Monday, 7 December 2015
പ്രബോധനം: ആധുനിക കാലഘട്ടത്തില്‍
ആദ്യകാലങ്ങളില്‍ ഇസ്‌ലാമിക ഖിലാഫതിനു കീഴില്‍ വ്യവസ്ഥാപിതമായാണ് ഇസ്‌ലാമിക പ്രബോധനം നടന്നുവന്നിരുന്നത്. ഖിലാഫതുര്‍റാശിദഃക്ക് ശേഷം ഇസ്‌ലാമിക ഖിലാഫതിനെ ബാധിച്ച ജീര്‍ണതകള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു മങ്ങലേല്പിച്ചുവെങ്കിലും ഔദ്യോഗികമായി ഖിലാഫതിനു കീഴില്‍ തന്നെ അത് തുടര്‍ന്നു. എന്നാല്‍, അക്കാലങ്ങളില്‍ വ്യക്തിതലത്തിലാണ് പ്രബോധന പ്രവര്‍ത്തനങ്ങള്‍ അധികവും നിലനിന്നത്. പ്രബോധനത്തിനായി വ്യവസ്ഥാപിതമായ സ്ഥാപനങ്ങളോ സംഘടനകളോ അന്നൊന്നും ഉണ്ടായിരുന്നില്ല. നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനം പോലും സംഘടിതമോ വ്യവസ്ഥാപിതമോ ആയ രൂപം ആര്‍ജിച്ചിരുന്നില്ല. സിറിയന്‍ പണ്ഡിതനായ വഹ്ബതുസ്സുഹൈലിയും ഈജിപ്ഷ്യന്‍ എഴുത്തുകാരനായ മുഹമ്മദുല്‍ ഗസ്സാലിയും, 20-ാം നൂറ്റാണ്ടിനു മുമ്പ് മുസ്‌ലിം രാജ്യങ്ങളില്‍ പ്രബോധനത്തിനായി സംഘടനകളോ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല എന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഗതകാല മുസ്‌ലിം ഭരണകൂടങ്ങളെക്കുറിച്ച് മുഹമ്മദുല്‍ ഗസ്സാലിയെപ്പോലുള്ള ആധുനിക പണ്ഡിതന്മാരുടെ പ്രധാന വിമര്‍ശനം തന്നെ അവര്‍ പ്രബോധനം മുഖ്യ ദൗത്യമായി ഏറ്റെടുത്തില്ല എന്നതായിരുന്നു.
പ്രബോധന പ്രവര്‍ത്തനം മൂര്‍ത്തമായ രീതിയില്‍ സംഘടനാ രൂപമാര്‍ജിക്കുന്നത് 20-ാം നൂറ്റാണ്ടിലാണെങ്കിലും 19-ാം നൂറ്റാണ്ടില്‍ തന്നെ ചില ആദ്യ ചുവടുവെപ്പുകള്‍ ഈ രംഗത്ത് നടന്നിരുന്നു. അവസാനത്തെ ഉഥ്മാനീ ഖലീഫഃ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഭരണപരമായ തന്റെ പ്രധാന ദൗത്യമായി ഇസ്‌ലാമിക പ്രബോധനത്തെ പരിഗണിക്കുകയുണ്ടായി. ഇസ്‌ലാമിക സമൂഹത്തെ ഏകീകരിപ്പിക്കാനുള്ള ഏറ്റവും വലിയ ഉപാധിയാണ് ഇസ്‌ലാമിക പ്രബോധനം എന്ന തിരിച്ചറിവാണ് ഖലീഫഃയെ അതിന് പ്രേരിപ്പിച്ചത്. മുസ്‌ലിംഐക്യം ഇസ്‌ലാമിക പ്രബോധനത്തിലൂടെ എന്ന ആശയത്തിന് ജമാലുദ്ദീനില്‍ അഫ്ഗാനിയും വമ്പിച്ച പ്രചാരം നല്കി. അദ്ദേഹം രൂപീകരിച്ച ജംഇയ്യതുല്‍ ഉര്‍വതില്‍ വുഥ്ഖാ എന്ന സംഘടന ഈ ആശയം ഉയര്‍ത്തിപ്പിടിച്ച ഒരു പ്രബോധക സംഘടനയായിരുന്നു. മുന്‍കാല സലഫികള്‍ വിശ്വാസികളുടെ സംസ്‌കരണത്തിന് അഥവാ തര്‍ബിയതിനാണ് ഊന്നല്‍ നല്കിയതെങ്കിലും അബ്ദുര്‍റഹ്മാനില്‍ കവാകിബി സ്ഥാപിച്ച ജംഇയ്യതു തഅ്‌ലീമില്‍ മുവഹ്ഹിദീന്‍ എന്ന സംഘടന ഇസ്‌ലാമിക പ്രബോധനത്തെയും അതിന്റെ ദൗത്യമായി സ്വീകരിക്കുകയുണ്ടായി. ആധുനിക സലഫികളെസ്സംബന്ധിച്ചേടത്തോളം തങ്ങളുടെ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്കുള്ള ഒരു ചവിട്ടു പടിയായിരുന്നു ഇസ്‌ലാമിക പ്രബോധനം. മുസ്‌ലിം മിഷനറിമാരെ പരിശീലിപ്പിക്കുന്നതിനായി ഒരു സ്ഥാപനം റശീദ് രിദായുടെ ശ്രമഫലമായി 1911-ല്‍ ഇസ്തംബൂളില്‍ സ്ഥാപിതമായി. 1911-ല്‍ ജംഇയ്യതുദ്ദഅ്‌വതി വല്‍ഇര്‍ശാദ് എന്ന പേരില്‍ മിഷനറി സംഘടനക്കും അദ്ദേഹം അടിത്തറ പാകി. ഉഥ്മാനി-പാന്‍ ഇസ്‌ലാമിക് പ്രവര്‍ത്തനങ്ങളുടെ ഒരു ചാലക ശക്തിയായിത്തീരണം തന്റെ സംഘടന എന്ന് റശീദ് രിദാ ആഗ്രഹിച്ചിരുന്നുവെങ്കിലും തുടക്കത്തില്‍ സംഘടനയ്ക്ക് കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താനായില്ല. 1928-ല്‍ ഈജിപ്തില്‍ രൂപീകൃതമായ അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂനും 1941-ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ രൂപീകരിക്കപ്പെട്ട ജമാഅതെ ഇസ്‌ലാമിയും മിഷനറി സംഘടനകളല്ലെങ്കിലും അവയുടെ ബഹുമുഖമായ ദൗത്യത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിനും കാര്യമായ സ്ഥാനം നല്കപ്പെട്ടിരുന്നു. ഇസ്‌ലാമിന്റെ സമഗ്രതയിലൂന്നിയ പ്രബോധനമാണ് ഈ രണ്ട് സംഘടനയുടെയും പ്രധാന സവിശേഷത.
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് രൂപംകൊടുത്ത തബ്‌ലീഗീ ജമാഅതും ഇസ്‌ലാമിക പ്രബോധനം മുസ്‌ലിം ഉമ്മതിന്റെ പ്രധാന ദൗത്യമായി മാറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. സ്വൂഫീ പശ്ചാത്തലമുള്ള തബ്‌ലീഗീ ജമാഅത് മുസ്‌ലിം സമൂഹത്തിന്റെ സംസ്‌കരണത്തിലും അവരോട് തൊട്ടുകിടക്കുന്ന അമുസ്‌ലിം വിഭാഗങ്ങളിലുമാണ് ശ്രദ്ധയൂന്നിയത്. മതപരിവര്‍ത്തനം എന്ന ആത്യന്തിക ലക്ഷ്യം നേടുന്നതില്‍ ആധുനിക സലഫീ സംഘടനകളെക്കാള്‍ സ്വൂഫീ സംഘടനകളാണ് വിജയം നേടിയത്. പശ്ചിമാഫ്രിക്കയിലെ അമുസ്‌ലിം പ്രദേശങ്ങളില്‍ ഇസ്‌ലാം പ്രചരിപ്പിക്കുന്നതില്‍ പ്രസ്താവ്യമായ വിജയം നേടിയ സനൂസി, തീജാനി സംഘടനകള്‍ ഉദാഹരണം.
പുതുതായി രൂപംകൊണ്ട ഇസ്‌ലാമിക സംഘടനകളുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ പ്രാന്തീകൃതവും ഒട്ടേറെ ഇസ്‌ലാമിക പഠനകേന്ദ്രങ്ങളുടെ വല്ലപ്പോഴുമുള്ള പ്രവര്‍ത്തനങ്ങളില്‍ പരിമിതവുമാണെന്ന് കണ്ടപ്പോഴാണ് 1931-ല്‍ മുഹമ്മദ് റശീദ് രിദാ ചലനരഹിതമായിക്കിടന്നിരുന്ന തന്റെ ജംഇയ്യതുദ്ദഅ്‌വതി വല്‍ഇര്‍ശാദ് എന്ന സംഘടന പുനരുജ്ജീവിപ്പിച്ചത്. എങ്കിലും രണ്ടാം ലോകയുദ്ധം അവസാനിച്ചതിനു ശേഷം മാത്രമാണ് രാഷ്ട്രാന്തരീയ തലത്തില്‍ ഇസ്‌ലാമിക പ്രബോധനം സംഘടിതമായി നടത്താനുള്ള രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെട്ടത്. 1954-ല്‍ സുഊദി അറേബ്യയും ഈജിപ്തും പാകിസ്താനും സംയുക്തമായി രൂപംകൊടുത്ത അല്പായുസ്സായ ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് ഇസ്‌ലാമിക പ്രബോധനം ഏറ്റവും വലിയ ഇസ്‌ലാമിക ബാധ്യതയാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി.
1957-67 കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രബോധനം സുഊദി അറേബ്യന്‍ ഭരണകൂടത്തിന്റെ ഒരു സജീവ പരിഗണനാ വിഷയമായിത്തീര്‍ന്നു. 1961 ഒക്‌ടോബര്‍ 24-ന് സ്ഥാപിതമായ മദീനഃയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രധാന ലക്ഷ്യം അമുസ്‌ലിം രാജ്യങ്ങളില്‍ ഇസ്‌ലാമിക പ്രബോധനം നടത്താന്‍ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയായിരുന്നു. 1962-ല്‍ രാഷ്ട്രാന്തരീയ തലത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ സുഊദി അറേബ്യ ആസ്ഥാനമാക്കി മുസ്‌ലിം വേള്‍ഡ് ലീഗും (റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി) നിലവില്‍വന്നു. ഇസ്‌ലാമിക പ്രബോധനം എന്ന ലക്ഷ്യത്തില്‍ ഇസ്‌ലാമിലെ വ്യത്യസ്ത ചിന്താധാരകളെ പ്രതിനിധാനം ചെയ്യുന്നവരെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് റാബിത്വഃയുടെ ഒരു പ്രധാന നേട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റാബിത്വഃയുടെ 20-ലധികം ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
1960-ല്‍ കൈറോയില്‍ സ്ഥാപിതമായ ഹയര്‍ കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സും (അല്‍മജ്‌ലിസുല്‍ അഅ്‌ലാ ലിശ്ശുഊനില്‍ ഇസ്‌ലാമിയ്യഃ) രാഷ്ട്രാന്തരീയ തലത്തില്‍ ഒട്ടേറെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ പ്രായോജനം ചെയ്യുന്നുണ്ട്. ആഫ്രിക്കന്‍ നാടുകളിലേക്ക് അധ്യാപകരെ നിയോഗിക്കുന്നതാണ് അഫയേഴ്‌സിന്റെ പ്രധാന പ്രവര്‍ത്തനം. 1960-കളായപ്പോഴേക്ക് ദേശീയവും അന്തര്‍ദേശീയവുമായ തലത്തില്‍ മൂന്നുതരം സംഘടനകളാണ് ഇസ്‌ലാമിക പ്രബോധനത്തെ പ്രതിനിധീകരിച്ചിരുന്നത്. കൈറോയിലെ ഹയര്‍ കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സിനെയും മദീനഃ യൂനിവേഴ്‌സിറ്റിയെയും പോലുള്ള രാജ്യാന്തരീയമോ ദേശീയമോ ആയ സ്ഥാപനങ്ങള്‍, സുഊദി അറേബ്യ ആസ്ഥാനമായുള്ള മുസ്‌ലിം വേള്‍ഡ് ലീഗിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രാന്തരീയ സംഘടനകള്‍, അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, തബ്‌ലീഗീ ജമാഅത്, ജമാഅതെ ഇസ്‌ലാമി പോലുള്ള സര്‍ക്കാറേതര സംഘടനകള്‍ തുടങ്ങിയവയായിരുന്നു അവ.
ഈ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര തലത്തിലുള്ള സ്വാധീനം പരിമിതമാണെങ്കിലും ശ്രദ്ധേയമാണ്. 1965-ല്‍ മുസ്‌ലിം വേള്‍ഡ് ലീഗ് 50-ഓളം ഇസ്‌ലാമിക പ്രബോധകരെ വിവിധ നാടുകളില്‍ നിയോഗിച്ചപ്പോള്‍ ഹയര്‍ കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് അഫയര്‍, അല്‍അസ്ഹറില്‍ പരിശീലനം നേടുകയും അവിടെ ദഅ്‌വഃ പോളിസി വകുപ്പില്‍ ജോലി ചെയ്യുകയും ചെയ്തിരുന്ന 100-ഓളം പ്രബോധകരെ ഉപയോഗപ്പെടുത്തുകയുണ്ടായി.
ഭരണകൂടങ്ങള്‍ പ്രായോജനം ചെയ്യുന്ന സംഘടനകള്‍ എത്രതന്നെ സ്വതന്ത്രമാണെന്നവകാശപ്പെട്ടാലും പ്രബോധന മേഖലയില്‍ സ്വന്തമായ രീതിശാസ്ത്രം വികസിപ്പിച്ചെടുക്കുന്നതില്‍ ഒട്ടേറെ പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നത് വസ്തുതയാണ്. അവയോട് താരതമ്യം ചെയ്യുമ്പോള്‍ ഇഖ്‌വാനെയും ജമാഅതെ ഇസ്‌ലാമിയെയും പോലുള്ള സര്‍ക്കാറേതര സംഘടനകള്‍ ഈ രംഗത്ത് കൂടുതല്‍ സ്വതന്ത്രരാണ്.
1970-കളുടെ തുടക്കത്തില്‍ 'ഇസ്‌ലാമിക രാഷ്ട്രീയം' ചൂടുപിടിച്ച രാഷ്ട്രീയ-സാംസ്‌കാരിക വാഗ്വാദങ്ങള്‍ക്കു വിഷയമായിത്തീര്‍ന്നതോടെ രാഷ്ട്രാന്തരീയ പ്രബോധക സംഘടനകള്‍ മുസ്‌ലിം ബഹുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നു. 1972-ല്‍ സുഊദി അറേബ്യയിലെ സലഫികള്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യുവജന സമ്മേളനം, ഇസ്‌ലാമിക പ്രബോധനം ലക്ഷ്യംവച്ചുകൊണ്ട് വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത് (വമി) എന്ന പേരില്‍ ഒരു യുവജന സംഘടനക്ക് രൂപം നല്കി. 1972-ല്‍ തന്നെ ലിബിയന്‍ ഗവണ്‍മെന്റ് ഇസ്‌ലാമിക് കാള്‍ സൊസൈറ്റി (ജംഇയ്യതുദ്ദഅ്‌വതില്‍ ഇസ്‌ലാമിയ്യഃ) എന്ന പേരില്‍ ഒരു രാഷ്ട്രാന്തരീയ പ്രബോധന സംഘടന രൂപീകരിച്ചെങ്കിലും ആദ്യത്തെ 10 വര്‍ഷത്തില്‍ ദഅ്‌വഃ രംഗത്ത് പറയത്തക്ക പ്രതികരണമൊന്നും അത് സൃഷ്ടിക്കുകയുണ്ടായില്ല. എന്നാല്‍ 1982-ല്‍ വേള്‍ഡ് കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് കാള്‍ (അല്‍മജ്‌ലിസുല്‍ ആലമി ലിദ്ദഅ്‌വതില്‍ ഇസ്‌ലാമിയ്യഃ) എന്ന പുതിയ പേരില്‍ പുനസ്സംഘടിപ്പിക്കപ്പെട്ടതിന് ശേഷം ഈ ലിബിയന്‍ സംഘടന പ്രബോധന മേഖലയില്‍ സുഊദി ആസ്ഥാനമായുള്ള മുസ്‌ലിം വേള്‍ഡ് ലീഗിന്റെ ഒരു പ്രധാന എതിരാളിയായിത്തീര്‍ന്നു. സമകാലികമായ ഈ രണ്ട് സംഘടനകളും യഥാക്രമം ലിബിയന്‍ ഗവണ്‍മെന്റിനും സുഊദി ഗവണ്‍മെന്റിനും സ്വീകാര്യമായ കാഴ്ചപ്പാടിനെയാണ് പ്രബോധന രംഗത്ത് പ്രതിനിധീകരിച്ചത്.
രാഷ്ട്രാന്തരീയ തലത്തില്‍ ദഅ്‌വതിന്റെ കാര്യമായ പ്രതികരണമില്ലായ്മയും ഈ രംഗത്തേക്ക് പുതിയ പുതിയ ദേശീയ ഏജന്‍സികളുടെ കടന്നുകയറ്റവും തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകളുടെ ആവിര്‍ഭാവവും പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കിടയില്‍ പരസ്പര സഹകരണവും കൂട്ടായ്മയും അനിവാര്യമാണെന്ന ബോധം ഉളവാക്കുകയുണ്ടായി. 1973-ല്‍ മുസ്‌ലിം വേള്‍ഡ് ലീഗ്, 1961-64-ല്‍ സ്ഥാപിതമായ അസ്ഹര്‍ അക്കാദമി ഓഫ് ഇസ്‌ലാമിക് റിസര്‍ച്ചില്‍നിന്ന് ആഫ്രിക്കയിലും വടക്കു കിഴക്കന്‍ ഏഷ്യയിലും ദഅ്‌വഃ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ സ്വീകരിക്കുകയുണ്ടായി. 1975-ല്‍ മോസ്‌ക്ക് മെസ്സേജ് കോണ്‍ഫ്രന്‍സ് എന്ന പേരില്‍ വേള്‍ഡ് ലീഗ് സംഘടിപ്പിച്ച അന്താരാഷ്ട്ര ദഅ്‌വഃ കോണ്‍ഫ്രന്‍സ് പ്രബോധന പ്രവര്‍ത്തനങ്ങള്‍ മുച്ചൂടും പുനസ്സംഘടിപ്പിക്കാനും പള്ളികളെ ദഅ്‌വതിന്റെ മുഖ്യ കേന്ദ്രമായി ഉയര്‍ത്തിക്കാണിക്കാനുമുള്ള പദ്ധതി സമര്‍പ്പിച്ചു. തദനുസൃതമായി 1975-ല്‍ തന്നെ വേള്‍ഡ് കൗണ്‍സില്‍ ഓഫ് മോസ്‌ക് രൂപീകരിക്കപ്പെടുകയും ചെയ്തു. 10 വര്‍ഷത്തിനകം കൗണ്‍സിലിന്റെ ഒട്ടേറെ ശാഖകള്‍ രൂപീകരിക്കാനും വേള്‍ഡ് ലീഗിന് സാധിച്ചു. ഇതൊക്കെയാണെങ്കിലും ദഅ്‌വഃ പ്രവര്‍ത്തനം അപ്പോഴും വളരെ മന്ദഗതിയില്‍ തന്നെയായിരുന്നു. ലോകത്താകമാനമുള്ള 1000-ത്തിലധികം സംഘടനകളുമായി സഹകരണ ബന്ധം പുലര്‍ത്തുന്നതായി മുസ്‌ലിം വേള്‍ഡ് ലീഗ് അവകാശപ്പെടുന്നുണ്ടെങ്കിലും 1985-ല്‍ അതിനു കീഴില്‍ 1000 ഇസ്‌ലാമിക പ്രബോധകര്‍ മാത്രമാണുണ്ടായിരുന്നത്. അവരില്‍ 360 പേര്‍ ആഫ്രിക്കയിലും 473 പേര്‍ ഏഷ്യയിലും 167 പേര്‍ യൂറോപിലും അമേരിക്കയിലുമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.
വിപ്ലവാനന്തര ഇറാന്റെ കാര്‍മികത്വത്തില്‍ സ്ഥാപിതമായ മുനള്‌ളമാതി ഇഅ്‌ലാമി ഇസ്‌ലാമി എന്ന രാഷ്ട്രാന്തരീയ ദഅ്‌വഃ സംഘടനയുടെ പ്രധാന ലക്ഷ്യം ശീഈയിതര മുസ്‌ലിംകള്‍ക്കിടയില്‍ വിപ്ലവത്തിന് പിന്തുണ സമാര്‍ജിക്കുകയായിരുന്നു. 1982 മുതല്‍ പ്രധാന രാഷ്ട്രാന്തരീയ ദഅ്‌വഃ സംഘടനകള്‍ക്കിടയില്‍ നിലനിന്ന മല്‍സരം ദഅ്‌വഃ പ്രവര്‍ത്തനത്തിന് ഒരു പുതിയ ഭൂമിശാസ്ത്ര വിഭജനം രൂപപ്പെടുത്തുകയുണ്ടായി. ഇറാനിയന്‍ സംഘടനയും പ്രവര്‍ത്തനവും പാശ്ചാത്യന്‍ രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചപ്പോള്‍ മുസ്‌ലിം വേള്‍ഡ് ലീഗ് കിഴക്കന്‍ ആഫ്രിക്ക, വടക്കുകിഴക്കന്‍ ഏഷ്യ, ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ അതിന്റെ പ്രവര്‍ത്തനം സംയോജിപ്പിക്കാനാണ് ശ്രമിച്ചത്. ലിബിയന്‍ ഇസ്‌ലാമിക് കാള്‍ സൊസൈറ്റി പ്രധാനമായും ശ്രദ്ധയൂന്നിയത് പടിഞ്ഞാറന്‍ ആഫ്രിക്കയിലും വടക്കേ അമേരിക്കയിലുമാണ്. കൈറോ ആസ്ഥാനമായുള്ള ഹയര്‍ കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് അഫയറാകട്ടെ അല്‍അസ്ഹര്‍ സര്‍വകലാശാലയോട് പരമ്പരാഗതമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍നിന്ന് അതിന്റെ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തു.
ഇവിടെ പരാമര്‍ശിക്കപ്പെട്ട ദഅ്‌വഃ സംഘടനകളെക്കൂടാതെ വേറെയും ഒട്ടേറെ സമിതികളും ഏജന്‍സികളും സ്വതന്ത്രമായ രീതിയില്‍ ദഅ്‌വഃ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സമ്പന്നമായ ഭൂരിപക്ഷം മുസ്‌ലിം രാജ്യങ്ങള്‍ക്കും സ്വന്തമായ ദഅ്‌വഃ സംഘടനകളുണ്ട്. കുവൈതിലെ അല്‍ഹൈഅതുല്‍ ഖൈരിയ്യതുല്‍ ഇസ്‌ലാമിയ്യതുല്‍ ആലമിയ്യഃ, ഇറാഖിന്റെ മുനള്‌ളമാതുല്‍ മുഅ്തമരില്‍ ഇസ്‌ലാമിയ്യിശ്ശഅ്ബി തുടങ്ങിയവ ഉദാഹരണം. സുഊദി അറേബ്യയുടെ മതകാര്യാലയത്തിനു കീഴില്‍ ഒരു ദഅ്‌വഃ വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്ന് തൊഴിലിനും ബിസിനസ്സിനുമായി സുഊദിയില്‍ വരുന്ന അമുസ്‌ലിംകളില്‍ ഇസ്‌ലാമിക സന്ദേശമെത്തിക്കാന്‍ അവര്‍ ശ്രമിക്കുന്നു. 1988-ല്‍ 17 ദഅ്‌വഃ സംഘടനകള്‍ കൂടിച്ചേര്‍ന്നുകൊണ്ട് വേള്‍ഡ് ഇസ്‌ലാമിക് കൗണ്‍സില്‍ ഫോര്‍ പ്രോപഗണ്ട ആന്റ് റിലീഫ് (അല്‍മജ്‌ലിസുല്‍ ആലമിയ്യുല്‍ ഇസ്‌ലാമി ലിദ്ദഅ്‌വതി വല്‍ഇഗാഥഃ) എന്ന പേരില്‍ വ്യത്യസ്ത ദഅ്‌വഃ സംഘടനകളുടെ ഒരു കോര്‍ഡിനേഷന്‍ കൗണ്‍സിലിന് രൂപംകൊടുത്തിട്ടുണ്ട്.
1985-ല്‍ ഇസ്‌ലാമാബാദിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി രൂപംകൊടുത്ത ദഅ്‌വഃ അക്കാദമിയും ഒരു പ്രധാന ദഅ്‌വതീ സംരംഭമാണ്. ഇമാമുമാര്‍, സമുദായ നേതാക്കള്‍, പ്രഫഷനലുകള്‍ തുടങ്ങിയവര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, പ്രബോധനത്തിന്റെ പുതിയ രീതിശാസ്ത്രം വികസിപ്പിക്കുക, പ്രസിദ്ധീകരണങ്ങളും ഓഡിയോ വിഷ്വലുകളും പുറത്തിറക്കുക, പ്രബോധന സംബന്ധമായ സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയവയാണ് അക്കാദമിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. വിവിധ ഭാഷകളില്‍ പ്രബോധന പരമായ സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം ദഅ്‌വഃ ഹൈലേറ്റ്‌സ് എന്ന പേരില്‍ ഒരു മാസികയും അക്കാദമി പുറത്തിറക്കുന്നുണ്ട്. ആശുപത്രികളിലും ജയിലുകളിലും അക്കാദമിയുടെ ദഅ്‌വഃ ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്‌ലിം വേള്‍ഡ് ലീഗ് അടക്കമുള്ള 28 ദഅ്‌വഃ സംഘടനകളുമായി സഹകരിച്ചാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്.
പാശ്ചാത്യ ലോകത്ത്, വിശിഷ്യാ അമേരിക്കയില്‍ അടുത്തകാലത്തായി ഇസ്‌ലാമിക പ്രബോധനം വളരെ സജീവമാണ്. ചെറുതും വലുതുമായ സംഘടനകളും ഒറ്റയാന്‍മാരായ മിഷനറിമാരും അവിടെ പ്രബോധനം നിര്‍വഹിക്കുന്നുണ്ട്. യൂറോപ്പിലും ആഫ്രിക്കയിലും ആസ്‌ത്രേലിയയിലുമെല്ലാം അമേരിക്കയിലെ മുസ്‌ലിം വിദ്യാര്‍ഥി സംഘടന(എം.എസ്.എ)യും ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക(ഇസ്‌ന)യും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി വിപുലമായ പരിപാടികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തിക്കുന്ന വേറൊരു സംഘടനയാണ് ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.സി.എന്‍.എ). പാശ്ചാത്യന്‍ നാടുകളിലെ പ്രബോധന പ്രസ്ഥാനങ്ങള്‍ മുഖ്യമായും ശ്രദ്ധിക്കുന്നത് കുടിയേറ്റ മുസ്‌ലിംകളുടെ സംസ്‌കരണത്തിലാണ്. പള്ളികള്‍ സ്ഥാപിക്കുകയും മുസ്‌ലിം കുട്ടികള്‍ക്ക് പ്രാഥമിക മത വിദ്യാഭ്യാസത്തിനുള്ള സംവിധാനമേര്‍പ്പെടുത്തുകയും ചിന്നിച്ചിതറിയ മുസ്‌ലിംകളെ പരസ്പരം പരിചയപ്പെടുത്തുകയും മതപരമായി ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന സമ്മേളനങ്ങളും മറ്റും സംഘടിപ്പിക്കുകയുമാണ് അവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. എങ്കിലും നാട്ടുകാര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുക എന്നതും അവ ലക്ഷ്യമായി അംഗീകരിച്ചിട്ടുണ്ട്. അതിനു സഹായകമായി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും ചെയ്യുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment