Monday, 7 December 2015
പ്രബോധനം കേരളത്തില്‍
20-ാം നൂറ്റാണ്ടിനു മുമ്പ് കേരളത്തില്‍ സംഘടിതമായ ഇസ്‌ലാമിക പ്രബോധനം നടന്നിട്ടുള്ളതായി ചരിത്രം പറയുന്നില്ല. ഒറ്റപ്പെട്ട ചില പണ്ഡിതന്മാരുടെ പ്രബോധനങ്ങള്‍ അങ്ങിങ്ങായി നടന്നുവന്നിരുന്നു. 19-ാം നൂറ്റാണ്ടില്‍ വാദപ്രതിവാദങ്ങളിലൂടെ ക്രൈസ്തവ ആദര്‍ശങ്ങളെ ഖണ്ഡിക്കുകയും ക്രിസ്ത്യാനികളെ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യുകയും ചെയ്ത പണ്ഡിതനാണ് സയ്യിദ് ഥനാഉല്ലാ മക്തി തങ്ങള്‍ (1847-1912).
ഇതര മതങ്ങളില്‍നിന്ന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന നവ മുസ്‌ലിംകള്‍ക്ക് ദീനീ ശിക്ഷണം നല്കാന്‍ 1900-ത്തില്‍ പൊന്നാനിയില്‍ മഊനതുല്‍ ഇസ്‌ലാം സഭ എന്ന പേരിലും 1936-ല്‍ കോഴിക്കോട്ട് തര്‍ബിയതുല്‍ ഇസ്‌ലാം എന്ന പേരിലും ഓരോ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. ഈ സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നു. മഊനതില്‍ ശിക്ഷണത്തിനായി കേരളീയര്‍ക്കു പുറമേ തമിഴ്‌നാട്ടില്‍നിന്നും ധാരാളം നവ മുസ്‌ലിംകള്‍ എത്താറുണ്ട്.
kerala
1944 മുതല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ജമാഅതെ ഇസ്‌ലാമി ഇസ്‌ലാമിക പ്രബോധനം അതിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെസ്സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും ഇസ്‌ലാമിനെ പരിചയപ്പെടുത്താനുമുതകുന്ന അനേകം മലയാള പുസ്തകങ്ങള്‍ ജമാഅത് പ്രസിദ്ധീകരിക്കുകയുണ്ടായി. ജമാഅത് പ്രവര്‍ത്തകരും അനുഭാവികളും മുന്‍കൈയെടുത്ത് രൂപീകരിച്ച കേരള ഇസ്‌ലാമിക് മിഷന്‍- കോഴിക്കോട് (KIM), ഹൈറേഞ്ച് ഇസ്‌ലാമിക് മിഷന്‍- കാഞ്ഞിരപ്പള്ളി (HIM) എന്നീ വേദികള്‍ ഇസ്‌ലാമിക പ്രബോധനം മുസ്‌ലിം സമുദായത്തിന്റെ ബാധ്യതയാണെന്ന ധാരണ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നവരെ വിവിധ മാര്‍ഗേണ സഹായിക്കുകയാണ് ഈ വേദികളുടെ ലക്ഷ്യം. പോസ്റ്റല്‍ ലൈബ്രറിയിലൂടെ ആവശ്യക്കാര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുക, അവരുടെ സംശയങ്ങള്‍ക്ക് വിശദീകരണം നല്കുക എന്നിവയാണ് മുഖ്യ പ്രവര്‍ത്തനങ്ങള്‍.
മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അവരുടെ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1999 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച വേദിയാണ് ഡയലോഗ് സെന്റര്‍ കേരള. വ്യക്തിബന്ധം സ്ഥാപിക്കുക, മുഖാമുഖങ്ങള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, സമൂഹത്തിന് പൊതുവില്‍ പ്രയോജനപ്പെടുന്ന ഉത്തമ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയാണ് ഡയലോഗ് സെന്ററിന്റെ പ്രധാന പരിപാടികള്‍.
കേരള നദ്‌വതുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച നിച്ച് ഓഫ് ട്രൂത്ത്, സമസ്തയിലൊരു വിഭാഗത്തിന്റെ ഇസ്‌ലാമിക് പ്രൊപഗേഷന്‍ സെന്റര്‍ തുടങ്ങിയ വേദികളും ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, ആശയ സംവാദങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് നിച്ച് ഓഫ് ട്രൂത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
അവലംബം: ഇസ്‌ലാമിക വിജ്ഞാനകോശം
Subscribe to:
Post Comments (Atom)
No comments:
Post a Comment