Sunday, 17 June 2012
ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗിനൊരു ബദല്‍ അല്ലേ?
1-ഇസ്ലാമിക ഭരണത്തിന് വേണ്ടി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമി ഇനിയൊരു പ്രത്യേക പാര്‍ട്ടി രൂപവത്കരിക്കേണ്ടതുണ്ടോ?
ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗിനൊരു ബദല്‍ അല്ലേ? പക്ഷേ, ലീഗിന്റെ ബദല്‍ വന്നവരൊക്കെ എവിടെ നില്‍ക്കുന്നു എന്ന് ജമാഅത്ത് ഇനിയും കണ്ടിട്ടില്ലേ? ഈ ചോദ്യങ്ങള്‍ക്ക് മറുപടി?
ANS-ഇസ്ലാമിക ഭരണത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയല്ല ജമാഅത്തെ ഇസ്ലാമി. ആര്‍ക്കും വാങ്ങി വായിക്കാവുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ ലക്ഷ്യം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അത് പ്രകാരം ഇഖാമത്തുദ്ദീന്‍ അഥവാ ഇസ്ലാമിന്റെ സംസ്ഥാപനമാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇസ്ലാമില്‍ പുതുതായി വല്ലതും കൂട്ടിച്ചേര്‍ക്കാനോ ഉള്ളത് വെട്ടിക്കുറക്കാനോ ജമാഅത്ത് സന്നദ്ധമല്ല. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും സച്ചരിതരായ ഖലീഫമാരുടെ മാതൃകയുമാണ് ഇസ്ലാമിന്റെ തനതായ രൂപത്തിന് ആധാരം. അതില്‍ നിശ്ചയമായും രാഷ്ട്രീയവും ഭരണവും ഉണ്ട്. ഇത് ആരുടെ മുമ്പാകെയും എങ്ങനെ വേണമെങ്കിലും തെളിയിക്കാന്‍ സംഘടന തയാറാണ്. ഇസ്ലാമിന്റെ സംസ്ഥാപനം ലക്ഷ്യം വെക്കുന്ന ഒരു പ്രസ്ഥാനത്തിനും ജീവിതത്തിന്റെ സ്വകാര്യ, സാമൂഹിക രംഗങ്ങളെയാകെ നിയന്ത്രിക്കുന്ന ഭരണരംഗത്ത് നിന്ന് ഒളിച്ചോടാനോ വിട്ടുനില്‍ക്കാനോ കഴിയില്ല. പക്ഷേ, ഭരണവ്യവസ്ഥ പരിവര്‍ത്തിപ്പിക്കണമെങ്കില്‍ സമൂഹത്തെ മാറ്റിയെടുക്കണം. സമൂഹത്തെ മാറ്റാന്‍ വ്യക്തികളെ സംസ്കരിക്കുകയും വളര്‍ത്തിയെടുക്കുകയും വേണം. അമുസ്ലിംകള്‍ മഹാഭൂരിപക്ഷമായ ഇന്ത്യാ മഹാ രാജ്യത്ത് ആദര്‍ശപരവും ധാര്‍മികവുമായ പരിവര്‍ത്തനം, സുദീര്‍ഘമായ കാലയളവും അവധാനപൂര്‍ണമായ പ്രവര്‍ത്തനവും ആവശ്യപ്പെടുന്നതാണ്. എന്നാലും സത്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനും നന്മ കല്‍പിക്കാനും തിന്മ തടയാനും ബാധ്യസ്ഥമായ ആദര്‍ശ സമൂഹമാണ് മുസ്ലിംകളെന്നതുകൊണ്ട് ആ ദൌത്യത്തില്‍ സാഹചര്യങ്ങള്‍ എത്ര പ്രതികൂലമായാലും ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നു. ദൌത്യനിര്‍വഹണത്തിന്റെ ഈ ഘട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാവാന്‍ സമയമോ സാഹചര്യമോ പാകമായിട്ടില്ലാത്തതിനാല്‍ അതിന് ജമാഅത്ത് മുതിരുന്നില്ല.
എന്നാല്‍ രാജ്യത്ത് ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയ സംവിധാനം നിലനില്‍ക്കുകയും സാമൂഹികനീതി ഒരളവോളം പുലരുകയും ചെയ്തെങ്കില്‍ മാത്രമേ ആര്‍ക്കായാലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവൂ. സ്വതന്ത്ര ഇന്ത്യ അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധ്യമായിട്ടില്ല. മറിച്ച്, മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും ജാതീയതയും അഴിമതിയും അസമത്വവും ഭയാനകമായി ശക്തിപ്പെടുകയാണ് ഇന്ത്യയില്‍. അതിനാല്‍ ഈ പോക്കില്‍ വേദനയും അവസ്ഥാ മാറ്റമെന്ന വിചാരവുമുള്ള സമാനമനസ്കരെ സഹകരിപ്പിച്ച് ദേശീയ തലത്തില്‍ ഒരു പാര്‍ട്ടി രൂപവത്കരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നു. പ്രസ്തുത പാര്‍ട്ടി സ്വാഭാവികമായും ജമാഅത്തിന്റെ നേതൃത്വത്തിന് വിധേയമായി അതിന്റെ ചട്ടക്കൂടില്‍ ഒതുങ്ങുന്ന ഒന്നാവില്ല. അതേയവസരത്തില്‍ ജമാഅത്ത് ആഗ്രഹിക്കുന്ന മൂല്യങ്ങള്‍ നിര്‍ദിഷ്ട പാര്‍ട്ടിക്കുണ്ടായിരിക്കണമെന്ന ആഗ്രഹം അതിനുണ്ട് താനും.
പേര് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് എന്നാണെങ്കിലും കേരള സ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റിയാണ് ഇലക്ഷന്‍ കമീഷന്‍ അംഗീകരിച്ച പാര്‍ട്ടി. കേരളത്തില്‍ പരിമിതമാണ് ലീഗിന്റെ സ്വാധീനവും. അതിനു ബദലാവുന്ന പാര്‍ട്ടി ഉണ്ടാക്കണമെന്ന് ജമാഅത്ത് ഒരു കാലത്തും ആലോചിച്ചിട്ടില്ല. അത്തരമൊരു പ്രചാരണം നടത്തുക ലീഗിന്റെ ആവശ്യമാണ്, ഒപ്പമുള്ള മത സംഘടനകളെ ഭയപ്പെടുത്താന്‍. മലബാറില്‍ മാത്രം ശക്തിയും സ്വാധീനവുമുള്ള മുസ്ലിം ലീഗിന്റെ ഭൂമികയില്‍ അതോട് മത്സരിക്കാന്‍ ഒരു പുതിയ പാര്‍ട്ടി വേണമെങ്കില്‍ തന്നെ, നിര്‍ദിഷ്ട രാഷ്ട്രീയ പാര്‍ട്ടി അതായിരിക്കുകയില്ല. മുസ്ലിം ലീഗിനോടുള്ള നയം പാര്‍ട്ടി നിലവില്‍ വന്ന ശേഷം അത് തീരുമാനിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment