
ഇസ് ലാം-----
ഇസ്‌ലാം എന്ന അറബിപദത്തിന്റെ അര്‍ഥം അനുസരണം, സമര്‍പണം, സമാധാനം എന്നൊക്കെയാണ്. സാങ്കേതികമായി പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന് സ്വന്തത്തെ സമ്പൂര്‍ണമായി സമര്‍പിച്ച് അവനെ പൂര്‍ണമായി അനുസരിച്ച് ശാശ്വതവും സുസ്ഥിരവുമായ സമാധാനം നേടുക എന്നതാണ് ഇസ്‌ലാം കൊണ്ടുദ്ദേശിക്കുന്നത്. ഈ പ്രപഞ്ചവും അതിലുള്ളവയും ദൈവനിശ്ചിതമായ പ്രകൃതിനിയമങ്ങള്‍ക്കനുസൃതമായാണ് അവയുടെ ധര്‍മം നിര്‍വ്വഹിക്കുന്നത്. സൂര്യചന്ദ്രന്‍മാരുടെ ഉദയാസ്തമനവും കാറ്റും മഴയും ഇടിയും മിന്നലുമൊക്കെയുണ്ടാകുന്നത് ദൈവികനിയമങ്ങള്‍ക്കനുസൃതമായാണ്. മൃഗങ്ങളും പറവകളും ഇഴജീവികളും ജലജീവികളുമെല്ലാം ദൈവമേകിയ ജന്മവാസനകള്‍ക്കനുസൃതമായാണ് നിലകൊള്ളുന്നത്. അവയൊക്കെയും ദൈവികവ്യവസ്ഥക്ക് വിധേയമായതിനാല്‍ ഫലത്തില്‍ ഇസ്‌ലാമായാണ് നിലകൊള്ളുന്നത്. എന്നാല്‍ മനുഷ്യജീവിതത്തിന് രണ്ടുവശങ്ങളുണ്ട് ഒന്ന്, അവന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സ്വാതന്ത്യ്രമുള്ള മേഖല. മറ്റൊന്ന് അതിന്നതീതമായതും. മനുഷ്യന്റെ കാലം, കോലം, ദേശം, ഭാഷ, വര്‍ഗം, വര്‍ണം, കുലം, ലിംഗം പോലുള്ളവയൊന്നും ആര്‍ക്കും സ്വയം തീരുമാനിക്കാനോ നിര്‍ണയിക്കാനോ സാധ്യമല്ല. അവയെല്ലാം അലംഘനീയമായ ദൈവനിശ്ചയത്തിന് വിധേയമാണ്. അതോടൊപ്പം തീന്‍, കുടി, കേള്‍വി, കാഴ്ച, വിചാരം, സംസാരം, കര്‍മം പോലുള്ളവയെല്ലാം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള സാധ്യതയും സ്വാതന്ത്യ്രവും മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. ഇവ്വിധം മനുഷ്യന് സ്വയം തീരുമാനിക്കാന്‍ സാധ്യതയുള്ള ജീവിതമേഖലകളില്‍ ദൈവനിയമങ്ങള്‍ പൂര്‍ണമായി പിന്തുടരുമ്പോഴാണ് മനുഷ്യജീവിതം ഇസ്‌ലാമികമായി തീരുക. അങ്ങനെ ജീവിക്കുന്നവന്റെ പേരാണ് മുസ്‌ലിം. അതിനാല്‍ ഇസ്‌ലാമെന്നത് ഒരു ജീവിതവ്യവസ്ഥയാണ്. പ്രപഞ്ചനാഥനായ ദൈവം തന്റെ ദൂതന്‍മാരിലൂടെയാണ് അത് മനുഷ്യസമൂഹത്തിന് സമര്‍പിച്ചത്. ആദ്യത്തെ മനുഷ്യന്‍ മുതല്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും എക്കാലത്തും ദൈവം ഒരേ ജീവിതക്രമമാണ് നല്‍കിയത്. ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിയിലൂടെ സമര്‍പ്പിതമായത് അതേ ജീവിതവ്യവസ്ഥതന്നെയാണ്. അതിനാല്‍ ഇസ്‌ലാം എല്ലാകാലത്തേക്കും ദേശത്തേക്കുമുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമായി പ്രപഞ്ചനാഥന്‍ സമ്മാനിച്ച ജീവിതക്രമമാണ്. മനുഷ്യന്‍ ആരാധിക്കുന്നതും അനുസരിക്കുന്നതും കീഴ്‌പെടുന്നതും വഴിപ്പെടുന്നതും ഏകനും സര്‍വ്വ ശക്തനും പ്രപഞ്ചനാഥനുമായ ദൈവത്തെയായിരിക്കണം. മുഹമ്മദ് നബി ദൈവത്തിന്റെ ദാസനും അന്ത്യദൂതനുമാണ്. അദ്ദേഹത്തിലൂടെ പ്രപഞ്ചനാഥന്‍ പഠിപ്പിച്ച ജീവിതമാതൃകയാണ് പിന്തുടരേണ്ടത് ഇതെല്ലാം അംഗീകരിക്കുകയും അടിയുറച്ച് വിശ്വസിക്കുകയും ജീവിതംകൊണ്ട് അതിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യണമെന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശം. മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. ഈ ലോകം കര്‍മങ്ങളുടെ ഇടമാണ്. അവയുടെ യഥാര്‍ഥ പ്രതിഫലം ലഭിക്കുക മരണശേഷം മറുലോകത്തുവെച്ചാണ്. ഇക്കാര്യം ഇസ്‌ലാം വളരെ ഊന്നിപ്പറയുന്നു. ദൈവിക നിയമങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നവര്‍ക്ക് ആ ശാശ്വതജീവിതത്തില്‍ വിജയവും ദൈവധിക്കാരികളായ പാപികള്‍ക്ക് കടുത്ത ശിക്ഷയും ലഭിക്കും. ആരാധന, ആചാരാനുഷ്ഠാനം, സ്വഭാവം, സമ്പ്രദായം, പെരുമാറ്റം, തീന്‍, കുടി, ഇരുത്തം, കിടത്തം, നടത്തം, ഉറക്കം, ഉണര്‍ച്ച, വ്യക്തിജീവിതം, കുടുംബഘടന, സാമൂഹ്യക്രമം, സാമ്പത്തികവ്യവസ്ഥ, ഭരണരീതി, സാംസ്‌കാരിക വ്യവസ്ഥ, നാഗരീകക്രമം തുടങ്ങി ജീവിതത്തിന്റെ എല്ലാവശങ്ങള്‍ക്കും ആവശ്യമായ ചട്ടങ്ങളും ചിട്ടകളും വ്യവസ്ഥകളും ക്രമങ്ങളും വിധികളും വിലക്കുകളും ഉള്‍കൊള്ളുന്ന സമഗ്രമായ ജീവിതവ്യവസ്ഥയാണ് ഇസ്‌ലാം. അത് ഭൂമിയില്‍ മനുഷ്യമനസ്സിന് ശാന്തിയും വ്യക്തിജീവിതത്തിന് വിശുദ്ധിയും കുടുംബത്തിന് ഭദ്രതയും സമൂഹത്തിന് സുരക്ഷയും നാടിന് ക്ഷേമവും ലോകത്തിന് സമധാനവും ഉറപ്പുവരുത്തുന്നു. സര്‍വോപരി ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും അതുവഴി ശാശ്വതമായ സ്വര്‍ഗജീവിതവും വാഗ്ദാനം ചെയ്യുന്നു.
No comments:
Post a Comment