
ജമാഅത്തെ ഇസ്ലാമിയുടെ മുഖം
"ജമാഅത്തെ ഇസ്ലാമിക്ക് ഇരട്ടമുഖമാണുള്ളതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീര്‍ പറഞ്ഞു. തങ്ങള്‍ മതേതരവാദികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാടുപെടുമ്പോഴും മതരാഷ്ട്രവാദത്തിന്റെ അടിത്തറയെ ജമാഅത്തെ ഇസ്ലാമി നിഷേധിക്കുന്നില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത മൌദൂദിയെ മുറുകെ പിടിക്കുകയും ജനാധിപത്യവാദികളാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്. ഹമീദ് ചേന്ദമംഗല്ലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെ മുനീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത് പറയുമ്പോള്‍ തനിക്ക് പല നഷ്ടവും വന്നേക്കാം. എന്നാല്‍ അതിന്റെ പേരില്‍ വരുന്ന നഷ്ടം കാര്യമാക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള ആധികാരിക പുസ്തകമാണ് 'ദൈവത്തിന്റെ രാഷ്ട്രീയം' - ഡോ. എം.കെ മുനീര്‍ പറഞ്ഞു'' (മാതൃഭൂമി ദിനപത്രം മാര്‍ച്ച് 15). മുജീബിന്റെ പ്രതികരണം?
മുഹമ്മദ് കുനിങ്ങാട്, ബാംഗ്ളൂര്‍
Ans:-ഹമീദിന്റെ പുസ്തകമോ മുനീറിന്റെ പ്രകാശന പ്രസംഗമോ ചടങ്ങില്‍ യുക്തിവാദി സംസ്ഥാന പ്രസിഡന്റ് കലാനാഥന്‍, നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൌക്കത്തലി എന്നിവരുടെ സാന്നിധ്യമോ ഒന്നും യാദൃഛികമോ പുതിയ കാര്യമോ അല്ല. ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും തദ്വാരാ ഇസ്ലാമിന്റെയും തകര്‍ച്ച ആഗ്രഹിക്കുന്ന ശക്തികള്‍ ഒരവസരം ഒത്തുവന്നപ്പോള്‍ ഒത്തുചേര്‍ന്നുവെന്നേയുള്ളു. ഒരേ തൂവല്‍ പക്ഷികള്‍. ചിലര്‍ പ്രത്യക്ഷത്തില്‍ തന്നെ നാസ്തികരും മതവിരുദ്ധരുമാണെങ്കില്‍ മറ്റുള്ളവര്‍ പരോക്ഷമായി അതേ ദൌത്യം ഏറ്റെടുത്തവരാണെന്നതാണ് വ്യത്യാസം. ഈ രാജ്യത്ത് ഏത് പ്രതികൂല സാഹചര്യത്തിലും അല്ലാഹുവിന്റെ ദീനിനെ തനതായ രൂപത്തില്‍ അവതരിപ്പിക്കാനും പ്രബോധനം ചെയ്യാനും പ്രതിജ്ഞാബദ്ധമായ ജമാഅത്തെ ഇസ്ലാമിയെ അകാരണമായും അന്യായമായും ദുരാരോപണങ്ങളില്‍ പൊതിയുന്നതും അത് തന്നെ ജീവിത ദൌത്യമായി തെരഞ്ഞെടുത്തതും യഥാര്‍ഥത്തില്‍ ഇസ്ലാമിനോടു തന്നെയുള്ള ശത്രുതയായിട്ടേ സൂക്ഷ്മ വിശകലനത്തില്‍ കാണാന്‍ കഴിയൂ. ജനരോഷം ഭയന്ന് അവരത് നിഷേധിച്ചേക്കാമെങ്കിലും.
ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ഒരു മതേതര പ്രസ്ഥാനമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടുമില്ല. ജമാഅത്തിന് എന്നും ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ. അത് ഇസ്ലാമിന്റെ മുഖമാണ്. മതം വേണമെന്നുള്ളവര്‍ക്ക് സ്വകാര്യ ജീവിതത്തില്‍ ആവാം എന്നു സിദ്ധാന്തിക്കുന്ന മതേതരത്വവും മനുഷ്യനെ ആമൂലാഗ്രം നിയന്ത്രിക്കേണ്ടത് ദൈവിക സന്മാര്‍ഗമാണെന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എങ്ങനെ പൊരുത്തപ്പെടാനാണ്? എന്നാല്‍ ഇസ്ലാം തന്നെ അനുശാസിക്കുന്ന ജനാധിപത്യവും പരമത സഹിഷ്ണുതയും സമാധാനപരമായ സഹവര്‍ത്തിത്വവുമുണ്ട്. അത് സെക്യുലറിസത്തിന്റെ അപേക്ഷയില്ലാതെത്തന്നെ അവതരിപ്പിക്കാനും തദനുസൃതമായി പ്രവര്‍ത്തിക്കാനും ജമാഅത്തെ ഇസ്ലാമിക്ക് കഴിയും. ഇത് മതേതരത്വത്തിന്റെ പൊയ്മുഖമാണെന്ന് വാദിക്കുന്നത് വിവരക്കേടാണ്. മതരാഷ്ട്രവാദത്തെ മുച്ചൂടും തള്ളിപ്പറഞ്ഞ മൌദൂദി ധാര്‍മികാടിത്തറകളില്‍ പണിതുയര്‍ത്തിയ ഒരു ദൈവരാജ്യത്തിന്റെ രൂപരേഖയാണവതരിപ്പിച്ചത്. അത് മനസ്സിലാക്കാതെയോ മനസിലാക്കിയിട്ടും നിരാകരിക്കുകയോ ചെയ്യുന്നവര്‍ക്ക് എന്തസംബന്ധവും എഴുതാം, പറയാം. ഇസ്ലാമിക പ്രസ്ഥാനം ഇതുപോലുള്ള വ്യാജപ്രചാരണങ്ങളെ അതിജീവിച്ചു തന്നെ മുമ്പോട്ട് പോവും.
മുനീര്‍ വോട്ട് നഷ്ടത്തെപ്പറ്റി പറഞ്ഞു. പ്രത്യക്ഷത്തില്‍ ഒരു മതേതര വാദിയുടെ ധീരമായ വാക്കുകള്‍. സത്യമോ? ജമാഅത്തിന്റെ വോട്ടുകള്‍ ഏതായാലും തനിക്ക് ലഭ്യമാകുകയില്ലെന്നുറപ്പിച്ച മുനീര്‍ മതേതരത്വത്തിന്റെ ചാവേര്‍ ചമഞ്ഞു ആ വകയില്‍ കിട്ടാവുന്ന പ്രസിദ്ധിയും വോട്ടും ലാക്കാക്കിയാണ് പ്രസംഗിച്ചത്. മതയാഥാസ്ഥിതികരുടെ എതിര്‍പ്പ് ഭയന്ന് മരുന്നിനു പോലും ഒരു സ്ത്രീയെ ഇലക്ഷന്‍ കളത്തിലിറക്കാത്ത പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്തിരുന്നാണ് മുനീറിന്റെ മതേതരത്വ ഗീര്‍വാണം!
No comments:
Post a Comment