Friday, 29 June 2012
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഴിയും വര്‍ത്തമാനവും-2
കാഴ്ചപ്പാട് - സദ്‌റുദ്ദീന്‍ വാഴക്കാട്
ഇരുപതാം നൂറ്റാണ്ടില്‍ അലയടിച്ച ഇസ്‌ലാമിക നവോത്ഥാന മൂല്യങ്ങള്‍ മുസ്‌ലിം സമൂഹത്തെയും സംഘടനകളെയും പലതരത്തിലും സ്വാധീനിച്ചിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കാത്തവരിലും, എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നവരിലും വരെ ഈ സ്വാധീനം ഒരു യാഥാര്‍ത്ഥ്യമാണ്; 'സമസ്ത'യും ഇതില്‍ നിന്ന് മുക്തമല്ല. സംഘടനാപരമായ കാരണങ്ങളാല്‍ നിഷേധിക്കേണ്ടി വന്നാലും നവോത്ഥാനത്തിന്റെ ബൗദ്ധികസ്വാധീനം ചരിത്രപരമായ സത്യമാണ്. സാഹിത്യരചന, മാധ്യമ പ്രവര്‍ത്തനം, സംഘടനാസംവിധാനം, ഏറ്റെടുക്കുന്ന വിഷയങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇത് കാണാം. എന്നാല്‍ വിദ്യാഭ്യാസ മേഖലയിലാണ് നവോത്ഥാന മൂല്യങ്ങള്‍ ഏറ്റവുമധികം ഇടപെടലുകള്‍ നടത്തിയിട്ടുള്ളത്. 'സമസ്ത'യുടെ നേതൃത്വത്തില്‍ ഉണ്ടായ വിദ്യാഭ്യാസ വളര്‍ച്ചയില്‍ ഇത് പ്രകടമാണ്.
വിദ്യാഭ്യാസ രംഗത്തെ ഉണര്‍വ്
ഇന്നലെകളോട് തുലനം ചെയ്യുമ്പോള്‍, ആശാവഹമായ വളര്‍ച്ചയാണ് ഉന്നത ദീനീപഠനരംഗത്തും ഭൗതികവിദ്യാഭ്യാസമേഖലയിലും സമീപകാലത്ത് 'സമസ്ത' കൈവരിച്ചിട്ടുള്ളത്. 'സമസ്ത'യുടെ നേട്ടങ്ങളില്‍ പ്രധാനവും ഇതുതന്നെ. ദാറുല്‍ഹുദാ ഇസ്‌ലാമിക് യുനിവേഴ്‌സിറ്റിയും, സി.ഐ.സി (കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്)യുടെ ആഭിമുഖ്യത്തിലുള്ള 'വാഫി'കോഴ്‌സും വിപുലമായ മദ്‌റസാ സംവിധാനവും ഇത് അടയാളപ്പെടുത്തുന്നുണ്ട്.
അടിസ്ഥാന മതവിദ്യാഭ്യാസ മേഖലയില്‍ മദ്‌റസകളുടെ നടത്തിപ്പിന് വ്യവസ്ഥാപിതത്വവും വൈപുല്യവുമുണ്ടാക്കിയതാണ് ഈ രംഗത്ത് 'സമസ്ത'യുടെ പ്രഥമ കാല്‍വെപ്പ്. മദ്‌റസകളിലെ ഏകീകൃത സിലബസിനെക്കുറിച്ച് നേരത്തെ തന്നെ 'സമസ്ത' ചര്‍ച്ച ആരംഭിച്ചിരുന്നു. 1945-ല്‍ കേരളത്തിലുടനീളം മദ്‌റസകള്‍ സ്ഥാപിക്കാനും സ്‌കൂള്‍ പഠനത്തോടൊപ്പം പത്താം ക്ലാസ് വരെ ദീനീ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാനും 'സമസ്ത'ക്കു മുമ്പില്‍ നിര്‍ദേശം വന്നു. 1951-ല്‍ 'സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡി'ന് രൂപം നല്‍കി. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മദ്‌റസാ സംവിധാനം ക്രമപ്രവൃദ്ധമായ വളര്‍ച്ച നേടി. 1956-ല്‍മദ്‌റസകളുടെ എണ്ണം 149-ആയിരുന്നെങ്കില്‍ 2012-ല്‍ എത്തുമ്പോള്‍ അത് 9000-ലധികമായി വര്‍ധിച്ചിട്ടുണ്ട്. പ്ലസ് ടു വരെ മദ്‌റസാ ക്ലാസുകള്‍ നടത്തുന്നവയും അവയിലുണ്ട്. കേരളത്തിനു പുറമെ അന്തമാന്‍, ലക്ഷദ്വീപ്, പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും മലേഷ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈറ്റ്, സുഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, തുടങ്ങിയ രാജ്യങ്ങളിലുമായി ഇവ വ്യാപിച്ചു കിടക്കുന്നു. 1108610 വിദ്യാര്‍ഥികള്‍ ഇവയില്‍ പഠിക്കുന്നു. കേന്ദ്രീകൃത സിലബസ്, അറബി, അറബിമലയാളം, അറബിത്തമിഴ്, ഇംഗ്ലീഷ്, ഉര്‍ദു'ഭാഷകളിലുള്ള ടെക്സ്റ്റ് പുസ്തകങ്ങള്‍, 130ഓളം ബുക് ഡിപ്പോകള്‍, പൊതുപരീക്ഷകള്‍, കേന്ദ്രീകൃത മൂല്യനിര്‍ണയം, അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു തലങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ മദ്‌റസാനടത്തിപ്പിനെ കാര്യക്ഷമമാക്കുന്നു. മുഅല്ലിം സര്‍വീസ് രജിസ്റ്റര്‍ ചെയ്ത 84216 അധ്യാപകരും, മദ്‌റസകളുടെ 'ഭൗതിക സാഹചര്യങ്ങളും പഠന നിലവാരവും പരിശോധിക്കാന്‍ നൂറിലേറെ 'മുഫത്തിശുമാരും അധ്യാപന പരിശീലനം നല്‍കാന്‍ 7 പരിശീലകരും, അധ്യാപകര്‍ക്ക് ഖുര്‍ആന്‍ പാരായണത്തില്‍ പരിശീലനം നല്‍കാന്‍ 6 ഖാരിഉകളും 'സമസ്ത'ക്കുകീഴില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. മികച്ച അധ്യാപകര്‍ക്ക് മാനുമുസ്‌ലിയാര്‍ സ്മാരക മാതൃകാ അധ്യാപക അവാര്‍ഡ് നല്‍കുന്നു. നിശ്ചിതകാലയളവ് പൂര്‍ത്തിയാക്കി വിരമിക്കുന്ന അധ്യാപകര്‍ക്ക് മാസാന്ത പെന്‍ഷന്‍ നല്‍കുന്ന സംവിധാനവും എടുത്തു പറയേണ്ടതാണ്.
എന്നാല്‍, കര്‍മശാസ്ത്ര കേന്ദീകൃതമായ മതപഠനരീതി സംസ്‌കരണ പ്രധാനമാകാത്തതിന്റെ പ്രയാസങ്ങള്‍ മുസ്‌ലിം സമൂഹം അനുഭവിക്കുന്നുണ്ട്. ഖുര്‍ആന്‍ ഓതിപഠിക്കുകയും, നിയമങ്ങള്‍ ചൊല്ലിപഠിക്കുകയും ചെയ്യുന്നതിനപ്പുറം അവയുടെ ചൈതന്യം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും തുടര്‍ ജീവിതം ദീനീനിഷ്ഠയുള്ളതാകും വിധം തസ്‌കിയത്തിന് ഊന്നല്‍ നല്‍കുന്നതിലും മദ്‌റസാ സംവിധാനം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഏറ്റവും വലിയ മദ്‌റസാ ശൃംഖലയെന്നനിലക്ക്'സമസ്തക്ക് ഇതിലുള്ള ഉത്തരവാദിത്തം ഭാരിച്ചതാണ്.
മധ്യകാല ഫിഖ്ഹ്-മന്‍ത്വിഖ് കിതാബുകളിലും ഭാഷാബന്ധിതമല്ലാത്ത അറബി വ്യാകരണത്തിലും പരിമിതവും പുറം ലോകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതുമായിരുന്നു പൊതുവെ കേരളത്തിലെ പാരമ്പര്യമതവിദ്യാഭ്യാസ സമ്പ്രദായം. 'ഭൗതിക വിദ്യാഭ്യാസം ആ മേഖലയില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ''കേരളീയ പശ്ചാത്തലത്തില്‍ മതവിദ്യാഭ്യാസം കര്‍മശാസ്ത്രപരമായ ചര്‍ച്ചകളില്‍ പരിമിതപ്പെട്ടു പോകുന്ന ദുരവസ്ഥയുണ്ടായി. ഖുര്‍ആന്‍, ഫിഖ്ഹ്, അഖീദ പഠനരംഗത്ത് നിഴലിച്ചിരുന്നത് വലിയ അന്വേഷണങ്ങളുടെ മുഴുത്ത അഭാവമാണ്'''(ഇസ്‌ലാമിക സര്‍വകലാശാല: ആശയവും അനുഭവവും- സ്വലാഹുദ്ദീന്‍ ഹുദവി, തെളിച്ചം മാസിക, 2011 മെയ്).
ഈ സ്തംഭനാവസ്ഥക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ 1990കളിലാണ് 'സമസ്ത'യില്‍ ആരംഭിച്ചത്. വിദേശ നാടുകളില്‍ പഠിച്ചും പുറംലോകമറിഞ്ഞും രംഗത്തുവന്ന പുതിയ തലമുറ പണ്ഡിതന്മാരാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. പാരമ്പര്യ മതപഠനത്തിലെ ഗുണവശങ്ങള്‍ സ്വീകരിച്ചും, ദീനീപഠനത്തോട് ഭൗതികവിഷയങ്ങള്‍ സമന്വയിപ്പിച്ചും ആവിഷ്‌ക്കരിക്കപ്പെട്ട പുതിയ രീതി, ഉന്നത ദീനീ വിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. 'മതകീയവും മതേതരവുമായ, ആത്മീയവും ഭൗതികവുമായ വിജ്ഞാനീയങ്ങളുടെ രജ്ഞിപ്പിനും', 'എല്ലാശാസ്ത്ര ശാഖകളും ഇസ്‌ലാമികമാണെന്നും അറിവ് അഭ്യസിക്കുന്നവന്റെ ഉദ്ദേശ്യം അനുസരിച്ചാണ് നല്ലതും ചീത്തയും വേര്‍തിരിക്കപ്പെടുന്നത് എന്നുമുള്ള അടിസ്ഥാന കാഴ്ചപ്പാടിലേക്ക് തിരിച്ച് നടക്കാനും,'''തൗഹീദിയന്‍ അടിത്തറയില്‍ ഊന്നിനിന്നുള്ള യൂനിവേഴ്‌സിറ്റി'യെ കുറിച്ച് ചിന്തിക്കാനും തുടങ്ങിയത് (തെളിച്ചം മാസിക-2011 മെയ്) ആരോഗ്യകരമായ വികാസമായി. ''പണ്ഡിതര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ , പൊതുജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്നിവയില്‍നിന്നെല്ലാം അകന്നു ജീവിക്കുന്നത് ശരിയല്ലെന്നുള്ള വായനയും ശക്തിപ്പെട്ടുവന്നു'' (Ibid).
ഭൗതിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞുനിന്നവര്‍ എന്ന് നിരന്തരം പഴികേള്‍ക്കേണ്ടിവന്നപ്പോള്‍, ഒരു ഘട്ടത്തില്‍ അതിനു മുമ്പില്‍ പകച്ചു നിന്നെങ്കിലും, വിമര്‍ശകര്‍ക്ക് പ്രയോഗത്തില്‍ മറുപടിപറയുന്ന സ്വഭാവത്തിലായിരുന്നു പിന്നീടുള്ള പരിഷ്‌കരണങ്ങള്‍. ചെമ്മാട് ദാറുല്‍ ഹുദയും, വളാഞ്ചേരി മര്‍കസ് കേന്ദ്രീകരിച്ചുള്ള വാഫി കോഴ്‌സും ഇതിന്റെ ഫലങ്ങളായിരുന്നു. 'വാഫി'യില്‍ അഫിലിയേറ്റുചെയ്ത 40 ഓളവും ദാറുല്‍ ഹുദയില്‍ അഫിലിയേറ്റുചെയ്ത 20 ഓളവും സ്ഥാപനങ്ങളിലേക്ക് ഈ വിദ്യാഭ്യാസ പരിഷ്‌കരണം വളര്‍ന്നു. സ്ത്രീ വിദ്യാഭ്യാസത്തിനും ഇതില്‍ കാര്യമായ ഇടം നല്‍കപ്പെട്ടു. ഇന്ന്, മത-ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച, പി.ജി തലം വരെയുള്ള നിരവധി കോളേജുകള്‍ സമസ്തക്ക് കീഴിലുണ്ട്.
1986 ല്‍ സ്ഥാപിതമായ ദാറുല്‍ ഹുദ ഇസ്‌ലാമിക് അക്കാദമി ക്രമ പ്രവൃദ്ധമായ പരിഷ്‌കാരങ്ങള്‍ക്കു ശേഷം 2009 ലാണ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയായി പ്രഖ്യാപിക്കപ്പെട്ടത്. സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേഷന്‍ തലങ്ങളില്‍ പന്ത്രണ്ടുവര്‍ഷമാണ് കോഴ്‌സ്. ശരീഅ ആന്റ് ഉസ്വൂലുദ്ദീന്‍ , ലാംഗ്വേജസ്, ഹ്യൂമാനിറ്റീസ്, ദഅ്‌വ ആന്റ് ഇസ്‌ലാമിക് ടീച്ചിംഗ് എന്നീ അഞ്ച് ഫാക്കല്‍റ്റികള്‍ക്കു കീഴില്‍ 17 ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഖുര്‍ആന്‍, ഹദീസ് ഉള്‍പ്പെടെ ഇസ്‌ലാമിക വിഷയങ്ങളില്‍ ഗവേഷണ പഠനവും, അംഗീകൃത യൂനിവേഴ്‌സിറ്റിബിരുദവും നേടാന്‍ കഴിയുന്ന വിധമാണ് കോഴ്‌സ്. പാഠ്യാനുബന്ധ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളുടെ ബഹുമുഖ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. വിപുലമായ ലൈബ്രറി സംവിധാനവും ബഹുഭാഷാ പ്രസിദ്ധീകരണങ്ങളുള്ള റീഡിംഗ് റൂമും പരന്ന വായനക്കും വൈജ്ഞാനിക വളര്‍ച്ചക്കും അവസരം ഒരുക്കുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് ജെ. എന്‍.യു, ഹംദര്‍ദ്, ജാമിഅ മില്ലിയ്യ, ഇഫ്‌ലു, പോണ്ടിച്ചേരി, മലേഷ്യ(ഇസ്‌ലാമിക്) തുടങ്ങിയ യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കുകയുണ്ടായി. ഹുദവി ബിരുദം നേടിയ അഞ്ചുപേര്‍ ഇതിനകം പി.എച്ച്.ഡി. കരസ്ഥമാക്കിയിട്ടുണ്ട്.
ദാറുല്‍ ഹുദ പ്രസിദ്ധീകരിക്കുന്ന തെളിച്ചം മാസിക എടുത്ത പറയേണ്ട വൈജ്ഞാനിക സംഭാവനയാണ്.''സമസ്ത'യുടെ പ്രസിദ്ധീകരണങ്ങളില്‍ ഭാഷയിലും ഉള്ളടക്കത്തിലും താരതമ്യേന നല്ല നിലവാരം പുലര്‍ത്തുന്നുണ്ട് 'തെളിച്ചം.' പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കായി 'ഇസ്‌ലാമിക് ദഅ്‌വാ വിംഗും 'ഇസ്‌ലാം ഓണ്‍ സൈറ്റ് ഡോട്ട് കോം' എന്ന വെബ്‌സൈറ്റും ദാറുല്‍ഹുദക്ക് കീഴിലെ മറ്റു സംരംഭങ്ങളാണ്.
'സമസ്ത'യുടെ പ്രമുഖ സ്ഥാപനങ്ങളാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ, ദാറുസലാം നന്തി, മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ കാസര്‍കോട്, ദാറുന്നജാത്ത് കരുവാരകുണ്ട്, കടമേരി റഹ്മാനിയാ അറബികോളേജ് തുടങ്ങിയവ.
എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് സമസ്തയുടെ വിദ്യാഭ്യാസ സംരംഭങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. മലപ്പുറം ജില്ലയില്‍ നല്ലനിലയില്‍ നടന്നുവരുന്ന 2 എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നാണ് പെരിന്തല്‍ മണ്ണയില്‍ സ്ഥിതി ചെയ്യുന്ന എം.ഇ.എ. ആറ് ബ്രാഞ്ചുകളില്‍ എട്ടു ബാച്ചുകളുള്ള സ്ഥാപനത്തില്‍ 1700 ഓളം കുട്ടികള്‍ പഠിക്കുന്നു. സ്വാശ്രയ മാനേജ്‌മെന്റുകളുടെ ചൂഷണ മനസില്ലാതെ, സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് വാങ്ങിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും ശ്രദ്ധിക്കുന്നുണ്ട്.
വിദ്യാഭ്യാസരംഗത്തെ ഈ ഉണര്‍വ് 'സമസ്ത'ക്ക് പൊതുവെ ആത്മവിശ്വാസവും ആവേശവും പകര്‍ന്നിട്ടുണ്ട്. ദാറുല്‍ഹുദാ - വാഫി വിദ്യാഭ്യാസ സംവിധാനങ്ങള്‍, അക്കാദമിക വളര്‍ച്ചയില്‍ മാത്രമല്ല,'ഭാഷാ-സാഹിത്യനിലവാരത്തിലും , കാഴ്ചപ്പാടുകളിലും, സമീപന രീതികളിലുമൊക്കെ വികാസം സൃഷ്ടിച്ചിട്ടുണ്ട്. 'സമസ്ത'യുടെ പ്രവര്‍ത്തനങ്ങളില്‍ ഇതിന്റെ ഗുണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതു കാണാം. തീവ്ര യാഥാസ്ഥിതികര്‍ ഉദ്പാദിപ്പിക്കുന്ന 'പണ്ഡിതന്മാര്‍' ഒരുതരം അസഹിഷ്ണുതയോടെ വാദപ്രതിവാദങ്ങളില്‍ അഭിരമിക്കുമ്പോള്‍ , ദാറുല്‍ ഹുദാ -വാഫി സന്തതികള്‍ പൊതുവെ അക്കാദമിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് അനുഭവം. മതതര്‍ക്കങ്ങളില്‍ 'സമസ്തയുടെ' ഇടപെടലുകളിലുണ്ടായ ചെറിയ മാറ്റം ഇതിന്റെ സൂചകമാണ് (അപവാദങ്ങളുണ്ടാകാം, അവയെ സാമാന്യവത്ക്കരിക്കുന്നത് നീതിയല്ല).
മഹല്ല് സംവിധാനം
മുസ്‌ലിം സാമൂഹികജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് മഹല്ല് സംവിധാനം. ആധ്യാത്മികത, കുടുംബ ജീവിതം, സാമ്പത്തികപ്രശ്‌നങ്ങള്‍, സാമൂഹിക ഇടപാടുകള്‍, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയവ വലിയ അളവില്‍ മഹല്ലുകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. പ്രാദേശിക കൂട്ടായ്മകള്‍ എന്ന നിലക്ക് സമുദായാംഗങ്ങളുമായി നേര്‍ക്കുനേര്‍ ഇടപെടുന്നതാണ് മഹല്ല് സംവിധാനം. മൊത്തത്തില്‍ മുസ്‌ലിം സമൂഹം ഏറെ പ്രതിസന്ധി നേരിടുന്നതും ആസൂത്രിതമായ പദ്ധതികള്‍ കാര്യമായി നടപ്പിലില്ലാത്തതുമായ മേഖലയുമാണ് 'മഹല്ല്.' ഈ രംഗത്ത് 'സമസ്ത' ചില ചുവടുവെപ്പുകളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും, പള്ളി-മഹല്ലുകളുടെ വര്‍ദ്ധനവ്, പരിഹാരം കാണേണ്ട പ്രശ്‌നങ്ങളുടെ ആധിക്യം, സാംസ്‌കാരിക ജീര്‍ണതകളുടെ വേലിയേറ്റം തുടങ്ങിയവ മുമ്പില്‍ വെച്ച് ചിന്തിക്കുമ്പോള്‍ അത് തീരെ പരിമിതമായി അനുഭവപ്പെടുന്നു.
മഹല്ല് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ട് 1976 ല്‍ സമസ്ത രൂപീകരിച്ചതാണ് 'സുന്നി മഹല്ല് ഫെഡറേഷന്‍.' മഹല്ല് ഏകോപനം, രജിസ്‌ട്രേഷന്‍, സംഘാടനത്തിനാവശ്യമായ പരിശീലനങ്ങള്‍, സംസ്‌കരണ ക്ലാസുകള്‍ തുടങ്ങിയവ ഫെഡറേഷനു കീഴില്‍ നടക്കാറുണ്ട്. എന്നാല്‍, അവയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും തുലോം പരിമിതമാണ്. 'സമസ്ത'യുടെ പോഷകഘടകങ്ങളില്‍ ഏറ്റവും കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഈ രംഗത്താണെന്ന് തോന്നുന്നു. മഹല്ല് സംസ്‌കരണ മേഖലയില്‍ കാര്യമായ പുനരാലോചനകള്‍ 'സമസ്ത'യുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.
കുടുംബത്തിലെ താളപ്പിഴകള്‍ , പ്രവാസജീവിതത്തിന്റെ ബാക്കി പത്രങ്ങള്‍, വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുന്ന ജീര്‍ണതകള്‍, ദാരിദ്ര്യം, വിവാഹം, കൂടിവരുന്ന വിവാഹമോചനങ്ങള്‍, തര്‍ക്കങ്ങള്‍, വിദ്യാഭ്യാസ വളര്‍ച്ച തുടങ്ങിയ വിഷയങ്ങളിലെല്ലാം ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മഹല്ല് തലത്തില്‍ നടപ്പിലാക്കാന്‍ 'സമസ്ത'ക്ക് സാധിച്ചാല്‍ അത് വലിയ അളവില്‍ ഫലം ചെയ്യും. സാംസ്‌കാരിക ജീര്‍ണതകള്‍ക്കടിപ്പെടുന്ന സമുദായാംഗങ്ങളില്‍ വലിയൊരു വിഭാഗം, പാര്‍ട്ടിപരമായി 'സമസ്ത'യുടെ പോഷകഘടകങ്ങളില്‍ അംഗത്വമുള്ളവരല്ലെങ്കിലും, പാരമ്പര്യമായി അത്തരമൊരു വൃത്തത്തിലുള്ളവരും ആ ധാരയില്‍ പ്രാഥമിക മതപഠനം നേടിയവരുമാണ്. കൃത്യമായ ബോധവത്ക്കരണത്തിലൂടെയും പ്രായോഗിക പരിപാടികളിലൂടെയും സാംസ്‌കാരിക ജീര്‍ണതകളില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാനുള്ള പദ്ധതികള്‍ 'സമസ്ത' ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. കുടുംബജീവിതം സുദൃഢമാക്കാനുള്ള ക്ലാസുകള്‍, കൗണ്‍സലിംഗുകള്‍, പെരുകുന്ന വിവാഹ മോചനവും വിവാഹതട്ടിപ്പുകളും നിയന്ത്രിക്കാനുള്ള നടപടികള്‍, പ്രീ മാരേജ് കൗണ്‍സലിംഗ് തുടങ്ങിയവ അടിയന്തിര പ്രാധാന്യത്തോടെ 'സുന്നി മഹല്ല് ഫെഡറേഷന്‍' ഏറ്റെടുക്കേണ്ടതുണ്ട്. വൈവാഹികരംഗത്തെ അപലപനീയമായ പല പ്രവണതകളും 'സമസ്ത'യുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്നതാണ്. സ്ത്രീധനം പോലുള്ള അത്യാചാരങ്ങള്‍ക്ക് ഫിഖ്ഹീ ന്യായങ്ങള്‍ കണ്ടെത്താനുള്ള ചിലരുടെ ശ്രമങ്ങള്‍ പുനഃപരിശോധിക്കുകയും 'സമസ്ത'യിലെ തന്നെ പുതിയ തലമുറയില്‍ ഇത്തരം വിഷയങ്ങളില്‍ രൂപപ്പെടുന്ന പുരോഗമന കാഴ്ചപ്പാടുകള്‍ സ്വീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. എജുക്കേഷന്‍-കരിയര്‍ ഗൈഡന്‍സ്, ബോര്‍ഡുകള്‍, അവാര്‍ഡ്, സിജിയുടെ സഹകരണത്തോടെയുള്ള ശില്‍പശാലകള്‍ തുടങ്ങിയവയിലൂടെ മഹല്ല് തലത്തില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തുപകരുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. കേരളീയ മുസ്‌ലിം സമൂഹത്തെ കുറിച്ച സമഗ്രവും സമ്പൂര്‍ണവുമായ സര്‍വെ വലിയൊരു ആവശ്യമാണ്. കക്ഷിഭേദത്തിന്നതീതമായി അത്തരമൊരു സര്‍വെ നടത്താന്‍ 'സമസ്ത'ക്ക് കഴിയും. മദ്‌റസാ അധ്യാപകര്‍ , മുഫത്തിശുമാര്‍ , റെയ്ഞ്ച്-മഹല്ല് സംവിധാനങ്ങള്‍ തുടങ്ങി 'സമസ്ത'യുടെ വിപുലമായ നെറ്റ്‌വര്‍ക്ക് അതിന് ഉപയോഗിക്കാം. ചില പ്രാഥമിക സര്‍വേകള്‍ സമസ്ത നടത്തിക്കഴിഞ്ഞിട്ടുണ്ടല്ലോ. സന്നദ്ധതയുള്ള മറ്റു സംഘടനകളുടെയും സഹായം ഈ വിഷയത്തില്‍ തേടാം.
സകാത്തിന്റെ സംഘടിത-ശേഖരണ വിതരണമാണ് 'സമസ്ത'യുടെ നേതൃതലത്തില്‍ നടക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക-സാമ്പത്തിക സംരംഭം. മഹല്ല് ഖാദിമാരുടെ നേതൃത്വത്തിലുള്ള സക്കാത്തിന്റെ സംഘടിത വിതരണത്തിന് അനുകൂലമായ ചര്‍ച്ചകള്‍ 'സമസ്ത'യില്‍ പുരോഗമിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കര്‍മപദ്ധതികളാവിഷ്‌ക്കരിക്കുകയും കഴിയുന്നത്ര പഴുതുകളടച്ചും കാര്യക്ഷമമായും അത് നടപ്പിലാക്കാന്‍ നടപടി എടുക്കുകയും വേണം. ഇസ്‌ലാം വിഭാവന ചെയ്യുന്ന സാമൂഹിക- സാമ്പത്തിക വളര്‍ച്ചക്കും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സമസ്തക്ക് ചെയ്യാന്‍ കഴിയുന്ന വലിയ സേവനമായിരിക്കും ഇത്. പ്രാദേശിക തലങ്ങളിലെ കമ്മിറ്റികള്‍ മാത്രമല്ല, അനേകം പള്ളികളുള്‍ക്കൊള്ളുന്ന സംയുക്ത മഹല്ല് ഖാദിമാരും സംസ്ഥാനതലത്തില്‍ അവരുടെ കൂട്ടായ്മയായ 'മഹല്ല് ഫെഡറേഷനും' ഉള്ളപ്പോള്‍ അഖില കേരള അടിസ്ഥാനത്തില്‍ തന്നെ സകാത്ത് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ 'സമസ്തക്ക് കഴിയും. പലിശയുടെ കെടുതികളില്‍നിന്നും, കുഗ്രാമങ്ങളില്‍ പോലും വര്‍ണാഭമായ പരസ്യബോര്‍ഡുകളോടെ സ്ഥാപിതമാകുന്ന സ്വകാര്യ പലിശ സ്ഥാപനങ്ങളുടെ ചൂഷണത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാനും ഒരളവുവരെ ഇതുവഴി കഴിയും. പലിശരഹിത നിധികളും വെല്‍ഫയര്‍ സംരംഭങ്ങളും ഇതോടനുബന്ധിച്ച് നടപ്പിലാക്കാവുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലെല്ലാം ഒരേ പ്രദേശത്തെ വിവിധ പള്ളിക്കമ്മിറ്റികളെ സഹകരിപ്പിച്ചുകൊണ്ട് മഹല്ല് സംയുക്തസമിതികള്‍ 'സമസ്ത'യുടെ നേതൃത്വത്തില്‍ തന്നെ രൂപീകരിക്കാം. മതസംഘടനകള്‍ക്കിടയിലെ മഞ്ഞുരുക്കത്തിന് കാരണമാകാവുന്ന ഇത്തരം പ്രാദേശിക കൂട്ടായ്മകള്‍ മുസ്‌ലിം ഐക്യത്തിന്റെ മാര്‍ഗത്തിലെ ഫലപ്രദമായ ചുവടുവെപ്പുമായിരിക്കും.
പോരാട്ട പാരമ്പര്യം
സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം ഫസല്‍ പൂക്കോയതങ്ങള്‍, വെളിയങ്കോട് ഉമര്‍ഖാദി, ആലിമുസ്‌ലിയാര്‍ തുടങ്ങി പോരാളികളായ പണ്ഡിതന്‍മാരുടെ പാരമ്പര്യം അവകാശപ്പെടാറുള്ള സംഘടനയാണ് 'സമസ്ത.' ആധ്യാത്മിക-വിദ്യാഭ്യാസ മേഖലകളില്‍ പരിമിതമായിരുന്നില്ല ഇവരുടെ പ്രവര്‍ത്തനങ്ങള്‍. സാമൂഹിക ഇടപെടലുകളിലൂടെയും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെയും ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ അവരവരുടെ സാഹചര്യങ്ങളില്‍ പ്രയോഗവത്കരിക്കാന്‍ സാധിച്ച ധീര മുജാഹിദുകളായിരുന്നു അവര്‍. അവരുടെ തുടര്‍ച്ചയെ കുറിച്ച കേവല അവകാശവാദങ്ങള്‍ക്കും, അവരുടെ മഖ്ബറകളെ ആത്മീയ കച്ചവട കേന്ദ്രങ്ങളാക്കുന്നതിനുമപ്പുറം അവരുടെ പൈതൃകത്തെ കര്‍മമണ്ഡലങ്ങളില്‍ ആവിഷ്‌ക്കരിക്കാന്‍ 'സമസ്ത'ക്ക് എന്തുകൊണ്ട് ശ്രമിച്ചുകൂടാ. സാമ്രാജ്യത്വശക്തികള്‍ക്കെതിരെ സായുധ സമരത്തിനു വരെ ആഹ്വാനം ചെയ്ത ആ മഹാത്മാക്കളുടെ പാരമ്പര്യത്തെ മുതലാളിത്ത അധിനിവേശത്തിന്റെ വര്‍ത്തമാനകാല ഭീകരതകള്‍ക്കെതിരെ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിപ്പിക്കാന്‍ 'സമസ്ത' ധൈര്യം കാണിക്കേണ്ടതുണ്ട്. പണ്ഡിതന്മാരുടെ സാമൂഹിക ഇടപെടലുകളെ കുറിച്ച ചില വീണ്ടു വിചാരങ്ങള്‍ 'സമസ്ത'ക്കകത്ത് നടക്കുന്നുണ്ടല്ലോ. അത് പ്രതിലോമപരമാകാതിരിക്കട്ടെ. സാമൂഹിക പ്രശ്‌നങ്ങളില്‍ ബഹുസ്വരതക്കിണങ്ങുന്നവിധം മാനവികമായ ഇടപെടലുകള്‍ നടത്താനുള്ള ആശയപരിസരവും ഇതേ പാരമ്പര്യത്തില്‍ നിന്നും വികസിപ്പിച്ചെടുക്കാവുന്നതാണ്.
രാഷ്ട്രീയമായ പരിമിതികള്‍ മറികടന്നു മാത്രമേ ഇത് സാധ്യമാകൂ. ലീഗ് രാഷ്ട്രീയത്തോടുള്ള വിധേയത്വവും അതിന്റെ പേരിലുള്ള രാജിയാകലുകളും എല്ലാ തിളക്കങ്ങള്‍ക്കിടയിലും 'സമസ്ത'യെ പ്രയാസപ്പെടുത്തുന്നുണ്ട്. ലീഗിന്റെ ജീര്‍ണതകള്‍ക്കും അധികാര താല്‍പര്യത്തിലധിഷ്ഠിതമായ അടവു നയങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടിവരുന്നത് പലപ്പോഴും 'സമസ്ത'യാണ്. ചില വ്യക്തികളുടെ ദൗര്‍ബല്യങ്ങള്‍ ലീഗിന് ഭാരമാകുന്ന പോലെ, ലീഗിന്റെ തെറ്റുകള്‍ 'സമസ്ത'യെ വാരിക്കുഴിയില്‍ വീഴ്ത്തുന്നു. ലീഗില്‍ കാണപ്പെടുന്ന ജീര്‍ണതകള്‍ക്കും, ലീഗ് കൈക്കൊള്ളുന്ന സമുദായ വിരുദ്ധ നയങ്ങള്‍ക്കുമെതിരെ ശബ്ദിക്കാനോ, ഇസ്‌ലാം-മുസ്‌ലിം വിഷയങ്ങളില്‍ 'സമസ്ത' തന്നെ ഉള്ളില്‍ ആഗ്രഹിക്കുന്ന വിധം ശരിയായ നിലപാടെടുക്കാനോ കഴിയാത്തത് രാഷ്ട്രീയ വിധേയത്വം കൊണ്ടാണ്.
രാഷ്ട്രീയ നേതൃത്വത്തിന്റെ അരുതായ്മകള്‍ക്കതിരെ പ്രതികരിക്കുക എന്ന പണ്ഡിത ധര്‍മ്മം നിര്‍വഹിക്കാന്‍ 'സമസ്ത'ക്ക് കഴിയാതെ പോകുന്നത് വലിയ ദുരന്തമായിരിക്കും. ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനും, 'പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണന്ന' തിരുവചനം അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കാനും 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'ക്ക് കഴിയും എന്നാണ് പ്രതീക്ഷ, പ്രാര്‍ഥനയും.
(അവസാനിച്ചു)
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഴിയും വര്‍ത്തമാനവും
സദ്‌റുദ്ദീന്‍ വാഴക്കാട്
ആശയപരമായ വിയോജിപ്പുകള്‍ക്കും കാലിക വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളിലെ വ്യത്യാസങ്ങള്‍ക്കും സംഘടനാപരമായ താല്‍പര്യങ്ങള്‍ക്കുമപ്പുറം പരസ്പര സഹകരണത്തിന്റെയും ആദരവിന്റെയും ഭൂമിക കണ്ടെത്താന്‍ മത സംഘടനകള്‍ക്ക് കഴിയണം. അപ്പോഴാണ് ഐക്യത്തിന്റെ അനിവാര്യതയെക്കുറിച്ച ഖുര്‍ആനിക ആഹ്വാനത്തിന് ചെവികൊടുക്കുന്നവരായി മുസ്‌ലിം ഉമ്മത്തിന് മാറാന്‍ കഴിയുക. വിയോജിപ്പിന്റെ പല തലങ്ങളുമുണ്ടെങ്കിലും യോജിപ്പിന്റെ മറ്റനേകം മേഖലകളുണ്ടെന്ന് തിരിച്ചറിയുകയും അവ കണ്ടെത്തുകയും ചെയ്യുമ്പോഴാണ് ഛിദ്രതയുടെ ദുരന്തങ്ങളെക്കുറിച്ച താക്കീത് ഉള്‍ക്കൊണ്ടുവെന്ന് പറയാനാവുക. എല്ലാവരിലും നന്മകളുണ്ട്; വീഴ്ചകളും പോരായ്മകളും ഉണ്ട്. മറ്റുള്ളവരിലെ നന്മകള്‍ കാണുക, അംഗീകരിക്കുക. വീഴ്ചകളും പോരായ്മകളും ക്ഷമിക്കുക. വിട്ടുവീഴ്ചയെക്കുറിച്ച് ജനങ്ങള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍ നേതാക്കളും സംഘടനകളും സ്വയം പാലിക്കുക. ഗൗരവ സ്വഭാവത്തിലുള്ള തെറ്റുകള്‍ ആശയത്തിലും ആചാരങ്ങളിലും സ്വീകരിക്കുന്നവരെ പ്രതിപക്ഷ ബഹുമാനത്തോടെയും മാന്യമായ ഭാഷയിലും തിരുത്താന്‍ ശ്രമിക്കുക. വിമര്‍ശനങ്ങളില്‍ ഉയര്‍ന്ന സാംസ്‌കാരിക നിലവാരവും സര്‍വോപരി പരലോകബോധവും പുലര്‍ത്തുക. ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന കാര്യങ്ങള്‍ കൂട്ടായി തന്നെ നിര്‍വഹിക്കുക. ഐക്യത്തിന്റെ പ്രായോഗിക വഴികളില്‍ ചിലതു മാത്രമാണിവ.
എന്നാല്‍, കഴിഞ്ഞകാലത്തെ അബദ്ധങ്ങളും തെറ്റുകളും തുറന്നുപറഞ്ഞ് തിരുത്താനുള്ള സാഹചര്യം പൊതുവെ നമ്മുടെ മതവൃത്തങ്ങളിലില്ല. അത്തരം ശ്രമങ്ങളെ പരിഹാസോക്തികളോടെയും 'ഞങ്ങള്‍ ഇതുവരെ പറഞ്ഞതിലേക്ക് നിങ്ങള്‍ വന്നു' എന്ന വിമര്‍ശനത്തോടെയുമായിരിക്കും മറ്റുള്ളവര്‍ സ്വീകരിക്കുക. ഇനി, പ്രയോഗതലത്തില്‍ തിരുത്താനുള്ള ശ്രമത്തെ പഴയ ഉദ്ധരണികളും നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച് തടസ്സപ്പെടുത്താനും അതില്‍ വൈരുധ്യങ്ങള്‍ ദര്‍ശിക്കാനുമാണ് മതസംഘടനകള്‍ തുനിയാറുള്ളത്. ഒന്നുകില്‍ ഭൂതകാലത്തിന്റെ തടവറകളില്‍ കുടുങ്ങിക്കിടക്കാനോ, അല്ലെങ്കില്‍ പഴയതിന്റെ പേരില്‍ പഴികേള്‍ക്കാനോ ആണ് മാറ്റം ആഗ്രഹിക്കുന്നവരും മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നവരും വിധിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീ പള്ളിപ്രവേശം, ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീവിദ്യാഭ്യാസം, ഇബാദത്തിന്റെ വിവക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉദാഹരണം. ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം പ്രസക്തമാണെന്ന് തോന്നുന്നു.
'സത്യസാക്ഷികളാവുക' എന്ന തലക്കെട്ടില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന 85-ാം വാര്‍ഷിക സമ്മേളനമാണ്, പലപ്പോഴും ചിന്തിക്കാറുള്ള ഈ വിഷയം വീണ്ടും മനസ്സിലെത്തിച്ചത്.
'സമസ്ത'യുടെ വഴികള്‍
1926-ല്‍ നിന്ന് 2012ലെത്തുമ്പോള്‍ ആള്‍ബലത്തില്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ 'സമസ്ത' പല മേഖലകളിലും വളരുകയും മുന്നേറുകയും ചെയ്തിട്ടുണ്ട്. ഭൂതകാല സ്ഖലിതങ്ങളില്‍ ചിലത്, പ്രമേയത്തിലൂടെ അല്ലെങ്കിലും പ്രയോഗത്തില്‍ തിരുത്താന്‍ 'സമസ്ത' മനസ്സു വെച്ചിട്ടുണ്ട്. വിശ്വാസ-ആചാരപരമായ വ്യതിയാനങ്ങളില്‍ പലതും പഴയതുപോലെയോ ഏറ്റകുറച്ചിലുകളോടെയോ തുടരുന്നുമുണ്ട്. ഇതില്‍ വിശ്വാസപരമായി ഗൗരവമുള്ള വിഷയങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടണം; ഇസ്തിഗാസ ഉദാഹരണം. മഖ്ബറകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആത്മീയ വാണിഭവും അനുബന്ധമായുണ്ട്. ഇജ്തിഹാദിയായ വിഷയങ്ങളാണ് മറ്റു ചിലത്. ഇജ്തിഹാദില്‍ തെറ്റിയാലും പ്രതിഫലമുണ്ടെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാവണം അത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. പൊതുവെ മുസ്‌ലിം ലീഗിനോട് പ്രകടിപ്പിക്കുന്ന രാഷ്ട്രീയ വിധേയത്വവും വിശകലനം ചെയ്യപ്പെടേണ്ടതാണ്.
മുസ്‌ലിം ഐക്യസംഘവും കേരള ജംഇയ്യത്തുല്‍ ഉലമയും മുന്നോട്ടുവെച്ച പരിഷ്‌കരണ ശ്രമങ്ങളോടു വിയോജിപ്പുള്ള പണ്ഡിതന്മാര്‍ ചേര്‍ന്ന് 1926-ല്‍ കോഴിക്കോട്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ചത്. മര്‍ഹൂം വരയ്ക്കല്‍ മുല്ലക്കോയ തങ്ങളായിരുന്നു ഇതിന് വേണ്ടി പ്രവര്‍ത്തിച്ച പ്രധാനി. അദ്ദേഹം തന്നെയായിരുന്നു പ്രഥമ പ്രസിഡന്റ്. പണ്ഡിത സംഘടനയായി നിലവില്‍വന്ന സമസ്ത വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് (1951), സുന്നി യുവജന സംഘം- എസ്.വൈ.എസ് (1956), സുന്നി മഹല്ല് ഫെഡറേഷന്‍ (1976), സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍- എസ്.കെ.എസ്.എസ്.എഫ് (1989) തുടങ്ങിയ സംഘടനകള്‍ക്ക് രൂപം നല്‍കുകയുണ്ടായി.
സംഘടനയുടെ വഴിയും വര്‍ത്തമാനവും വിലയിരുത്തുമ്പോള്‍ സമസ്തയുടെ പ്രയാണത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം.
ഒന്ന്, 1926 മുതല്‍ 1970-കള്‍ വരെയുള്ള കാലം. മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളോടും കൂട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയോടും രൂക്ഷമായ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുകയും പാരമ്പര്യ വിശ്വാസാചാരങ്ങളുടെ സംരക്ഷണത്തിന് ഏറെ പണിപ്പെടുകയും ചെയ്തതാണ് ഒന്നാം ഘട്ടം. കേരളത്തിലെ മുസ്‌ലിം പരിസരത്ത് രൂക്ഷമായ മതതര്‍ക്കങ്ങള്‍ തന്നെ ഇക്കാലത്ത് നടക്കുകയുണ്ടായി. പരിഷ്‌കരണ പ്രസ്ഥാനങ്ങളോട് കടുത്ത നിലപാടാണ് ഈ ഘട്ടത്തില്‍ സ്വീകരിച്ചത്. മുജാഹിദ് പക്ഷത്തിന്റെ സമീപനരീതികളും വിമര്‍ശനശൈലികളും സമസ്തയുടെ കാര്‍ക്കശ്യത്തിന് കാരണമായിട്ടുണ്ട്. 'വഹാബികള്‍' എന്ന പരിഹാസോക്തിയിലേക്ക് 'മൗദൂദി'കള്‍ എന്ന പേരില്‍ ജമാഅത്തെ ഇസ്‌ലാമിയെയും ചേര്‍ത്തുനിര്‍ത്തുകയുണ്ടായി. സമസ്ത മദ്‌റസാ സംവിധാനത്തെ വ്യവസ്ഥാപിതമാക്കിയതും ഈ ഘട്ടത്തിലാണ്.
രണ്ട്, 1980 മുതല്‍ '90കളുടെ അവസാനം വരെയുള്ള കാലം. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ വലിയ അളവില്‍ മഞ്ഞുരുക്കമുണ്ടായ ഘട്ടം. നിലപാടുകളിലെ പഴയ കാര്‍ക്കശ്യം ശരീഅത്ത് വിവാദത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ഒരു പരിധിവരെ ലഘൂകരിക്കപ്പെട്ടുതുടങ്ങി. ബിദ്ഈ പ്രസ്ഥാനങ്ങള്‍ എന്ന് ആക്ഷേപിച്ചിരുന്നവരുമായി പൊതുവിഷയങ്ങളില്‍ സഹകരിക്കുന്ന സമീപനമുണ്ടായി. എന്നാല്‍, എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരു സംഘം സമസ്ത വിട്ടുപോയതും അനന്തര സംഭവങ്ങളും മറ്റൊരു ദുരന്തമായിരുന്നു. ഈ വിഭാഗം പഴയ കാര്‍ക്കശ്യത്തെ പൂര്‍വോപരി ശക്തിയോടെ മുറുകെ പിടിച്ചപ്പോള്‍ സമസ്തക്കും കുറെയൊക്കെ ആ വഴിയിലേക്കിറങ്ങുകയല്ലാതെ നിവൃത്തിയില്ലെന്ന് വന്നു.
മൂന്ന്, 1990കളുടെ അവസാനത്തില്‍ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ ഉന്നത ദീനീ വിദ്യാഭ്യാസ മേഖലയിലും മത-ഭൗതിക വിഷയങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള
'സമന്വയ' വിദ്യാഭ്യാസ രംഗത്തും സമസ്ത കൂടുതല്‍ ശ്രദ്ധിക്കുകയും ആശാവഹമായ വളര്‍ച്ച നേടുകയും ചെയ്തു. പുറംലോകത്തെക്കുറിച്ച് നല്ല ധാരണയുള്ള പുതിയൊരു തലമുറയുടെ രംഗപ്രവേശം ഇതിന് കാരണമായിട്ടുണ്ട്. വളാഞ്ചേരി മര്‍കസും 'വാഫി' കോഴ്‌സും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും മറ്റും ഇതിന്റെ ഉദാഹരണങ്ങളാണ്. സമസ്തയുടെ വഴിയും വര്‍ത്തമാനവും വിശകലനം ചെയ്യുമ്പോള്‍ രണ്ട് വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടത്. 1. സമുദായ ഐക്യത്തിന്റെ കാര്യത്തില്‍ സമസ്ത പൊതുവെ പ്രകടിപ്പിക്കുന്ന സഹകരണ മനസ്സ്. 2. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റവും മഹല്ല് സംവിധാനങ്ങളും.
സഹകരണ മനസ്സ്
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമുദായത്തിനകത്ത് പൊതുവെ വിശാല മനസ്സും സഹകരണ സമീപനവും പ്രകടിപ്പിക്കുന്നതായാണ് അനുഭവം. അന്ധമായ വിമര്‍ശനങ്ങളും തെരുവിലെ തമ്മിലടിയും ഒഴിവാക്കി താരതമ്യേന ക്രിയാത്മകമായ പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ സമസ്ത പില്‍ക്കാലത്ത് സന്നദ്ധമായിട്ടുണ്ട്. പൊതു വിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കാനും മുസ്‌ലിം കൂട്ടായ്മകളില്‍ ഭാഗഭാക്കാകാനും 'സമസ്ത' മുന്നോട്ടുവന്നത് നിഷേധിക്കാനാവില്ല. 'സമസ്ത'യില്‍ നിന്ന് പുറത്തുപോയ തീവ്ര യാഥാസ്ഥിതിക ഗ്രൂപ്പും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വഴിമാറി 'നവയാഥാസ്ഥിതിക'ത്വത്തിലേക്ക് കൂപ്പുകുത്തിയ ഇസ്‌ലാഹി സംഘടനയും സ്വീകരിക്കുന്ന ഉഗ്രവാദി ശൈലി സമസ്തക്കില്ല. ഈ യാഥാസ്ഥിതിക-പുരോഗമന വിഭാഗങ്ങള്‍ ഒരുതരം 'പുറംതള്ളല്‍' സമീപനം സമുദായത്തിലെ ഇതര വിഭാഗങ്ങളോട് പുലര്‍ത്തുമ്പോള്‍, സമസ്ത കുറേയൊക്കെ 'ഉള്‍ക്കൊള്ളല്‍ നയം' സ്വീകരിക്കുന്നുവെന്നും പറയാം. സമസ്തയുടെ മഹല്ല് കമ്മിറ്റികളുമായും പള്ളി ഇമാം ഖത്വീബുമാരുമായും ബന്ധപ്പെടാന്‍ പൊതുവെ അത്ര വലിയ പ്രയാസം അനുഭവപ്പെടാറില്ല. മറ്റു സംഘടനകളുമായി ആശയപരമായ ഭിന്നതകളും സംഘടനാപരമായ എതിര്‍പ്പുകളും ഉള്ളതോടൊപ്പം തന്നെ, സഹകരണ മനസ്സ് സൂക്ഷിക്കാനും സന്ദര്‍ഭാനുസാരം അത് പ്രയോഗവത്കരിക്കാനും സമസ്തക്ക് സാധിച്ചിട്ടുണ്ട്. 'പുത്തന്‍ വാദികളോട് മൃദു സമീപനം പുലര്‍ത്തുന്നു'വെന്ന് തുടങ്ങി മറുപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാകാം ഈ സഹകരണത്തിന് ഗതിവേഗം വര്‍ധിപ്പിക്കാന്‍ 'സമസ്ത'ക്കു മുമ്പിലുള്ള തടസ്സങ്ങളിലൊന്ന്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ലക്ഷ്യങ്ങളില്‍ മുസ്‌ലിം ഐക്യവും സമുദായത്തിന്റെ പൊതു ക്ഷേമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യങ്ങളില്‍ അഞ്ചാമത്തേത്, ''അന്ധവിശ്വാസങ്ങള്‍, അരാജകത്വം, അധാര്‍മികത, അനൈക്യം എന്നിവ തുടച്ചുനീക്കി മൊത്തത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക'' എന്നതാണ് (സമസ്ത പ്രധാന ലക്ഷ്യങ്ങള്‍-www.samstha.net). ഇതിന് സഹായകമാകുന്ന നിലപാടുകള്‍ പലപ്പോഴും സമസ്ത സ്വീകരിക്കാറുണ്ട്. മറ്റു സംഘടനകളോടും പണ്ഡിതന്മാരോടുമുള്ള സമീപനത്തില്‍ ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തില്‍ പ്രയോഗതലത്തില്‍ ചില വികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം, ഇമാം ശൗകാനി, മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ് തുടങ്ങിയ പണ്ഡിതന്മാരോട് ആദ്യകാലത്തേതില്‍ നിന്ന് വ്യത്യസ്തമായി പിന്നീടുണ്ടായ സമീപനം ഉദാഹരണം. ഈ പണ്ഡിതന്മാരുടെ പല വീക്ഷണങ്ങളും തള്ളിപ്പറയുമ്പോഴും അവരില്‍ അംഗീകരിക്കേണ്ട ഒരു വശമുണ്ടെന്ന് 'സമസ്ത'യിലെ പണ്ഡിതന്മാര്‍ പില്‍ക്കാലത്ത് തുറന്നുപറയുകയുണ്ടായി. സമസ്തയുടെ പ്രസിദ്ധീകരണമായ 'സുന്നി അഫ്കാറി'ല്‍ 1998-ല്‍ ഉന്നയിക്കപ്പെട്ട ഒരു സംശയത്തിന് എം.പി മുസ്ത്വഫല്‍ ഫൈസി നല്‍കിയ മറുപടി ശ്രദ്ധേയമാണ്. ''ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം, മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ് തുടങ്ങിയവര്‍ക്ക് രണ്ട് മുഖങ്ങളുണ്ട്. ബിദ്ഈ ആശയങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് മുസ്‌ലിം സമൂഹത്തില്‍ നല്ലൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി. ഇതാണ് ഒരു മുഖം. അതേ സമയം നിരീശ്വര-നിര്‍മത-ഭൗതികവാദികള്‍ക്കും ഇസ്‌ലാമിന്റെ ശത്രു വിഭാഗങ്ങള്‍ക്കുമെതിരെ ഉന്നതമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഫലപ്രദമായ ഗ്രന്ഥങ്ങള്‍ രചിച്ചും ഇസ്‌ലാമിക ലോകത്തിന്റെ വൈജ്ഞാനിക മണ്ഡലം വികസിപ്പിച്ചും ഇവര്‍ വമ്പിച്ച സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. രണ്ടാം മുഖം ഇതാണ്....
''ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ ബിദ്ഈ നേതാക്കളുടെ രണ്ടാം മുഖം കാണാനോ അംഗീകരിക്കാനോ സുന്നീ കേരളത്തിന് പൊതുവെ സാധ്യമായില്ല. ലോക മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. മദ്ഹബ്പരമായ അഭിപ്രായ വ്യത്യാസങ്ങള്‍ നേരത്തെത്തന്നെ അവിടങ്ങളില്‍ ഉണ്ടായിരുന്നു. ഭിന്ന ആശയക്കാര്‍ തമ്മില്‍ ജീവിത രംഗത്ത് പൊരുത്തപ്പെട്ടുപോരുന്ന അവസ്ഥയാണ് അവിടെ ഉണ്ടായിരുന്നത്. തെറ്റ് ചൂണ്ടിക്കാണിക്കുകയും ശരിയെ പുകഴ്ത്തുകയും ചെയ്യുന്ന സ്വഭാവമാണ് അവിടെ നിലനിന്നത്. അതിനാല്‍ ബിദ്ഈ പ്രസ്ഥാനങ്ങളും സുന്നികളും തമ്മില്‍ പ്രത്യേക ശത്രുതയോ വ്യക്തമായ വിരോധമോ നിരൂപാധിക വിമര്‍ശനമോ തൊഴിലാക്കിയില്ല. ഇത് ജീവിതോപാധിയായി സ്വീകരിച്ചുമില്ല. ചിലതില്‍ പരസ്പരം ഭിന്നിച്ചും എന്നാല്‍ മറ്റു ചിലതില്‍ പരസ്പരം ബഹുമാനിച്ചും പെരുമാറി. മേല്‍ പറഞ്ഞവര്‍ക്ക് കേരള മുസ്‌ലിംകള്‍ പൊതുവെ തര്‍ളിയത്തും തറഹ്ഹുമും (റളിയല്ലാഹു അന്‍ഹു, റഹിമഹുല്ലാഹ്) ചൊല്ലാത്തതും മുസ്‌ലിം രാഷ്ട്രങ്ങളില്‍ പലരും അത് ചൊല്ലുന്നതും ഈ പശ്ചാത്തലത്തിലാണ്. അഥവാ കേരള മുസ്‌ലിം ഇവരുടെ ഒന്നാം മുഖം മാത്രമാണ് പരിഗണിച്ചത്. മറ്റു ലോക മുസ്‌ലിംകള്‍ രണ്ടാം മുഖവും. മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പല പണ്ഡിതന്മാരും ഈ പറഞ്ഞ രണ്ടാം മുഖം പരിഗണിച്ചവരാണ്.....''
മറ്റൊരു ഉദാഹരണമാണ് ബിദ്ഈ സംഘടനകളിലുള്ളവരോട് സഹകരിക്കുകയും സലാം പറയുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകള്‍. 1953-ല്‍ സമസ്തയിലെ പണ്ഡിതന്മാര്‍ നല്‍കിയ ഒരു ഫത്‌വയില്‍, മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി സംഘടനകള്‍ ബിദ്ഈ പ്രസ്ഥാനങ്ങളാണെന്ന് വ്യക്തമാക്കുകയും സലാം പറയരുത് തുടങ്ങിയ അഞ്ച് വിലക്കുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകണം സമസ്തയുടെ നാലാം ക്ലാസ്സിലെ അഖ്‌ലാഖ് പാഠപുസ്തകത്തില്‍ മുബ്തദിഉകളോട് സലാം ചൊല്ലുന്നത് വിലക്കുന്നിടത്ത് 'വഹാബി-മൗദൂദികള്‍' എന്ന പരാമര്‍ശമുണ്ടായത്. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ, ആ പരാമര്‍ശം നീക്കം ചെയ്യണമെന്ന് സമസ്ത മുശാവറയില്‍ ആവശ്യപ്പെട്ടു. എ.പി വിഭാഗം ഇതിന്റെ പേരില്‍ മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെ കഠിനമായി ആക്ഷേപിക്കുകയും സമസ്തയില്‍നിന്ന് പുറത്തുപോകാനുള്ള കാരണങ്ങളിലൊന്നായി ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. പ്രമേയത്തിലും ഫത്‌വയിലും മാറ്റം വരുത്താതെതന്നെ, പ്രയോഗത്തില്‍ അല്‍പം ഉയര്‍ന്ന നിലപാട് സ്വീകരിക്കാനുള്ള ശ്രമമായി ഇതിനെ വിലയിരുത്താവുന്നതാണ്.
1980-കളിലെ പ്രമാദമായ ശരീഅത്ത് വിവാദത്തെത്തുടര്‍ന്ന് രൂപം കൊണ്ട മുസ്‌ലിം കൂട്ടായ്മ, പിന്നീട് വന്ന മുസ്‌ലിം സൗഹൃദവേദി, പ്രാദേശിക മഹല്ല് സംയുക്ത സമിതികള്‍ തുടങ്ങിയവയിലെ 'സമസ്ത'യുടെ പങ്കാളിത്തം ശ്ലാഘനീയമാണ്. സംഘടനകള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ ദീനീ മാര്‍ഗത്തിലെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുതെന്ന ബോധത്തില്‍ നിന്നാണ് ഈ സഹകരണ മനസ്സ് ഉണ്ടായിട്ടുള്ളതെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് സമസ്ത നേതൃത്വം ഇതു സംബന്ധിച്ച് നടത്തിയിട്ടുള്ള പ്രസ്താവനകള്‍. ശരീഅത്ത് വിവാദത്തില്‍ മറ്റു സംഘടനകളോടൊപ്പം ചേര്‍ന്ന് സമസ്ത നടത്തിയ പോരാട്ടത്തെക്കുറിച്ച് മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയവും മത സംഘടനാ നേതാക്കള്‍ പകര്‍ത്തേണ്ടതുമാണ്. ''ശരീഅത്ത് എന്നത് ഒരു ചുമരാണ്. ഈ ചുമരില്‍ ഏതു ചിത്രം വരക്കണമെന്നതാണ് മുസ്‌ലിംകള്‍ക്കിടയിലെ തര്‍ക്കം. അതിനിടക്കാണ് ചുമരുതന്നെ പൊളിച്ചു കളയണമെന്ന് പറഞ്ഞ് ഫാഷിസ്റ്റ്-കമ്യൂണിസ്റ്റുകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ട് ഏത് ചിത്രം എന്ന തര്‍ക്കം തല്‍ക്കാലം മാറ്റിവെച്ച് ശരീഅത്താകുന്ന ചുമര്‍ സംരക്ഷിക്കാന്‍ നാം തയാറാവുക. ഇതാണെന്റെ നിലപാട്'' (മുസ്‌ലിം നവോത്ഥാനം, പി.എ സാദിഖ് ഫൈസി, ശിഫാ ബുക്സ്റ്റാള്‍, കോഴിക്കോട്). ഇ.കെയുടെ ഈ വാക്കുകളെ അന്വര്‍ഥമാക്കുന്നതായിരുന്നു സമസ്തയുടെ സജീവമായ പങ്കാളിത്തം.
1985-'86 കാലത്താണ് ശരീഅത്ത് വിവാദം നടക്കുന്നത്. ശാബാനു ബീഗം കേസില്‍, വിവാഹമുക്തയായ മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച സുപ്രീം കോടതി വിധിയും കേരളത്തിലുണ്ടായ മറ്റു ചില സംഭവങ്ങളും മുന്‍നിര്‍ത്തി, മുസ്‌ലിം പേഴ്‌സണല്‍ ലോക്കും ഇസ്‌ലാമിക ശരീഅത്തിനുമെതിരെ തല്‍പരകക്ഷികള്‍ വന്‍ പ്രചാരണം അഴിച്ചുവിട്ടു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കമ്യൂണിസ്റ്റുകളും യുക്തിവാദികളും മുസ്‌ലിം സെക്യുലരിസ്റ്റുകളും ഫാഷിസ്റ്റുകളുമൊക്കെ ശരീഅത്ത്‌വിരുദ്ധ പക്ഷത്ത് അണിനിരന്നപ്പോള്‍, മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി അതിനെതിരെ രംഗത്തുവന്നു. കേരളത്തില്‍ അന്ന് രൂപംകൊണ്ട മുസ്‌ലിം കൂട്ടായ്മയില്‍ ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയ സംഘടനകളോടൊപ്പം സമസ്തയും ഉണ്ടായിരുന്നു. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ തമ്മിലെ ബന്ധത്തില്‍ ഗുണകരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു ഈ സംഭവം. പിളര്‍ന്നു പോരടിച്ചുനിന്ന സര്‍വേന്ത്യാ ലീഗും യൂനിയന്‍ ലീഗും ഒരുമിച്ചതും ഇതിനെത്തുടര്‍ന്നാണല്ലോ.
ഈ പശ്ചാത്തലത്തില്‍ 1985-ല്‍ നിലവില്‍ വന്ന ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണനല്‍ ലോ ബോര്‍ഡിന്റെ കേരള ഘടകം രൂപീകരിക്കുന്നതിലും വിശദീകരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും സമസ്തയുടെ പങ്കാളിത്തമുണ്ടായിരുന്നു.
1985 ജൂണ്‍ എട്ടിന് ഇബ്‌റാഹീം സുലൈമാന്‍ സേട്ട് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ കേരള ഘടകം രൂപീകരണ യോഗത്തില്‍ കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല, പി. സെയ്തു മൗലവി, കെ.പി മുഹമ്മദ് മൗലവി എന്നീ ജമാഅത്ത്-മുജാഹിദ് നേതാക്കളോടൊപ്പം സമസ്തയുടെ അന്നത്തെ പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു. ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ചെയര്‍മാനും ഇബ്‌റാഹീം സുലൈമാന്‍ സേട്ട് ജനറല്‍ സെക്രട്ടറിയുമായ 17 അംഗ കമ്മിറ്റിയില്‍ സമസ്ത നേതാവ് കോട്ടുമല ബാപ്പു മുസ്‌ലിയാരും മുസ്‌ലിം യുവജന വേദി ചെയര്‍മാന്‍ വി.പി സെയ്തു മുഹമ്മദ് നിസാമിയും അംഗങ്ങളായിരുന്നു. ജൂണ്‍ 14 വെള്ളിയാഴ്ച ശരീഅത്ത് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു കൊണ്ടുള്ള സംയുക്ത പ്രമേയത്തില്‍ ജമാഅത്ത്-മുജാഹിദ്- തബ്‌ലീഗ് നേതാക്കളോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മര്‍ഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരും കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളും ഒപ്പുവെച്ചിരുന്നു.
തുടര്‍ന്ന് ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ചകളിലും സമ്മേളനങ്ങളിലും സമസ്ത-ജമാഅത്ത്-മുജാഹിദ് നേതാക്കള്‍ ഒരുമിച്ച് യാത്ര ചെയ്യുകയും ഒരേ സ്റ്റേജ് പങ്കിടുകയും ചെയ്തു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് സംഘടിപ്പിച്ച വിശദീകരണ സമ്മേളനമാണ് അതിലേറ്റവും പ്രധാനം. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, ഖാദി മുജാഹിദുല്‍ ഇസ്‌ലാം ഖാസിമി, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ജമാഅത്ത്-മുജാഹിദ് നേതാക്കള്‍ തുടങ്ങിയവര്‍ക്കൊപ്പം സമസ്ത ജനറല്‍ സെക്രട്ടറി ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും പങ്കെടുത്ത് പ്രസംഗിച്ചു. അലിമിയാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സ്വീകരിക്കാന്‍ ഇ.കെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. എ.പി അബൂബക്കര്‍ മുസ്‌ലിയാരും സംഘവും ഇ.കെക്കെതിരെ വന്‍ വിമര്‍ശനമുന്നയിച്ചത് ഈ ഐക്യത്തിന്റെ പേരിലായിരുന്നു.
ഒരു പള്ളി തര്‍ക്കം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന്റെ ഭാഗമായി വടകരക്കടുത്ത് പൈങ്ങോട്ടായിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അന്ന് ജമാഅത്ത് അമീറായിരുന്ന ടി.കെ അബ്ദുല്ല സാഹിബ്, മുജാഹിദ് നേതാവ് എ.വി അബ്ദുര്‍റഹ്മാന്‍ ഹാജി എന്നിവര്‍ക്കൊപ്പം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും ഉമര്‍ ബാഫഖി തങ്ങളും മാത്രമല്ല സാക്ഷാല്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാരും പങ്കെടുത്തിരുന്നു. ചില ഘട്ടങ്ങളില്‍ ശിര്‍ക്കിനേക്കാള്‍ ഗൗരവപ്പെട്ടതാണ് സമുദായത്തിന്റെ ഭിന്നിപ്പ് എന്ന് സമര്‍ഥിച്ചുകൊണ്ടുള്ളതായിരുന്നു ഇ.കെയുടെ പ്രസംഗം. മൂസാ നബി (അ)തൗറാത്ത് ഏറ്റുവാങ്ങാന്‍ പോയപ്പോള്‍, സാമിരി പശുക്കുട്ടിയെ ഉണ്ടാക്കിയ സംഭവത്തില്‍ ഹാറൂന്‍ നബി(അ) മൂസാ നബിയോട് പറഞ്ഞ വാക്കുകളാണ് തെളിവായി അദ്ദേഹം ഉദ്ധരിച്ചത്. ഇസ്രയേല്‍ സമുദായത്തില്‍ പിളര്‍പ്പുണ്ടാക്കിയെന്ന കുറ്റാരോപണം വരാതിരിക്കാനാണ് സാമിരി പശുക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയ ശിര്‍ക്കന്‍ നടപടിയോട് അവ്വിധം താന്‍ പ്രതികരിക്കാതിരുന്നത് എന്ന വശമാണ് ഇ.കെ സൂചിപ്പിച്ചത്.
'മുസ്‌ലിം സൗഹൃദവേദി'യിലും സമസ്തയുടെ ക്രിയാത്മകമായ പങ്കാളിത്തം ഉണ്ടായി. ചിലര്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ വേദിയില്‍ നിരീക്ഷകരായി പ്രതിനിധികളെ അയക്കുകയായിരുന്നു പതിവെങ്കില്‍ സമസ്തയുടെ സമുന്നത നേതാക്കളായിരുന്ന മര്‍ഹൂം നാട്ടിക വി. മൂസ മൗലവിയും കെ. മമ്മദ് ഫൈസി തിരൂര്‍ക്കാടും സൗഹൃദ വേദിയില്‍ സജീവമായിരുന്നു. 'സൗഹൃദവേദി'യിലുണ്ടായിരുന്ന ജമാഅത്ത് നേതാവ് ടി.കെ അബ്ദുല്ല സാഹിബിന്റെ ക്ഷണം സ്വീകരിച്ച് കുറ്റിയാടി സന്ദര്‍ശിക്കാന്‍ നാട്ടിക മൂസ മൗലവി താല്‍പര്യം പ്രകടിപ്പിക്കുകയുണ്ടായി. '80കളോടെ നേതൃതലത്തിലുണ്ടായ ഈ വികാസം സമസ്തയുടെ പ്രാദേശിക ഘടകങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഏറെ ഗുണം ചെയ്‌തേനെ. ചില സ്ഥലങ്ങളിലെങ്കിലും '80കള്‍ക്ക് മുമ്പുള്ള അവസ്ഥ തന്നെ തുടരുകയാണ്.
ചില പ്രദേശങ്ങളില്‍ രൂപംകൊണ്ട മഹല്ല് സംയുക്ത സമിതികളില്‍ നേതൃപരമായ പങ്ക് വഹിക്കാനും സുന്നി മഹല്ല് ഫെഡറേഷന്റെ കീഴിലുള്ള മഹല്ല് കമ്മിറ്റികള്‍ മുന്നോട്ടു വരാറുണ്ട്. ജമാഅത്ത്-മുജാഹിദ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പള്ളിക്കമ്മിറ്റികളുമായി സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളില്‍ സഹകരിക്കുകയും വ്യത്യസ്ത പള്ളി ഭാരവാഹികളും ഖത്വീബുമാരും വേദി പങ്കിടുകയും ചെയ്ത സംഭവങ്ങള്‍ പല പ്രദേശങ്ങളിലുമുണ്ട്. വാഴക്കാട്ട് ഈയിടെ രൂപീകരിച്ച ഇത്തരമൊരു സംയുക്ത സമിതി ഉദാഹരണം. പ്രാദേശികമായി ചില അപവാദങ്ങള്‍ ഉണ്ടാകാമെങ്കിലും ഇത്തരം അനുഭവങ്ങള്‍ പലയിടങ്ങളിലുമുണ്ട്.
നവയാഥാസ്ഥിതികരും തീവ്ര യാഥാസ്ഥിതികരും ഇസ്‌ലാമിനെ തന്നെ പരിഹസിക്കുന്ന തരത്തിലും അമാന്യമായ ഭാഷയിലും തെരുവുകളില്‍ നടത്തുന്ന വാദപ്രതിവാദ കോലാഹലങ്ങളില്‍, അതേ സ്വഭാവത്തില്‍ സമസ്ത പങ്കെടുക്കാറില്ല എന്നതും ശ്രദ്ധേയമാണ്. പുത്തന്‍ പ്രസ്ഥാനങ്ങളുടെ പേടി സ്വപ്നങ്ങളായ ബ്രാന്റ് പ്രസംഗകര്‍ക്കു വേണ്ടി നാടുമുഴുക്കെ സ്റ്റേജ് കെട്ടിയിരുന്ന പഴയ അവസ്ഥയില്‍ നിന്ന് മാറി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മറ്റും മുഖ്യ അജണ്ടയായി ഏറ്റെടുത്ത് സമസ്ത മുന്നോട്ട് പോയി. ലീഗ് രാഷ്ട്രീയത്തിന്റെ ഓരം ചേര്‍ന്നുകൊണ്ടോ സംഘടനാ താല്‍പര്യത്താലോ ഉള്ള വിമര്‍ശന പ്രസംഗങ്ങളും ലേഖനങ്ങളും സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ടെങ്കിലും മേല്‍ സൂചിപ്പിച്ച രണ്ടു വിഭാഗങ്ങളെപോലെ അതൊരു സ്ഥിരം തൊഴിലായി സമസ്ത കൊണ്ടുനടക്കുന്നില്ല. മറുപക്ഷം ഇതിനെ അഹ്‌ലുസുന്നത്തിന്റെ നയങ്ങളില്‍നിന്നുള്ള പിന്നോട്ടടിയും പുത്തന്‍ പ്രസ്ഥാനക്കാരോടുള്ള മൃദു സമീപനവുമെന്നൊക്കെ വിമര്‍ശിക്കാമെങ്കിലും സമുദായ മനസ്സ് 'സമസ്ത'യുടെ ഈ മാറ്റത്തെ ഉയര്‍ന്ന നിലപാടായി തന്നെയാണ് കാണുന്നത്.
(തുടരും)
sadarvzkd@gmail.com
ജനാസയോട് ആദരം
പി.എ സരിന്‍ മഞ്ഞപ്പെട്ടി, ആലുവ
ജൂതന്റെ ജനാസ കണ്ടപ്പോള്‍ 'അതും ഒരാത്മാവല്ലേ, നിങ്ങളെഴുന്നേറ്റു നില്‍ക്കൂ' എന്ന പ്രവാചക കല്‍പന സ്ഥാനത്തും അസ്ഥാനത്തും പൊക്കിപ്പിടിച്ച് ലോകത്തിലെ സകലമാന ജൂതരോടും മറ്റു വേദക്കാരോടും മുശ്രിക്കുകളോടും സത്യനിഷേധികളോട് മൊത്തത്തിലും ബഹുമാനവും ആദരവും പുലര്‍ത്തണമെന്ന് പഠിപ്പിക്കുന്ന നവ മതേതരവാദികളുടെ നിലപാട് അസ്വീകാര്യമാണ്. കാലഹരണപ്പെട്ട ഒരു നിയമത്തെ അടിസ്ഥാന പ്രമാണമായി ഉയര്‍ത്തിപ്പിടിക്കുന്നത് അനുചിതവും അന്യായവുമാണ്. നില്‍ക്കാനുള്ള കല്‍പനക്കു പോലും പ്രേരകമായത് ജൂതനോടുള്ള ബഹുമാനമായിരുന്നില്ല. മറിച്ച്, ആത്മാവിനെ പിടിച്ചെടുക്കുന്നവനോടുള്ള ആദരവായിരുന്നു. ഇമാം അഹ്മദും ഹാകിമും അബ്ദുല്ലാഹിബ്നു അംറില്‍നിന്ന് ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു. 'ആത്മാവിനെ പിടിച്ചെടുക്കുന്നവനെ ആദരിച്ചുകൊണ്ടാണ് നിങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുന്നത്'. അദ്ദേഹത്തില്‍ നിന്നുതന്നെ ഇബ്നു ഹിബ്ബാന്‍ ഉദ്ധരിക്കുന്നത് 'ആത്മാക്കളെ പിടിച്ചെടുക്കുന്ന അല്ലാഹുവിനെ ആദരിക്കാനാണ്' എന്നാണ്.
എന്നാല്‍, ജനാസക്ക് വേണ്ടി എഴുന്നേറ്റു നില്‍ക്കുക എന്ന കല്‍പന കാലഹരണപ്പെട്ടതാണെന്നാണ് ശരിയും പ്രസിദ്ധവും. അലിയില്‍ നിന്ന്: 'ജനാസ കാണുമ്പോള്‍ നില്‍ക്കാന്‍ പ്രവാചകന്‍ ഞങ്ങളോട് കല്‍പിച്ചിരുന്നു. പിന്നീട് അവിടുന്ന് ഇരുന്നു. ഞങ്ങളോട് ഇരിക്കാന്‍ കല്‍പിച്ചു.' അഹ്മദും അബൂദാവൂദും ഉദ്ധരിച്ച ഇത് ഹസനാണ്. നസാഇ ഇബ്നു സീരീനില്‍നിന്ന്: "ഒരു ജനാസ കണ്ടപ്പോള്‍ ഹസന്‍ ബിന്‍ അലി എഴുന്നേറ്റുനിന്നു. ഇബ്നു അബ്ബാസ് എഴുന്നേറ്റില്ല. അപ്പോള്‍ ഹസന്‍ ചോദിച്ചു: പ്രവാചകന്‍ ജൂതന്റെ ജനാസക്ക് എഴുന്നേറ്റുനിന്നിട്ടില്ലേ? ഇബ്നു അബ്ബാസ് പറഞ്ഞു: ഉവ്വ്. എന്നാല്‍ പില്‍ക്കാലത്ത് ഇരിക്കുമായിരുന്നു.''
ഇമാം ശാഫിഈ പറയുന്നു: "പ്രവാചകന്‍ മുമ്പ് നിന്നിരുന്നുവെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയുണ്ടായി. ആദ്യകാല കല്‍പന വാജിബായിരുന്നുവെങ്കില്‍ പോലും പ്രവാചകന്റെ അവസാന നിലപാടായിരിക്കും ഹുജ്ജത്ത്. ആയതിനാല്‍ ആദ്യ നിലപാട് കാലഹരണപ്പെടുകയും രണ്ടാമത്തേത് സ്ഥാപിതമാവുകയും ചെയ്തു. പ്രവാചകന്റെ അവസാനകാല നിലപാട് ഇരിക്കലായിരുന്നു'' (തുഹ്ഫത്തുല്‍ അഹ്വദി, 4/123). ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി പറയുന്നു: "നില്‍ക്കല്‍ ദുര്‍ബലപ്പെടുത്തപ്പെട്ടു'' (അഹ്കാമുല്‍ ജനാഇസ്, 100).
ജനാസക്ക് എഴുന്നേറ്റ് നില്‍ക്കുന്നതു തന്നെ-മുസ്ലിമിന്റെയോ നിഷേധിയുടെയോ എന്ന വ്യത്യാസമില്ലാതെ- ദുര്‍ബപ്പെടുത്തപ്പെട്ടു എന്നിരിക്കെ ജൂതന്റെ ജനാസക്കു വേണ്ടി എഴുന്നേറ്റു നിന്നത് പൊക്കിപ്പിടിച്ച് വിശ്വ സാഹോദര്യത്തിന് തെളിവുണ്ടാക്കുന്ന വഹ്ദത്തുല്‍ അദ്യാന്റേയും മതേതരത്വത്തിന്റേയും വക്താക്കള്‍ തികഞ്ഞ വഴികേടാണ് പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. (സര്‍ഫറാസ് നവാസ്, ആര്‍ക്കാണ് മതേതരത്വത്തോട് പ്രതിപത്തി? പ്രസാ: നേരറിവ് പെരുമ്പാവൂര്‍, 2011 സെപ്റ്റംബര്‍, പേജ് 86). സത്യാവസ്ഥയെന്ത്?
തീവ്രവാദം തലക്കു പിടിച്ചാല്‍ ഏതറ്റം വരെയും പോവാം എന്നതിനു ഉദാഹരണമാണ് ചോദ്യത്തില്‍ ഉദ്ധരിച്ച വാദഗതി. ജനാസ അഥവാ ശവമഞ്ചം കണ്ടാല്‍ ആദരസൂചകമായി പ്രവാചകനും ശിഷ്യന്മാരും എഴുന്നേറ്റുനിന്നിരുന്നു എന്ന കാര്യത്തില്‍ ഒരെതിര്‍പ്പും ലേഖകന്‍ പ്രകടിപ്പിച്ചിട്ടില്ല. ആ യാഥാര്‍ഥ്യത്തെ അദ്ദേഹം നിഷേധിച്ചിട്ടുമില്ല. എന്നാല്‍, പിന്നീടാ ആചാരം നിര്‍ത്തലാക്കി എന്നാണ് ആകപ്പാടെ പറഞ്ഞതിന്റെ ചുരുക്കം. അതുകൊണ്ട് എന്താണ്? മനുഷ്യരായ ആരുടെയും ശവമഞ്ചം കാണുമ്പോള്‍ മനുഷ്യ മഹത്വത്തെ അംഗീകരിച്ചുകൊണ്ട് എഴുന്നേറ്റ് നില്‍ക്കാനാണ് നബി പഠിപ്പിച്ചത്, അത് അന്ന് മദീനയിലെ ഇസ്ലാമിലെ കൊടിയ ശത്രുക്കളായ ജൂതന്മാരുടെ മൃതദേഹമാണെങ്കില്‍ പോലും. 'അയാളും ഒരു മനുഷ്യനല്ലേ' എന്നായിരുന്നു നബിയുടെ ചോദ്യം എന്നോര്‍ക്കുക. പിന്നീട് നബിയോ ശിഷ്യന്മാരോ അത് നിര്‍ത്തലാക്കിയെങ്കില്‍, അത് ജൂതന്മാരുടെയോ അമുസ്ലിംകളുടെയോ ശവമഞ്ചങ്ങള്‍ കാണുമ്പോള്‍ മാത്രം എഴുന്നേറ്റ് നില്‍ക്കുന്നതിനെയല്ല. സാക്ഷാല്‍ മുസ്ലിംകള്‍ ഉള്‍പ്പെടെയും ആരുടെയും ജനാസ കാണുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. പാടുണ്ടോ, പാടില്ലേ എന്ന കര്‍മശാസ്ത്ര ചര്‍ച്ചക്ക് ഇക്കാര്യത്തില്‍ ഒരു പ്രസക്തിയുമില്ല. ജനാസ കാണുമ്പോള്‍ ആദരപൂര്‍വം എഴുന്നേല്‍ക്കുക എന്ന സംസ്കാരം നിലവിലിരുന്നപ്പോള്‍ അത് എല്ലാ മനുഷ്യരുടെയും കാര്യത്തില്‍ പാലിക്കപ്പെട്ടിരുന്നു എന്നതിനാണ് പ്രസക്തി. നിര്‍ത്തലാക്കിയപ്പോള്‍ പൊതുവെ എല്ലാവരുടെ കാര്യത്തിലും നിര്‍ത്തലാക്കി. അമുസ്ലിം ജനാസകളുടെ കാര്യത്തില്‍ മാത്രം അതുപേക്ഷിച്ചതല്ല. അതാണ് ഇസ്ലാമിന്റെ വിശാല വീക്ഷണം.
സമയവും അവസരവും ലാഭപരതയും പലിശക്ക് ന്യായമാവുമോ? - 4
വഴിവിളക്ക് - മൗലാനാ മൗദൂദി
നിങ്ങളൊരാള്‍ക്ക് പണം കടമായി നല്‍കുമ്പോള്‍ ആ പണം അയാള്‍ക്ക് വലിയ തോതില്‍ പ്രയോജനപ്പെടുന്നുണ്ടെന്നത് സത്യമാണ്. അതിനുള്ള അവസരം ഒരുക്കിയതും നിങ്ങള്‍ തന്നെ. പക്ഷേ, അതിന്റെ പേരില്‍ മാത്രം നിങ്ങള്‍ അയാളില്‍ നിന്ന് പലിശയെന്ന പേരില്‍ ഒരു സംഖ്യ വസൂലാക്കിക്കൊണ്ടേയിരിക്കുക എന്നതില്‍ ന്യായമെന്താണുള്ളത്?
എവിടെയാണതില്‍ നീതി? കടം വാങ്ങിയതിന്റെ പേരില്‍ ആ മനുഷ്യന്റെ ദുരിതങ്ങള്‍ മാസാ മാസം, വര്‍ഷാവര്‍ഷം ഇരട്ടിച്ചുകൊണ്ടിരിക്കെ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംഖ്യയും ഇരട്ടിക്കുമ്പോള്‍ പ്രത്യേകിച്ചും?
ഒരു മനുഷ്യന്റെ പ്രയാസങ്ങളും ദുരിതങ്ങളും നിങ്ങള്‍ക്ക് പണം വാരാനുള്ള സുവര്‍ണാവസരമൊരുക്കുക, പട്ടിണി മരണത്തിലേക്ക് നീങ്ങുന്ന ഒരു കൂട്ടം മനുഷ്യരുടെ ചെലവില്‍ പണം മുടക്കാനുള്ള മികച്ച അവസരം കണ്ടെത്തുക- ഇതെന്തൊരു തരം ഇടപാടാണ്, ബിസിനസ്സാണ്!
മൂലധനം കൊണ്ട് മാത്രം ലാഭമുണ്ടാക്കാനാവില്ല എന്ന കാര്യവും നാം കണക്കിലെടുക്കണം. മനുഷ്യന്റെ ബുദ്ധിയും അധ്വാനവും കൂടി ചേരുമ്പോഴേ ലാഭമുണ്ടാവൂ. ഇവ രണ്ടും ചേര്‍ന്നാലും ഉടനെയൊന്നും ലാഭം ഉണ്ടാവാനും പോകുന്നില്ല. മൂലധനത്തോടൊപ്പം മനുഷ്യബുദ്ധിയും അധ്വാനവും ചേര്‍ന്നുകഴിഞ്ഞാലും ലാഭം ഉണ്ടായിവരാന്‍ കുറച്ചധികം സമയമെടുക്കും. ഇതൊക്കെ ഒത്തുവന്നാലും ഒടുവില്‍ ലാഭം കിട്ടുമെന്നതിന് ഒരു ഉറപ്പുമില്ല താനും. ബിസിനസ് പൊളിയാനുള്ള സാധ്യതയും ശക്തമായി നിലനില്‍ക്കുന്നു.
ഇനി ലാഭസാധ്യത അംഗീകരിച്ചാല്‍ തന്നെയും എപ്പോഴാണ് ലാഭത്തിലാവുക, എത്രമാത്രം ലാഭമുണ്ടാവും എന്നൊന്നും നേരത്തെ പറയാന്‍ കഴിയില്ല. എന്നാല്‍, പലിശ സമ്പ്രദായത്തില്‍, മനുഷ്യാധ്വാനവും ബുദ്ധിയും മൂലധനവുമായി ചേരുന്ന മാത്രയില്‍ തന്നെ ലാഭമുണ്ടായിത്തുടങ്ങി എന്ന തീര്‍പ്പിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്നല്ല, ആ ലാഭം എത്രയെന്ന് മുന്‍കൂട്ടി കണ്ട് അതിന് കൊടുക്കേണ്ട വിഹിതം വരെ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു! ഇതിലൊക്കെ എന്ത് യുക്തിയാണുള്ളത്? ലാഭവുമായി ബന്ധപ്പെട്ട എല്ലാം അസ്ഥിരവും പ്രവചനാതീതവുമാണ് എന്നതല്ലേ ശരി?
ഈ പ്രശ്‌നത്തിന് ഒരൊറ്റ പരിഹാരമേയുള്ളൂ: മൂലധനം കൊടുക്കുന്നയാള്‍ അതേറ്റ് വാങ്ങുന്ന സംരംഭകന്റെ കച്ചവടത്തില്‍ ചേര്‍ന്ന് ലാഭത്തിലും നഷ്ടത്തിലും അയാളോടൊപ്പം പങ്കാളിയാവുക. ഇതിന് തയാറാവാതെ മൂലധന ഉടമ പറയുകയാണ്: ''നിനക്ക് വേണ്ട ആയിരം രൂപ ഞാനിതാ തരുന്നു. നിന്റെ സംരംഭത്തില്‍ ഒരവകാശം എനിക്ക് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ നീ എന്റെ പണം ഉപയോഗിക്കുന്ന കാലമത്രയും നീയെനിക്ക് മാസാമാസം പത്ത് രൂപ വീതം അധികമായി നല്‍കിക്കൊണ്ടിരിക്കണം.'' ഈ സംരംഭം നഷ്ടത്തിലായി എന്ന് വെക്കുക. എങ്കില്‍ മാസാന്തം എനിക്ക് പത്ത് രൂപ 'ലാഭം' ലഭിച്ചുകൊണ്ടിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഇനി മാസാന്തം ആകെ ലഭിക്കുന്ന ലാഭം പത്ത് രൂപയാണെന്ന് കരുതുക. ആ ലാഭമത്രയും മൂലധന ഉടമക്ക് കൊടുത്തുകഴിഞ്ഞാല്‍ സംരംഭകന്റെ അധ്വാനത്തിനും സമയത്തിനുമുള്ള ലാഭവിഹിതം എവിടെ നിന്ന് ലഭിക്കും? ലാഭമത്രയും ഒരു പണിയും ചെയ്യാത്ത മൂലധനമുടമ അടിച്ചുമാറ്റുകയല്ലേ.
എണ്ണച്ചക്കില്‍ പണിയെടുക്കുന്ന ഒരു കാളയുടെ കാര്യമെടുക്കൂ. ഏറ്റവും ചുരുങ്ങിയത് അതിന്റെ യജമാനന്‍ തീറ്റയും വെള്ളവുമെങ്കിലും ദിനേനെ അതിന് കൊടുത്തിരിക്കും. ഇവിടെയിതാ ഒരു സംരംഭകന്‍ കാളയെപ്പോലെ പണിയെടുത്തിട്ടും തന്റെ ഭക്ഷണത്തിനുള്ള വക മറ്റെവിടെ നിന്നെങ്കിലും കണ്ടെത്തേണ്ടിവരുന്നു! സംരംഭകന്‍/ നിര്‍മാതാവ്/ കര്‍ഷകന്‍ തന്റെ സമയവും ശ്രദ്ധയും അധ്വാനവുമെല്ലാം ആ സംരംഭത്തില്‍/തൊഴിലില്‍ വിനിയോഗിക്കുക (ഇതിനൊക്കെ വേണ്ടി വരുന്ന ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ എത്രയാണ്!), മിച്ചമുള്ള തന്റെ പണം കൊടുത്തതിന്റെ പേരില്‍ മാത്രം മൂലധനമുടമ സംരംഭകന്റെ വിഹിതത്തേക്കാള്‍ വലിയ ഒരു തുക ലാഭമായി പറ്റിക്കൊണ്ടിരിക്കുക (അതും നിശ്ചിത തോതില്‍)- ലോകത്ത് പ്രചാരത്തിലുള്ള ഒരു നീതിശാസ്ത്രമനുസരിച്ചും സമ്പദ്ഘടനയനുസരിച്ചും ഈ പ്രവൃത്തിയെ ന്യായീകരിക്കാന്‍ കഴിയില്ല. സംരംഭകന്റെ ലാഭവും ലാഭവിഹിതവുമെല്ലാം കമ്പോളത്തിനനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മൂലധനം കൊടുത്തയാള്‍ക്ക് അതൊന്നും അറിയേണ്ട കാര്യമേയില്ല. നേരത്തെ നിശ്ചയിക്കപ്പെട്ട ലാഭവിഹിതത്തില്‍ അയാള്‍ എന്നുമെന്നും സുരക്ഷിതനായി കഴിയുന്നു.
പലിശ 'സമയ'ത്തിനും 'അവസര'ത്തിനും?
നാമിപ്പോള്‍ നടത്തിയ വിശകലനത്തില്‍നിന്ന് പലിശ വാങ്ങാന്‍ നിരത്തുന്ന ന്യായങ്ങളൊക്കെയും ആഴത്തില്‍ പരിശോധിച്ചാല്‍ നീര്‍കുമിളകളാണെന്ന് ബോധ്യമാവും. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് കടം വാങ്ങിയതെങ്കില്‍ പലിശ ഈടാക്കുന്നതിന് യാതൊരു ന്യായവും യഥാര്‍ഥത്തില്‍ നിരത്താനില്ല. ഇനി ന്യായങ്ങള്‍ പറയുന്നുണ്ടെങ്കില്‍ തന്നെ അതൊക്കെയും ദുര്‍ബലമാണെന്ന് പലിശയുടെ വക്താക്കള്‍ തന്നെ സമ്മതിക്കും.
വ്യാപാരാവശ്യത്തിനുള്ള കടമാണെങ്കിലും, അതിന് എന്തടിസ്ഥാനത്തിലാണ് പലിശ ചുമത്തുന്നത് എന്ന് ചോദിച്ചാല്‍ പലിശയുടെ വക്താക്കള്‍ നിന്ന് വിയര്‍ക്കും. 'മുതലെടുക്കാന്‍ അവസരം നല്‍കിയതിന്' എന്നാണ് ഒരു വിഭാഗം പറയുന്ന ന്യായം. നാം നേരത്തെ പറഞ്ഞ പോലെ, അവസരം നല്‍കിയത് കൊണ്ട് മാത്രം ഒരാള്‍ക്ക് തുടര്‍ച്ചയായി, കാലം കടന്നുപോകുന്നതിനനുസരിച്ച് വര്‍ധമാനമായി ലാഭം ലഭിച്ചുകൊണ്ടിരിക്കാന്‍ ഈ 'അവസരം' മതിയായ ന്യായമല്ല. ഏറെക്കവിഞ്ഞാല്‍, കടം വാങ്ങിയവന് ലാഭം കിട്ടിയാല്‍ അതിലൊരു വിഹിതം പണം നല്‍കിയവന് കൊടുക്കണം എന്നേ പറയാനാവൂ.
മൂലധനമുടമ കടം വാങ്ങുന്നവന് തിരിച്ചടവിന് നിശ്ചിത 'കാലം' അനുവദിക്കുന്നുണ്ടല്ലോ. ഈ 'കാലം' തന്നെയാണ് പലിശക്കുള്ള ന്യായം എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. കാലത്തിന് അതിന്റേതായ മൂല്യമുണ്ടെന്നും കാലം കൂടുന്നതിനനുസരിച്ച് അതിന്റെ മൂല്യവും കൂടുമെന്നും അവര്‍ വാദിക്കുന്നു. പണം കടം വാങ്ങി അത് മുടക്കി ഉല്‍പാദനം തുടങ്ങാനും ആ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാനും ഒരു കാലയളവ് ആവശ്യമാണ്. കടം വാങ്ങിയവനെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണ് ഈ കാലയളവ്. ഈ സമയം ഉപയോഗിച്ചില്ലെങ്കില്‍ ഉല്‍പാദനമോ വിതരണമോ ഒന്നും നടക്കില്ല. അപ്പോള്‍ കടം വാങ്ങുന്നവന്‍ ആ 'സമയ'ത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതേ ന്യായം വെച്ച് കടം നല്‍കിയവനും സമയത്തിന്റെ പേരില്‍ ലാഭം വാങ്ങിക്കൂടേ? ഇതിനിടക്ക് മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സംരംഭകന്റെ/കടം വാങ്ങിയവന്റെ ലാഭത്തിലും പ്രതിഫലിക്കും. അങ്ങനെയെങ്കില്‍, കടം തിരിച്ചടവിന്റെ കാലദൈര്‍ഘം പരിഗണിച്ച് തന്റെ സംഖ്യക്ക് കടം നല്‍കിയവന്‍ ഒരു വില നിശ്ചയിക്കുന്നതില്‍ എന്താണ് തകരാറ്?
ഇവിടെയും നമുക്ക് ചോദിക്കാനുള്ളത് ഇതാണ്: താന്‍ കൊടുത്ത സംഖ്യ കൊണ്ട് കടം വാങ്ങിയവന്‍ ചെയ്യുന്ന ബിസിനസ് ലാഭത്തിലേ കലാശിക്കൂ, നഷ്ടം ഒരിക്കലും വരില്ല എന്ന വിവരം ഇയാള്‍ക്ക് എവിടെ നിന്ന് കിട്ടി? ലാഭത്തില്‍ തന്റെ വിഹിതം ഇത്ര ശതമാനമായിരിക്കുമെന്ന് അയാള്‍ എന്തടിസ്ഥാനത്തിലാണ് മുന്‍കൂട്ടി നിശ്ചയിച്ചത്? താന്‍ അനുവദിച്ച് നല്‍കുന്ന സമയത്ത് ഓരോ മാസവും ഓരോ വര്‍ഷവും ഇത്ര ലാഭം വന്നുചേരുമെന്ന് കണക്കുകൂട്ടാനുള്ള എന്ത് വിദ്യയാണ് ഇയാളുടെ പക്കലുള്ളത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഇവരുടെ പക്കല്‍ മറുപടിയില്ല എന്നതാണ് നേര്. എല്ലാം ചേര്‍ത്തു വായിച്ചാല്‍ യുക്തിസഹമായി ചെയ്യാവുന്നത് ഒരേയൊരു കാര്യമാണ് എന്ന് വ്യക്തമാവും. പണം കൊടുക്കുന്നവന്‍ സംരംഭകന്റെ ബിസിനസില്‍ ലാഭത്തിലും നഷ്ടത്തിലും പങ്കാളിയാവാം എന്ന വ്യവസ്ഥയോടെ ചേരുക എന്നതാണത്. മുന്‍കൂട്ടി നിശ്ചയിക്കുന്ന പലിശ എന്ന ലാഭവിഹിതം ഒരു നീതീകരണവുമര്‍ഹിക്കുന്നില്ല എന്നും ബോധ്യമാവും.
'ലാഭപരത'യില്‍ പങ്ക്
പലിശയുടെ വക്താക്കള്‍ ഉയര്‍ത്തുന്ന മറ്റൊരു വാദമാണിത്. 'ലാഭപരത' (profitability) എന്നുള്ളത് ഏതൊരു മൂലധനത്തിന്റെയും സ്വാഭാവിക ഗുണമാണ്. അതിനാല്‍ മൂലധനക്കാരന് കടക്കാരനില്‍നിന്ന് തന്റെ പണത്തിന് പകരമായി ഒരു വിഹിതം അവകാശപ്പെടാന്‍ അര്‍ഹതയുണ്ട്. ഉല്‍പാദനത്തെ എല്ലാ വിധത്തിലും ത്വരിപ്പിക്കുന്ന പ്രധാന ഘടകം മൂലധനം തന്നെയാണ്. മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ധാരാളമായി ഉണ്ടാക്കാനും മാര്‍ക്കറ്റിലെത്തിക്കാനും മൂലധനം അനിവാര്യം. മൂലധനമില്ലെങ്കില്‍ ഉല്‍പാദനം മന്ദീഭവിക്കുന്നു, കമ്പോളത്തില്‍ മത്സരിക്കാനും ഉല്‍പന്നങ്ങള്‍ക്ക് കഴിയാതെ പോകുന്നു. മൂലധനത്തിന്റെ സ്വാഭാവികമായ ലാഭപരതയാണ് ഇത് കാണിക്കുന്നത്. അതിനാല്‍ മൂലധനം ഉപയോഗിക്കുക എന്നതുതന്നെ പലിശ അവകാശപ്പെടാന്‍ മതിയായ ന്യായമാണ്.
ഇവിടെ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യമിതാണ്: മൂലധനത്തിന് തീര്‍ത്തും സ്വാഭാവികമായി 'ലാഭപരത' എന്ന ഗുണമുണ്ട് എന്നത് അടിസ്ഥാനപരമായി തന്നെ ഒരു അബദ്ധ ധാരണയാണ്. ലാഭകരമായ സംരംഭങ്ങളില്‍ മുടക്കുമ്പോള്‍ മാത്രം മൂലധനം ആര്‍ജിക്കുന്ന (അതില്‍ നിലീനമായ ഒന്നല്ല) ഒരു ഗുണമാണ് ലാഭപരത എന്നത്. അങ്ങനെ ലാഭമുണ്ടാക്കുന്നുണ്ടെങ്കില്‍ അതിന്റെയൊരു വിഹിതം മൂലധനക്കാരന് ആവശ്യപ്പെടുകയും ചെയ്യാം. ആശുപത്രി ബില്ലടക്കാനോ മയ്യിത്ത് സംസ്‌കരണത്തിനോ കടമായി വാങ്ങുന്ന മൂലധനത്തിന് എന്ത് ലാഭപരതയാണുള്ളത്? ഏത് സാമ്പത്തിക മാനദണ്ഡം വെച്ചാണ് അതിന്റെ 'ലാഭം' അയാള്‍ കൈപറ്റുക?
മറ്റൊരു കോണിലൂടെ വിഷയത്തെ നോക്കി കാണാം. ബിസിനസ് ലാഭകരമാണെങ്കില്‍ തന്നെ അതില്‍ ഒരുപാട് മൂലധനം ഇറക്കിയത് കൊണ്ട് ലാഭവിഹിതമോ മൂല്യമോ വര്‍ധിക്കണമെന്നില്ല. അതിനാല്‍ മൂല്യമുണ്ടാക്കുക എന്നത് മൂലധനത്തില്‍ പ്രകൃതിപരവും സ്വാഭാവികവുമായ ഗുണമാണെന്ന് പറയാന്‍ പറ്റില്ല. അമിതമായ മൂലധനമുടക്ക് പലപ്പോഴും ലാഭവിഹിതം കൂട്ടുകയല്ല, കുറക്കുകയാണ് ചെയ്യുക; ചിലപ്പോഴത് നഷ്ടത്തിന് വരെ കാരണമാവും. ലോക സാമ്പത്തിക ഘടനയില്‍ ഉണ്ടായ പല പ്രതിസന്ധികള്‍ക്കും കാരണം അമിതമായ മുതല്‍മുടക്കായിരുന്നുവെന്ന് കാണാം. അമിതമായി മൂലധനം വരുമ്പോള്‍ ഉല്‍പാദനം കണ്ടമാനം വര്‍ധിക്കും. അത് ഉല്‍പന്നങ്ങളുടെ വിലയിടിവിന് കാരണാകും. ഉല്‍പന്നങ്ങളുടെ ആധിക്യവും താഴ്ന്ന വിലയും മൂലധനത്തിന്റെ ലാഭപരതയെ ചിലപ്പോള്‍ പൂജ്യത്തില്‍ വരെ കൊണ്ടെത്തിക്കും.
ഇനി മൂലധനത്തിന്റെ ലാഭപരത എന്ന ഗുണത്തെക്കുറിച്ച് പഠിച്ച് നോക്കിയാല്‍ അത് ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത് എന്നും കാണാന്‍ കഴിയും. തൊഴിലാളികള്‍ വേണം. ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന സംരംഭകന്‍ വേണം. അയാള്‍ തന്റെ മേഖലയില്‍ നല്ല അനുഭവ പരിജ്ഞാനമുള്ളവനായിരിക്കണം. അനുയോജ്യമായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയുണ്ടാവണം. പ്രകൃതി ദുരന്തങ്ങളില്‍ നിന്നും അന്താരാഷ്ട്ര കമ്പോളത്തിലെ വന്‍തിരിച്ചടികളില്‍ നിന്നും സംരക്ഷണം വേണം. ഇങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ഒത്തുവന്നാലേ മൂലധനം ലാഭം ഉല്‍പാദിപ്പിക്കൂ. ഇതില്‍ ഏതെങ്കിലുമൊരു ഘടകം ഇല്ലാതായാല്‍ തന്നെ മൂലധനത്തിന്റെ ലാഭപരത ഇല്ലാതാകുമെന്ന് മാത്രമല്ല, സംരംഭം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. പക്ഷേ, പലിശ വ്യവസ്ഥയില്‍ പണം കടം കൊടുക്കുന്നവന്‍ ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു ഉത്തരവാദിത്വവുമേല്‍ക്കുന്നില്ല. മേല്‍പറഞ്ഞ പ്രതികൂല സാഹചര്യങ്ങളില്‍ സംരംഭത്തിന് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ 'ലാഭവിഹിതം' വേണ്ടെന്ന് വെക്കാന്‍ അയാള്‍ തയാറുമില്ല. മറിച്ച്, തന്റെ മൂലധനം ഒരുത്തന്‍ ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിച്ചു എന്നത് തന്നെ നിശ്ചിത ശതമാനം ലാഭം അവകാശപ്പെടാന്‍ മതിയായ കാരണമാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അയാള്‍. മൂലധനം ലാഭമുണ്ടാക്കിയോ ഇല്ലേ എന്നൊന്നും തനിക്ക് നോക്കേണ്ട കാര്യമില്ല. ഇനി ലാഭപരത എന്നത് പണത്തിന്റെ സ്വാഭാവിക ഗുണമാണെന്ന ഹുണ്ടികക്കാരന്റെ വാദം സമ്മതിച്ചുകൊടുത്താല്‍ തന്നെ, ഓരോ ഘട്ടത്തിലും ലാഭം ഇത്രയാണെന്ന് കണക്കുകൂട്ടി ഒരു ലാഭവിഹിതം എങ്ങനെയാണ് നിശ്ചയിക്കാനാവുക?
(തുടരും)
മുജാഹിദ് പ്രസ്ഥാനം മുരട് പൂതലിച്ചാല്‍ തളിര്‍ക്കുമോ?
പ്രതികരണം - കെ.സി അബ്ദുല്‍ ജലീല്‍ പുളിക്കല്‍
മുജാഹിദ് പ്രസ്ഥാനത്തിന് ശക്തമായി തിരിച്ചുവരാനുള്ള ആന്തരിക ശേഷിയുണ്ടെന്ന ടി.റിയാസ്മോന്റെ വീക്ഷണം (ലക്കം 48) അമിത ശുഭാപ്തിയാണ്. കാലത്തിന്റെ വളര്‍ച്ചക്കനുസരിച്ച് വികസിക്കാന്‍ സാധിക്കാതിരിക്കുകയും സമൂഹത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാതിരിക്കുകയും ചെയ്തതാണ് പ്രസ്ഥാനത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്നും വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയുടെ തുടര്‍ച്ച പുതിയ മൌലവിമാരില്‍ ഇല്ലാതായിപ്പോയതാണ് ഇന്നത്തെ ദുരവസ്ഥക്ക് വഴിവെച്ചെതെന്നുമുള്ള അഭിപ്രായം ശരിയാണ്.
കാലഘട്ടത്തിന്റെ ചുമരെഴുത്ത് വായിക്കാന്‍ കഴിയാത്ത അന്ധമായ അനുകരണത്തെ ശക്തമായെതിര്‍ത്തു കൊണ്ടാണ് മുജാഹിദ് പ്രസ്ഥാനം കടന്നു വന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളുമെല്ലാം അന്ധമായ അനുകരണത്തെ(തഖലീദ്)യും അന്ധമായ വിരോധത്തെയും ശക്തമായെതിര്‍ക്കുന്നതായിരുന്നു. നാല് മദ്ഹബുകള്‍ നിലവില്‍ വന്നതോടെ ഇജ്തിഹാദിന്റെ കവാടം അടഞ്ഞു പോയെന്ന യാഥാസ്ഥിതിക വാദത്തെ മുജാഹിദു പ്രസ്ഥാനം തിരുത്താന്‍ ശ്രമിച്ചു.
വ്യക്തമായ പ്രമാണങ്ങളുടെ പിന്‍ബലത്തോടെത്തന്നെയായിരുന്നു 'സമസ്ത'യുടെ എതിര്‍പ്പിനെ അന്ന് മുജാഹിദ് പ്രസ്ഥാനം നേരിട്ടത്. വലിയ ഗ്രന്ഥശേഖരം അന്നത്തെ മുജാഹിദ് സ്റേജുകളുടെ സവിശേഷതയായിരുന്നു. കിതാബുകള്‍ ഉയര്‍ത്തിപ്പിടിച്ച് വാചകങ്ങള്‍ വായിച്ച് വെല്ലുവിളിച്ച് കൊണ്ടുള്ളതായിരുന്നു മുജാഹിദ് പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍. ഏറെക്കുറെ പ്രാമാണികവും വൈജ്ഞാനികവുമായിരുന്നു വിഷയാവതരണവും സംവാദങ്ങളും. ഇവിടെ യാഥാസ്ഥിതികര്‍ പതറി. കുതന്ത്രങ്ങളിലൂടെ ഇതിനെ മറികടക്കാനാണവര്‍ ശ്രമിച്ചത്. വാക്കുകള്‍ വളച്ചൊടിച്ചും കൂക്കിവിളിച്ചുമുള്ള യാഥാസ്ഥിതിക അടവുകള്‍ പൊതുജനങ്ങളിലെ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കി. ഞങ്ങള്‍ ഇരുപക്ഷത്തിന്റെ വാദങ്ങളും ഒരു പോലെ കേള്‍ക്കാന്‍ സന്നദ്ധരാണെന്നും നിങ്ങള്‍ അതിനൊരുക്കമാണോ എന്നുമുള്ള മുജാഹിദ് നേതാക്കളുടെ വെല്ലുവിളി സുന്നി പണ്ഡിതന്മാരെ വെട്ടിലാക്കി.
അങ്ങനെ പൊതുജനങ്ങളിലെ ചിന്തിക്കുന്ന പലരും മുജാഹിദ് പക്ഷത്തേക്ക് മാറി. മലബാറിന്റെ പല ഭാഗങ്ങളിലും മുജാഹിദ് പ്രസ്ഥാനത്തിന് വേരോട്ടം കിട്ടിയത് ഇങ്ങനെയാണ്. ചിന്താപരമായ ഈ ഉണര്‍വ് തന്നെയാണ് വിദ്യാഭ്യാസ രംഗത്തും മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്. എന്നാല്‍ ഇടക്ക് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കയറിവന്ന കടുത്ത സംഘടനാ പക്ഷപാതിത്വവും അസഹിഷ്ണുതയും സംഘടനയെ ഇന്നത്തെ അവസ്ഥയിലെത്തിക്കുകയായിരുന്നു. പ്രസ്ഥാനത്തെ അടിമുടി ഗ്രസിച്ച് കഴിഞ്ഞ ഈ ഗുരുതര രോഗം കടന്നുവന്ന വഴിയന്വേഷിച്ച് അടിസ്ഥാന ചികിത്സ നടത്താതെ, ജീര്‍ണാവസ്ഥയില്‍ നിന്ന് അത് തളിര്‍ത്ത് വരുന്നതും കാത്തിരിക്കുന്നത് പാഴ്വേലയാകും.
സംഘടനാ പക്ഷപാതിത്വവും അസഹിഷ്ണുതയും കടന്നുവന്ന വഴിയന്വേഷിക്കുമ്പോള്‍ അതില്‍ സുപ്രധാനമായതൊന്ന് ജമാഅത്തെ ഇസ്ലാമിയോട് സ്വീകരിച്ച നിലപാടില്‍ നിന്നുണ്ടായതാണെന്ന് കാണാം. ജമാഅത്തെ ഇസ്ലാമിയോട് സത്യസന്ധവും സൌഹൃദപൂര്‍ണവുമായ സമീപനമായിരുന്നു ഏറെക്കുറെ ആദ്യകാല മുജാഹിദ് നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. തെറ്റുദ്ധാരണമൂലം വല്ല വിമര്‍ശനവും നടത്തിയാല്‍ തിരുത്താനും അവരില്‍ ചിലര്‍ സന്നദ്ധരായിരുന്നു. കെ.എം.മൌലവിയുടെ സത്യസന്ധമായ നിലപാടിനെ എ.കെ അബ്ദുല്ലത്വീഫ് മൌലവി ഞങ്ങള്‍ക്ക് ക്ളാസ്സെടുക്കുമ്പോള്‍ പ്രശംസാപൂര്‍വം അനുസ്മരിക്കാറുണ്ടായിരുന്നു.
അന്ന് എ.കെ അബ്ദുല്ലത്വീഫ് മൌലവി കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കെ.എം മൌലവി പ്രസിഡന്റും. ജമാഅത്തിനെ സംബന്ധിച്ച് കെ.എം മൌലവി അല്‍മുര്‍ശിദില്‍ നടത്തിയ ഒരു പരാമര്‍ശം തെറ്റായിപ്പോയെന്ന് അദ്ദേഹത്തിന് പിന്നെ ബോധ്യം വന്നു. 'നമുക്ക് ജമാഅത്ത് അമീര്‍ ഹാജി സാഹിബിനടുത്തു പോയി മാപ്പു ചോദിക്കാം' എന്ന് കെ.എം മൌലവി അബ്ദുല്ലത്വീഫ് മൌലവിയോട് പറഞ്ഞു. 'ചെന്ന് മാപ്പ് ചോദിക്കുകയൊന്നും വേണ്ട, അടുത്ത ലക്കം അല്‍മുര്‍ശിദില്‍ ഒരു ഖേദപ്രകടനം നടത്തിയാല്‍ മതി' എന്ന് അബ്ദുല്ലത്വീഫ് മൌലവി പറഞ്ഞു.
മറ്റൊരോര്‍മ, എ. അലവി മൌലവിയെക്കുറിച്ചാണ്. ജാമിഅഃ നദ്വിയ്യ സ്ഥാപിതമായ കാലം. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് വലിയ ചര്‍ച്ച കേട്ടുകൊണ്ടാണദ്ദേഹം ക്ളാസ്സിലേക്ക് കയറിവരുന്നത്. സ്വതസിദ്ധ ശൈലിയിലദ്ദേഹം പറഞ്ഞു: "എടോ, നാമും നമ്മുടെ സഹോദരങ്ങളായ ജമാഅത്തുകാരും തമ്മില്‍ അഞ്ചു ശതമാനം കാര്യത്തില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസം''. പള്ളി, മദ്റസ തുടങ്ങിയവയുടെ നടത്തിപ്പിലും ഇരു കൂട്ടരും പലപ്പോഴും സഹകരിച്ചിരുന്നതുമാണ്. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്താണ് ഈ അവസ്ഥക്ക് കാര്യമായ മാറ്റമുണ്ടാകുന്നത്. അടിയന്തരാവസ്ഥയില്‍ ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടു. നേതാക്കള്‍ ജയിലിലടക്കപ്പെട്ടു. ഈ അവസരം ഉപയോഗപ്പെടുത്തി പാര്‍ട്ടി വളര്‍ത്തിയെടുക്കാമെന്നും ജമാഅത്തുകാരെ ഒഴിവാക്കി പള്ളികള്‍ സ്വന്തമാക്കാമെന്നും മറ്റും മുജാഹിദുകളില്‍ ചിലര്‍ ചിന്തിച്ചു. കോഴിക്കോട്ട് മുജാഹിദ് സെന്റര്‍ നിര്‍മിക്കാനും തദാവശ്യാര്‍ഥം നേതാക്കളുടെ സംഘം പര്യടനങ്ങള്‍ നടത്തി സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കാനും തീരുമാനമായി.
മുജാഹിദ് നേതാക്കളുടെ ഈ പര്യടനം അണികളെ ആവേശം കൊള്ളിച്ചു. ജമാഅത്ത്വിരുദ്ധ വികാരം ഇളക്കിവിട്ടുകൊണ്ടുള്ളതായിരുന്നു അത്. വിവേകശാലികളായ മുന്‍നിര നേതാക്കള്‍ മരണപ്പെടുകയോ ശയ്യാവലംബികളാവുകയോ ചെയ്ത ഈ ഘട്ടത്തില്‍ ജമാഅത്ത്വിരുദ്ധനായ ഒരു മൌലവി ആവേശഭരിതനായി തന്റെ പ്രസിദ്ധീകരണം വേണ്ടത്ര ഉപയോഗപ്പെടുത്തി പള്ളികള്‍ മുജാഹിദ് സെന്ററില്‍ അഫിലിയേറ്റ് ചെയ്തു. കോഴിക്കോട് ടൌണിലടക്കമുള്ള പള്ളികളില്‍ നിന്ന് ജമാഅത്ത് സാന്നിധ്യം ഒഴിവാക്കി. പരസ്പരം സഹകരിച്ച് നടത്തിയിരുന്ന ചില പള്ളികള്‍ സ്വന്തമാക്കി.
അടിയന്തരാവസ്ഥയാണല്ലോ ഈ 'നേട്ടങ്ങള്‍' എല്ലാം ഉണ്ടാക്കിത്തന്നത്. അതിനാല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ ദീര്‍ഘായുസിന് വിശുദ്ധ കഅ്ബയില്‍ ചെന്ന് പ്രാര്‍ഥിക്കാന്‍ വരെ ഇതദ്ദേഹത്തിന് ആവേശം നല്‍കി. 'യുവാക്കളെ ജമാഅത്ത് വിരുദ്ധരാക്കിയെടുക്കാനായിരുന്നു ഞാന്‍ പ്രസിദ്ധീകരണമാരംഭിച്ചതെന്നും അത് സാധിച്ചതിനാല്‍ പ്രസിദ്ധീകരണം നിര്‍ത്തുകയാണെന്നും' മൌലവി അവസാന ലക്കത്തിലെഴുതി.
അടിയന്തരാവസ്ഥ നീങ്ങി ജമാഅത്ത് കരുത്തോടെ രംഗത്ത് വന്നതോടെ ജമാഅത്ത്വിരുദ്ധ വിഭാഗം അടിസ്ഥാനരഹിതമായ കുപ്രചാരണങ്ങള്‍ നടത്താനാരംഭിച്ചു. യുവ പണ്ഡിതന്മാരാണതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. ജമാഅത്ത് ഗ്രന്ഥങ്ങളില്‍ നിന്ന് വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടുള്ള വിമര്‍ശനം മുമ്പ് സുന്നികള്‍ മുജാഹിദിന് നേരെ നടത്തുന്ന രീതിയെക്കാള്‍ തരംതാണതായിരുന്നു.
തീരെ പരിസരബോധമില്ലാതെ എന്തും വിളിച്ച് പറയുന്ന തരംതാണ ശൈലിയിലാണ് യുവ പ്രസംഗകരുടെ വിമര്‍ശനം മുന്നോട്ടു പോയത്. ഉദാഹരണത്തിന്: 'ബാങ്ക് വിളി തന്നെ വിപ്ളവത്തിന്റെ വചനങ്ങളാണ്' എന്ന മൌദൂദിയുടെ വചനം വായിച്ചു കേള്‍പിച്ച് കൊണ്ട് ഒരു പൊതുയോഗത്തില്‍ യുവമുജാഹിദ് പ്രസംഗകന്‍ പറഞ്ഞു: 'ഇതാ മൌദൂദി പറയുന്നത് കേട്ടില്ലേ. ബാങ്ക് വിളി കേട്ടാല്‍ മടവാളെടുത്ത് ഹിന്ദുക്കളെ കൊല്ലാന്‍ ഇറങ്ങണമെന്ന്!' ധാരാളം അമുസ്ലിം സഹോദരങ്ങളും ശ്രേതാക്കളായ സദസ്സിലാണദ്ദേഹം ഇതെല്ലാം പറയുന്നത്.
ചുരുക്കത്തില്‍, അന്ധമായ വിരോധവും സംഘടനാ പക്ഷപാതിത്വവും ആമൂലാഗ്രം ഗ്രസിച്ചത് പ്രസ്ഥാനത്തെ വല്ലാത്ത പതനത്തിലാണെത്തിച്ചത്.
ഈ ഘട്ടത്തിലാണ് പ്രസ്ഥാനം നെടുകെ പിളരുന്നത്. ഇരു വിഭാഗവും ചേരിതിരിഞ്ഞ് പരസ്യമായി വിഴുപ്പലക്കാന്‍ തുടങ്ങി. മലപ്പുറം ജില്ലയിലെ പുളിക്കല്‍ ഈ വിഴുപ്പലക്കലില്‍ വീര്‍പ്പുമുട്ടിയ പ്രദേശമാണ്. മറ്റു പ്രദേശങ്ങളും ഏറെക്കുറെ ഇങ്ങനെത്തന്നെ. ഇതൊന്നും തടയാന്‍ അവരില്‍ നിന്നാരും രംഗത്ത് വരുന്നുമില്ല.
അടിസ്ഥാന മാറ്റത്തിനും തിരുത്തലിനും തയാറാകാതെ പുറമെ വെള്ളപൂശാന്‍ എല്ലാ ഗ്രൂപ്പുകളും ചില സുന്ദര മുദ്രാവാക്യങ്ങളുമായി കാമ്പയിനുകളും യാത്രകളും നടത്താറുണ്ട്. ഇതെല്ലാം കാന്തപുരം മുസ്ലിയാരുടെ 'മാനവികതയെ ഉണര്‍ത്തല്‍' യാത്രപോലെ പാഴ്വേലയായിത്തീരുകയാണ്.
Tuesday, 19 June 2012
അമുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള പ്രവാചകനയം
അമുസ്‌ലിം ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യം
ഡോ:റാഗിബുസ്സര്‍ജാനി
മദീനയിലേക്ക് ഹിജ്‌റ പോയ പ്രവാചകന്‍ അവിടെ ഭരണാധികാരിയായി. ജൂതരും, ബഹുദൈവാരാധകരുമായ ന്യൂനപക്ഷങ്ങള്‍ അദ്ദേഹത്തിന്റെ ഭരണീയരായുണ്ടായിരുന്നു.ഇസ്‌ലാമിക രാഷ്ട്രം കൂടുതല്‍ വിശാലമായപ്പോള്‍ ക്രൈസ്തവന്യൂനപക്ഷവും രൂപപ്പെട്ടു. പ്രസ്തുത ന്യൂനപക്ഷ വിഭാഗങ്ങളെല്ലാം വളരെ സന്തോഷത്തോടെയും മതസ്വാതന്ത്ര്യത്തോടെയും അവിടെ ജീവിച്ചു. എല്ലാ ജനവിഭാഗങ്ങള്‍ക്കും തങ്ങളുടെ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ അനുവാദമുണ്ടായിരുന്നു. ദൈവിവെളിപാടുകളുടെ പ്രാരംഭം മുതല്‍ ഇസ്ലാം അംഗീകരിച്ച നയമായിരുന്നു അത്. അത് മുഖേന മാനവികത ഉന്നതി പ്രാപിക്കുകയും, അതിന് കീഴില്‍ മാനവകുലം സൗഖ്യത്തോടെ ജീവിക്കുകയും ചെയ്യേണ്ടതുണ്ടല്ലോ.
അമുസ്‌ലിം ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യം
അമുസ്‌ലിം ജനവിഭാഗങ്ങളുടെ മത സ്വാതന്ത്ര്യത്തിനുള്ള ഉത്തമ ഉദാഹരണം പ്രവാചകന്‍ (സ)യുടെ തന്നെ ചരിത്രമാണ്. പ്രവാചകാനുചരര്‍ ബഹുദൈവ വിശ്വാസികളില്‍ നിന്നും കഠിനമായ പീഢനങ്ങള്‍ക്ക് വിധേയമായിട്ടും, പ്രവാചകന്‍ തന്നെയും മര്‍ദ്ദിക്കപ്പെട്ടിട്ടും, അവരോട് പ്രതികാരനടപടി സ്വീകരിച്ചില്ലല്ലോ അവര്‍. വിജയവും ആധിപത്യവും കൈവന്നിട്ട് പോലും പ്രതിയോഗികള്‍ക്ക് മേല്‍ തങ്ങള്‍ വിശ്വസിക്കുന്ന ദര്‍ശനം അടിച്ചേല്‍പിക്കാന്‍ മുസ്‌ലിംകള്‍ തയ്യാറായില്ല. കാരണം വിശുദ്ധ വേദത്തിന്റെ കല്‍പന അപ്രകാരമാണല്ലോ. 'ജനങ്ങളെ അവര്‍ വിശ്വാസികളാവുന്നത് വരെ നിര്‍ബന്ധിക്കുകയാണോ താങ്കള്‍?'. പ്രവാചകന്‍ പ്രായോഗിക വല്‍ക്കരിച്ചത് ഈ ആശയമായിരുന്നു. മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടന അദ്ദേഹം രൂപപ്പെടുത്തിയതും പ്രസ്തുത ഉറവിടത്തില്‍ നിന്ന് തന്നെ.
ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു സംഭവം 'മതത്തില്‍ ബലാല്‍ക്കാരമില്ല' എന്ന വചനത്തിന്റെ അവതരണ പശ്ചാതലവുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചിട്ടുണ്ട്. അന്‍സാരിയായ ഒരാള്‍ക്ക് പ്രവാചകന്‍ തിരുമേനിയുടെ ആഗമനത്തിന് മുമ്പ് ക്രൈസ്തവരായ രണ്ട് മക്കളുണ്ടായിരുന്നു. ഒരിക്കലവര്‍ ഒരു സംഘം ക്രൈസ്തവരോടൊപ്പം ഒലീവുമായി മദീനയില്‍ വരികയും പിതാവിന്റെ കൂടെ താമസിക്കുകയും ചെയ്തു. പിതാവ് അവരോട് പറഞ്ഞു. 'ഇസ്‌ലാം സ്വീകരിക്കാതെ നിങ്ങളെ ഞാന്‍ തിരിച്ചയക്കില്ല' പക്ഷെ അവര്‍ വിസമ്മതിച്ചു. അവര്‍ പരാതിയുമായി പ്രവാചകന്റെ അടുത്ത് വന്നു. പിതാവ് പ്രവാചകനോട് പറഞ്ഞു. 'എന്റെ ഒരു ഭാഗം നരകത്തിലേക്ക് പോവുന്നത് നോക്കിനില്‍ക്കാന്‍ എനിക്ക് സാധിക്കുമോ പ്രവാചകരേ? അപ്പോള്‍ അല്ലാഹു അവതരിപ്പിച്ച വചനമാണ് 'മതത്തില്‍ ബലാല്‍ക്കാരമില്ല' എന്നത്. പ്രവചാകനവരെ സ്വതന്ത്രമായി പോകാന്‍ അനുവദിക്കുകയും ചെയ്തു.
ക്രൈസ്തവരായ രണ്ട് സന്താനങ്ങളുള്ള രക്ഷിതാവിനോട് പ്രവാചകന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്. ഭരണാധികാരിയെന്ന നിലക്ക് തിരുമേനിയെ അനുസരിക്കല്‍ അവരുടെ ബാധ്യതായിട്ട് പോലും അവര്‍ നിര്‍ബന്ധിക്കപ്പെട്ടില്ല.
മദീനയിലെ പ്രഥമ ഭരണഘടനയിലും പ്രവാചകന്‍ മതസ്വാതന്ത്ര്യം അംഗീകരിക്കുകയുണ്ടായി. മുസ്‌ലിങ്ങളോട് കൂടെ സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ യഹൂദരും പങ്കാളികളാണ് എന്ന പ്രഖ്യാപനത്തിലൂടെയായിരുന്നു അത്.
അമുസ്‌ലിങ്ങളുമായി നീതിപൂര്‍വ്വമായ സഹവര്‍ത്തിത്വം
നീതിയിലധിഷ്ഠിതമായ സമീപനമായിരുന്നു അമുസ്‌ലിങ്ങളോടും പ്രവാചകന്‍ പുര്‍ത്തിയിരുന്നത്. അബ്ദുര്‍റഹ്മാനു ബിന്‍ അബീ ബക്കര്‍ നിവേദനം ചെയ്യുന്നു. ഞങ്ങള്‍ തിരുമേനിയോടൊപ്പം നൂറ്റിമുപ്പത് പേരുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു. 'ആരുടെയെങ്കിലും അടുത്ത് ഭക്ഷണമുണ്ടോ?' അപ്പോഴുണ്ട് കുറച്ച് ഭക്ഷണവുമായി ഒരാള്‍ വരുന്നു. പിന്നീട് ഒരു ബഹുദൈവവിശ്വാസിയായ മനുഷ്യനാണ് വന്നത്. മുടി ജഢ പിടിച്ച അതികായനായ അയാള്‍ ഒരു ആടുമായാണ് വന്നത്. അപ്പോള്‍ തിരുമേനി ചോദിച്ചു. 'ദാനമോ അതോ വില്‍ക്കാനോ?' വില്‍ക്കാനുള്ളതാണെന്ന് അദ്ദേഹം അറിയിച്ചു. പ്രവാചകന്‍ അതിനെ വാങ്ങുകയും പാചകം ചെയ്യുകയുമുണ്ടായി. അവിടെ കൂടിയവര്‍ക്കൊക്കെ പൊരിച്ച ആട്ടിറച്ചി കഷ്ണിച്ച് വീതിച്ച് നല്‍കിയത് പ്രവാചകന്‍ തിരുമേനി (സ)യായിരുന്നു. ഹാജരില്ലാത്തവര്‍ക്ക് സൂക്ഷിച്ച് വെക്കുകയും എല്ലാവരും വയറ് നിറച്ച് തിന്നുകയും ചെയ്തു.
മദീനയുടെ ഭരണാധികാരിയായ നബി തിരുമേനി (സ), കൂടെ 130 അനുയായികള്‍ അവരാകട്ടെ ഭക്ഷണത്തിന് വിശന്ന് വലഞ്ഞിരിക്കുന്നു. സര്‍വ്വ അധികാരവും ഉണ്ടായിരുന്നിട്ട് കൂടി മുശ്‌രിക്കായ മനുഷ്യനോട് തന്റെ ആടിനെ ദാനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ല. ഇത് ഇസ്‌ലാമിന്റെ നീതിയാണ്.
തന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന അമുസ്‌ലികംളോട് സ്വന്തം ബന്ധുക്കളെ പോലെയാണ് തിരുമേനി വര്‍ത്തിച്ചിരുന്നത്. തിരുമേനിയുടെ പെരുമാറ്റത്തില്‍ അത്ഭുതം കൂറി അനസ്(റ) ഇപ്രകാരം പറയുന്നു. 'ഒരു ജൂത ബാലന്‍ പ്രവാചകനെ പരിചരിക്കാറുണ്ടായിരുന്നു. അവന്‍ രോഗിയായപ്പോള്‍ തിരുമേനി സന്ദര്‍ശിച്ചു. അവന്റെ തലയുടെ അടുത്തിരുന്ന് ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. തന്റെ അടുത്തുണ്ടായിരുന്ന പിതാവിലേക്ക് നോക്കിയ ബാലനോട് അദ്ദേഹം പ്രവാചകനെ അനുസരിക്കാന്‍ കല്പിച്ചു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടി ഇസ്‌ലാം സ്വീകരിച്ചു. നബി തിരുമേനി ഇപ്രകാരം ആത്മഗതം ചെയ്തു. 'ഇവനെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തിയ അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും'.
തന്റെ മാതവിനോടുള്ള സഹവര്‍ത്തിത്വത്തിന്റെ കഥ അസ്മാഅ് ബിന്‍ത് അബീ ബക്കര്‍ ഇപ്രകാരം വിവരിക്കുന്ന. 'ബഹുദൈവ വിശ്വാസിയായ ഉമ്മ എന്റെ അടുത്ത് വന്നു. ഖുറൈശികള്‍ പ്രവാചകനോട് കരാര്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഞാന്‍ പ്രവാചകനോട് ഫത്‌വ ചോദിച്ചു. 'അല്ലയോ പ്രവാചകരെ, ഉമ്മ എന്റെ അടുത്ത് താല്‍പര്യത്തോടെ വന്നിരിക്കുന്നു. ഞാന്‍ അവരോട് ബന്ധം പുലര്‍ത്തേണ്ടതുണ്ടോ? അദ്ദേഹം പറഞ്ഞു. അതെ, തീര്‍ച്ചയായും ചെയ്യേണ്ടതുണ്ട്.'
യഹൂദിയുടെ ജനാസ കടന്ന് പോയപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പഠിപ്പിച്ച പ്രവാചക മാതൃക എത്ര ഉദാത്തമാണ്. ഖൈസ് ബിന്‍ സഅദും സഹ്‌ലു ബിന്‍ ഹനീഫും ഖാദിസിയ്യയിലായിരുന്നു. അപ്പോള്‍ ഒരു ജനാസ അത് വഴി കടന്ന് പോയി. ഇത് കണ്ട രണ്ട് പേരും എഴുന്നേറ്റ് നിന്നു. അത് ദിമ്മികളില്‍ പെട്ടവന്റെ മൃതദേഹമാണല്ലോ എന്ന് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു. ഒരു ജനാസ കൊണ്ട് പോകുന്നത് കണ്ട പ്രവാചകന്‍ എഴുന്നേറ്റ് നിന്നു. അത് യഹൂദിയുടേതാണ് പ്രവാചകരെ എന്ന് ആരോ പറഞ്ഞുവത്രെ. 'എന്താ അതും ഒരു ആത്മാവ് തന്നെയല്ലേ എന്നായിരുന്നു പ്രവാചകന്റെ മറുചോദ്യം. അമുസ്‌ലിംകളെ, അവരില്‍ നിന്ന് മരണപ്പെട്ടവരാണെങ്കില്‍ പോലും ആദരിക്കണമെന്നാണ് നബി തിരുമേനി (സ) ഇവിടെ പഠിപ്പിക്കുന്നത്.
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഇഖ്‌വാനികളുടെയും സലഫികളുടെയും പ്രയാണത്തിലെ വഴിത്തിരിവ്
ഗാസി തൗബ
1928-ലാണ് ഇമാം ഹസനുല്‍ ബന്ന ഇഖ്‌വാനിന് രൂപം നല്‍കുന്നത്. പ്രഗല്‍ഭരായ പല പണ്ഡിതരും ഈ കാലയളവില്‍ അതിന്റെ അണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുണ്ടായി. മുഹമ്മദുല്‍ ഗസ്സാലി, അബ്ദുല്‍ ഖാദിര്‍ ഔദ, ബഹിയ്യ് അല്‍ ഖൗലി, മുസ്ത്വഫാ സിബാഈ, അബ്ദുല്‍ കരീം സൈദാന്‍ തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. എന്നാല്‍ ഇഖ്‌വാനിന്റെ കാഴ്ച്ചപ്പാടില്‍ കാതലായ പരിഷ്‌കരണം നടത്തിയ മഹാനുഭാവന്‍ ശഹീദ് സയ്യിദ് ഖുത്വുബ് ആയിരുന്നു. ജനാധിപത്യം, ദേശീയത, അറബ് ഇസ്‌ലാമിക ലോകം എന്നീ വിഷയങ്ങളില്‍് അദ്ദേഹം വിവിധങ്ങളായ ആശയങ്ങള്‍ സമര്‍പ്പിച്ചു.
സയ്യിദ് ഖുത്വുബിന്റെ വാചകങ്ങളില്‍ നിന്നും ചിലര്‍ തെറ്റായി വായിച്ചെടുത്ത ചില ആശയക്കുഴപ്പം മാറ്റി നിര്‍ത്തിയാല്‍, അക്കാലത്ത് ഈജിപ്തില്‍ പ്രയോഗത്തിലുണ്ടായിരുന്ന ജനാധിപത്യത്തെയും ദേശീയതയെയും സംബന്ധിച്ച് ഇമാം ഹസനുല്‍ ബന്ന സമര്‍പ്പിച്ച ചിന്തകളെ അദ്ദേഹം ചെത്തി മിനുക്കുകയും അവയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തതായി കാണാവുന്നതാണ്. ദേശത്തിനും സമുദായത്തിനും അത്യാദരവ് നല്‍കുന്ന ആധുനിക ബിംബങ്ങളായാണ് ദേശീയതയെയും സാമുദായികതയെയും അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു വിശ്വാസി അവയെക്കാള്‍ പ്രധാനമായി വിശ്വാസ സാഹോദര്യമാണ് കാത്ത് സൂക്ഷിക്കേണ്ടത്.
സലഫികളാവട്ടെ ലോകമെങ്ങും അനുയായികളും സ്വന്തമായി രീതിശാസ്ത്രവുള്ള വിഭാഗമാണല്ലോ. പുരാതന പൈതൃകങ്ങളിലുള്ള അവഗാഹമാണ് അവരുടെ ശക്തി കേന്ദ്രവും. സുന്നത്ത് മുറുകെ പിടിക്കുന്നതിലും ദുര്‍ബലമായ ഹദീസുകള്‍ മാറ്റിവെച്ച് ശരിയായവമാത്രം സ്വീകരിക്കുന്നതിലും അഖീദയെ കണിശമായി കൈകാര്യം ചെയ്യുന്നതിലും അവര്‍ ജാഗരൂകരണാണ്. എന്നാല്‍ സംഭവലോകത്തെ കുറിച്ച അജ്ഞതയാണ് അവരുടെ ദൗര്‍ബല്യം. ഇസ്‌ലാമിക ശരീഅത്ത് ശരിയായ വിധത്തില്‍ നടപ്പിലാക്കുന്നതില്‍ അവര്‍ അബദ്ധത്തില്‍ പെടുന്നത് ഈ കാരണത്താലാണ്. എന്നല്ല ഇത് അവരെ സംഭവലോകത്ത് നിന്ന് അടര്‍ത്തിയെടുക്കുക കൂടി ചെയ്തു. മുസ്‌ലിം ഉമ്മത്തിന്റെ യഥാര്‍ത്ഥ പ്രയാണത്തില്‍ നിന്നും വിദൂരത്താവുകയും അത് മുഖേന ചില ഭരണകൂടങ്ങളും ഭരണാധികാരികളും അവരെ ദുരുപയോഗപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഈയിടെയായി സലഫി പ്രസ്ഥാനം ഈ ദൗര്‍ബല്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവലോകത്തെ സംബന്ധിച്ച് അവബോധം അവരില്‍ രൂപപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഈജിപ്തിലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള തീരുമാനവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 25% സീറ്റുകള്‍ നേടിയെടുത്തതും അതിനുദാഹരണമാണ്.
ഏറ്റവും ഉന്നതമായതിലേക്കുള്ള ഇഖ്‌വാനിന്റെയും സലഫികളുടെയും ഈ മാറ്റങ്ങളോടൊപ്പം അവയുടെ ഭാവിയെയും പരസ്പരമുള്ള ബന്ധത്തെയും കുറിച്ച് ഉയര്‍ന്ന് വരുന്ന ചില ചോദ്യങ്ങളുണ്ട്.
ഈജിപ്തിലെ പാര്‍ലമെന്‍ തെരഞ്ഞെടുപ്പില്‍ ഇഖ്‌വാനിന് 47%വും സലഫികള്‍ക്ക് 25%വും സീറ്റുകള്‍ ലഭിച്ചതും തുനീഷ്യയില്‍ നഹ്ദയും മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡെവലെപ്‌മെന്റ് പാര്‍ട്ടിയും ഭൂരിപക്ഷം നേടിയതയും ജനങ്ങളുടെ മനസ്സില്‍ ഇസ്‌ലാം വേരൂന്നിയിരിക്കുന്നു എന്നതിന് തെളിവാണ്. ഇസ്‌ലാമിന്റെയും അതിന്റെ വക്താക്കളുടെയും ചരിത്രം വികലമാക്കുന്നതിനും അടിസ്ഥാനങ്ങളുടെ പ്രാമാണികതയില്‍ സംശയമുണ്ടാക്കുകയും ജനഹൃദയങ്ങളില്‍ നിന്നും അതിനെ പറിച്ചെടുക്കുന്നതിനും വേണ്ടി നിരന്തരമായ പരിശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒന്നാം ലോക നശീകരണ യുദ്ധത്തിന് ശേഷം ത്വാഹാ ഹുസൈന്‍, അലി അബ്ദുര്‍റാസിഖ് തുടങ്ങിയവരും ജമാല്‍ അബ്ദുന്നാസറിന്റെ സോഷ്യലിസവും ലോകത്ത് പണിയെടുത്തതെല്ലാം വിഫലമായെന്ന് ചുരുക്കം.
മുസ്‌ലിം ഉമ്മത്ത് ഇസ്‌ലാമിസ്റ്റുകളിലേക്ക് ചായുന്നുവെന്നും തെരഞ്ഞെടുപ്പ് തെളിയിച്ചു. അവര്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കിയാല്‍ ഇസ്‌ലാമിസ്റ്റുകളെയാണ് തെരഞ്ഞെടുക്കുക എന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കാരണം തങ്ങളുടെ അസ്തിത്വത്തെയും, താല്‍പര്യത്തെയും, വേദനകളെയുമാണ് ഇസ്‌ലാമിസ്റ്റുകള്‍ പ്രതിനിധാനം ചെയ്യുന്നത് അവര്‍ മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ തങ്ങളുടെ വിജയത്തിന്റെ അംഗീകാരം മുഖ്യമായും മടങ്ങുന്നത് തങ്ങളുടെ ജനതയിലേക്കാണെന്ന് ഇഖ്‌വാനികളും സലഫികളും മുഖ്യമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ യഥാര്‍ത്ഥ മൂല്യം കുടികൊള്ളുന്നത് തെരഞ്ഞെടുപ്പ് വിജയത്തിലല്ല. മറിച്ച് ഉമ്മത്തിന്റെയും ദീനിന്റെയും സുരക്ഷിതമായ നിലനില്‍പിനും, പ്രശ്‌നമുക്തമായ സാമൂഹിക ക്രമത്തിനും വേണ്ടിയുള്ള നടപടികളിലും നയനിലപാടുകളിലുമാണ് അത് നിലകൊള്ളുന്നത്. സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക-സൈനിക മേഖലകളിലുള്ള പുരോഗതി ഇതിന് അനിവാര്യവുമാണ്.
കൂടാതെ കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ അനുഭവങ്ങളില്‍ നിന്നും ഇരു ഇസ്‌ലാമിക പ്രസ്ഥാനങ്ങളും പാഠമുള്‍കൊള്ളേണ്ടതുണ്ട്. സുഡാനിലെ ഹസനുത്തുറാബിയുടെയും അഫ്ഗാനിലെ ഈയടുത്ത ജിഹാദിലെയും പരീക്ഷണങ്ങളില്‍ നിന്നുമുണ്ടായ അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങളെ ക്രിയാത്മകമായി അപഗ്രഥിക്കേണ്ടതുണ്ട്.
ഹസൻ തുറാബി
1989-ലാണ് തുറാബി അധികാരത്തിലെത്തുന്നത്. സാമ്പത്തിക അഭിവൃദ്ധി കൊണ്ട് ലോക ഇസ്‌ലാമിക നവജാഗരണത്തിന് സുഡാന്‍ മാതൃകയാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷെ തന്റെ സ്വപ്നങ്ങളൊന്നും തന്നെ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്നല്ല അദ്ദേഹത്തിന്റെ ഭരണം സുഡാന്റെ നാശത്തിനാണ് വഴിയൊരുക്കിയത്. സുഡാന്‍ തെക്കന്‍ ഭാഗത്തേക്കും വടക്കന്‍ ഭാഗത്തെക്കും ശിഥിലമാക്കപ്പെട്ടു. തെക്കന്‍ ക്രൈസ്തവ രാഷ്ട്രം അതില്‍ നിന്നും വേര്‍പെട്ടു. പടിഞ്ഞാറന്‍ ദാര്‍ഫൂര്‍ സ്റ്റേറ്റ് വേര്‍പെടാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. തുറാബി ഭരണമേറ്റെടുക്കുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശോചനീയമാണ് മത സാംസ്‌കാരിക സാമൂഹിക സാമ്പത്തിക മേഖലകളില്‍ സുഡാന്റെ ഇപ്പോഴത്തെ അവസ്ഥ. ഈയൊരു പതനത്തിന്റെ ഒന്നാമത്തെ ഉത്തരവാദി തുറാബിയാണെന്നതില്‍ സന്ദേഹമില്ല. അദ്ദേഹത്തിന്റെ കൂടെ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പെട്ടവര്‍ക്കാണ് ബാക്കിയുള്ള ചുമതല.
അഫ്ഗാന്‍ ജിഹാദിലെ അനുഭവമാണ് മറ്റൊന്ന്. ഹിക്മത്‌യാര്‍, സയ്യാഫ്, റബ്ബാനി തുടങ്ങിയ പടനായകര്‍ക്ക് പൂര്‍ണ പിന്തുണ മുസ്‌ലിം ഉമ്മത്ത് നല്‍കിയത്. സമ്പത്തിന്റെയോ, ആയുധത്തിന്റെയോ, സൈനികരുടെയോ കാര്യത്തില്‍ യാതൊരു പിശുക്കും കാണിച്ചില്ല. പക്ഷെ എന്തായിരുന്നു ഫലം? അമേരിക്കയുടെയും അവര്‍ക്ക് അനുഭാവമുള്ളവരുടെയും കയ്യിലെ പാവയാവാനുള്ള ദുര്യോഗമാണ് അഫ്ഗാനുണ്ടായത്. സാമ്പത്തികവും സാമൂഹികവുമായ തലങ്ങളില്‍ കനത്ത വിലയാണ് അഫ്ഗാനില്‍ മുസ്‌ലിം ഉമ്മത്തിന് നല്‍കേണ്ടി വന്നത്. നമുക്കിവിടെ ചോദിക്കാനുള്ളത് ഇത്രമാത്രമാണ്. മേല്‍സൂചിപ്പിച്ച രണ്ട് അനുഭവങ്ങളില്‍ നിന്നും ഇഖ്‌വാനിനും സലഫികള്‍ക്കും എന്തെല്ലാം ഗുണപാഠമാണുള്ളത്?
സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലും നാഗരിക നിര്‍മാണത്തിലുമുള്ള സന്നദ്ധതയിലും പരിശ്രമത്തിലുമാണ് യഥാര്‍ത്ഥ മൂല്യം കുടികൊള്ളുന്നത്. അധികാരം നേടിയെടുക്കല്‍ മാത്രമല്ല മഹത്തരമായത്. വിജയത്തിന് ശേഷമുള്ള പരാജയത്തിന് നാം കനത്ത വില നല്‍കേണ്ടി വരും. അത് കൊണ്ടുണ്ടാവുന്ന ദുരന്തങ്ങള്‍ ഈ രണ്ട് പ്രസ്ഥാനങ്ങള്‍ക്ക് മാത്രം പരിമിതമായിരിക്കില്ല.
ശത്രുക്കള്‍ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് അശ്രാന്ത പരിശ്രമം നടത്തുന്നതെന്ന് ഇവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ തങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കല്ല അവര്‍ ശ്രദ്ധ നല്‍കേണ്ടത്. ഒരു ഉമ്മത്തിലെ തന്നെ രണ്ട് വിഭാഗങ്ങളാണ് തങ്ങളെന്ന് അവര്‍ക്ക് ബോധ്യമുണ്ടാവണം. ഒരു കുടുംബത്തിലുണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പോലെ അവയെ മനസ്സിലാക്കാനും പരിഹരിക്കാനും സാധിക്കേണ്ടിയിരിക്കുന്നു.
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഇസ്‌ലാമാണ് ലോകത്ത് ഏറ്റവുമധികം വളര്‍ച്ചയുള്ള മതം - വത്തിക്കാന്‍
ലോകത്ത് ഏറ്റവുമധികം വ്യാപിക്കുന്ന മതം ഇസ്‌ലാമാണെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഏകദേശം ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ക്രിസ്തുമതത്തേക്കാള്‍ മൂന്ന് ദശലക്ഷത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പാശ്ചാത്യന്‍ നാടുകളില്‍ ഇസ്‌ലാമിനെ വളരെ വികൃതമായി ചിത്രീകരിക്കുന്നുവെങ്കില്‍ പോലും വളരെയധികം പാശ്ചാത്യര്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നുവെന്നും വത്തിക്കാന്‍ പരാമര്‍ശിച്ചു. പ്രസ്താവന ഇപ്രകാരമാണ്: 'ലോകത്ത് മുസ്‌ലിങ്ങളുടെ എണ്ണം നൂറ് കോടി മുപ്പത്‌ലക്ഷത്തി ഇരുപത്തിരണ്ടായിരം കവിഞ്ഞിരിക്കുന്നു. ക്രിസ്ത്യാനികളുടെ എണ്ണത്തേക്കാള്‍ മൂന്ന് ദശലക്ഷം കൂടുതലാണിത്.' ലോകജനസംഖ്യയുടെ 19% മുസ്‌ലിങ്ങളും 17.5% ശതമാനം ക്രിസ്ത്യാനികളുമാണെന്നും ജനവാസമുള്ള പ്രദേശങ്ങളിലെല്ലാം ഏറ്റവും അധികം വ്യാപിക്കുന്ന മതം ഇസ്‌ലാമാണെന്നും വത്തിക്കാന്‍ അംഗീകരിക്കുന്നതായി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ക്രിസ്തുമതവിശ്വാസികളും ജൂതന്‍മാരും മറ്റു ഇതരമതവിശ്വാസികളുമായ പാശ്ചാത്യര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുല്യതയില്ലാത്തവിധം ഇസ്‌ലാമികാദര്‍ശത്തെ സ്വീകരിക്കുന്നുവെന്ന് വത്തിക്കാന്‍ സൂചിപ്പിക്കുന്നു. ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും വളരെ വികൃതമായി ചിത്രീകരിക്കുന്ന പദ്ധതികളും ക്രിസ്തുമതത്തിലേക്ക് ആളുകളെ പരിവര്‍ത്തിപ്പിക്കുന്നതിന് കോടികള്‍ ചെലവഴിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇതെന്നത് ശ്രദ്ധേയമാണ്. അതേ സമയം മുസ്‌ലിങ്ങങ്ങള്‍ക്ക് നേരെയുള്ള വിവേചനത്തിനെതിരെ ഇറ്റാലിയന്‍ നഗരങ്ങളില്‍ വളരെയധികം പ്രകടനങ്ങളും റാലികളും നടക്കുന്നുണ്ട്. ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്തു ജീവിക്കുന്നവരായ സാമ്പ് മോഡോ (40 വയസ്) ദുയൂബ് മോര്‍ (54) എന്നീ രണ്ടാളുകള്‍ ചൊവ്വാഴ്ച അക്രമത്തില്‍ ഇരകളായി കൊല്ലപ്പെട്ടതിന് ശേഷം മുസ്‌ലിം വിരുദ്ധതക്കെതിരെയുള്ള പ്രകടനങ്ങള്‍ വളരെ ശക്തമാണ്. യാതൊരു പ്രകോപനവുമില്ലാതെ അവര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. ഏഴായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ഏറ്റവും വലിയ പ്രകടനം നടന്നത് ഫ്‌ളോറന്‍സയിലായിരുന്നു. നഗരത്തിന്റെ കേന്ദ്രമായ സാന്ത മരിയ നോവെല്ല മൈതാനത്തായിരുന്നു അത് നടന്നത്. മിലാന്‍, റോം, ബൊലോഗ്ന, വെറോണ്‍ എന്നിവടങ്ങളിലും പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്.
www.ikhwanonline.com

അമേരിക്കയില്‍ പള്ളികള്‍ വര്‍ദ്ധിക്കുന്നു
2001 സെപ്റ്റംബര്‍ 11 ന് ശേഷം അമേരിക്കയില്‍ പള്ളികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.പള്ളി നിര്‍മ്മാണത്തിനെതിരായ പ്രതിഷേധങ്ങളും അവ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള വാദം നിലനില്‍ക്കെയാണിതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 2000-ല്‍ അവിടെ ഉണ്ടായിരുന്ന പള്ളികളുടെ എണ്ണം 1209 ആയിരുന്നത് ഇപ്പോള്‍ 74% വര്‍ദ്ധിച്ച് 2106 ആയിരിക്കുന്നു വെന്നാണ് വോയ്‌സ് ഓഫ് അമേരിക്കയുടെ വെബ്‌സൈറ്റ് പുറത്ത് വിട്ടിരിക്കുന്ന പഠനം വ്യക്തമാക്കുന്നത്. അമേരിക്കന്‍ സമൂഹത്തോട് ഇടകര്‍ന്ന് അവര്‍ക്കിടയില്‍ ജീവിക്കാനുള്ള സന്നദ്ധത മുസ്‌ലിങ്ങളില്‍ രൂപപ്പെട്ടതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ പുറത്തു വിട്ടപഠനമാണിത് പറയുന്നത്. ഇസ്‌ന പോലുളള വേറെയും സംഘടനകള്‍ ഇത്തരം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
പള്ളികളുടെ എണ്ണം വര്‍ദ്ധിച്ചതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ന്യൂയോര്‍ക് ആണെന്നാണ് പഠനം വെളിവാക്കുന്നത്. ന്യൂയോര്‍കില്‍ 257ഉം കാലിഫോര്‍ണിയയില്‍ 246ഉം ടെക്‌സാസില്‍ 166ഉം ഫ്‌ളോറിഡയില്‍ 118ഉം ഇല്ലിനോയിലും ന്യൂജേഴ്‌സിയിലും 109 വീതം പള്ളികളാണുള്ളത്. പെന്‍സില്‍വാനിയയില്‍ 99ഉം മിഷിഗണില്‍ 77ഉം ജോര്‍ജിയയില്‍ 69ഉം വെര്‍ജീനിയയില്‍ 62ഉം പള്ളികളുണ്ട്.
പള്ളികളില്‍വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിക്കുന്നവരുടെ എണ്ണം 26 ലക്ഷമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയിലെ മുസ്‌ലിം ജനസംഖ്യ 70 ലക്ഷത്തോളമാണെന്നാണ് ചില മുസ്‌ലിം സഘടനാ നേതാക്കള്‍ പറയുന്നത്. മറ്റു കണക്കുകളേക്കാള്‍ കൂടുതലാണിത്. അമേരിക്കയില്‍ ഏറ്റവുമധികം വ്യാപിക്കുന്ന മതം ഇസ്‌ലാമാണെന്നാണ് ഹാര്‍ഡ്‌ഫോര്‍ഡ് ഇന്‍സ്റ്റിട്യൂട്ടിലെ ഡേവിഡ് റോസന്‍ വ്യക്തമാക്കിയത്.
www.islammemo.cc
ഇസ്‌ലാമിലെ കച്ചവട മര്യാദകള്‍
ആധുനിക കാലത്ത് മതപരമായ മൂല്യങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഐഹിക പ്രമത്തതയും സമ്പത്തിനോടുള്ള താല്‍പര്യവുമാണ് ദീനില്‍ നിന്നുമവരെ അകറ്റിയത്. സമ്പത്തിനോടുള്ള അതിയായ താല്‍പര്യം വഞ്ചനയിലേക്കും പൂഴ്ത്തിവെപ്പിലേക്കും വ്യാജമായ മറ്റു പ്രവര്‍ത്തനങ്ങളിലേക്കുമാണവരെ എത്തിച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരും അംഗീകരിക്കുകയില്ലെങ്കിലും ഇവര്‍ കച്ചവട രംഗത്ത് സൃഷ്ടിക്കുന്ന അപകടകരമായ മല്‍സര പ്രവണതകള്‍ മറ്റു കച്ചവടക്കാരില്‍ വലിയ പ്രത്യാഘാതങ്ങള്‍ തീര്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ അല്ലാഹു കച്ചവട വിനിമയ രാഗത്ത് പാലിക്കേണ്ട മര്യാദകള്‍ വ്യക്തമായി നിര്‍ണയിച്ചിട്ടുണ്ട്. അതില്‍ ചിലത് കല്‍പന രൂപത്തില്‍ വന്നിട്ടുള്ളവയാണ്.
സത്യസന്ധത പുലര്‍ത്തുക:
വില്‍പന, വാങ്ങല്‍, മറ്റു ഇടപാടുകള്‍ എന്നിവയിലെല്ലാം സത്യസന്ധത കൈക്കൊള്ളല്‍ വളരെ അനിവാര്യമാണ്. രിഫാഅ ബിന്‍ റാഫിഉല്‍ അന്‍സാരി(റ)യില്‍ നിന്ന് നിവേദനം:അദ്ദേഹം പ്രവാചകന്റെ കൂടെ ബഖീഇലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ അവിടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: അല്ലയോ കച്ചവടക്കാരേ ! തീര്‍ച്ചയായും സത്യസന്ധതയും മൂല്യവും പുലര്‍ത്താത്ത കച്ചവടക്കാര്‍ അധര്‍മകാരികളായിട്ടായിരിക്കും അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കുക'(തിര്‍മുദി)
ഇടപാടുകാരോട് സത്യസന്ധത പുലര്‍ത്തുകയും ഇടപാടുകളില്‍ നന്മ വെച്ചുപുലര്‍ത്തുക എന്നതുമാണ് നാഥന്റെ കല്‍പന. പ്രവാചകന്‍(സ) ഇടപാടുകളില്‍ സത്യസന്ധതക്ക് പ്രേരണ നല്‍കുകയുണ്ടായി. ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം:നബി(സ) പറഞ്ഞു: തീര്‍ച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കും, നന്മ സ്വര്‍ഗത്തിലേക്ക് എത്തിക്കും. ഒരാള്‍ സത്യസന്ധത നിരന്തരമായി പുലര്‍ത്തുകയും അവസാനം സത്യസന്ധനായി അറിയപ്പെടുകയും ചെയ്യും. തീര്‍ച്ചയായും കളവ് അധര്‍മത്തിലേക്ക് നയിക്കും. അധര്‍മം നരകത്തിലേക്ക് എത്തിക്കും. ഒരാള്‍ നിരന്തരമായി കളളത്തരത്തിലേര്‍പ്പെടുകയും ഒടുവില്‍ അല്ലാഹുവിങ്കല്‍ കള്ളനായിട്ട് അയാള്‍ രേഖപ്പെടുത്തുകയും ചെയ്യും.(ബുഖാരി)
വഞ്ചനയും മായവും ഇല്ലാതിരിക്കുക:
തന്റെ ഇടപാടുകാരോട് ഇടപാടുകളില്‍ വഞ്ചനയും മായവും ചേര്‍ക്കാതിരിക്കുക എന്നത് കച്ചവടത്തിന്റെ മര്യാദകളില്‍ പെട്ടതാണ്. അബൂ ഹുറൈറ(റ)വില്‍ നിന്ന് നിവേദനം:പ്രവാചകന്‍(സ) ഭക്ഷണക്കൂമ്പാരത്തിന്റെ അടുത്തു കൂടി നടക്കുകയായിരുന്നു. തന്റെ കൈ കൂമ്പാരത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ നനവ് അനുഭവപ്പെട്ടു. കച്ചവടക്കാരനോട് ഇതെന്താ എന്ന് ചോദിച്ചു, മഴപെയ്ത് നനഞ്ഞതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബി(സ) ചോദിച്ചു:ജനങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ആ ഭാഗം മുകളിലാക്കരുതോ! വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.(മുസ്‌ലിം) മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പര്യാപ്തമായതാണ് എന്ന രീതിയില്‍ മറച്ചുവെച്ചത് വഞ്ചനയാണ്, അത് അവരുടെ ആരോഗ്യത്തിന് ദോഷവും ധനത്തിന് നഷ്ടം വരുത്തിത്തീര്‍ക്കുന്നതുമായതിനാല്‍ അല്ലാഹു നിരോധിച്ചിരിക്കുന്നു.
സുതാര്യത:
വില്‍ക്കുന്ന വസ്തുവിനെ കുറിച്ച് വ്യക്തത നല്‍കേണ്ടതുണ്ട്. ന്യൂനതകള്‍ മറച്ചുവെക്കാന്‍ പാടില്ല. ഉഖ്ബതു ബിന്‍ ആമിര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു:ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. തന്റെ സഹോദരന് ന്യൂനതയുള്ള സാധനങ്ങള്‍ വ്യക്തമാക്കിക്കൊടുക്കാതെ കച്ചവടം ചെയ്യല്‍ അനുവദനീയമല്ല.(ഇബ്‌നു മാജ) അബീ സിബാഇല്‍ പറഞ്ഞു: ഞാന്‍ വാഇലതു ബിന്‍ അസ്ഖഇന്റെ വീട്ടില്‍ നിന്നും ഒരു ഒട്ടകം വാങ്ങി. ഞാനതു കൊണ്ടു പുറപ്പെട്ടപ്പോള്‍ നീ അതു വാങ്ങിയതാണോ എന്നൊരാള്‍ ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ അതെന്തിനുള്ളതാണെന്ന് നിനക്കറിയാമോ എന്നു ചോദിച്ചു. അയാള്‍ പറഞ്ഞു. ഇത് നല്ല തടിയുള്ള ഒട്ടകമാണെന്ന് മാത്രം എനിക്കറിയാം. താങ്കള്‍ യാത്രയാണോ മാംസമാണോ ഉദ്ദേശിച്ചതെന്ന് ചോദിച്ചപ്പോള്‍ യാത്രയാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് പറഞ്ഞു. എന്നാല്‍ ഇത് ഉടമക്കു തിരിച്ചു കൊടുക്കുക എന്ന് പറഞ്ഞു. അതിന്റെ ഉടമയോട് പറഞ്ഞു. ഞാന്‍ ഇതുപോലത്തെ ഒന്നല്ല ഉദ്ദേശിച്ചത്. നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. എന്തെങ്കിലും വില്‍പന നടത്തുമ്പോള്‍ അത് എന്തിനാണെന്ന് വ്യക്തമാക്കാതെ വില്‍പന നടത്തല്‍ അനുവദനീയമല്ല. അത് എന്തിനാണെന്ന് അറിഞ്ഞവന്‍ അത് വ്യക്തമാക്കുകയും വേണം.(സഹീഹുത്തര്‍ഗീബ്)
ഇടപാടുകളില്‍ വഞ്ചന കാണിക്കുക:
പട്ടണവാസി ഗ്രാമീണവാസിയില്‍ നിന്ന് ചുരുങ്ങിയ വിലക്ക് വാങ്ങി വില്‍ക്കുന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. ജാബിര്‍(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഗ്രാമീണവാസിയില്‍ നിന്നും പട്ടണവാസി കച്ചവടം നടത്തരുത്. അല്ലാഹുവിന്റെ വിഭവവുമായിട്ട് ജനങ്ങളെ വിട്ടേക്കുക. നിങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവരാണ് (ഇബ്‌നുമാജ). ഇത്തരം കച്ചവടത്തിലൂടെ ഗ്രാമീണവാസിക്കര്‍ഹമായ മാര്‍ക്കറ്റ് വില ലഭിക്കുന്നതില്‍ നിന്ന് തടയപ്പെടുന്ന രീതിയിലുള്ള വഞ്ചനയുണ്ടാകുന്ന കാരണത്താലാണ് ഇത് നിരോധിച്ചത്. ഇബ്‌നു അബ്ബാസ്(റ)വിനോട് പ്രസ്തുത ഹദീസിനെ പറ്റി ചോദിച്ചപ്പോള്‍ പട്ടണവാസി ഗ്രാമീണവാസിയുടെ ഇടനിലക്കാരനാകരുത്. അപ്രകാരം ചരക്ക് പട്ടണത്തിലെത്തുന്നതിന് മുമ്പ് വഴിയില്‍ വെച്ച് വില്‍ക്കുന്നതിന്റെയും വിധി തഥൈവ. അബൂ ഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. നിങ്ങള്‍ മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ വെച്ച് കച്ചവടം ചെയ്യരുത്. അപ്രകാരം കച്ചവടം ചെയ്യുന്നത് മാര്‍ക്കറ്റിലെ മുതലാളി കണ്ടാല്‍ അയാള്‍ക്ക് ആ കച്ചവടം ദുര്‍ബലപ്പെടുത്താനുള്ള അവകാശമുണ്ട്. (മുസ്‌ലിം). ഇതിലെ നിരോധം രണ്ടു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അജ്ഞത ചൂഷണം ചെയ്യുന്നതിലെ നിരോധമാണ് ഇതില്‍ ഒന്നാമത്തേത്. ജനങ്ങളുടെ ആവശ്യങ്ങള്‍ തടഞ്ഞു നിര്‍ത്തി ഉയര്‍ന്ന വിലക്ക് വില്‍ക്കുന്ന ചൂഷണമടങ്ങിയതാണ് രണ്ടാമത്തെ രീതി.
ജനങ്ങള്‍ക്കാവശ്യമുള്ള ചരക്കുകള്‍ പൂഴ്ത്തിവെക്കാതിരിക്കുക:
ജനങ്ങള്‍ക്ക് അത്യാവശ്യമായ വസ്തുക്കള്‍ പൂഴ്ത്തിവെച്ച് ജനങ്ങള്‍ക്ക് ഞെരുക്കവും പ്രയാസവും വരുത്തിത്തീര്‍ക്കുന്നത് ഇസ്‌ലാം നിരോധിച്ചു. മുഅമ്മര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫുദാലയില്‍ നിന്ന് നിവേദനം. നബി(സ) പറയുന്നത് ഞാന്‍ കേട്ടു. കുറ്റവാളിയല്ലാതെ പൂഴ്ത്തിവെക്കുകയില്ല(മുസ്‌ലിം). ഉമര്‍(റ) വില്‍ നിന്ന് നിവേദനം; നബി(സ) പറഞ്ഞു. മുസ്‌ലിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് വല്ലതും പൂഴ്ത്തിവെക്കുകയാണെങ്കില്‍ അല്ലാഹു അവന്റെ മേല്‍ ദാരിദ്ര്യവും കുഷ്ടവും ഇറക്കുന്നതാണ്(തര്‍ഗീബ് വ തര്‍ഹീബ്). അബ്ദുല്ലാഹി ബിന്‍ ഉമര്‍(റ)വില്‍ നിന്ന് നിവേദനം. ആരെങ്കിലും നാല്‍പത് രാവുകള്‍ ഭക്ഷണം പൂഴ്ത്തിവെക്കുകയാണെങ്കില്‍ അല്ലാഹു അവനില്‍ നിന്നും, അവന്‍ അല്ലാഹുവില്‍ നിന്നും ഒഴിവായിരിക്കുന്നു. വല്ലവരും ഇതുമൂലം വിശന്നുവലയുകയാണെങ്കില്‍ അല്ലാഹു അവരില്‍ നിന്നും ഒഴിവായിരിക്കുന്നു.(തര്‍ഗീബ് വ തര്‍ഹീബ്) മനുഷ്യരുടെയും ജീവജാലങ്ങളുടെയും വിഭവങ്ങള്‍ പൂഴ്ത്തിവെക്കുന്നത് ഹറാമാണെന്നാണ് ഭൂരിപക്ഷം കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം. മാലിക്കികളുടെ അഭിപ്രായത്തില്‍ ജനങ്ങള്‍ക്കാവശ്യമായ എല്ലാ വസ്തുക്കളും പൂഴ്ത്തിവെക്കുന്നത് നിഷിദ്ധമാണ്. ഈ പൂഴ്ത്തിവെപ്പില്‍ കെട്ടിടോപകരണങ്ങള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഉപഭോഗവസ്തുക്കള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്.
ചരക്ക് വിറ്റൊഴിക്കുന്നതിന് കള്ളസത്യം ചെയ്യാതിരിക്കുക:
അബൂദര്‍റ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അവരോട് അന്ത്യനാളില്‍ സംസാരിക്കുകയില്ല, കാരുണ്യത്തോടെ അവരിലേക്ക് തിരിഞ്ഞുനോക്കില്ല, സംസ്‌കരിക്കുകയുമില്ല. അത്തരക്കാര്‍ക്ക് കടുത്ത ശിക്ഷയുണ്ട്. പരാജിതരും നഷ്ടകാരികളുമായ ആ വിഭാഗം ആരാണെന്ന് പ്രവാചകനോട് ഞാന്‍ ചോദിച്ചു. നബി(സ) പറഞ്ഞു. വസ്ത്രം താഴ്ത്തിയിടുന്നവന്‍, ഉപകാരങ്ങള്‍ എടുത്തുപറയുന്നവന്‍, വ്യാജസത്യം ചെയ്തു ചരക്ക് വിറ്റഴിക്കുന്നവന്‍(ഇബ്‌നുമാജ). അപ്രകാരം തന്നെ അന്യരുടെ ധനം അന്യായമായി എടുക്കുന്നതും വിരോധിച്ചിരിക്കുന്നു. ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം. നബി(സ)പറഞ്ഞു. ആരെങ്കിലും സത്യം ചെയ്യുകയും മറ്റൊരു മുസ്‌ലിമിന്റെ ധനം അപഹരിക്കാന്‍ വേണ്ടി അതില്‍ അധര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അല്ലാഹു കോപിഷ്ടനായാണ് അവനെ കണ്ടുമുട്ടുക.(ബുഖാരി)
ഐഹികതയില്‍ നിന്ന് ജാഗ്രത പുലര്‍ത്തുക:
കച്ചവടക്കാരന്റെ കയ്യിലില്ലാത്തത് അവന്റെ ഉടമയിലില്ലാത്തതാണ്. തന്റെ ഉടമയിലില്ലാത്തത് വില്‍ക്കല്‍ ഒരാള്‍ക്ക് അനുവദനീയമല്ല. യൂസുഫ് ബിന്‍ ഹകീമില്‍ നിന്ന് നിവേദനം. ഹകീം ബിന്‍ ഹുസാം ചോദിച്ചു. ഒരാള്‍ എന്റെയടുത്ത് വന്നു എന്റെ കൈവശമില്ലാത്തത് വില്‍പന നടത്താന്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ ഞാന്‍ അവന് വേണ്ടി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി നല്‍കാമോ! നബി(സ) പറഞ്ഞു. നിന്റെ അടുത്തില്ലാത്തത് നീ വില്‍ക്കരുത്. (അബൂദാവൂദ്). വില്‍പനക്കാരന് തന്റെ ഉടമയിലില്ലാത്തത് വില്‍പന നടത്തല്‍ നിഷിദ്ധമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
പലിശയില്‍ നിന്ന് ജാഗ്രത പാലിക്കുക;
പലിശ ഇടപാടുകള്‍ ഹറാമാണെന്നതിനെ കുറിക്കുന്ന നിരവധി തെളിവുകള്‍ ഖുര്‍ആനിലും ഹദീസിലും കാണാം. അല്ലാഹു പറഞ്ഞു;വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! 'നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും. ആരുടെയും ദ്രോഹത്തിനിരയാകാതെയും.'(അല്‍ ബഖറ.278-279) .'അല്ലാഹു കച്ചവടം അനുവദിച്ചിരിക്കുന്നു. പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു.'(അല്‍ബഖറ;275).
മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നതില്‍ നിന്ന് അകന്നു നില്‍ക്കുക:
കച്ചവടക്കാരന് മറ്റുള്ളവര്‍ക്ക് ഉപദ്രവം വരുത്തുക എന്ന ലക്ഷ്യത്തോടെ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലക്ക് കച്ചവടം ചെയ്യല്‍ അനുവദനീയമല്ല. ഉമര്‍(റ) മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് ഉപദ്രവം വരുത്തുന്നതില്‍ നിന്നും കച്ചവടക്കാരെ വിരോധിച്ചിരുന്നു. മറ്റുള്ളവര്‍ വില്‍ക്കുന്നതില്‍ നിന്നും കുറഞ്ഞ വിലക്ക് ചരക്ക് വില്‍ക്കുന്നതിലൂടെയുള്ള ഉപദ്രവമാണ് ഇതു കൊണ്ടര്‍ത്ഥമാക്കുന്നത്. സഈദു ബിന്‍ മുസയ്യബില്‍നിന്ന് ഉദ്ധരിക്കുന്നു. മാര്‍ക്കറ്റില്‍ ഉണങ്ങിയ മുന്തിരി വില്‍ക്കുന്ന ഹാത്വിബ് ബിന്‍ അബീ ബല്‍ത്വഅയുടെ അടുത്ത് കൂടെ നടന്നു. ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു. ഒന്നുകില്‍ നിനക്ക് വില അല്‍പം കൂട്ടാം, അല്ലെങ്കില്‍ ഇവിടെ നിന്നും കച്ചവടം മാറ്റാം.(ബൈഹഖി). ഇവിടെ കമ്പോള നിലവാര വ്യവസ്ഥയില്‍ ഇടര്‍ച്ച വരാതിരിക്കാനാണ് ഹാത്വിബ് ബിന്‍ അബീ ബല്‍ത്വഅയോട് ഇപ്രകാരം ചെയ്യാന്‍ ആവശ്യപ്പെട്ടത്.
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്


മുസ്‌ലിം സമൂഹത്തിന്റെ പൊതുബോധം
ഡോ. യൂസുഫുൽ ഖറദാവി
ചിന്തകളിലും ധാരണകളിലും വ്യതിരിക്തമായതു പോലെ മുസ്‌ലിം സമൂഹം അവരുടെ മനോഭാവങ്ങളാലും വികാരങ്ങളാലും വേറിട്ടുനില്‍ക്കുന്നവരാണ്.വര്‍ഗ്ഗവിദ്വേഷം ചില സമൂഹങ്ങളെ നയിക്കുമ്പോള്‍ മറ്റു ചില സമൂഹങ്ങളെ വര്‍ണ്ണവിവേചനവും ദേശീയതയുമാണ് നയിക്കുന്നത്. സൗഹൃദവും ശത്രുതയും പ്രകടിപ്പിക്കുന്നതിലും സമൂഹങ്ങള്‍ക്കിടയില്‍ ഈ ഏറ്റവിത്യാസം പ്രകടമാണ്. സ്‌നേഹം, കോപം, പക, ഇഷ്ടം തുടങ്ങിയ വികാരങ്ങളിലും ഈ വ്യത്യാസം കാണാവുന്നതാണ്. മുസ്‌ലിം സമൂഹത്തിന്റെ പ്രതിബദ്ധത ഇസ്‌ലാമിനോടും അതിന്റെ സഹായികളോടുമാണ്. ശത്രുത ഇസ്‌ലാമിന്റെ ശത്രുക്കളോടും അവരുടെ സഖ്യകക്ഷികളോടും. അല്ലാഹുവിനെയും അവന്റെ ദൂതനെയും മിത്രങ്ങളായി സ്വീകരിക്കുന്നവര്‍ക്ക് അവന്റെ ശത്രുക്കളെ മിത്രങ്ങളായി കാണാനാവില്ല.
പരസ്പര സ്‌നേഹവും സാഹോദര്യവും കൊണ്ടാണ് ഇസ്‌ലാമിക സമൂഹം വ്യതിരിക്തമാവുന്നത്. ലോകത്തിന്റെ ഏതു കോണിലുള്ള മുസ്‌ലിമിനെയും ദേശ-ഭാഷാ-വര്‍ഗ വിത്യാസമില്ലാതെ കാണാന്‍ മറ്റൊരു മുസ്‌ലിമിന് സാധിക്കും. വിശ്വാസം എന്ന അനുഗ്രഹത്തോട് അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ള അനുഗ്രഹമാണ് ഈ സാഹോദര്യം. 'അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു.' (ആലുഇംറാന്‍:103) മറ്റൊരിടത്ത് നബി(സ)യെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു: 'സത്യവിശ്വാസികളുടെ മനസ്സുകള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കിയതും അവനാണ്. ഭൂമിയിലുള്ളതൊക്കെ ചെലവഴിച്ചാലും അവരുടെ മനസ്സുകളെ കൂട്ടിയിണക്കാന്‍ നിനക്കു കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മിലിണക്കിച്ചേര്‍ത്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനും തന്നെ.' (അല്‍ അന്‍ഫാല്‍:63)
ഇസ്‌ലാമിക സമൂഹത്തില്‍ ജാതി വിത്യാസങ്ങള്‍ക്കോ വര്‍ണ്ണവിവേചനങ്ങള്‍ക്കോ സാധ്യതയില്ല. ചിലദേശക്കാര്‍ക്ക് മറ്റു ചിലദേശക്കാരെക്കാള്‍ ശ്രേഷ്ഠതയോ നികൃഷ്ടതയോ ഇല്ല. വിവിധ വര്‍ണ്ണക്കാരെയും ദേശക്കാരെയും നിറക്കാരെയും ചേര്‍ത്തുവെച്ചിരുന്ന ഇടമായിരുന്നു മദീനയിലെ നബി(സ)യുടെ പള്ളി. സാഹോദര്യമല്ലാത്ത ഒരു വികാരവും അവര്‍ക്കിടയിലുണ്ടായിരുന്നില്ല. പേര്‍ഷ്യക്കാരായ സൂഹൈബും സല്‍മാനും അബ്‌സീനിയക്കാരനായ ബിലാലും അവര്‍ക്കിടയിലുണ്ടായിരുന്നു. അബ്ദുറഹ്മാനു ബിന്‍ ഔഫിനെയും ഉസ്മാനുബിന്‍ അഫ്ഫാനെയും പോലെുള്ള ധനികരും അമ്മാറിനെയും അബൂദര്‍റിനെയും പോലുള്ള ദരിദ്രരും ആ സദസിലുണ്ടായിരുന്നു. നഗരവാസികളും ഗ്രാമീണരും അക്ഷരമറിയുന്നവനും അറിയാത്തവനും കറുത്തവനും വെളുത്തവനുമെല്ലാം അവിടെ ഉണ്ടായിരുന്നു. അവരെല്ലാം ഖുര്‍ആന്റെ കൊടിക്കീഴില്‍ അണിനിരന്ന ഇസ്‌ലാമിലെ സഹോദരന്‍മാരായിരുന്നു.
പ്രസ്തുത സാഹോദര്യം ഇസ്‌ലാമിന്റെ ഉപഘടകമല്ല. അല്ലാഹുവിന്റെ ഏകത്വവും മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വവും പോലെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണത്. ഈമാനിന്റെ തേട്ടമാണതെന്ന് അല്ലാഹു തന്നെ പറയുന്നു: 'സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക.' (അല്‍ ഹുജുറാത്: 10) എല്ലാ നമസ്‌കാരാനന്തരവും നബി(സ) പ്രാര്‍ഥിച്ചിരുന്ന ഒരു പ്രാര്‍ത്ഥന ഇമാം അഹ്മദും അബൂദാവൂദും ഉദ്ദരിക്കുന്നു: 'ഞങ്ങളുടെയും എല്ലാ വസ്തുക്കളുടെയും നാഥനും ഉടമസ്ഥനുമായ അല്ലാഹുവേ, നീ ഏകനും പങ്കുകാരില്ലാത്തവനുമാണെന്നതിന് ഞാന്‍ സാക്ഷിയാണ്. ഞങ്ങളുടെയും എല്ലാ വസ്തുക്കളുടെയും നാഥനും ഉടമസഥനുമായ അല്ലാഹുവേ, മുഹമ്മദ് നിന്റെ അടിമയും ദൂതനുമാണെന്നതിന് ഞാന്‍ സാക്ഷിയാണ്. ഞങ്ങളുടെയും എല്ലാ വസ്തുക്കളുടെയും നാഥനും ഉടമസ്ഥനുമായ അല്ലാഹുവേ, എല്ലാ അടിമകളും സഹോദരന്‍മാരാണെന്നതിന് ഞാന്‍ സാക്ഷിയാണ്.' എല്ലാ അടിമകളും സഹോദരന്‍മാരാണെന്ന, പ്രത്യേകിച്ചും മുസ്‌ലിംകള്‍ പരസ്പരം സഹോദരന്‍മാരെന്ന് കുറിക്കുന്നതാണ് ഇസ്‌ലാമിന്റെ സാഹോദര്യം.
വിശ്വാസം സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള നിബന്ധനയാണ്. സ്‌നേഹവും സാഹോദര്യവും ആ വിശ്വാസത്തിന്റെ നിബന്ധനയാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. 'എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, വിശ്വാസികളാവുന്നത് വരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നത് വരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല'
'തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരന് ഇഷ്ടപ്പെടുന്നത് വരെ നിങ്ങളാരും വിശ്വാസികളാവുകയില്ല' മറ്റൊരു ഹദീസില്‍ ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബന്ധം സഹോദരബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് സാഹോദര്യം മാത്രമാണ്. വംശീയതയെ അതിന്റെ എല്ലാ തലങ്ങളിലും എതിര്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. ഗോത്രത്തിന്റെയോ വര്‍ഗത്തിന്റെയോ നിറത്തിന്റേയോ ദേശത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഒരു പക്ഷപാതിത്വവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. നബി(സ) പറഞ്ഞു: 'വംശീയതയിലേക്ക് ക്ഷണിക്കുന്നവനും അതിനായി പോരാടുന്നവനും അതിനായി മരിക്കുന്നവനും നമ്മില്‍ പെട്ടവനല്ല'. വളരെ പ്രസിദ്ധമായ ഒരു ഹദീസിലൂടെ മുസ്‌ലിംകള്‍ പരസ്പരമുള്ള സ്‌നേഹത്തെയും സാഹോദര്യത്തെയും നബി(സ) ചിത്രീകരിച്ചിട്ടുണ്ട്. 'പരസ്പര സ്‌നേഹത്തിലും അനുകമ്പയിലും കാരുണ്യത്തിലും ഒരു ശരീരം പോലെയാണ് മുസ്‌ലിങ്ങള്‍. ഒരവയവയവത്തിന് വല്ല പ്രയാസവും വന്നാല്‍ പനിച്ചും ഉറക്കമിളച്ചും മുഴുവന്‍ ശരീരവും അതിനോട് താദാത്മ്യം പ്രകടിപ്പിക്കുന്നു'. സ്വന്തത്തിന് വേണ്ടി ജീവിക്കുന്ന, മറ്റുള്ളവരുടെ വേദനകളിലും ദുഖങ്ങളിലും പങ്ക് ചേരാത്ത വ്യക്തകള്‍ ഇസ്‌ലാമിക സമൂഹത്തിന് അന്യമാണ്. ശക്തന്‍ ദുര്‍ബലരോട് അന്യായം പ്രവര്‍ത്തിക്കുകയും, ധനികന്‍ ദരിദ്രരോട് അനുകമ്പ കാണിക്കാതിരിക്കുകയും ചെയ്യുന്ന സമൂഹത്തെയും മുസ്‌ലിം സമൂഹമെന്നു പറയാനാവില്ല.
വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി

സൂഫിസത്തിന്റെ യാഥാര്‍ത്ഥ്യം
ഡോ. യൂസുഫുൽ ഖറദാവി
സൂഫിസം എന്നത് എല്ലാ മതദര്‍ശനങ്ങളിലും വിവിധരൂപങ്ങളില്‍ നിലനില്‍ക്കുന്ന ഒരു ആശയമാണ്. ആത്മീയതയിലേക്ക് ആണ്ടിറങ്ങുകയും അതിന് കൂടുതല്‍ പ്രാധാന്യം നല്‍കലുമാണത്. അക്കാര്യത്തില്‍ ചില മതങ്ങള്‍ മറ്റുള്ളവയുമായി ഏറ്റക്കുറച്ചിലുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ആത്മീയ വശത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ആത്മീയമായ ഔന്നിത്യം പ്രാപിക്കുന്നതിന് ശരീരത്തെ പീഢിപ്പിക്കുകയും ചെയ്യുന്ന ധാരാളം ജനങ്ങളുണ്ട്. ക്രിസ്ത്യാനിസത്തിലെ പൗരോഹിത്യത്തിലും നമുക്കിത് കാണാവുന്നത്. ഇത്തരത്തിലുള്ള വിവിധ വിഭാഗങ്ങള്‍ എല്ലാ സമൂഹങ്ങളിലും ദര്‍ശിക്കാം.
ജീവിതത്തില്‍ ആത്മീയ തലത്തിലും ബൗദ്ധിക-ഭൗതികതലങ്ങളിലുമെല്ലാമുള്ള സന്തുലനമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഇസ്‌ലാമിന്റെ കാഴ്ച്ചപാടിലെ മനുഷ്യന്‍ ശരീരവും മനസ്സും ബുദ്ധിയും കൂടിച്ചേര്‍ന്നവനാണ്. അവ ഓരോന്നിനോടുമുള്ള ബാധ്യതകള്‍ ഒരു മുസ്‌ലിം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പ്രവാചകാനുചരര്‍ അവയില്‍ ചിലതില്‍ അതിരുവിട്ടപ്പോള്‍ നബി(സ) അവരെ ആക്ഷേപിച്ചിട്ടുണ്ട്. അബ്ദുല്ലാഹ് ബിന്‍ അംറ് ബിന്‍ ആസ്വിന്റെ സംഭവം ഇതിനുദാഹരണമാണ്. അദ്ദേഹം എന്നും നോമ്പെടുക്കുകയും രാത്രിമുഴുവന്‍ നമസ്‌കരിക്കുകയും കുടുംബജീവിതം ഉപേക്ഷിക്കുകയും ചെയ്തു. അപ്പോള്‍ നബിതിരുമേനി അദ്ദേഹത്തോട് പറഞ്ഞു: 'സ്വന്തത്തോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ കുടുംബത്തോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ ഭാര്യയോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ ശരീരത്തോടും നിനക്ക് ബാധ്യതയുണ്ട്. അവരോടുള്ള ഉത്തരവാദിത്തങ്ങള്‍ നീ നിര്‍വ്വഹിക്കണം.'
നബി(സ)യുടെ ആരാധനാ കാര്യങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രവാചക പത്‌നിമാരുടെ അടുത്തെത്തിയ മൂന്ന് പേരുടെ കഥ സുവിദിതമാണല്ലോ. അതെല്ലാം അന്വേഷിച്ച അവര്‍ പരസ്പരം പറഞ്ഞു: നമ്മളും നബി(സ)യും എവിടെയാണ് നില്‍ക്കുന്നത്. അദ്ദേഹത്തിന് കഴിഞ്ഞതും വരാനിരിക്കുന്നതുമായ മുഴുവന്‍ പാപങ്ങളും പൊറുത്തു കൊടുക്കപ്പെട്ടിരിക്കുന്നു. അവരില്‍ ഒരാള്‍ പറഞ്ഞു: 'ഞാന്‍ ഇനിമുതല്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിക്കും' രണ്ടാമത്തെയാള്‍ പറഞ്ഞു: 'ഞാന്‍ ഇനി രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിക്കും, ഉറങ്ങുകയേയില്ല.' മൂന്നാമത്തെയാള്‍ പറഞ്ഞു: 'ഞാന്‍ വിവാഹം കഴിക്കുകയില്ല.' നബി(സ) ഇതറിഞ്ഞപ്പോള്‍ അവരോട് പറഞ്ഞു: 'നിങ്ങളില്‍ അല്ലാഹുവിനെ ഏറ്റവും നന്നായി അറിയുന്നവനും ഏറ്റവും സൂക്ഷ്മത പാലിക്കുന്നവനും ഞാനാണ്. എന്നാല്‍ ഞാന്‍ നമസ്‌കരിക്കാറുണ്ട് ഉറങ്ങാറുമുണ്ട്. നോമ്പെടുക്കാറുണ്ട് എടുക്കാതിരിക്കാറുമുണ്ട്. സ്ത്രീകളെ വിവാഹവും ചെയ്തിട്ടുണ്ട്. എന്റെ ചര്യ പിന്‍പറ്റാത്തവന്‍ എന്നില്‍ പെട്ടവനല്ല.'
ജീവിതത്തിന്റെ എല്ലാ മേഖലകള്‍ക്കും തുല്യ പരിഗണനല്‍കി സന്തുലിതത്വം നിലനിര്‍ത്തുകയാണ് ഇസ്‌ലാം. എന്നാല്‍ ആത്മീയവും ബുദ്ധിപരവുമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ടാണ് സൂഫിസം രൂപപ്പെട്ടത്.
സമ്പത്തിലും ജീവിത സൗകര്യങ്ങളിലും ഉണ്ടായ പുരോഗതി ഒരു വിഭാഗം ആളുകളെ ആഢംബരത്തിലേക്ക് നയിച്ചു. ഭൗതിക ഭ്രമം വര്‍ദ്ധിക്കുന്നതിന് അത് കാരണമാവുകയും ചെയ്തു. അതേസമയം ബുദ്ധിപരമായ മേഖലയിലും തീവ്രത ഉടലെടുത്തു. 'ഈമാന്‍' എന്നത് തത്വ-ദൈവ-തര്‍ക്കശാസ്ത്രങ്ങളുടെ പര്യായമായി മാറി. മനുഷ്യന്റെ ആത്മീയദാഹം അവസാനിക്കാത്തതാണ്. 'ഫിഖ്ഹ്' ദീനിന്റെ ബാഹ്യരൂപവും പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടുള്ള പ്രവര്‍ത്തനവുമായി മാറി. ഹൃദയത്തില്‍ സ്വാധീനം ചെലുത്താത്ത ചൈതന്യം നഷ്ടപ്പെട്ടവയായി ആരാധനാ കര്‍മ്മങ്ങള്‍. ദൈവശാസ്ത്ര കാരന്‍മാര്‍ക്കും കര്‍മ്മശാസ്ത്രകാരന്‍മാര്‍ക്കും നികത്താനാവാത്ത പ്രസ്തുത വിടവു നികത്തുന്നതിനാണ് സൂഫികള്‍ പ്രത്യക്ഷപ്പെട്ടത്. ജനങ്ങളില്‍ അധികപേരും ആത്മീയതക്കായി ദാഹിച്ചു. ബാഹ്യ വിശുദ്ധിയേക്കാള്‍ ആന്തരിക വിശുദ്ധിക്ക് പ്രാധാന്യവും മനസ്സിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയും നല്‍കിയ സൂഫികള്‍ക്ക് മാത്രമേ അവരുടെ ദാഹം ശമിപ്പിക്കാന്‍ സാധിച്ചുള്ളൂ. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ അവര്‍ ആത്മീയവും സ്വഭാവപരവുമായ ശിക്ഷണങ്ങളില്‍ വ്യാപൃതരായി. അവരുടെ എല്ലാ ചിന്തയും പ്രാധാന്യവും പ്രവര്‍ത്തനവും അതിനായി ചെലവഴിച്ചു.
ഖുര്‍ആനെയും പ്രവാചകചര്യയെയും മുറുകെ പിടിക്കുന്നവരായിരുന്നു ആദ്യകാല സൂഫികള്‍. ശരീഅത്ത് വിധികള്‍ പാലിക്കുന്നവരും ചിന്തയെയും സ്വഭാവത്തെയും ബാധിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അകറ്റി നിര്‍ത്തിയവരുമായിരുന്നു അവര്‍. സൂഫികള്‍ മുഖാന്തരം ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നു. അനേകം കുറ്റവാളികള്‍ അവര്‍കാരണം പശ്ചാത്തപിച്ചു മടങ്ങി. അവര്‍ ധാരാളം വിജ്ഞാനങ്ങളും ആത്മീയാനുഭവങ്ങളും ഉണ്ടാക്കിയെടുത്തുവെന്നതും ആര്‍ക്കും നിഷേധിക്കാനാവില്ല.
ചില ആളുകള്‍ ഇതില്‍ അതിരുകവിയുകയും നേരായമാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും തുടങ്ങി. അവരില്‍ അനിസ്‌ലാമികമായ ചിന്തകളും ഉടലെടുത്തു. ചിലര്‍ ഹദീസ് നിവേദകരെ വരെ ആക്ഷേപിക്കുന്നതായി കാണാം. ഇന്നയിന്ന വ്യക്തിയില്‍ നിന്ന് നിവേദനം ചെയ്യുന്നു എന്നതിന് പകരം അവര്‍ പറയുന്നത് എന്റെ നാഥനില്‍ നിന്ന് എന്റെ ഹൃദയം പറയുന്നു എന്നായിരിക്കും. അല്ലെങ്കില്‍ മൃതിയടഞ്ഞവരില്‍ നിന്നും മൃതിയടഞ്ഞവരാണ് അറിവ് സ്വീകരിക്കുന്നത് എന്ന് വരെ വിശേഷിപ്പിക്കുന്നു. മരിക്കാത്ത എന്നെന്നും ജീവിക്കുന്നവനില്‍ നിന്നും അറിവ് സ്വീകരിക്കുന്നവരാണെന്നതാണ് അവരുടെ വാദം. ആകാശലോകത്തു നിന്നും നേരിട്ടാണ് അവര്‍ അറിവ് നേടുന്നതെന്നാണ്പറയുന്നുത്. ഇത്തരത്തിലുള്ള തീവ്രത ശിക്ഷണത്തിലും ശിഷ്യനെ തളര്‍ത്തുന്ന രീതിയിലുള്ളതുമാണ്. കുളിപ്പിക്കുന്നവന്റെ മുന്നിലുള്ള മയ്യിത്തിനെ പോലെയാണ് ഗുരുവിന്റെ മുമ്പിലുള്ള ശിഷ്യനെ കാണുന്നത്. എന്തുകൊണ്ട് എന്നവന്‍ ചോദിച്ചാല്‍ അവന്‍ വിജയിക്കുകയില്ല, ഗുരുവിന്റെ അഭിപ്രായത്തോട് വിയോജിച്ചാല്‍ അവന്‍ പുറത്താക്കപ്പെടുകയും ചെയ്യും. ഇത്തരം നിലപാടുകള്‍ ധാരാളം മുസ്‌ലിങ്ങളെ നശിപ്പിച്ചു.
അല്ലാഹുവിനുള്ള അനുസരണം പോലുള്ള പ്രശോഭിതമായ വശങ്ങള്‍ നമുക്ക് സൂഫിസത്തില്‍ നിന്ന് സ്വീകരിക്കാവുന്നതാണ്. മനുഷ്യര്‍ക്കിടയിലെ പരസ്പര സ്‌നേഹം, സ്വന്തത്തിന്റെ അപര്യാപ്തതകള്‍ മനസിലാക്കല്‍, പിശാചിന്റെ സ്വാധീനവും അതിനുള്ള ചികിത്സയും ഹൃദയങ്ങളെ ലോലമാക്കുന്നതും പരലോകത്തെ ഓര്‍മ്മിപ്പിക്കുന്നതുമായ കാര്യങ്ങളെല്ലാം അത്തരത്തില്‍ ഉള്ളതാണ്. ഇമാം ഗസ്സാലിയെ പോലുള്ള സൂഫികളില്‍ നിന്ന് നമുക്കത് മനസിലാക്കാവുന്നതാണ്. അവരുടെ വഴികേടുകളില്‍ നിന്ന് വിട്ടുനില്‍ക്കാനദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അവയെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലദ്ദേഹം തുലനം ചെയ്തു. അറിവും പരിചയവും ഉള്ളവര്‍ക്കുമാത്രം സാധ്യമാകുന്ന കാര്യമാണത്. അതുകൊണ്ട് സാധാരണക്കാരായ മുസ്‌ലിങ്ങള്‍ അവരുടെ അറിവിന് ആധാരമാക്കേണ്ടത് ഖുര്‍ആനെയും പ്രവാചകചര്യയെയും അടിസ്ഥാനമാക്കി മധ്യമ നിലപാട് സ്വീകരിച്ച പണ്ഡിതന്‍മാരെയാണ് എന്നാണ് എന്റെ ഉപദേശം.
വിവ. അഹ്മദ് നസീഫ് തിരുവമ്പാടി

ഹൃദയത്തിന്റെ വന്‍പാപങ്ങള്‍
ഡോ. യൂസുഫുൽ ഖറദാവി
പ്രകടമായ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല വന്‍പാപങ്ങള്‍ ഉള്ളത്. ഹൃദയത്തിന്റെ പാപങ്ങളാണ് കൂടുതല്‍ അപകടകാരിയും ശക്തവുമായിട്ടുള്ളത്. മനസ്സുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവയവങ്ങള്‍ കൊണ്ടുള്ള പ്രവര്‍ത്തനങ്ങളേക്കാള്‍ ശ്രേഷ്ഠമാണെന്നതു പോലെ മനസ്സുകൊണ്ടു ചെയ്യുന്ന പാപങ്ങള്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുന്നതും അപകടകാരിയുമാണ്.
അല്ലാഹു ആദംനബി(അ)യെ സ്വര്‍ഗീയ അവസ്ഥയില്‍ നിന്ന് പുറത്താക്കിയ ശേഷം രണ്ട് പാപങ്ങളെ കുറിച്ചാണ് ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹു വിലക്കിയ മരത്തിന്റെ ഫലം ഭക്ഷിച്ച ആദമിന്റെയും പത്‌നിയുടെയും തെറ്റായിരുന്നു ഒന്നാമത്തേത്. അവയവങ്ങള്‍ കൊണ്ടുള്ള തെറ്റായിരുന്നു അത്. മറവിയും ഇച്ഛാശക്തിയില്‍ വന്ന കുറവുമായിരുന്നു അതിലേക്ക് നയിച്ചത്. അല്ലാഹു അതിനെ കുറിച്ച് പറയുന്നത് കാണുക. 'നാം ഇതിനു മുമ്പ് ആദമിനോടും കരാര്‍ ചെയ്തിരുന്നു. പക്ഷേ, അദ്ദേഹമത് മറന്നു. അദ്ദേഹത്തെ നാം ഇച്ഛാശക്തിയുള്ളവനായി കണ്ടില്ല.' അവരുടെ ദൗര്‍ബല്യവും മറവിയും ശപിക്കപ്പെട്ടവനായ പിശാച് ചൂഷണം ചെയ്തു. അത് വളരെ നല്ലതായി തോന്നിപ്പിച്ച് അവരെ വഞ്ചനയില്‍ പെടുത്തി. അവര്‍ അല്ലാഹുവിന്റെ കല്‍പന ധിക്കരിക്കുന്നിടത്തോളം വലുതായിരുന്നു പിശാചിന്റെ പ്രേരണ .എന്നാല്‍ വളരെ പെട്ടന്ന് തന്നെ ആദമിന്റെയും ഭാര്യയുടെയും ഹൃദയത്തില്‍ അന്തര്‍ലീനമായ വിശ്വാസം ഉണര്‍ന്നെണീറ്റു. തങ്ങളുടെ ധിക്കാരം അവര്‍ മനസ്സിലാക്കുകയും അല്ലാഹുവിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. 'ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി. പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു.'
ഇബ്‌ലീസ് അല്ലാഹുവിനെ ധിക്കരിച്ചതായിരുന്നു രണ്ടാമത്തെ പാപം. അല്ലാഹു ആദം(അ)യെ സൃഷ്ടിച്ച് അദ്ദേഹത്തെ ആദരിക്കുന്നതിനായി മലക്കുകളോട് സുജൂദ് ചെയ്യാന്‍ കല്‍പ്പിച്ചു. അവിടെയുണ്ടായിരുന്ന ഇബ്‌ലീസ് ഒഴികെയുള്ള എല്ലാവരും സുജൂദ് ചെയ്തു. 'അങ്ങനെ മലക്കുകളൊക്കെ പ്രണമിച്ചു. ഇബ്‌ലീസ് ഒഴികെ. പ്രണാമമര്‍പ്പിക്കുന്നവരോടൊപ്പം ചേരാന്‍ അവന്‍ വിസമ്മതിച്ചു. അല്ലാഹു ചോദിച്ചു: പ്രണാമം ചെയ്യുന്നവരോടൊപ്പം ചേരാതിരിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്? ഇബ്‌ലീസ് പറഞ്ഞു: മുട്ടിയാല്‍ മുഴങ്ങുന്ന ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കേണ്ടവനല്ല ഞാന്‍.' ഖുര്‍ആന്‍ പറയുന്നത് പ്രകാരം ഇബ്‌ലീസ് അല്ലാഹുവെ അനുസരിക്കാന്‍ വിസമ്മതിക്കുകയും അഹങ്കാരം കാണിക്കുകയും ചെയ്തതായിരുന്നു തെറ്റ്. അതിന് അവന് ന്യായീകരണവുമുണ്ടായിരുന്നു. 'മനുഷ്യനെക്കാള്‍ ശ്രേഷ്ഠന്‍ ഞാനാണ്. നീയെന്നെ പടച്ചത് തീയില്‍ നിന്നാണ്. അവനെ സൃഷ്ടിച്ചതോ കളിമണ്ണില്‍ നിന്നും.'
മേല്‍ പ്രതിപാദിക്കപ്പെട്ട രണ്ടു പാപങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ആദം(അ)ന്റെ തെറ്റ് പ്രകടമായിട്ടുള്ളതായിരുന്നു. ഉടനെ തന്നെ അതില്‍ പശ്ചാത്താപിക്കുകയും ചെയ്തു. എന്നാല്‍ ഇബ്‌ലീസിന്റെ പാപം ഹൃദയം കൊണ്ടുള്ളതും മറഞ്ഞതുമായിരുന്നു. അതിന്റെ അപകടം ചെന്നവസാനിച്ചത് അത്യന്തം മോശമായ പര്യവസാനത്തിലായിരുന്നു. മനസ്സിന്റെ പാപങ്ങളെ കുറിച്ച് വളരെ ശക്തമായ രീതിയില്‍ നിരന്തരം മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടുള്ളതാണ്. കാരണം വന്‍പാപങ്ങളെല്ലാം മനസ്സിന്റെ പ്രേരണയില്‍ നിന്നാണ് രൂപപ്പെടുക.
വിവ. അഹ്മദ് നസീഫ് തിരുവമ്പാടി

വിപ്ലവ മാര്‍ഗത്തിലെ തടസ്സങ്ങള്‍
ഡോ:മുഹമ്മദ് ബദീഅ്
1. ചിദ്രതയും അനൈക്യവും: ചിദ്രത, അനൈക്യം എന്നിവയില്‍ നിന്ന് അതീവ ജാഗ്രത പുലര്‍ത്താന്‍ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു. കാരണമത് ഉമ്മത്തിന്റെ ഐക്യത്തിനും ഭാവിക്കും അവ വലിയ അപകടം വരുത്തും. അല്ലാഹു പറയുന്നു 'അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്.' ഒരു ലക്ഷ്യത്തിനുവേണ്ടി ഐക്യപ്പെടാതെ നാം ഉദ്ദേശിക്കുന്ന വിപ്ലവം സാധ്യമാവുകയില്ല. കാരണം അനൈക്യം വിപ്ലവത്തിന്റെ അന്തകനാണ്. സേഛ്വാധിപത്യ വ്യവസ്ഥയെ ജനകീയ വിപ്ലവത്തിലൂടെ പിഴുതെറിഞ്ഞ ശേഷം ആഭ്യന്തരകലഹങ്ങള്‍ മൂലം ലക്ഷ്യസാധൂകരണത്തില്‍ പരാജയപ്പെടുക എന്നത് സമൂഹം എങ്ങനെ സ്വീകരിക്കും? നഷ്ടപ്പെട്ട സ്വാതന്ത്ര്യം, രക്തവും ജീവനും നല്‍കി ഇഛാശക്തിയിലൂടെ വീണ്ടെടുത്തശേഷം അനൈക്യംമൂലം മരീചികയായി മാറുന്നത് ഏത് സമൂഹമാണ് തൃപ്തിപ്പെടുക?
പരാജയത്തിന്റെ സഹയാത്രികനാണ് അനൈക്യം. പരസ്പര കലഹം പരാജയത്തെ പടക്കുന്നു. അതിനാലാണ് അല്ലാഹു തന്റെ ദാസന്‍മാരോട് ഇപ്രകാരം അരുളിയത്. 'നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു' ഇത് അല്ലാഹുവിന്റെ നടപടിക്രമത്തിന്റെ ഭാഗമാണ്. 'അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കാണാനാവില്ല. അല്ലാഹുവിന്റെ നടപടിക്രമത്തില്‍ വ്യത്യാസം വരുത്തുന്ന ഒന്നും നിനക്കു കണ്ടെത്താനാവില്ല'. വിപ്ലവവാഹകര്‍ തമ്മിലുള്ള സാഹോദര്യം യോജിപ്പിന്റെയും സഹകരണത്തിന്റെയും കൂടിയാലോചനയുടെയും ഫലത്തില്‍ രൂപപ്പെടുന്ന ഭദ്രമായ കോട്ടയായിരിക്കണം. അതില്‍ വിദ്വേഷത്തിനോ ഭിന്നിപ്പിനോ സ്ഥാനമുണ്ടാവരുത്. രാഷ്ട്രീയം സാമ്പത്തികം സാമൂഹികം ശാസ്ത്രീയം സാംസ്‌കാരികം തുടങ്ങി ഒരുമ്മത്തിന്റെ നവോത്ഥാനത്തിന് ഹേതുവാകുന്ന എല്ലാവഴികളും സകലദൗര്‍ബല്ല്യങ്ങളില്‍ നിന്നും മുക്തമായിരിക്കണം.
അനൈക്യത്തെ എങ്ങനെ മറികടക്കാം?
അഭിപ്രായാന്തരങ്ങള്‍ അല്ലാഹുവിന്റെ നടപടിക്രമത്തിന്റെ ഭാഗമാണ്. പക്ഷെ അവയൊരിക്കലും ഭിന്നിപ്പിനും അനൈക്യത്തിനും വഴിയൊരുക്കരുത്. വീക്ഷണവൈജാത്യങ്ങളെയും അഭിപ്രായാന്തരങ്ങളെയും ക്രിയാത്മകമായി സമീപിക്കാന്‍ നമുക്ക് കഴിയണം. വിപ്ലവവാഹകര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വിദ്വേശത്തിലേക്കും വിഭാഗീയതയിലേക്കും എത്തുമ്പോള്‍ പരസ്പര സഹകരണം തകരും. മാനസികമായ അകല്‍ച്ച ഉടലെടുക്കും. ശത്രുക്കള്‍ ആഗ്രഹിക്കുന്ന ദൗര്‍ബല്യത്തിനവ വഴിയൊരുക്കും. അവരുടെ ആദരണീയതയും പ്രതാപവും ഐക്യവും നഷ്ടപ്പെടും. ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷയാണ്. അതിന്റെ പ്രാരംഭം തര്‍ക്കവിതര്‍ക്കങ്ങളും അപ്രധാനകാര്യങ്ങള്‍ക്ക് അങ്ങേയറ്റ പരിഗണന നല്‍കലുമാണ്. പ്രവാചകന്‍(സ)പറഞ്ഞു: 'ഒരു ജനതയും അവരില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്ത ശേഷമല്ലാതെ സന്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ല'. 'അല്ലാഹു കാര്യങ്ങളില്‍ ഉത്തമമായതിനെ ഇഷ്ടപ്പെടുകയും നീചമായതിനെ വെറുക്കുകയും ചെയ്യുന്നു. ചിന്തകളിലോ വീക്ഷണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ പ്രകടമാകുന്ന അഭിപ്രായവ്യത്യാസങ്ങളോടൊപ്പം ദേഹേച്ചക്കടിപ്പെടാത്ത ഹൃദ്യമായ ബന്ധവുമുണ്ടായിരിക്കണം. ശഹീദ് ഹസനുല്‍ ബന്നാ നിരന്തരമായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. 'നാഥാ നിനക്കറിയാം, ഈ ഹൃദയങ്ങള്‍ ഒരുമിച്ചുകൂടിയത് നിന്നോടുള്ള സ്‌നേഹത്തിലാണ്, നിന്നോടുള്ള അനുസരണത്തില്‍ ഇവര്‍ ചേര്‍ന്നുനിന്നു, നിന്റെ പ്രബോധനമാര്‍ഗത്തില്‍ ഇവര്‍ ഐക്യപ്പെട്ടു. നിന്റെ ദീനിന്റെ വിജയത്തിന് വേണ്ടിയാണ് ഇവര്‍ കരാര്‍ ചെയ്തത്.' ഈ ഐക്യവും ചേര്‍ച്ചയും പാരസ്പര്യവും നിലനിര്‍ത്താന്‍ വിപ്ലവവാഹകര്‍ എന്ന നിലക്ക് നാം ബാധ്യസ്ഥരാണ്.
യഥാര്‍ത്ഥ ഇസ്‌ലാമിക വീക്ഷണത്തിലൂടെ അനൈക്യം ഇല്ലായ്മ ചെയ്യാം
എല്ലാ വിധ ചിദ്രതയും ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗമാണ് ഇസ്‌ലാമിനെ യ്ഥാര്‍ത്ഥ ജീവിത വ്യവസ്ഥയായി മനസ്സിലാക്കുകയെന്നത്. ഭിന്നിച്ച ഹൃദയങ്ങള്‍ കാര്യങ്ങള്‍ ശരിയാംവണ്ണം ഗ്രഹിക്കാന്‍ കഴിയാത്ത ചിന്താശൂന്യരുടെ സ്ഥാനത്താണ്. നമ്മുടെ താല്‍പര്യങ്ങള്‍ക്കപ്പുറം സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് നാം മുന്‍ഗണന നല്‍കണം. പ്രവാചകന്‍(സ)യുടെ മഹിതമാതൃകകള്‍ പിന്തുടര്‍ന്ന് ഐക്യത്തിന്റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സ്തംഭങ്ങളില്‍ ലോകത്ത് സമാധാനവും നിര്‍ഭയത്വവും വ്യാപിപ്പിക്കുവാന്‍ നമുക്ക് കഴിയണം. പ്രവാചകന്‍(സ) ഇസ്‌ലാമിക പ്രബോധനദൗത്യം ആരംഭിക്കുന്നതിനു മുമ്പ്തന്നെ മക്കക്കാരുടെ ഐക്യപ്പെടലില്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചതായി കാണാം. ഹജറുല്‍ അസ്‌വദ് തല്‍സ്ഥാനത്ത് വെക്കുന്നതില്‍ ഗോത്രങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂപപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ രമ്യമായി നബി(സ) പരിഹരിച്ചു. പ്രവാചകത്വത്തിന് മുമ്പ് എല്ലാ ഗോത്രനേതാക്കളും യോജിച്ച ഫുളൂല്‍ സഖ്യത്തെക്കുറിച്ച് പ്രവാചകന്‍(സ)സ്മരിച്ചപ്പോള്‍ പറഞ്ഞു.'അബ്ദുല്ലാഹിബ്‌നു ജദ്ആന്റെ വീട്ടില്‍ വെച്ച് ചേര്‍ന്ന ഫുളൂല്‍ സഖ്യത്തില്‍ ഞാന്‍ പങ്കുചേര്‍ന്നു. ഇസ്‌ലാമിക കാലത്ത് അത്തരത്തിലുള്ള കരാറിന്നായി എന്നെ ക്ഷണിക്കപ്പെട്ടാല്‍ ഞാന്‍ പങ്കെടുക്കും'.
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് സമൂഹം കേള്ക്കണം -എസ്.ഐ.ഒ
വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ രക്ഷിതാക്കളും അധ്യാപകരുമടക്കം മുഴുവന്‍ സമൂഹവും തയ്യാറാവണമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സമീര്‍ അഭിപ്രായപ്പെട്ടു. ചുരുക്കം ചില വിദ്യാര്‍ഥികളില്‍ മാത്രം കണ്ടുവരുന്ന പ്രശ്‌നങ്ങള്‍ മൊത്തം വിദ്യാര്‍ഥികളിലും അടിച്ചേല്‍പിക്കുന്ന പ്രവണത സമൂഹം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'വിദ്യാര്‍ഥികള്‍ക്ക് അവരെക്കുറിച്ച് പറയാനുള്ളത് മറ്റൊന്നാണ്' എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ കാമ്പയിന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനിതകമാറ്റം വരുത്തിയ നെല്ലിന് അനുമതി നല്‍കരുത്- സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ നെല്ല് ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ് വേളം പ്രസ്താവിച്ചു. ജര്‍മന്‍ കുത്തക കമ്പനിയായ ബെയറിന് ജനിതകമാറ്റം വരുത്തിയ നെല്ല് ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ ജനിതക എഞ്ചിനീയറിംഗ് അവലോകന സമിതിയുടെ നീക്കത്തില്‍ കേരളം പ്രതിഷേധമറിയിക്കണം. ജനിതമാറ്റം വരുത്തിയ നെല്ല് ഉല്‍പ്പാദിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതി വേണമെന്നതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകരുടെ പക്ഷത്തുനിന്നുകൊ് ജനിതകമാറ്റം വരുത്തിയ നെല്ലുല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈജ്ഞാനിക പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കുന്നതില്‍ മക്കാ സ്ത്രീകളുടെ പങ്ക്
ലൈല മുഹമ്മദ് മുഹമ്മദ്
അബൂസലമ അബ്ദുര്‍റഹ്മാനില്‍ നിന്ന് ഉദ്ധരിക്കുന്നു:വിശുദ്ധ ഖുര്‍ആനിലെ ഓരോ സൂക്തത്തിന്റെയും ആശയ തലങ്ങള്‍ വിവരിക്കുന്നതിലും, ഫിഖ്ഹിലും ഹദീസിലും ആയിശ(റ)വിനേക്കാള്‍ വ്യുല്‍പത്തിയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല(ഇബ്‌നു അസീര്‍). വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയില്‍ സ്ത്രീകള്‍ക്ക് ക്രിയാത്മകമായ പങ്കുണ്ടായിരുന്നുവെന്ന് ഇസ്‌ലാമിക ചരിത്രം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാം. ഹിജ്‌റ ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും പ്രത്യേകിച്ച് അധ്യാപന മേഖലയില്‍ സ്ത്രീകള്‍ നിറഞ്ഞുനിന്നു. ഇസ്‌ലാമിന്റെ പ്രാരംഭകാലത്ത് വൈജ്ഞാനിക മേഖലയില്‍ അവഗാഹമുള്ള സ്ത്രീയായിരുന്നു ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ(റ). ദീനി വിഷയങ്ങളില്‍ ഉന്നതരായ സഹാബികളും താബിഇകളും അവരെയാണ് അവലംബമാക്കിയിരുന്നത്.
ഹിജ്‌റ ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ വിജ്ഞാനത്തിന് വലിയ പ്രാധാന്യം ലഭിക്കുകയുണ്ടായി. തദനുസൃതമായി മക്കയില്‍ വൈജ്ഞാനിക മേഖലയില്‍ അനുഗ്രഹീതരായ ഒരു കൂട്ടം സത്രീകള്‍ മക്കയില്‍ രംഗത്തുവരികയുണ്ടായി. ആയിശ ബിന്‍ത് മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ അലി അല്‍ കൈസിയെ പോലുള്ളവര്‍ അതില്‍ പ്രമുഖയായിരുന്നു. ഹിജ്‌റ 643-ല്‍ മക്കയിലാണ് ജനിച്ചത്. ധാരാളം പേരില്‍ നിന്ന് വിജ്ഞാനം നേടുകയും നിരവധി പേരിലേക്ക് അവ പ്രസരിപ്പിക്കുകയുമുണ്ടായി. ഉമ്മുല്‍ ഹുസൈന്‍ സആദ ബിന്‍ത് അബ്ദുല്‍ മലിക് ബിന്‍ മുഹമ്മദ് അല്‍ ബകരി, അത്തൂനീസി അല്‍ മക്കി ജമാല്‍ ഉസയൂത്വിയെ പോലുള്ള വലിയ പണ്ഡിതന്മാരില്‍ നിന്ന് വിജ്ഞാനം കരഗതമാക്കുകയും അത് പകര്‍ന്നു നല്‍കാനുള്ള അനുമതി നേടുകയും ചെയ്തു. അധ്യാപനത്തിന്റെയും നിവേദനത്തിന്റെയും ചുമതല ഏറ്റെടുത്ത പ്രധാന സ്ത്രീകള്‍ ഉണ്ടായിരുന്നു. ഹിജ്‌റ 650-ല്‍ മരണപ്പെട്ട ഫാത്വിമ ബിന്‍ത് ത്വന്‍താശി ബിന്‍ കംശത്‌കൈന് അവരില്‍ പെട്ടയാളാണ്. അവരില്‍ നിന്നും ഖുതുബുദ്ധീന്‍ ഖസ്തലാനിയും, ശറഫുദ്ദീന്‍ ദിംയാതി ബഗ്ദാദും ഹദീസ് പഠിക്കുകയുണ്ടായി. അവര്‍ മക്കയിലായിരുന്നു താമസിച്ചിരുന്നത്. ഇമാം ഹമ്പലില്‍ നിന്ന് വിജ്ഞാനമാര്‍ജിച്ച സൈനബ് ബിന്‍ത് മക്കി ബിന്‍ അലി ബിന്‍ കാമില്‍ അല്‍ഹറാനി പിന്നീട് അധ്യാപന സേവനമനുഷ്ഠിക്കുകയും നിരവധി ശിഷ്യഗണങ്ങളുടെ ഉടമയുമായിത്തീര്‍ന്നു. ഹിജ്‌റ 718-ല്‍ മരണപ്പെട്ട ആയിശ ബിന്‍ത് ഇബ്രാഹീം ബിന്‍ അഹ്മദ് അത്വാഇ മക്കയിലെ മറ്റൊരു പ്രധാന വനിതയായിരുന്നു. മുഹദ്ദിസുകളില്‍ പ്രമുഖനായ ബറാസിലി അവരില്‍ നിന്നും വിജ്ഞാനമാര്‍ജിക്കുകയുണ്ടായി. അതു തന്നെ അവളുടെ മഹത്വത്തിന് തെളിവാണ്. നിരവധി പേര്‍ക്ക് നിവേദനം ചെയ്യാനുള്ള അനുമതി നല്‍കുകയുണ്ടായി. ബുര്‍ഹാന്‍ ബിന്‍ അഹ്മദ് അല്‍ ബുഗ്‌ലി അശ്ശാമി അവരില്‍ പ്രമുഖനാണ്. ഖുറൈശികളില്‍ പെട്ട ആറു സ്ത്രീകള്‍ക്ക് ഹദീസ് രേഖപ്പെടുത്താനുള്ള അനുമതി നല്‍കുകയുണ്ടായി.
ഹദീസ് തേടിയുള്ള യാത്രകള്‍ പുരുഷന്മാരില്‍ പരിമിതമായിരുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്. ആയിശ ത്വാഇ, ഫാത്വിമ ബഗ്ദാദി തുടങ്ങിയ സ്ത്രീകള്‍ യാത്രയില്‍ പങ്കാളിത്തം വഹിച്ചിരുന്നു. മക്കയില്‍ അനുമതി നല്‍കാന്‍ യോഗ്യരായ നിരവധി സ്ത്രീകള്‍ ഉണ്ടായിരുന്നു. ഉമ്മു റൈം ബിന്‍ത് അലി സാഖിബ് (ഹി:713), ഖാദി സുലൈമാന്‍ ബിന്‍ ഹംസ, ജമാലുദ്ദീന്‍ ബിന്‍ ഫഹദ് തുടങ്ങിയവര്‍ ഈ മഹതിയില്‍ നിന്നും അനുമതി ലഭിച്ചയാളാണ്.
ഉമ്മു കുല്‍സൂം ബിന്‍ത് ഖാദി മുഹമ്മദ്(ഹി:777) ഹദീസ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി നല്‍കിയ പ്രമുഖരാണ് രിദാ ത്വബരി, അബുല്‍ അബ്ബാസ്, അബുല്‍ അബ്ബാസ്, അഹ്മദ് ബിന്‍ ഖതന്‍ദി തുടങ്ങിയവര്‍.
ഉമ്മുല്‍ ഹസന്‍ ബിന്‍ത് അബില്‍ ഖൈര്‍ ഇബ്‌നുല്‍ ഖാരി എന്ന മഹതി ഇബ്‌നു അഖീല്‍, ബഹാഉദ്ദീന്‍ ഖലീല്‍ തുടങ്ങിയ തുടങ്ങിയവരില്‍ നിന്ന് അനുമതി നേടുകയുണ്ടായി. ബുര്‍ഹാന്‍ അശ്ശാമി, ഇബ്‌നു അബില്‍ മജ്ദ്, അഹ്മദ് ബിന്‍ അലി, അബൂ ഹുറൈറ ബിന്‍ അദ്ദഹബി തുടങ്ങിയവരില്‍ നിന്നാണ് സഫിയ്യ ബിന്‍ത് മുഹമ്മദ് അനുമതി തേടിയത്. മറ്റു പ്രദേശങ്ങളിലുള്ള പണ്ഡിതന്മാരില്‍ നിന്ന് അനുമതി നേടിയ മക്കയിലെ സ്ത്രീകളില്‍ പ്രമുഖരാണ്. ആയിശ ബിന്‍ത് മുഹമ്മദ് അല്‍ ഖൈസി (ഹി:716). ഫാത്വിമ ബിന്‍ത് അശ്ശൈഖ് ഖുതുബുദ്ദീന്‍ ഖസ്തലാനി (ഹി:721). വൈജ്ഞാനിക പ്രസ്ഥാനം ജീവിപ്പിക്കുന്നതിലുള്ള പങ്ക് മക്കയിലെ സ്ത്രീകളില്‍ പരിമിതമായിരുന്നില്ല. മദീനയിലും ബൈതുല്‍ മഖ്ദസിലും സ്തുത്യര്‍ഹമായ പങ്ക് സ്ത്രീകള്‍ക്കുണ്ടായിരുന്നു. ഖുതുബുദ്ദീന്‍ ഖസ്തലാനിയുടെ മാതാവ്, ഉമ്മുല്‍ ഹുസൈന്‍ ബിന്‍ത് ശിഹാബുദ്ദീന്‍ ത്വബരി, ഉമ്മുല്‍ ഖലീല്‍ ഖദീജ, ഉമ്മു ഈസ മറിയം, അലിയ്യു ബിന്‍ അബ്ദുല്ല ബിന്‍ അത്വിയ്യയുടെ മകള്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.
വൈജ്ഞാനിക സംരംഭങ്ങള്‍ ജീവിപ്പിക്കുന്നതിലും മറ്റു മഹദ് സംരംഭങ്ങളിലെ പങ്കാളിത്തത്തിലും മക്കയിലെ സ്ത്രീകള്‍ക്ക്,പ്രത്യേകിച്ച് ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ വലിയ പങ്കുണ്ടായിരുന്നു. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് വിജ്ഞാനീയങ്ങളില്‍ നിപുണരായ അനേകം സ്ത്രീകള്‍ മക്കയിലുണ്ടായിരുന്നു.
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Subscribe to:
Posts (Atom)