
ക്ളോറിന്‍ ചേര്‍ത്ത വെള്ളം കൊണ്ട് വുദൂ
ക്ളോറിന്‍ ചേര്‍ത്ത് ശുദ്ധീകരിച്ച ടാപ്പ് വെള്ളം മാത്രമാണ് ഇക്കാലത്ത് പല സ്ഥലങ്ങളിലും ലഭിക്കുക. ക്ളോറിന്‍ ചേരുന്നതു മൂലം വെള്ളത്തിന്റെ രുചിയും മണവുമൊക്കെ മാറുന്നതായും അനുഭവപ്പെടുന്നു. ഈ വെള്ളം കൊണ്ട് വുദൂ സാധുവാകുമോ?
ans-രാസ പദാര്‍ഥങ്ങള്‍ കലര്‍ന്നതു മൂലം ഗുണങ്ങള്‍ക്ക് മാറ്റം വന്ന വെള്ളത്തിന്റെ ശുദ്ധതയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് ശുദ്ധമാണ്, എന്നാല്‍ മറ്റു വസ്തുക്കളെ ശുദ്ധീകരിക്കാന്‍ പര്യാപ്തമല്ല എന്ന് മാലിക്കികളും, ശാഫിഈകളും അഭിപ്രായപ്പെടുന്നു. ഇമാം അഹ്മദില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ടും അതിനെ പിന്താങ്ങുന്നു.
എന്നാല്‍ പനിനീര്‍ പോലെയുള്ള ശുദ്ധ വസ്തുക്കള്‍ കലര്‍ന്നത് മൂലം ഗുണവ്യത്യാസം വന്ന ജലം ശുദ്ധീകരണക്ഷമമാണെന്നാണ് ഹനഫികളുടെ അഭിപ്രായം. ഒരു നിവേദന പ്രകാരം ഇമാം അഹ്മദ് ഇതേ അഭിപ്രായക്കാരനാണ്.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ ഹനഫികളുടെ അഭിപ്രായത്തെ പിന്തുണക്കുന്നു. ഇതിനനുകൂലമായി ഇബ്നു ഖുദാമയും തെളിവ് ഉദ്ധരിക്കുന്നുണ്ട്: 'വെള്ളം കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക' (അന്നിസാഅ് 43) എന്നതില്‍ വെള്ളം പൊതുവായിട്ടാണ് പ്രയോഗിച്ചിട്ടുള്ളത്. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ളവെള്ളം ലഭ്യമാണെങ്കില്‍ അതുകൊണ്ട് ശുദ്ധീകരണം നിര്‍വഹിക്കണം. തയമ്മും പാടില്ല എന്നര്‍ഥം.
അബൂദര്‍റ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക: "(ശുദ്ധീകരണത്തിന്) വെള്ളം കിട്ടിയില്ലെങ്കില്‍ മണ്ണ് മതിയാകുന്നതാണ്''. ഇവിടെയും വെള്ളമെന്നത് പൊതുവായിട്ടാണ് പ്രയോഗിച്ചിട്ടുള്ളത്. നബിയും സഖാക്കളും പല ആവശ്യങ്ങള്‍ക്കും യാത്ര ചെയ്യാറുണ്ടായിരുന്നു. ഭൌമോപരിതലത്തില്‍ കാണുന്ന ഉറവകളായിരുന്നു അവര്‍ക്ക് വെള്ളത്തിനുള്ള മുഖ്യ ആശ്രയം.
ഉറവ ജലം പല വസ്തുക്കളും കലര്‍ന്ന് വ്യത്യാസപ്പെട്ട് കാണാറുണ്ട്. ഇത്തരം വെള്ളമുണ്ടായിരിക്കേ അതൊഴിവാക്കി നബിയും സ്വഹാബികളും തയമ്മും ചെയ്തതായി നിവേദനങ്ങളില്ല. കാരണം അത് ശുദ്ധീകരണക്ഷമമാണ്. ശുദ്ധ വസ്തുവാണ് അതിനോട് ചേര്‍ന്നിട്ടുള്ളത്. അതുമൂലം ജലത്തിന്റെ മൌലികഗുണങ്ങള്‍ക്ക് മാറ്റമൊന്നും വരുന്നുമില്ല.
ഇബ്നു തൈമിയ്യ ഉന്നയിക്കുന്ന ചില തെളിവുകള്‍ കാണുക: "കടല്‍ വെള്ളം ശുദ്ധമാണ്. അതിലെ ശവം അനുവദനീയമാണ്'' എന്ന് നബി(സ) പ്രസ്താവിച്ചിരിക്കുന്നു. കടല്‍വെള്ളത്തിന് ഉപ്പ് രുചിയാണല്ലോ. കടുത്ത ഉപ്പ് രുചിയുള്ള വെള്ളം ശുദ്ധമാണെന്നാണ് റസൂല്‍(സ) പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ കടല്‍ ജലത്തേക്കാള്‍ ഉപ്പു കുറഞ്ഞ വെള്ളം ശുദ്ധമാണ് എന്നത് സ്പഷ്ടമാണല്ലോ. ഉപ്പ് മനഃപൂര്‍വം വെള്ളത്തില്‍ ചേര്‍ത്തതാണെങ്കിലും ശരി.
ചുരുക്കത്തില്‍, വെള്ളം ശുദ്ധമാക്കാനോ വെള്ളം മാത്രം ശുചിയാക്കാനോ ഉപയോഗിച്ച വസ്തുക്കള്‍ മൂലം മാറ്റം വന്ന ജലം ശുദ്ധീകരണാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാവുന്നതാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ ഹനഫികളുടെയും ഇബ്നു തൈമിയയുടെയും അഭിപ്രായം അതിനെ പിന്താങ്ങുന്നു.
No comments:
Post a Comment