Thursday, 14 June 2012
ഇസ്ലാമിക രാഷ്ട്രം: ഒരു മുജാഹിദ് നേതാവിന്റെ വികല മറുപടി
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ നാട്ടില്‍ നിച് ഓഫ് ട്രൂത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു സ്നേഹസംവാദം പരിപാടി സംഘടിപ്പിക്കുകയുണ്ടായി. 'പ്രവാചകന്‍ മാനവരില്‍ മഹോന്നതന്‍ ' എന്നതായിരുന്നു പ്രമേയം. പ്രസ്തുത പരിപാടിയില്‍ പ്രവാചകന്റെ സവിശേഷതകള്‍ പറഞ്ഞ കൂട്ടത്തില്‍ പ്രവാചകന്‍ മാതൃകാ യോഗ്യനായ ഒരു ഭരണാധികാരി ആയിരുന്നുവെന്ന പരാമര്‍ശം ഉണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ ഈയുള്ളവന്‍ ഒരു ചോദ്യം ചോദിക്കുകയും അതിനു മറുപടിയായി ചില കാര്യങ്ങള്‍ മറുപക്ഷത്ത് നിന്നും പറയുകയും ചെയ്തു. താഴെ ഉള്ള ഓഡിയോയില്‍ നിന്നും ചോദ്യവും മറുപടിയും കേള്‍ക്കാം.
എന്റെ ചോദ്യത്തിന്റെ സംഗ്രഹം ഇതാണ് :
പ്രവാചകന്‍ (സ) ഒരു മഹാനായ ഭരണാധികാരി കൂടിയാണെന്ന കാര്യം നമ്മളെല്ലാം അംഗീകരിക്കുന്നതാണ്. ഇതിന്റെ അര്‍ഥം ഇസ്ലാമില്‍ കൃത്യമായ ഒരു രാഷ്ട്രീയ വ്യവസ്ഥ കൂടി ഉണ്ടെന്നാണ്. എന്നാല്‍ സാധാരണ ഗതിയില്‍ മുസ്ലിം സംഘടനകള്‍ വളരെ സുപ്രധാനമായ ഈ വശം പ്രബോധനം ചെയ്യുന്നതായി കാണുന്നില്ല. അതെ സമയം ഇതിനേക്കാള്‍ എത്രയോ പ്രാധാന്യം കുറഞ്ഞ വിഷയങ്ങളില്‍ ഗൌരവപൂര്‍വ്വം സംസാരിക്കുകയും അതിനു വേണ്ടി പേജുകളും സ്റ്റേജുകളും ചിലവഴിക്കുകയും ചെയ്യുന്നു. ജനങ്ങളില്‍ ഇസ്ലാമിന്റെ ഈ മേഖലയെ കുറിച്ച് എത്തിച്ചു കൊടുക്കാന്‍ സംഘടനകള്‍ എന്ത് കൊണ്ട് തയ്യാറാകുന്നില്ല?
ഇതിനു സുബൈര്‍ പീടിയേക്കല്‍ എന്ന നിചിന്റെ പ്രതിനിധി നല്‍കിയ മറുപടി ഇങ്ങനെ സംഗ്രഹിക്കാം:
1. പ്രവാചകന്‍ (സ) നീതിമാനായ ഒരു ഭരണാധികാരി തന്നെയാണ്. എന്നാല്‍ നബി (സ) യുടെ ലക്‌ഷ്യം ഒരു ഭരണാധികാരിയാകലോ ഒരു രാഷ്ട്രം പിടിചെടുക്കലോ ആയിരുന്നില്ല.
2. പ്രവാചകന്‍ (സ) സമൂഹത്തിലേക്കു വന്ന താക്കീതുകാരനാണ്. അല്ലാഹു പഠിപ്പിച്ച പരമ യാഥാര്‍ത്യത്തെ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ലക്‌ഷ്യം.
3. ഭരണം പ്രവാചകന്റെ ലക്ഷ്യമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ മക്കയിലെ പൌരപ്രമുഖര്‍ പ്രവാചകന് അധികാരം, സമ്പത്ത് മുതലായവ ഓഫര്‍ ചെയ്തപ്പോള്‍ പ്രവാചകന്‍ സ്വീകരിക്കുമായിരുന്നു. പക്ഷെ പ്രവാചകന്‍ അവയെല്ലാം നിരാകരിച്ചു.
4. ഇസ്ലാമിനെ പ്രബോധനം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഭരണം വന്നുചേരും.
5. ഇസ്ലാമിലെ അനുഷ്ടാനങ്ങള്‍ രാഷ്ട്രം പിടിചെടുക്കാനോ ഭരണം നേടാനോ ഉള്ള പരിശീലനമോ തന്ത്രമോ അല്ല.
6. ഭരണം നേടിയില്ല എന്ന് കരുതി നമ്മള്‍ പൂര്‍ണ മുസ്ലിംകള്‍ അല്ല എന്ന് പറയാന്‍ പറ്റില്ല. ഇബ്രാഹിം (അ) നു ഭരണം ഇല്ലായിരുന്നല്ലോ. എന്നിട്ടും അദ്ദേഹം മാതൃകാ യോഗ്യനാണെന്ന് ഖുര്‍ആന്‍ പറയുന്നു.
7. പ്രവാചകന് ഭരണം സ്വാഭാവികമായി കിട്ടിയതായിരുന്നു. അപ്പോള്‍ പ്രവാചകന്‍ അതെറ്റെടുത്തു. നമുക്കും അങ്ങനെ ലഭിച്ചാല്‍ ഏറ്റെടുക്കാം.
8. ലക്‌ഷ്യം രാഷ്ട്ര പുനര്‍ നിര്‍മാണമല്ല . പരലോകമാണ്.
മേല്‍ മറുപടികളില്‍ എന്റെ ചോദ്യത്തിനല്ല അദ്ദേഹം മറുപടി പറഞ്ഞതെന്ന് വ്യക്തം. വളരെ നിസ്സാരമായ വിഷയങ്ങളില്‍ പോലും വാദപ്രതിവാദങ്ങള്‍ നടത്തുന്ന ഇക്കൂട്ടര്‍ മനുഷ്യജീവിതത്തിന്റെ വളരെ സുപ്രധാനമായ രാഷ്ട്രീയ-ഭരണ മേഖലകളില്‍ ഇസ്ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ ജനങ്ങളില്‍ പ്രബോധനം ചെയ്യാത്തത് എന്ത് കൊണ്ട് എന്നതാണ് ചോദ്യത്തിന്റെ കാതലായ വശം. അദ്ദേഹത്തിന്‍റെ മറുപടികളെ കുറിച്ചുള്ള ഉപചോദ്യം ചോദിക്കാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. സമയക്കുറവു എന്നതായിരുന്നു അതിനവര്‍ പറഞ്ഞ കാരണം (അത് ശരിയായിരുന്നില്ല. ഒമ്പത് മണി വരെ അനുവദിക്കപ്പെട്ടിട്ടുള്ള പരിപാടി തീരാന്‍ പിന്നെയും 20 മിനുട്ട് ബാക്കിയായിരുന്നു).
ഇനി നല്‍കപ്പെട്ട മറുപടികള്‍ നമുക്കൊന്ന് വിശകലനം ചെയ്യാം.
1. പ്രവാചകന്‍ (സ) നീതിമാനായ ഒരു ഭരണാധികാരി തന്നെയാണ്. എന്നാല്‍ നബി (സ) യുടെ ലക്‌ഷ്യം ഒരു ഭരണാധികാരിയാകലോ ഒരു രാഷ്ട്രം പിടിചെടുക്കലോ ആയിരുന്നില്ല.
നബി (സ) യുടെ ലക്‌ഷ്യം ഒരു ഭരണാധികാരിയാകലോ ഒരു രാഷ്ട്രം പിടിചെടുക്കലോ ആയിരുന്നു എന്നൊരു വാദം ആര്‍ക്കുമില്ല. സമ്പൂര്‍ണമായ ഇസ്ലാമില്‍ ഭരണവും രാഷ്ട്രീയവും ഉണ്ടെന്നും മനുഷ്യന് ഏറ്റവും നല്ലത് അവനെ സൃഷ്ടിച്ച ദൈവത്തിന്റെ നിയമ നിര്‍ദേശങ്ങളും ജീവിതപദ്ധതിയും ആണെന്നും അത് ജനങ്ങള്‍ക്ക് മുമ്പില്‍ മാന്യമായി പ്രബോധനം ചെയ്യണമെന്നുമാണ് പറയുന്നത്. അക്രമത്തിലൂടെ ഭരണം പിടിച്ചെടുക്കുക എന്നും ഭരണം മാത്രം ലക്ഷ്യമാക്കുക എന്നും ഇവിടെ ആരും പറഞ്ഞിട്ടില്ല. സമ്പൂര്‍ണ ഇസ്ലാം പ്രബോധനം ചെയ്യുക, അത് സ്ഥാപിക്കുവാനും നില നിര്‍ത്തുവാനും പരിശ്രമിക്കുക, ഇതാണ് ലക്‌ഷ്യം. ഇതിനെ കുറിച്ചാണ് ഖുര്‍ആന്‍ ഇഖാമത്ത്ദ്ദീന്‍ എന്ന് വിശേഷിപ്പിച്ചതും ലക്ഷ്യമാക്കി തന്നതും. ഇതിനു അട്ടിമറിയുടെയോ അക്രമത്തിന്റെയോ മാര്‍ഗം അവലംബിക്കരുതെന്നാണ് പറയുന്നത്.
2. പ്രവാചകന്‍ (സ) സമൂഹത്തിലേക്കു വന്ന താക്കീതുകാരനാണ്. അല്ലാഹു പഠിപ്പിച്ച പരമ യാഥാര്‍ത്യത്തെ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ലക്‌ഷ്യം.
ഇപ്പറഞ്ഞതും തര്‍ക്കമില്ലാത്ത കാര്യം തന്നെ. എന്നാല്‍ അല്ലാഹു പഠിപ്പിച്ച കാര്യങ്ങളില്‍ ഭരണവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ ഇല്ലേ? ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കണം എന്ന് പറയുമ്പോള്‍ ഈ വശം മറച്ചു വെക്കാമോ? അതിനാണ് മറുപടി കിട്ടേണ്ടത്.
3. ഭരണം പ്രവാചകന്റെ ലക്ഷ്യമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ മക്കയിലെ പൌരപ്രമുഖര്‍ പ്രവാചകന് അധികാരം, സമ്പത്ത് മുതലായവ ഓഫര്‍ ചെയ്തപ്പോള്‍ പ്രവാചകന്‍ സ്വീകരിക്കുമായിരുന്നു. പക്ഷെ പ്രവാചകന്‍ അവയെല്ലാം നിരാകരിച്ചു.
ഭരണം മാത്രം പ്രവാചകന്റെ ലക്ഷ്യമായിരുന്നില്ല എന്നതാണ് ശരി. എന്നാല്‍ തന്റെ വാദത്തിനു മറുപടിക്കാരന്‍ ചൂണ്ടികാണിച്ച തെളിവ് പരിഹാസ്യമാണ്. കാരണം മക്കയിലെ പൌരപ്രമുഖര്‍ ഈ ഓഫെറുകള്‍ നല്‍കുന്നത് പ്രവാചകന്‍ (സ) തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതിന് വേണ്ടിയാണ്. ഇക്കാര്യം മറുപടിക്കാരന്‍ തന്നെ സൂചിപിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഭരണ രാഷ്ട്രീയ വ്യവസ്ഥയുടെ പ്രബോധനമാണല്ലോ നാം പറയുന്നത്. അപ്പോള്‍ ഈ തെളിവും കൊണ്ട് വരുന്നത് വിഡ്ഢിത്തമല്ലെങ്കില്‍ മറ്റെന്താണ്? രസകരമായ മറ്റൊരു കാര്യം കൂടി: പൌരപ്രമുഖരുടെ മറ്റൊരു ഓഫര്‍ സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിപ്പിച്ചു തരാം എന്നായിരുന്നു. മേല്‍ പറഞ്ഞ ന്യായം വെച്ച് ഇസ്ലാമില്‍ വിവാഹം ഇല്ലെന്നാരെങ്കിലും പറയുമോ? അതിനു വേണ്ടി പ്രവര്‍ത്തിക്കരുതെന്നു പറയുമോ?
4. ഇസ്ലാമിനെ പ്രബോധനം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഭരണം വന്നുചേരും.
ഈ വാചകം ശരിയും മറുപടിക്കാരന്റെ ഉദ്ദേശ്യം തെറ്റുമാണ്. കാരണം ഇസ്ലാമിനെ പ്രബോധനം ചെയ്യുക എന്നത് കൊണ്ട് അദ്ദേഹം കരുതുന്നത് ഇന്ന് മുജാഹിദ് പ്രസ്ഥാനം ചെയ്തു വരുന്ന നിലക്കുള്ള പ്രബോധനമാണ്. അതാവട്ടെ ഇസ്ലാമിന്റെ സമ്പൂര്‍ണ പ്രബോധനമല്ല. രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ ദീനാണ് പ്രബോധനം ചെയ്യേണ്ടത്. അങ്ങനെ ചെയ്താലേ സമ്പൂര്‍ണ ഫലമുണ്ടാവൂ.
5. ഇസ്ലാമിലെ അനുഷ്ടാനങ്ങള്‍ രാഷ്ട്രം പിടിചെടുക്കാനോ ഭരണം നേടാനോ ഉള്ള പരിശീലനമോ തന്ത്രമോ അല്ല.
ഇതൊരു വ്യക്തമായ തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണ്. മൌദൂദിയുടെ 'ഖുതുബാത്' എന്ന ഗ്രന്ഥത്തിലെ 'സംഘം ചേര്‍ന്നുള്ള നമസ്ക്കാരം' എന്ന അദ്ധ്യായത്തിലെ ചില വരികള്‍ വെച്ച് മുജാഹിദ് പ്രസ്ഥാനം ഉന്നയിക്കുന്ന ആരോപണമാണിത്. സംഘനമസ്ക്കാരത്തിന്റെ നിരവധി സവിശേഷതകള്‍ പറഞ്ഞ കൂട്ടത്തില്‍ 'സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്താന്‍ അത് നിങ്ങളെ പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നു' എന്ന പരാമര്‍ശം വെച്ചാണ് മറുപടിക്കാരന്‍ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ അദ്ദേഹം പറഞ്ഞ രൂപത്തിലുള്ള വാചകം അതിലില്ല. ഉള്ളതാവട്ടെ അക്ഷരം പ്രതി ശരിയുമാണ്. അത് തെറ്റാണെന്ന് പറയാന്‍ ഇവരുടെ കയ്യില്‍ എന്ത് തെളിവാനുള്ളത്? അങ്ങനെയൊരു തെളിവുണ്ടെങ്കില്‍ ആദ്യം ഇവര്‍ ഇവരുടെ നേതാക്കന്മാരെ തിരുത്തട്ടെ. (സംഘനമസ്ക്കാരം ഒരു മാതൃകാ ഗ്രാമപഞ്ചായത്ത് എന്ന post വായിക്കുക).
6. ഭരണം നേടിയില്ല എന്ന് കരുതി നമ്മള്‍ പൂര്‍ണ മുസ്ലിംകള്‍ അല്ല എന്ന് പറയാന്‍ പറ്റില്ല. ഇബ്രാഹിം (അ) നു ഭരണം ഇല്ലായിരുന്നല്ലോ. എന്നിട്ടും അദ്ദേഹം മാതൃകായോഗ്യനാണെന്ന് ഖുര്‍ആന്‍ പറയുന്നു.
ഇസ്ലാമിന്റെ സമ്പൂര്‍ണമായ സംസ്ഥാപനത്തിന് വേണ്ടി ആത്മാര്‍ഥമായി ശ്രമിച്ചിട്ടും ആ വ്യവസ്ഥ നടപ്പിലാക്കാന്‍ സാധിക്കാതെ പോയാല്‍ നമ്മള്‍ പൂര്‍ണ മുസ്ലിംകള്‍ തന്നെയാണ്. എന്നാല്‍ അതിനു ശ്രമിക്കാത്തവരെ കുറിച്ച് പൂര്‍ണമുസ്ലിംകള്‍ എന്ന് പറയാന്‍ പറ്റില്ല.
തൗഹീദ് നടപ്പില്‍ വരുത്തുവാന്‍ വേണ്ടിയാണ് പ്രവാചകന്മാര്‍ വന്നതെന്ന് മുജാഹിദുകള്‍ പറയുന്ന കാര്യമാണ്. എന്നാല്‍ എല്ലാ പ്രവാചകന്മാര്‍ക്കും ആ ലക്‌ഷ്യം നേടാന്‍ സാധിച്ചോ? ഇബ്രാഹിം നബി (അ) ക്ക് പോലും സ്വന്തം നാട്ടിലെ ബഹുദൈവാരാധന അവസാനിപ്പിച്ചു ഏകദൈവാരാധാന സ്ഥാപിക്കാന്‍ സാധിച്ചോ? അപ്പോള്‍ ലക്‌ഷ്യം സഫലമാകാന്‍ പരമാവധി പരിശ്രമിക്കുകയാണ് എല്ലാ പ്രവാചകന്മാരും ചെയ്തത്. ചിലര്‍ വിജയം കണ്ടു, ചിലര്‍ കണ്ടില്ല. അത് അല്ലാഹുവിന്റെ തീരുമാനമനുസരിച്ച് നടക്കും. നമ്മളും അത് പോലെ പരിശ്രമിക്കണം. ഫലം കണ്ടാലും കണ്ടില്ലെങ്കിലും.
7. പ്രവാചകന് ഭരണം സ്വാഭാവികമായി കിട്ടിയതായിരുന്നു. അപ്പോള്‍ പ്രവാചകന്‍ അതെറ്റെടുത്തു. നമുക്കും അങ്ങനെ ലഭിച്ചാല്‍ ഏറ്റെടുക്കാം.
ഭരണം സ്വാഭാവികമായി കിട്ടണമെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം, സ്ത്രീക്ക് പള്ളിയില്‍ പോകാം, ഖുതുബ മാതൃഭാഷയില്‍ വേണം എന്നൊക്കെ പറഞ്ഞു നടന്നാല്‍ മാത്രം ഭരണം സ്വാഭാവികമായി കിട്ടുമെന്ന് കരുതുന്നത് മൌഡ്യമാണ്. ഇസ്ലാം ദീനിലുള്ള എല്ലാം -ഭരണമടക്കം- പ്രബോധനം ചെയ്യുമ്പോഴേ അത് ലഭ്യമാവൂ. പ്രവാചകന്റെ മാതൃകയും അതാണ്.
8. ലക്‌ഷ്യം രാഷ്ട്ര പുനര്‍നിര്‍മാണമല്ല . പരലോകമാണ് .
ഇസ്ലാമിന്റെ രാഷ്ട്രീയ ഭരണ മേഖലകളെ ലക്ഷ്യമാക്കി പ്രബോധനം ചെയ്യാതിരിക്കാനുള്ള ന്യായമാണിതെങ്കില്‍ മറ്റെല്ലാത്തിനും ഇത് ന്യായമാക്കാം. നമ്മുടെ ലക്‌ഷ്യം ഏകദൈവാരാധന സ്ഥാപിക്കലല്ല; പരലോകമാണ് എന്നൊരാള്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും? അത് പോലെയുള്ള ഒരു വാദമാണിതും.
ഒരു മുസ്ലിമിന്റെ ആത്യന്തിക ലക്‌ഷ്യം പരലോകവിജയമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ഈ ലോകത്ത് എന്ത് ചെയ്താലാണ് പരലോക വിജയം നേടുക? അത് ഖുര്‍ആന്‍ തന്നെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. സകല പ്രവാചകന്മാരോടും കല്‍പ്പിച്ച ആ ദൌത്യമാണ് ഇഖാമത്ത്ദ്ദീന്‍ അഥവാ ദീനിന്റെ സമ്പൂര്‍ണ സംസ്ഥാപനം. ഭരണവും രാഷ്ട്രീയവുമെല്ലാം ദീനില്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ച ഏതൊരാള്‍ക്കും മനസ്സിലാവും. ഈ ഭൂമിയിലെ ലക്‌ഷ്യം അതാണ്. അതിനപ്പുറമുള്ള പരമമായ ലക്ഷ്യമാണ് പരലോകവിജയം. ഭരണ-രാഷ്ട്രീയ മേഖലയിലെ അല്ലാഹുവിന്റെ ഹാകിമിയ്യത് (നിയമനിര്‍മാണത്തിനുള്ള പരമാധികാരം) എന്ന തൌഹീദിന്റെ വശം അംഗീകരിക്കാതെ എങ്ങനെയാണ് ഒരാള്‍ക്ക് പരലോക വിജയം നേടാന്‍ കഴിയുക?
Subscribe to:
Post Comments (Atom)
No comments:
Post a Comment