..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 18 June 2012

യേശുവിന്റെ വസിയ്യത്ത് :- ഒരു വ്യക്തി തന്റെ പ്രിയപ്പെട്ട കുടുംബത്തോടോ അനുയായികളോടോ തന്റെ കാലശേഷം നിര്‍വഹിക്കേണ്ട ചില ആഗ്രഹങ്ങള്‍ നിര്‍ദേശ രൂപത്തില്‍ പറയുന്നതിനോ എഴുതി വെക്കുന്നതിനോ ആണ് വസിയ്യത്ത് എന്ന് സാധാരണ പറയാറ്. പ്രിയപ്പെട്ട കുടുംബനാഥന്റെ വസിയ്യത്ത് എന്ത് വില കൊടുത്തും പാലിക്കുവാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുന്നു. പ്രിയപ്പെട്ട നേതാവിന്റെ വസിയ്യത്ത് എന്ത് ത്യാഗം സഹിച്ചും അനുസരിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും അനുയായികള്‍ തയ്യാറാവുന്നു. ലോക ജനസംഖ്യയില്‍ ഏറ്റവും വലിയ വിഭാഗങ്ങളാണല്ലൊ ക്രിസ്ത്യാനികളും മുസ്‌ലിംകളും. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യേശുക്രിസ്തുവിനെ അങ്ങേയറ്റം സ്‌നേഹിക്കുന്നവരാണവര്‍. മുസ്‌ലിംകള്‍ യേശുവിന്റെ പേര് കേള്‍ക്കുമ്പോള്‍ 'ദൈവത്തിന്റെ രക്ഷയും സമാധാനവും അദ്ദേഹത്തിലുണ്ടാവട്ടെ' എന്ന് പ്രാര്‍ഥിക്കുന്നു. യേശുവിനോടുള്ള സ്‌നേഹം ഉയര്‍ന്ന നിലവാരത്തിലുള്ളതാവണം. ബാഹ്യമാത്ര പ്രസക്തമാവരുത്. ആത്മാര്‍ഥവും നിസ്വാര്‍ഥവുമായിരിക്കണം. എങ്കിലേ ദൈവിക കല്പനകള്‍ പ്രമാണിക്കുവാനും യേശുവിന്റെ നിര്‍ദേശങ്ങളുള്‍ക്കൊള്ളാനും നമുക്ക് കഴിയുകയുള്ളൂ. ഇങ്ങനെയുള്ളതല്ലാത്ത സ്‌നേഹം കാപട്യമാണ്. യേശുക്രിസ്തു തന്റെ ദൗത്യനിര്‍വഹണത്തിന്റെ അന്ത്യഘട്ടത്തില്‍ വിശ്വാസികളായ തന്റെ പ്രിയപ്പെട്ട അനുയായികളോട് ഒരു വസിയ്യത്ത് ചെയ്യുകയുണ്ടായി. ഈ വസിയ്യത്ത് അംഗീകരിക്കുകയും അര്‍പ്പണബോധത്തോടെ അത് അനുസരിക്കുകയും അതിന്റെ പേരില്‍ ഉണ്ടാകാവുന്ന ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യുമ്പോഴാണല്ലോ യഥാര്‍ഥ സ്‌നേഹമാകുന്നത്. അല്ലെങ്കില്‍ എന്ത് സ്‌നേഹം! എന്താണ് ആ വസിയ്യത്ത്? യോഹന്നാന്‍ 16: 7 മുതല്‍ വാക്യങ്ങള്‍ കാണുക. 'എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധം വരുത്തും. അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ട് നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ട് ന്യായവിധിയെക്കുറിച്ചുംതന്നേ. ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ട്; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചു തരികയും ചെയ്യും. അവന്‍ എനിക്കുള്ളതില്‍ നിന്ന് എടുത്തു നിങ്ങള്‍ക്കു അറിയിച്ചു തരുന്നതുകൊണ്ട് എന്നെ മഹത്വപ്പെടുത്തും.' അതായത് ഏറ്റവും പ്രയോജനപ്രദവും നന്മ നിറഞ്ഞതുമായ ഒരു സംഗതിയാണ് ഈ വസിയ്യത്തിലൂടെ യേശു നമ്മോട് പറയുന്നത്. ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനമാണ്. ഞാന്‍ പോയാല്‍ സത്യത്തിന്റെ ആത്മാവാകുന്ന ഒരു കാര്യസ്ഥന്‍ നിങ്ങളില്‍ വരും. ഞാന്‍ ഇപ്പോള്‍ നിങ്ങളോട് മുഴുവന്‍ കാര്യങ്ങളും പറയുന്നില്ല. പറഞ്ഞാല്‍ നിങ്ങള്‍ക്കു വഹിക്കാന്‍ കഴിയുകയില്ല. കാര്യസ്ഥന്‍ സകല സത്യവുമായി വരും. ആ സകലസത്യത്തിലേക്ക് ക്ഷണിക്കുകയും അതില്‍ വഴിനടത്തുകയും ചെയ്യും. പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെ (മരണാനന്തരജീവിതത്തെ)ക്കുറിച്ചും നിങ്ങളെ ബോധ്യപ്പെടുത്തിത്തരും. അപ്പോള്‍ ആ കാര്യസ്ഥനില്‍ നിങ്ങള്‍ വിശ്വസിക്കുകയും പിന്‍പറ്റുകയും ആ കാര്യസ്ഥന്‍ മുഖേന ലഭിക്കുന്ന സകല സത്യവുമാകുന്ന ന്യായപ്രമാണം പ്രമാണിക്കു (അനുസരിക്കുക) യും വേണം. ഈ വസിയ്യത്ത് (അന്ത്യോപദേശം) കൂടി അംഗീകരിക്കുമ്പോഴേ യേശുവിലുള്ള വിശ്വാസവും സ്‌നേഹവും പൂര്‍ത്തിയാവുകയുള്ളൂ. അവര്‍ക്കാണ് പാപമോചനം നേടി നിത്യജീവന്‍ (ശാശ്വതമായ സ്വര്‍ഗം) പ്രാപിക്കാന്‍ കഴിയുക. അവിടെ അതിവിശാലവും മനോഹരവുമായ ഉദ്യാനങ്ങളുണ്ടായിരിക്കും. വിവിധതരം പഴങ്ങള്‍നിറഞ്ഞ വൃക്ഷങ്ങളുണ്ടായിരിക്കും. സ്വര്‍ഗപാനീയങ്ങളൊഴുകുന്ന ഉറവകളുണ്ടായിരിക്കും. തിളക്കമാര്‍ന്ന രത്‌നങ്ങളെക്കൊണ്ട് നിര്‍മിതവും നിലകളായുള്ളതുമായ ഭവനങ്ങളുമുണ്ടായിരിക്കും. അത്ഭുതകരമായ സംവിധാനങ്ങള്‍ ചെയ്തതായിരിക്കും ആ ഭവനങ്ങള്‍. താഴ്ഭാഗത്തുകൂടി മന്ദം മന്ദം ഒഴുകുന്ന അരുവികളുണ്ടായിരിക്കും. അതിവിശാലമായ പൂന്തോട്ടത്തില്‍ അവിടവിടെയായി പവിഴപ്പുറ്റുകളില്‍ കൊത്തിയെടുത്ത വിശ്രമകേന്ദ്രങ്ങളുണ്ടായിരിക്കും. പരിചാരകരുണ്ടായിരിക്കും. അതിസൗന്ദര്യത്തോടുകൂടിയ ഇണകളായിട്ടായിരിക്കും അവിടെ ജീവിക്കുക. ആഗ്രഹിക്കുന്നതെല്ലാം അവിടെ ലഭിക്കും. വെയിലുംചൂടും, തണുപ്പുംഇരുട്ടും, കാറ്റുംകുളിരും അത്യാനുഭൂതി ലഭിക്കുന്നവിധം നിയന്ത്രിക്കപ്പെട്ടിരിക്കും. വേദനയും ദുഃഖവും അവിടെ ഉണ്ടായിരിക്കുകയില്ല. പൂര്‍ണമായ സുഖം, പൂര്‍ണമായ സമാധാനം. പരമാനന്ദംനിറഞ്ഞ ആ ജീവിതം എന്നെന്നും നിലനില്‍ക്കുന്നതാണ്. യേശുവിന്റെ വസിയ്യത്ത് അംഗീകരിക്കാത്തവര്‍ക്ക് കഠിനമായ നരകശിക്ഷയാണ് ലഭിക്കുക. ഒരു മഹാസമുദ്രംപോലെ അതിവിശാലവും അഗാധമായ ഗര്‍ത്തമുള്ളതുമാണത്. ഒരു കല്ലിട്ടാല്‍ എഴുപതുകൊല്ലം വേണം അതിന്റെ അടിത്തട്ടില്‍ ചെന്ന് മുട്ടാന്‍. അത്രയും ആഴമേറിയ ആ മഹാ സാഗരം മുഴുവന്‍ കഠിന കഠോരമായ അഗ്നികൊണ്ട് നിറച്ചിരിക്കുകയാണ്. ഈ ലോകത്ത് ദൈവം സൃഷ്ടിച്ച ചൂടിന്റെ എഴുപതിരട്ടിയാണ് നരകത്തിലെ ചൂട്. സൂര്യഗോളത്തിലെ ചൂട് ഒന്നരകോടി ഡിഗ്രി സെല്‍ഷ്യസാണെന്ന് ശാസ്ത്രം പറയുന്നു. ഇതാണ് ഈ ലോകത്തെ ഏറ്റവും വലിയ ചൂടെങ്കില്‍ നരകത്തില്‍ 105 കോടി ഡിഗ്രി സെല്‍ഷ്യസായിരിക്കും. ഗര്‍ജിക്കുന്നതും പൊട്ടിത്തെറിക്കുന്നതും തിരമാലകളെപ്പോലെ ആര്‍ത്തലച്ചുകൊണ്ടിരിക്കുന്നതുമായിരിക്കും. അതിലേക്ക് വലിച്ചെറിയപ്പെടുന്ന മനുഷ്യന്റെ മാംസം കത്തിക്കരിഞ്ഞ് ചാമ്പലാകും. വീണ്ടും പഴയതുപോലെ ആകും. വീണ്ടും കത്തിക്കരിഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ ആ മനുഷ്യന്‍ മരിക്കുകയില്ല. നരകവാസികള്‍ക്ക് കുടിക്കാന്‍ തീജലമാണ്. ഇരുമ്പുരുകിയ ലാവ പോലിരിക്കും അത്. ഭക്ഷിക്കാന്‍ തീഭക്ഷണവും. കട്ടിലുകളും കിടക്കകളും പുതപ്പുകളും അഗ്നികൊണ്ടുള്ളതായിരിക്കും. ധരിക്കാനുള്ള വസ്ത്രങ്ങള്‍ ഉരുകിപ്പിടിക്കുന്ന ടാര്‍ കൊണ്ടുള്ളതാണ്. തീജ്വാലകള്‍ ആവരണം ചെയ്തിരിക്കും. കഠിനമായ വേദനയും ദുഃഖവും അനുഭവിച്ച് അതില്‍ കഴിച്ചുകൂട്ടണം. അത് ശാശ്വതമായിരിക്കും. യേശുവിന്റെ വസിയ്യത്തില്‍ പറയുന്ന കാര്യസ്ഥന്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌നബിയാണ്. സകലസത്യവും എന്ന് പറയുന്നത് വിശുദ്ധഖുര്‍ആനും. വിശുദ്ധഖുര്‍ആന്‍ അദ്ധ്യായം 61 ലെ 6-ാം വചനത്തില്‍ യേശു പറഞ്ഞതായി കൊടുത്തിരിക്കുന്ന ഭാഗം ഇതിന് തെളിവാണ്. 'മര്‍യമിന്റെ പുത്രന്‍ ഈസാ (യേശു) പറഞ്ഞത് ഓര്‍ക്കുക: ഇസ്രായില്‍ വംശമേ, ഞാന്‍ അല്ലാഹുവിങ്കല്‍നിന്ന് നിങ്ങളിലേക്കു നിയോഗിക്കപ്പെട്ട ദൂതനാകുന്നു. എനിക്ക് മുമ്പ് ആഗതമായിട്ടുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നുവനും എനിക്ക് ശേഷം വരാനിരിക്കുന്ന അഹ്മദ് എന്ന പേരുള്ള ഒരു ദൂതനെ സംബന്ധിച്ച് ശുഭവാര്‍ത്ത അറിയിക്കുന്നവനുമാകുന്നു.' ഇതാണ് സത്യത്തിന്റെ ആത്മാവും കാര്യസ്ഥനും. ഈ കാര്യസ്ഥനെ കുറിച്ച് യഹോവ മോശെയോട് പറഞ്ഞിരുന്നു. ആവര്‍ത്തനം 18:18 ല്‍ ഇക്കാര്യം വ്യക്തമാക്കുന്നു. 'നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും. ഞാന്‍ അവനോട് കല്പിക്കുന്നതൊക്കെയും അവന്‍ അവരോട് പറയും. അവന്‍ എന്റെ നാമത്തില്‍ പറയുന്ന വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോട് ഞാന്‍ ചോദിക്കും' ഇവിടെ മോശെയെപ്പോലൊരു പ്രവാചകന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. യേശുവാണ് മോശെയെപ്പോലെയുള്ള പ്രവാചകന്‍ എന്ന് ചില പുരോഹിതന്മാര്‍ പറയാറുണ്ട്. തികച്ചും അബദ്ധമാണത്. അതേ പുരോഹിതന്മാരുടെ വിശ്വാസമനുസരിച്ച്തന്നെ യേശു ദൈവപുത്രനാണ്. എന്നാല്‍ മോശെ ദൈവപുത്രനല്ല. മറ്റു ചില അടയാളങ്ങള്‍ കൂടി ശ്രദ്ധിക്കുക. മോശെ ഒരു മാതാവിന്റെയും പിതാവിന്റെയും മകനായി സാധാരണരീതിയില്‍ ജനിക്കുന്നു. ഫറവോന്റെ നാട്ടില്‍നിന്ന് ഓടിപ്പോകുന്നു; വിവാഹം കഴിക്കുന്നു; കുട്ടികള്‍ ജനിക്കുന്നു; ഫറവോന്റെ നാട്ടിലേക്ക് ദൈവ കല്പനപ്രകാരം തിരിച്ചുവരുന്നു. ഇസ്രയേല്‍ ജനതയെ മോചിപ്പിച്ച് ഒരു ദൈവികരാഷ്ട്രം സ്ഥാപിക്കുന്നു. സാധാരണ മരണംവരിക്കുന്നു. ഈ അടിസ്ഥാന ങ്ങളൊന്നുംതന്നെ യേശുവിനോട് യോജിക്കുന്നതല്ല. എന്നാല്‍ മുഹമ്മദ്‌നബിയോട് യോജിക്കുന്നു. മുഹമ്മദ്‌നബി ഒരു മാതാവിന്റെയും പിതാവിന്റെയും മകനായി ജനിക്കുന്നു; വിവാഹം കഴിക്കുന്നു; കുട്ടികള്‍ ജനിക്കുന്നു; മക്കയില്‍നിന്ന് മദീനയിലേക്ക് പലായനംചെയ്യുന്നു; ദൈവകല്പനപ്രകാരം തിരിച്ചുവരുന്നു; മക്കയെ ശത്രുക്കളില്‍നിന്ന് മോചിപ്പിക്കുന്നു; ഒരു ദൈവികരാഷ്ട്രം സ്ഥാപിക്കുന്നു; സാധാരണമരണംവരിക്കുന്നു. ഇക്കാരണങ്ങളാല്‍, മോശെയെപ്പോലൊരു പ്രവാചകന്‍ എന്ന് യഹോവ (അല്ലാഹു) പറഞ്ഞത് മുഹമ്മദ്‌നബിയെക്കുറിച്ചാണ് എന്നത് സ്പഷ്ടമാണ്. വിശുദ്ധഖുര്‍ആനില്‍ അല്ലാഹു (യഹോവ) ഇതു വ്യക്തമാക്കുന്നുണ്ട്. അദ്ധ്യായം 73 ലെ 15-ാം വചനം: 'നിങ്ങളിലേക്ക് നാം ഒരു പ്രവാചകനെ സാക്ഷിയായി അയച്ചിരിക്കുന്നു; ഫറവോനിലേക്ക് ദൂതനെ അയച്ചിരുന്നതുപോലെ'. ഇത് മുഹമ്മദ്‌നബിയാണ്. രണ്ടാമതായി ആവര്‍ത്തനം 18:18ല്‍ പറയുന്ന കാര്യം, അവരുടെ സഹോദരന്മാരില്‍നിന്ന് എഴുന്നേല്പിച്ച് അവരിലേക്കയക്കും എന്നാണ്. മോശെയുടെ പരമ്പരയില്‍ (ഇസ്രായീല്‍ സമൂഹത്തില്‍) അല്ല വരിക, മറിച്ച് മറ്റൊരു സഹോദര പരമ്പരയിലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അബ്രഹാമിന്റെ രണ്ട് സന്താനങ്ങളാണല്ലോ ഇസ്മായേലും യിസ്ഹാഖും. യിസ്ഹാഖിന്റെ പരമ്പരയാണ് ഇസ്രായീല്‍ സമൂഹം. സഹോദരനായ ഇസ്മായേലിന്റെ പരമ്പരയിലാണ് മുഹമ്മദ്‌നബി ജനിച്ചത്. അതുകൊണ്ടാണ് അവരുടെ സഹോദരന്മാരില്‍നിന്ന് എന്ന് പറഞ്ഞത്. ആവര്‍ത്തനപുസ്തകം 34:12ല്‍ '............മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല' എന്നെഴുതിയിരിക്കുന്നു. അതുകൊണ്ട് ഇസ്രായേല്‍ സമൂഹത്തില്‍ ജനിച്ച യേശുവാണ് എന്ന് പറയാന്‍ ഒട്ടും ന്യായമില്ല. ആവര്‍ത്തനം 18:18ല്‍ പറയുന്ന മറ്റൊരു കാര്യം, എന്റെ നാമത്തില്‍ പറയുന്ന വചനങ്ങള്‍ ഒരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ ഞാനവനോട് ചോദിക്കും എന്നതാണ്. ദൈവനാമത്തില്‍ പറയുന്ന വചനങ്ങള്‍ മുഹമ്മദ്‌നബി മുഖേന അവതരിച്ച ഖുര്‍ആനാണ്. 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' (പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറഞ്ഞുകൊണ്ടാണ് ഓരോ അദ്ധ്യായവും തുടങ്ങുന്നത്. ബൈബിളില്‍ ദൈവനാമത്തില്‍ തുടങ്ങുന്ന ഒറ്റ ഭാഗവും കാണുകയില്ല. അതുകൊണ്ട് മുഹമ്മദ്‌നബിയെയാണ്. 'നിന്നെപ്പോലൊരു പ്രവാചകന്‍' എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. യോഹന്നാന്‍ സുവിശേഷത്തില്‍ 1:19 മുതല്‍ നോക്കുക: പുരോഹിതന്മാരും ലേവ്യരും സ്‌നാപക യോഹന്നാനോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നു. നീ ക്രിസ്തുവാണോ? നീ ഏലിയാവാണോ? നീ 'ആ' പ്രവാചകനാണോ? ഈ മൂന്ന് ചോദ്യങ്ങള്‍ക്കും അല്ല എന്ന ഉത്തരമാണ് യോഹന്നാനില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്നത്. മുന്‍വേദങ്ങളില്‍ പ്രവചിച്ച മൂന്ന് പ്രവാചകന്മാരെ അവര്‍ പ്രതീക്ഷിച്ചിരുന്നു. ഇതില്‍ 'ആ പ്രവാചകന്‍' മുഹമ്മദ്‌നബിയാണ്. അത് യേശുവിന് മുമ്പ് വന്നിട്ടില്ല. യേശു പറഞ്ഞ കാര്യസ്ഥനാണത്. മോശെയോട് യഹോവ പറഞ്ഞ നിന്നെപ്പോലെയുള്ള പ്രവാചകനാണത്. സത്യവേദ പുസ്തകം ഒത്തു വാക്യങ്ങള്‍ എന്ന ബൈബിളില്‍ നീ 'ആ പ്രവാചകനോ?' എന്നതിനു നേരെ ആവര്‍ത്തനം 18:18 എന്നെഴുതിയിരിക്കുന്നു. അതായത് ആവര്‍ത്തനം 18:18ല്‍ പറയുന്ന നിന്നെപ്പോലുള്ള പ്രവാചകനും ഇവിടെ പറയുന്ന 'ആ പ്രവാചകനും' ഒന്നാണെന്ന് ബൈബിള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, സെന്റ് ജെറോം ബിബ്ലിക്കല്‍ കമന്ററിയില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ചില പുരോഹിതന്മാര്‍ പറയുന്നത്. 'ആ പ്രവാചകനും' യേശുവും ഒന്നാണെന്നാണ്. ഇത് തികച്ചും തെറ്റാണ്. കാരണം, സ്‌നാപകയോഹന്നാനോട് ഒരേ സമയത്ത് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നു. ഇതില്‍ ക്രിസ്തുവാണോ എന്നതിനും 'ആ' പ്രവാചകനാണോ എന്നതിനും അല്ല എന്ന മറുപടി ലഭിക്കുന്നു. ഒരേ സമയത്ത് ഒരാളെക്കുറിച്ച് രണ്ട് പ്രാവശ്യം ചോദിക്കുകയില്ലല്ലോ. മാത്രമല്ല, യോഹന്നാന്‍ 7:39-43 വാക്യങ്ങളില്‍ യേശുവും 'ആ പ്രവാചകനും' രണ്ടും രണ്ടാണെന്ന് വ്യക്തമാക്കുന്നു. 'അവന്‍ ഇത് തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്. യേശു അന്ന് തേജസ്‌കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍ ആത്മാവ് വന്നിട്ടില്ലായിരുന്നു.' യേശു ഈ ലോകത്ത്‌നിന്ന് പോയിട്ടില്ലാത്തതുകൊണ്ട് സത്യത്തിന്റെ ആത്മാവ് വന്നിട്ടില്ലായെന്നും പോയാല്‍ മാത്രമേ വരികയുള്ളൂ എന്നുമാണ് ഇതില്‍നിന്ന് സ്പഷ്ടമാകുന്നത്. യേശുവിനെ കണ്ടപ്പോള്‍ ജനങ്ങള്‍ രണ്ട് വിഭാഗമായി, യേശുവാണെന്നും ആ പ്രവാചകനാണെന്നും തര്‍ക്കിക്കുന്നതില്‍നിന്ന് ചിന്തിക്കുന്നവര്‍ക്ക് ചില സത്യങ്ങള്‍കൂടി വ്യക്തമായി മനസ്സിലാക്കാം. യേശു പോയിട്ടില്ലാത്തതുകൊണ്ട് സത്യത്തിന്റെ ആത്മാവ് വന്നിട്ടില്ല. എന്നിട്ടും അവര്‍ യേശുവാണെന്നും ആ പ്രവാചകനാണെന്നും തര്‍ക്കിക്കുന്നു. അപ്പോള്‍, 1.സത്യത്തിന്റെ ആത്മാവാകുന്ന കാര്യസ്ഥനും ആ പ്രവാചകനും ഒന്നുതന്നെ. 2. വരാനിരിക്കുന്ന സത്യത്തിന്റെ ആത്മാവാകുന്ന കാര്യസ്ഥന്‍ (ആ പ്രവാചകന്‍) യേശുവിനെപോലെ കൈയും കാലും കണ്ണും മൂക്കും തലയും ഉടലും ഉള്ള ഒരു മനുഷ്യന്‍ തന്നെയാണ്. ഇത് അന്ത്യപ്രവാചകനായ മുഹമ്മദ്‌നബിയല്ലാതെ മറ്റാരാണ്? സകല സത്യവും വിശുദ്ധഖുര്‍ആനിലല്ലാതെ മറ്റെന്തിലാണുള്ളത്? അതുകൊണ്ട് അന്ത്യപ്രവാചകനായ മുഹമ്മദ്‌നബിയിലും മുഹമ്മദ്‌നബി മുഖേന യഹോവയില്‍നിന്ന് നമുക്കവതരിച്ചുകിട്ടിയ വിശുദ്ധഖുര്‍ആനിലും നാം വിശ്വസിക്കണം. മുഹമ്മദ്‌നബിയെ നാം സ്‌നേഹിക്കണം; ആ സ്‌നേഹം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായിരിക്കണം. നമ്മുടെ കുടുംബത്തോടും സമ്പത്തിനോടുമുള്ള സ്‌നേഹത്തേക്കാളുപരിയായിരിക്കണം. നമുക്ക് പ്രിയങ്കരമായ നമ്മുടെ ജീവനേക്കാളുപരിയായിരിക്കണം. ഈ സ്‌നേഹം ബാഹ്യമാത്ര പ്രസക്തമാകരുത്. വാക്കുകളിലും വാചകങ്ങളിലും മാത്രമൊതുങ്ങുന്നതുമാകരുത്. പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടുമുള്ളതായിരിക്കണം. ഹൃദയാന്തരാളങ്ങളില്‍ അതിന്റെ കിരണങ്ങള്‍ പ്രസരിച്ചുകൊണ്ടിരിക്കണം. ജീവിതത്തില്‍ ദൈവിക കല്പനകളുടെ നിസ്വാര്‍ഥവും നിഷ്‌കളങ്കവുമായ പ്രയോഗവല്‍ക്കരണത്തിന്നത് പ്രചോദനമേകണം. എങ്കിലേ നിത്യജീവന്‍ അഥവാ ശാശ്വതമായ സ്വര്‍ഗം നേടാന്‍ കഴിയുകയുള്ളൂ. ദൈവം നമ്മെ വിജയത്തിന്റെ മാര്‍ഗത്തിലാക്കുമാറാകട്ടെ. യേശുവിന്റെ വസിയ്യത്ത് അംഗീകരിച്ച് ജീവിച്ച് മരണാനന്തരം ശാശ്വതസ്വര്‍ഗം നേടിയെടുക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

No comments:

Post a Comment