..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

പ്രബോധനം: ഉമ്മത് മുസ്‌ലിമഃയുടെ ബാധ്യത ഇസ്‌ലാമിന് സ്ഥലകാല പരിമിതികളില്ലാത്തതു പോലെ ഇസ്‌ലാമിക പ്രബോധനത്തിനും കാലപരിധിയോ ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകളോ ഇല്ല. ഭൂമിയില്‍ മനുഷ്യവാസം നിലനില്ക്കുന്ന കാലത്തോളം ദൈവിക സന്മാര്‍ഗത്തിന്റെ വെളിച്ചം പ്രസരിച്ചേ തീരൂ. അതുകൊണ്ടാണ് ആദിമ മനുഷ്യന്ന് ദിവ്യബോധനത്തിലൂടെ സന്മാര്‍ഗം നല്കിയ ദൈവം തുടര്‍ന്നും ദിവ്യസന്ദേശവുമായി പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ടിരുന്നത്. അന്ത്യപ്രവാചകന്‍ മുഹമ്മദ്‌നബിയോടെ ആ പരമ്പര അവസാനിച്ചു. പക്ഷേ, പ്രവാചകന്മാര്‍ നിര്‍വഹിച്ച പ്രബോധനം എന്ന ദൗത്യം അവസാനിക്കുന്നില്ല. മുഹമ്മദ്‌നബിക്കുശേഷം അദ്ദേഹത്തിന്റെ സമുദായമായ മുസ്‌ലിം സമൂഹത്തിന്റെ ചുമലിലാണ് ആ ദൗത്യം അര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഖുര്‍ആന്‍ പറയുന്നു: وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا ''അപ്രകാരം അല്ലാഹു നിങ്ങളെ(മുസ്‌ലിം ഉമ്മതിനെ)യൊരു മധ്യമ സമുദായമാക്കിയിരിക്കുന്നത്, നിങ്ങള്‍ ജനങ്ങള്‍ക്കു സാക്ഷികളാകാനും, ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനും വേണ്ടിയാണ്.'' അതായത്, മുസ്‌ലിം സമുദായത്തിന്റെ ആത്മപ്രകാശനം വാക്കിലും പ്രവൃത്തിയിലും ജനങ്ങളുടെ ഉത്തമ മാതൃകയായിരിക്കലാണ്. (2: 143) dawat വിടവാങ്ങല്‍ ഹജ്ജില്‍ അറഫഃയില്‍ സമ്മേളിച്ച അനുയായികളോട് നബി ചോദിച്ചു: ''ദിവ്യസന്ദേശം നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ചു തന്നില്ലേ?'' ''അതെ, അവിടന്ന് ഞങ്ങള്‍ക്ക് എത്തിച്ചു തന്നിട്ടുണ്ട്.'' അവര്‍ ഒന്നടങ്കം പറഞ്ഞു. അപ്പോള്‍ നബി കണ്ണുകള്‍ മേലോട്ടുയര്‍ത്തിക്കൊണ്ടു മൊഴിഞ്ഞു: ''അല്ലാഹുവേ, നീ സാക്ഷി, നീ സാക്ഷി, നീ സാക്ഷി. നിന്റെ ദീന്‍ നിന്റെ അടിയാറുകള്‍ക്ക് ഞാന്‍ എത്തിച്ചുകൊടുത്തിരിക്കുന്നു.'' തുടര്‍ന്ന് ജനങ്ങളെ അവിടന്ന് ഉദ്‌ബോധിപ്പിച്ചു: ''ഇവിടെ ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് ഈ സന്ദേശം എത്തിച്ചുകൊടുക്കുക.'' പ്രബോധനം മുസ്‌ലിം സമൂഹത്തിന്റെ മുഴുവന്‍ ചുമലില്‍ അര്‍പ്പിതമായ ഉത്തരവാദിത്വമായാണ് ഈ സംഭവത്തില്‍ ദര്‍ശിക്കപ്പെടുന്നത്. മുസ്‌ലിം സമൂഹം ഉള്ളിടത്തോളം കാലം അവരത് നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്. അഥവാ ഈ ഉത്തരവാദിത്വം നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് ഉത്തമ സമൂഹത്തിന്റെ അനന്യത ഉണ്ടായിരിക്കുകയുള്ളൂ. മനുഷ്യ സമൂഹത്തെ ഒന്നടങ്കം സംബോധന ചെയ്തുകൊണ്ട് മനുഷ്യരെന്ന നിലക്കുള്ള അവരുടെ കര്‍ത്തവ്യങ്ങളെപ്പറ്റി ഖുര്‍ആന്‍ ഉണര്‍ത്തുന്നത് ശ്രദ്ധിക്കുമ്പോള്‍ ബോധ്യമാവുന്ന ചില വസ്തുതകളുണ്ട്. 'യാ അയ്യുഹന്നാസ് (അല്ലയോ ജനങ്ങളേ), നിങ്ങളുടെ രക്ഷിതാവിന് അടിമപ്പെട്ടു ജീവിക്കുവിന്‍', 'നിങ്ങളുടെ രക്ഷിതാവിനെ ഭയന്ന് സൂക്ഷിക്കുവിന്‍', 'പറയൂ നബിയേ: ഹേ, ജനങ്ങളേ, ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് മുഴുവനുമുള്ള ദൈവദൂതനാണ്', 'മുഴുവന്‍ ജാതിക്കും സന്തോഷവാര്‍ത്ത നല്കുന്നവനും താക്കീതുകാരനുമായിട്ടാണ് നിന്നെ നാം നിയോഗിച്ചിട്ടുള്ളത്.' ഈ സൂക്തങ്ങളുടെ ഉള്ളടക്കം ഒരു സംഗതി വ്യഞ്ജിപ്പിക്കുന്നുണ്ട്: മുഴു ലോകത്തിന്റെയും ക്ഷേമം (സആദഃ) ഇസ്‌ലാമിലാണെന്ന് വിശ്വസിക്കുന്ന സമൂഹം, മേല്പറഞ്ഞ സംബോധനക്കുശേഷം നിര്‍ദേശിക്കപ്പെടുന്ന സംഗതികള്‍ ശ്രദ്ധയില്‍ പെടാത്ത അനേക കോടികള്‍ക്ക് എത്തിച്ചുകൊടുക്കേണ്ട ബാധ്യത നിറവേറ്റലാണ് വാസ്തവത്തില്‍ ഇസ്‌ലാമിക പ്രബോധനം.

No comments:

Post a Comment