടത്തിയതും ഇസ്‌ലാമിക പ്രബോധനമായിരുന്നു. അവര്‍ മുഖ്യമായും ഉന്നം വച്ചിരുന്നത്, ഇസ്‌ലാമികാദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന മുസ്‌ലിം സമൂഹങ്ങളെ യഥാര്‍ഥ ഇസ്‌ലാമികാദര്‍ശങ്ങളിലേക്ക് പുനരാനയിക്കുന്നതിലായിരുന്നു. നബിതിരുമേനിയുടെ ദൗഹിത്രന്‍ ഹുസൈന്‍, അബ്ദുല്ലാഹിബ്‌നുസ്സുബൈര്‍ തുടങ്ങിയ ആദ്യകാല രാഷ്ട്രീയ വിപ്ലവകാരികള്‍ ഒരര്‍ഥത്തില്‍ ഇസ്‌ലാമിക പ്രബോധകരുമായിരുന്നു. രാജവാഴ്ചയിലേക്ക് വഴുതിവീണ ഇസ്‌ലാമിക ഭരണക്രമത്തെ ഖിലാഫത് വ്യവസ്ഥയിലേക്കു തിരിച്ചുകൊണ്ടുവരണമെന്നതായിരുന്നു അവരുടെ പ്രബോധനം. സഈദുബ്‌നു ജുബൈര്‍, സഈദുബ്‌നുല്‍ മുസയ്യിബ്, സുലൈമാനുബ്‌നു യസാര്‍, ഉബൈദുല്ലാഹിബ്‌നു അബ്ദില്ലാഹിബ്‌നി ഉത്ബഃ, അബൂബക്‌രിബ്‌നു അബ്ദിര്‍റഹ്മാനിബ്‌നി ഹാരിഥ്, ഖാസിമുബ്‌നു മുഹമ്മദിബ്‌നി അബീബക്ര്‍, സാലിമുബ്‌നു അബ്ദില്ലാഹിബ്‌നി ഉമര്‍ തുടങ്ങിയ പണ്ഡിതന്മാരെല്ലാം മുസ്‌ലിം സമൂഹത്തിനകത്ത് പ്രബോധന ദൗത്യം നിര്‍വഹിച്ചവരാണ്. കര്‍മശാസ്ത്ര മേഖലയിലെ പ്രബോധന പ്രസ്ഥാനമാണ് മദ്ഹബുകള്‍. വിശ്വാസ കാര്യങ്ങളിലെ പ്രബോധക നായകന്മാരാകുന്നു അബുല്‍ ഹസനില്‍ അശ്അരിയും മാതുരീദിയും. അവരുടെ പ്രബോധന പ്രസ്ഥാനങ്ങളാണ് അശ്അരീ മദ്ഹബും മാതുരീദീ മദ്ഹബും. തത്ത്വശാസ്ത്രരംഗത്തെ വ്യതിയാനങ്ങള്‍ക്കെതിരെ സമുദായത്തെ പ്രബോധനം ചെയ്തവരാകുന്നു ഇമാം ഗസ്സാലി, ഇമാം ഇബ്‌നുതൈമിയ്യഃ തുടങ്ങിയ പൂര്‍വ സൂരികളും ശൈഖ് ഹസനുല്‍ ബന്നാ, ശഹീദ് സയ്യിദ് ഖുത്വ്ബ്, സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദി തുടങ്ങിയ ആധുനിക പണ്ഡിതന്മാരും. നവോത്ഥാന നായകരും അവരുടെ പ്രസ്ഥാനങ്ങളും ഊന്നിയിരുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ മുസ്‌ലിം സമുദായത്തെ കാലോചിതമായ രീതിയില്‍ സംസ്‌കരിക്കുന്നതിലായിരുന്നു. ഇസ്‌ലാമില്‍നിന്ന് തീരെ വിട്ടുപോയവരെയും അമുസ്‌ലിംകളെയും ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യുകയായിരുന്നില്ല അവയുടെ മുഖ്യ ലക്ഷ്യം. ചില പ്രസ്ഥാനങ്ങള്‍ ഭാഗികമായി ആ ദൗത്യവും ഏറ്റെടുത്തിരുന്നുവെന്ന് മാത്രം. അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക എന്ന അര്‍ഥത്തിലുള്ള പ്രബോധനം മുഖ്യമായും നടന്നിരുന്നത് അസംഘടിതമായിട്ടായിരുന്നു. പ്രബോധന തല്‍പരരായ വിശ്വാസികള്‍, മുസ്‌ലിം വ്യാപാരികള്‍, സഞ്ചാരികള്‍, സൈനികര്‍, സ്വൂഫിവര്യന്മാര്‍ എന്നിവരിലൂടെയാണത് നടന്നിരുന്നത്. സൈനികമായ വിമോചന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത മധ്യേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളിലും മറ്റു മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളിലും ഇസ്‌ലാം മതം പ്രചരിച്ചത് കച്ചവടക്കാരുടെയും സഞ്ചാരികളുടെയും സ്വൂഫികളുടെയും പ്രവര്‍ത്തനഫലമായിട്ടാണ്.

No comments:

Post a Comment