..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 18 June 2012

പ്രവാചകന്മാര്‍ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ അതിപ്രധാനമാണ് പ്രവാചകന്‍മാരിലുള്ള വിശ്വാസം. വേദം ഏറ്റുവാങ്ങാനും വേദാനുസാരം മനുഷ്യരെ മാര്‍ഗദര്‍ശനം ചെയ്യാനും മനുഷ്യരില്‍നിന്നുതന്നെ ദൈവം തെരഞ്ഞെടുക്കുന്ന ദൂതാന്‍മാരാണ് പ്രവാചകന്‍മാര്‍. വളരെ പരിശുദ്ധരും സംസ്‌കാര സമ്പന്നരും സല്‍സ്വഭാവികളും പക്വമതികളുമായ മനുഷ്യരാണവര്‍. സത്യ സന്ധതയില്ലാത്തവരോ സ്വഭാവദൂഷ്യമുള്ളവരോ ബുദ്ധിമാന്ദ്യമുള്ളവരോ പ്രവാചകന്‍മാരായി തെരഞ്ഞെടുക്കപ്പെടുകയില്ല. മറ്റുള്ളവര്‍ക്ക് മാതൃകാ യോഗ്യരായവര്‍ മാത്രമേ പ്രവാചകന്‍മാരാകൂ. വേദവും മറ്റു വെളിപാടുകളും ഏറ്റുവാങ്ങുകയും അതനുസരിച്ച് ജനങ്ങളെ നയിക്കുകയുമാകുന്നു പ്രവാചകന്‍മാരുടെ ദൗത്യം. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട പുണ്യാത്മാക്കളാണെങ്കിലും പ്രവാചകന്‍മാര്‍ ദിവ്യശക്തികളുള്ളവരോ ദൈവികാധികാരങ്ങളില്‍ പങ്കുള്ളവരോ അല്ല. അവര്‍ ആരാധിക്കപ്പെടുന്നത്, അവരുടെ തന്നെ ഉപദേശത്തിന് വിരുദ്ധമായ മഹാപരാധമാകുന്നു. ദിവ്യസന്ദേശം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റെല്ലാകാര്യങ്ങളിലും അവര്‍ സാധാരണ മനുഷ്യര്‍തന്നെയാണ്. ചിലപ്പോള്‍ പ്രവാചകന്റെ പ്രവാചകത്വം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തം എന്ന നിലയില്‍ ചില ദിവ്യാത്ഭുതങ്ങള്‍ പ്രവാചകന്‍മാരിലൂടെ പ്രത്യക്ഷപ്പെട്ടേക്കാം. മൂസാ പ്രവാചകന്റെ വടി ഒരു ഉദാഹരണം. ദൈവം നിര്‍ദേശിക്കുന്ന സമയത്ത് അത് നിലത്തിട്ടാല്‍ സര്‍പ്പമായിത്തീരുമായിരുന്നു. ഇത്തരം സിദ്ധികള്‍ പക്ഷേ പ്രവാചകന്‍മാരുടെ സ്വന്തം നിയന്ത്രണത്തിലായിരുന്നില്ല. ദൈവം കല്‍പ്പിക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് അത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താനാകുമായിരുന്നുള്ളൂ. മനുഷ്യരിലേറ്റം ഔന്നത്യവും മഹത്വവുമുള്ളവരാണ് പ്രവാചകന്‍മാര്‍. ആ മഹത്വമൊന്നും അവരെ ദൈവദാസന്‍ എന്ന അവസ്ഥയില്‍നിന്ന് ദൈവമോ ദൈവത്തിന്റെ മക്കളോ പങ്കാളികളോ ആക്കി ഉയര്‍ത്തുന്നില്ല. പൂര്‍വകാലത്ത് എല്ലാ ജനസമൂഹങ്ങളിലും പ്രവാചകന്‍മാര്‍ ആഗതരായിട്ടുണ്ടെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. 25ഓളം പ്രവാചകന്‍മാരുടെ പേരേ അത് പരാമര്‍ശിക്കുന്നുള്ളൂ. അവരെയെല്ലാം സത്യപ്രവാചകന്‍മാരായി അംഗീകരിക്കേണ്ടത് മുസ്‌ലിമിന്റെ നിര്‍ബന്ധ ബാധ്യതയാണ്. ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്‍മാര്‍ പല കാലങ്ങളിലും സ്ഥലങ്ങളിലുമായി വന്നിട്ടുണ്ടെന്നാണ് ചരിത്രം. മനുഷ്യനെ മാര്‍ഗദര്‍ശനം ചെയ്യാനുള്ള വെളിപാട് ലഭിച്ചവരെല്ലാം പ്രവാചകന്‍മാരാകുന്നു. മൗലികമായി ഒരേ തത്വങ്ങളും ധര്‍മങ്ങളും തന്നെയാണ് എല്ലാ ദൈവദൂതന്‍മാരും പ്രബോധനം ചെയ്തിരുന്നത്. ഒരു സമൂഹത്തില്‍ തന്നെ പല കാലങ്ങളിലായി അനേകം പ്രവാചകന്‍മാര്‍ വരാറുണ്ടായിരുന്നു. ഒരേ കാലത്തു തന്നെ ഒരേ സമൂഹത്തിലും വ്യത്യസ്ത സമൂഹങ്ങളിലുമായി ഒന്നിലധികം പ്രവാചകര്‍ ആഗതരായ ചരിത്രവുമുണ്ട്. പൂര്‍വപ്രവാചകന്റെ പാരമ്പര്യവും അദ്ദേഹത്തിനവതരിച്ച വേദവും നിലനിര്‍ത്താനാണ് അധിക പ്രവാചകന്‍മാരും വന്നത്. പൂര്‍വപ്രവാചകന്റെ പൈതൃകങ്ങളും വേദവും തീരെ വിസ്മൃതമായിപ്പോയ സാഹചര്യങ്ങളില്‍ ആഗതരാകുന്ന പ്രവാചകരോടൊപ്പം പുതിയ വേദവും നിയമവ്യവസ്ഥയും അവതരിച്ചിരുന്നു. അത്തരം പ്രവാചകരെ സാങ്കേതികമായി റസൂല്‍ (ദൈവദൂതന്‍) എന്നാണ് വിളിക്കുക. പുതിയ വേദവും നിയമവ്യവസ്ഥയും ഇല്ലാത്ത പ്രവാചകനെ നബി എന്നും വിളിക്കുന്നു. വേദം ഏറ്റുവാങ്ങി ജനങ്ങള്‍ക്ക് കൈമാറുക മാത്രമല്ല പ്രവാചകന്റെ ദൗത്യം. വേദവ്യാഖ്യാതാവുമാണദ്ദേഹം. വേദം സൂചനകളിലൂടേയും രൂപകങ്ങളിലൂടേയും അവതരിപ്പിച്ച സത്യങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടതും വേദതത്വങ്ങളും നിയമങ്ങളും നിത്യജീവിതത്തില്‍ സാക്ഷാത്കരിച്ചു കാണിച്ചുകൊടുക്കേണ്ടതും പ്രവാചകന്‍മാരാണ്. ഈ രീതിയിലുള്ള വേദാര്‍ഥപ്രകാശനത്തില്‍ അവര്‍ക്ക് തെറ്റുപറ്റുകയില്ല. അഥവാ വല്ല പിശകും പിണഞ്ഞാല്‍ ദൈവം ഇടപെട്ട് വെളിപാടിലൂടെ തിരുത്തിക്കൊടുക്കുന്നതാണ്. ഈ അര്‍ത്ഥത്തില്‍ അപ്രമാദിത്വമുള്ള മനുഷ്യരാണ് പ്രവാചകന്‍മാര്‍. അതു കൊണ്ടു തന്നെ വേദത്തിന് പ്രവാചകന്‍മാര്‍ സ്വജീവിതത്തിലൂടെ ചമക്കുന്ന വ്യാഖ്യാനം നിയമവ്യവസ്ഥയും, വേദത്തിനു ശേഷമുള്ള ആധികാരിക പ്രമാണമാകുന്നു. ഇസ്‌ലാമില്‍ ഇതിനെ സുന്നത്ത് അഥവാ പ്രവാചകചര്യ എന്നു വിളിക്കുന്നു. ഖുര്‍ആന്‍ അന്തിമ വേദമായ അതേ കാരണങ്ങളാല്‍ മുഹമ്മദ് നബി അന്ത്യപ്രവാചകനുമാകുന്നു. ലോകജനതക്ക് അന്ത്യനാള്‍ വരേക്കുമുള്ള ദൈവദൂതനായിട്ടാണദ്ദേഹം നിയോഗിക്കപ്പെട്ടത്. മുഹമ്മദ് നബിയെപ്പറ്റി ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടുതന്നെയാകുന്നു നിന്നെ നാം നിയോഗിച്ചിട്ടുള്ളത്.' (34:28) അദ്ദേഹത്തിനവതരിച്ച വേദമായ ഖുര്‍ആനും അതിന്റെ പ്രായോഗിക വ്യാഖ്യാനമായി അദ്ദേഹം കാഴ്ചവെച്ച ജീവിതചര്യയും വിസ്മൃതമാവുകയോ വികലമാവുകയോ ചെയ്യാതെ ലോകാവസാനംവരെ നിലനില്‍ക്കുന്നതാണ്. അത് തലമുറകള്‍ക്ക് പകര്‍ന്ന് കൊടുക്കാനും പ്രചരിപ്പിക്കാനുമുള്ള ബാധ്യത അദ്ദേഹത്തിന്റെ അനുയായികളില്‍ ചുമത്തപ്പെട്ടിരിക്കുന്നു. അതിനാല്‍ അദ്ദേഹത്തിനുശേഷം പ്രവാചകന്‍മാര്‍ വരുന്നതല്ല. ഖുര്‍ആനിലെ 33ാം അധ്യായത്തിലെ 40ാം സൂക്തത്തില്‍ ദൈവം അത് വ്യക്തമാക്കി, 'ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്‍മാരിലാരുടേയും പിതാവല്ല. പ്രത്യുത, അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അന്തിമനുമാകുന്നു.'' മലക്കുകള്‍ അല്ലാഹുവിന്റെ വിശിഷ്ട സൃഷ്ടിവര്‍ഗ്ഗങ്ങളിലൊന്നാണ് മലക്ക്. പ്രപഞ്ചത്തെ അഭംഗുരം പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ് മലക്കുകളുടെ മുഖ്യദൗത്യം. ഋതുഭേദങ്ങള്‍, ജനിമൃതികള്‍ തുടങ്ങി ചരാചരങ്ങളിലുണ്ടാകുന്ന സകലമാന ചലനങ്ങളും പരിണാമങ്ങളും ദൈവേച്ഛയനുസരിച്ച് ഉളവാക്കികൊണ്ടിരിക്കുന്നത് മലക്കുകളാണ്. മനുഷ്യരില്‍ നിന്നും അല്ലാഹു തന്റെ ദൂതരായി തെരഞ്ഞെടുക്കുന്ന പ്രവാചകന്‍മാര്‍ക്ക് ദിവ്യബോധനംവെളിപാടുകള്‍എത്തിച്ചുകൊടുക്കുന്നതും മലക്കുകള്‍ തന്നെ. ജിബ്‌രീല്‍ (ഗബ്രിയേല്‍) എന്ന മലക്കാണ് മുഹമ്മദ് നബിക്ക് ദൈവിക സന്ദേശങ്ങള്‍ എത്തിച്ചിരുന്നത്. മലക്കുകള്‍ പാപേച്ഛകളില്‍നിന്നും ദൈവധിക്കാരത്തില്‍നിന്നും പരിശുദ്ധരായ സൃഷ്ടികളാകുന്നു. അവര്‍ സദാ ദൈവാജ്ഞകളനുസരിക്കുകയും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അറിഞ്ഞോ അറിയാതെയോ അവരില്‍ തെറ്റുകുറ്റങ്ങള്‍ സംഭവിക്കുന്നില്ല. മലക്കുകളില്‍ വിശ്വസിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. ഹൈന്ദവ-യവന ഇതിഹാസങ്ങളില്‍ ദേവന്‍മാരായി സങ്കല്‍പ്പിക്കപ്പെടുന്നത് മലക്കുകളെയാണ്. ദേവന്‍മാര്‍ ദൈവത്തിന്റെ ബന്ധുക്കളോ സഹായികളോ സ്വതന്ത്രമായ അധികാരങ്ങളും കഴിവുകളുമുള്ള ഉപദൈവങ്ങളോ ആണെന്നാണ് അവരുടെ സങ്കല്‍പം. ഇസ്ലാമിനു മുമ്പ് വിഗ്രഹാരാധകരായ അറബികള്‍ മലക്കുകളെ ദൈവത്തിന്റെ പെണ്‍മക്കളായിട്ടാണ് കരുതിയിരുന്നത്. മലക്കുകള്‍ക്ക് മനുഷ്യരുടെ ഭാഗധേയം നിശ്ചയിക്കാനും ആഗ്രഹങ്ങള്‍ സഫലീകരിക്കാനും ആപത്തുകളകറ്റാനുമുള്ള കഴിവുണ്ടെന്ന് വിശ്വസിച്ച് അവര്‍ മലക്കുകളെ ആരാധിക്കുകയും നേര്‍ച്ചവഴിപാടുകളര്‍പ്പിക്കുകയും ചെയ്തിരുന്നു. ദൈവപുത്രിമാരെ പ്രീതിപ്പെടുത്തുന്നതിലൂടെ ദൈവവുമായി സമ്പര്‍ക്കം സ്ഥാപിക്കാമന്നും പുരാതന അറബികള്‍വിശ്വസിച്ചു. ഇസ്‌ലാം ഇത്തരം സങ്കല്‍പങ്ങളെ പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളായ മലക്കുകള്‍ മറ്റെല്ലാ സൃഷ്ടികളുമെന്നപോലെ അവന്റെ അടിമകള്‍ തന്നെയാകുന്നു. അവര്‍ക്ക് ദൈവത്തിന്റെ കഴിവുകളിലോ അവകാശാധികാരങ്ങളിലോ യാതൊരു പങ്കുമില്ല. ദൈവത്തിന്റെ ആജ്ഞകളനുസരിക്കുന്നതില്‍നിന്ന് കടുകിട വ്യതിചലിക്കാന്‍ അവര്‍ക്കാവുകയുമില്ല. സ്വതന്ത്രമായി തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുക മലക്കുകളുടെ പ്രകൃതിയേയല്ല. മലക്കുകള്‍ ദൈവത്തിന്റെ പെണ്‍മക്കളും ദിവ്യശക്തിയുള്ള ആരാധ്യരുമാണെന്ന സങ്കല്‍പ്പത്തെ നിഷേധിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. 'കരുണാമയനായ ദൈവം സന്തതികളെ സ്വീകരിച്ചിട്ടുള്ളതായി അവര്‍ ഘോഷിക്കുന്നു. ഇല്ല, അവര്‍ മലക്കുകള്‍ ആദരണീയരായ ദൈവദാസന്‍മാരാകുന്നു.'' (21: 26) 'പരമകാരുണികന്റെ അടിമകളായ മലക്കുകളെ അവര്‍ സ്ത്രീകളായി സങ്കല്‍പ്പിക്കന്നു. അവരെ സ്ത്രീകളായി സൃഷ്ടിച്ചതിന് ഇവര്‍ സാക്ഷികളാണോ?'' (43: 19) ഓരോ മനുഷ്യന്റെയും കൂടെ അവന്റെ ഓരോ കര്‍മങ്ങളും രേഖപ്പെടുത്തുന്ന മലക്കുണ്ട്. വിചാരണാനാളില്‍ ആ മലക്ക് ഈ കര്‍മരേഖകള്‍ ദൈവസമക്ഷം സമര്‍പ്പിക്കുന്നു. ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നു: 'മനുഷ്യന്‍ ഒരു വാക്ക് ഉച്ചരിക്കുകപോലും ചെയ്യുന്നില്ല; അത് നിരീക്ഷിക്കുകയും തിട്ടപ്പെടുത്തുകയും ചെയ്യുന്ന മലക്ക് കൂടെയില്ലാതെ.'' (58: 18) 'നിങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന ആദരണീയരായ എഴുത്തുകാര്‍. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു അറിയുന്നു.'' (87: 1012) മലക്കുകള്‍ അതിഭൗതിക സൃഷ്ടികളാണ്. അതുകൊണ്ട് മനുഷ്യര്‍ക്ക് അവര്‍ അദൃശ്യരാകുന്നു. അവരുടെ സത്തയെന്ത്, രൂപമെന്ത് എന്നൊന്നും വേദങ്ങളില്‍ പറയുന്നതിനപ്പുറം മനുഷ്യര്‍ക്ക് മനസ്സിലാക്കാനാവില്ല. ഖുര്‍ആനാകട്ടെ അതൊന്നും വിശദീകരിച്ചിട്ടുമില്ല. മലക്കുകള്‍ ദൈവത്തിന്റെ സൃഷ്ടികളാണ്, അടിമകളാണ്, ആദരണീയരായ ആജ്ഞാനുവര്‍ത്തികളാണ്, പരിശുദ്ധരാണ് ഇത്രയേ വേദത്തില്‍നിന്ന് വ്യക്തമാകുന്നുള്ളൂ. വേദങ്ങള്‍ മാനവമാര്‍ഗദര്‍ശനാര്‍ഥം നിയുക്തരായ ദൈവദൂതന്‍മാരിലൂടെ ലഭിച്ച സന്‍മാര്‍ഗപ്രമാണങ്ങളാകുന്നു വേദങ്ങള്‍. ദൈവം ഈ പ്രമാണങ്ങള്‍ മലക്കുകള്‍ മുഖേന ദൈവദൂതന്‍മാരെ പഠിപ്പിക്കുന്നു. ദൈവദൂതന്‍മാര്‍ ജനങ്ങളെ പഠിപ്പിക്കുന്നു. അവരത് ഹൃദിസ്ഥമാക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുന്നു. നിരവധി ദൈവദൂതനമാര്‍ക്ക് വേദം ലഭിച്ചിട്ടുണ്ട്. 'സാര്‍ഗസുവിശേഷകരും ദുര്‍മാര്‍ഗത്തിനെതിരെ താക്കീതുകാരുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചുകൊണ്ടിരുന്നു. സത്യത്തെക്കുറിച്ച് മനുഷ്യര്‍ക്കിടയില്‍ ഉടലെടുത്ത ഭിന്നിപ്പുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി അവരോടൊപ്പം സത്യവേദവും അവതരിപ്പിച്ചു കൊണ്ടിരുന്നു.'' (ഖുര്‍ആന്‍ 2: 213) ദൈവവും മനുഷ്യനുമാണ് എല്ലാ വേദങ്ങളുടേയും പ്രമേയം. മനുഷ്യന്‍ എവിടെ നിന്നുവരുന്നു, എങ്ങോട്ടുപോകുന്നു, അവന്റെ ജീവിതധര്‍മമെന്ത്, അത് പൂര്‍ത്തീകരിക്കേണ്ടതെങ്ങനെ, ധര്‍മപാലനത്തിന്റെ ഗുണമെന്ത്, ധര്‍മലംഘനത്തിന്റെ ഭവിഷ്യത്തെന്ത്, സത്യവും നീതിയുമെന്താണ്, അവ സാക്ഷാത്കരിക്കേണ്ടതെങ്ങനെയാണ്, ആരാണ് ദൈവം, അവനും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ത്...തുടങ്ങി മനുഷ്യ ജീവിതത്തിന്റെ മൗലിക പ്രധാനമായ പ്രശ്‌നങ്ങളെല്ലാം വേദങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ജീവിതമൂല്യങ്ങളുടെ അടിസ്ഥാന സ്രോതസ്സാണ് വേദം. ദൈവത്തില്‍നിന്നിറക്കപ്പെട്ട എല്ലാവേദങ്ങളിലും വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. ഇബ്‌റാഹിം, മൂസാ, ദാവൂദ്, ഈസാ തുടങ്ങിയവര്‍ മുഹമ്മദ് നബിക്ക് മുമ്പ് വേദം ലഭിച്ച പ്രവാചകന്‍മാരില്‍ പ്രമുഖരാണ്. മൂസാ പ്രവാചകന് ലഭിച്ച വേദത്തെ തൗറാത്ത് എന്നും ഈസാ പ്രവാചകന് ലഭിച്ച വേദത്തെ ഇഞ്ചീല്‍ എന്നും ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അറബികള്‍ക്ക് അപരിചിതമായ സെമിറ്റിക്കേതര വേദങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും ഇന്ത്യയിലും ചൈനയിലും ഇറാനിലുമെല്ലാം വേദങ്ങളിറങ്ങിയിട്ടുണ്ട് എന്ന ധാരണയെ ശരിവെക്കുന്നുണ്ട്. പൂര്‍വ വേദങ്ങളില്‍ ചിലത് ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെട്ടിരിക്കുന്നു. നിലനില്‍ക്കുന്ന വേദങ്ങള്‍തന്നെ മനുഷ്യകൈകടത്തലുകള്‍ക്ക് വിധേയമായതായും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. എല്ലാ സത്യവേദങ്ങളുടെയും മൗലികസന്ദേശം ഒന്നുതന്നെയായിരുന്നുവെന്ന് ഖുര്‍ആന്‍ (98:4,5) വ്യക്തമാക്കിയിരിക്കുന്നു. കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടേയും വൈവിധ്യം വിശദാംശങ്ങളില്‍ ആവശ്യപ്പെടുന്ന വ്യത്യാസങ്ങളേ അവ തമ്മില്‍ ഉണ്ടായിരിന്നുള്ളൂ. വേദങ്ങള്‍ക്കിടയില്‍ ഇതിലപ്പുറമുള്ള വൈരുധ്യങ്ങള്‍ കാണപ്പെടുന്നുവെങ്കില്‍ അത് വേദവാഹകരുടെ കൈകളിലൂടെ വന്നുചേര്‍ന്നതാണ്. തൗറാത്തിനെയും ഇഞ്ചീലിനെയും (ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇവയിലെ ചിലഭാഗങ്ങളുണ്ട്) വേദങ്ങളായി ഖുര്‍ആന്‍ അംഗീകരിക്കുന്നു. ആ വേദങ്ങള്‍ അവതരിപ്പിച്ച പ്രവചനങ്ങളുടെ സാക്ഷാത്കാരമാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെയും അന്തിമവേദമായ ഖുര്‍ആന്റെയും ആഗമനമെന്നും ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. എല്ലാ വേദങ്ങളുടേയുംസന്‍മാര്‍ഗ പ്രമാണങ്ങളുടേയും സമാപനസമുച്ഛയമാണ് ഖുര്‍ആന്‍. വേദത്തിന്റെ ഏറ്റവും ഒടുവിലത്തേയും ആധികാരികവുമായ പതിപ്പ്. ഭാഷകളും ദേശങ്ങളും പരസ്പരസമ്പര്‍ക്കത്തിലേര്‍പ്പെടുകയും ജീവിതസംസ്‌കാരങ്ങളും ദര്‍ശനങ്ങളും തമ്മില്‍ ആഗോളാടിസ്ഥാനത്തില്‍ വിനിമയമാരംഭിക്കുകയും ചെയ്ത ചരിത്രസന്ധിയില്‍ അവതരിച്ച ഖുര്‍ആന്‍ മനുഷ്യരാശിക്കാകമാനമുള്ളതാണ്. ദൈവം പ്രവാചകനോട് പറയുന്നു. 'ഈ ഉപദേശം നാം നിനക്കവതരിപ്പിക്കുന്നത് മനുഷ്യവര്‍ഗത്തിനുവേണ്ടിയുള്ള സന്‍മാര്‍ഗപാഠങ്ങള്‍ നീ അവര്‍ക്ക് വിശദീകരിച്ച് കൊടുക്കാനാണ്. ''(ഖുര്‍ആന്‍ 16: 44) ഖുര്‍ആനിനെ ഭേദഗതിക്കും വിസ്മൃതിക്കും നഷ്ടത്തിനും അതീതമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ദൈവം നേരിട്ട് ഏറ്റെടുത്തിരിക്കുന്നു. ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നു: 'ഇത് സുരക്ഷിത ഫലകങ്ങളില്‍ സൂക്ഷിക്കപ്പെട്ട മഹത്തായ ഖുര്‍ആന്‍ ആകുന്നു.'' (85: 21, 22) 'നാമാകുന്നു ഈ വേദം അവതരിപ്പിച്ചിട്ടുള്ളത്. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാകുന്നു.'' (15:9) കഴിഞ്ഞ ഒന്നര സഹസ്രാബ്ദമായി നേരിയ വ്യത്യാസം പോലുമില്ലാതെ ഖുര്‍ആന്‍ അതിന്റെ മൗലികവിശുദ്ധിയോടെയും തനിമയോടെയും നിലനില്‍ക്കുന്നത് ഈ ദൈവികവചനത്തിന്റെ സാഫല്യമാകുന്നു. കാലവും ദേശവും സാഹചര്യവുമൊക്കെ എത്ര മാറിയാലും ശരി ഖുര്‍ആന്റെ അക്ഷരങ്ങള്‍ക്ക് മാത്രമല്ല ആശയങ്ങള്‍ക്കും യാതൊരു മങ്ങലും ഏല്‍ക്കുന്നില്ല. അതിനാല്‍ ഖുര്‍ആനുശേഷം പുതിയൊരു വേദം ആവശ്യമില്ലാതായിരിക്കുന്നു. മുഹമ്മദ്‌നബിക്കുശേഷം എല്ലാ തലമുറകളും സത്യത്തിന്റെയും ധര്‍മത്തിന്റെയും ദൈവികപ്രമാണമായി സ്വീകരിക്കേണ്ടത് ഖുര്‍ആനെയാണ്. പതിനഞ്ച് നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം തങ്ങളുടെ ധര്‍മശാസ്ത്രത്തിന്റെയും നിയമവ്യവസ്ഥകളുടേയും അടിസ്ഥാന സ്രോതസ്സായി അംഗീകരിക്കുന്നതും അനുസരിക്കുന്നതും ഖുര്‍ആനെയാണ്. നിലവിലുള്ള മിക്ക വേദങ്ങളുടേയും മൂലഭാഷ മൃതമായിരിക്കുന്നു. എന്നാല്‍ ഖുര്‍ആനിന്റെ ഭാഷ വലിയൊരു ജനസമൂഹത്തിന്റെ സംസാരഭാഷയായി ഇന്നും സജീവമായി നിലനില്‍ക്കുന്നു. അതിനാല്‍ ഖുര്‍ആന്‍ അതിന്റെ മൂലഭാഷയില്‍തന്നെ ഇപ്പോഴും വായിക്കപ്പെട്ടുകൊണ്ടും പഠിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. പ്രവാചകന്‍മാരുടേയും പുരോഹിതന്‍മാരുടേയും വചനങ്ങളും വേദപണ്ഢിതന്‍മാരുടെ വ്യാഖ്യാനങ്ങളും കൂടിക്കലരാതെ ശുദ്ധ ദൈവവചനങ്ങളുടെ സമാഹാരമായി നിലനില്‍ക്കുന്നുവെന്നതും ഖുര്‍ആനിനെ ഇതര വേദങ്ങളില്‍നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന സവിശേഷതയാണ്. ഖുര്‍ആന്‍ സംബോധന ചെയ്യുന്നത് മുഴുവന്‍ മനുഷ്യരെയുമാണ്. ഏതെങ്കിലും വംശത്തേയോ ദേശത്തേയൊ അല്ല എന്നതും അതിന്റെ മാത്രം പ്രത്യേകതയാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്ത ആശയങ്ങളോ അന്ധവിശ്വാസങ്ങളോ അന്യായമായ നിയമങ്ങളോ സഭ്യേതരമായ ആഖ്യാനങ്ങളോ ഖുര്‍ആനില്‍ കാണപ്പെടുകയില്ല. പൂര്‍വവേദങ്ങളില്‍ കടന്നുകൂടിയ അത്തരം സംഗതികളെ തിരുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അതിലെ തത്വങ്ങളും നിയമങ്ങളുമെല്ലാം സയുക്തികവും സംസ്‌കൃതവും സത്യസന്ധവും നീതിപൂര്‍വകവും എക്കാലത്തും അനുകരണീയവുമാകുന്നു. മുഴു ജീവിത മേഖലയിലും മാനവരാശിക്ക് മാര്‍ഗദര്‍ശകവും.

No comments:

Post a Comment