
നമസ്കാരത്തില്‍ മുസ്ഹഫ് നോക്കി പാരായണം ചെയ്യാമോ?
നമസ്കാരത്തിലെ ആദ്യ രണ്ട് റക്അത്തുകളില്‍ ഫാതിഹക്കു ശേഷം മറ്റു സൂറത്തുകളോ ആയത്തുകളോ ഓതുന്നത് ഇമാമിനും മഅ്മൂമിനും സുന്നത്താണ്. അതൊഴിവാക്കിയാല്‍ നമസ്കാരം ശരിയാവുമെങ്കിലും പ്രതിഫലത്തില്‍ കുറവ് വരുന്നതാണ്.
ഒരാള്‍ക്ക് മനഃപാഠമുള്ള ആയത്തുകളോ സൂറത്തുകളോ പാരായണം ചെയ്യുകയാണ് സാധാരണ രീതി. ഒരു നമസ്കാരത്തിലെ തന്നെ വ്യത്യസ്ത റക്അത്തുകളിലും വ്യത്യസ്ത നമസ്കാരങ്ങളില്‍ തന്നെയും ഒരേ സൂറത്തുകളും ആയത്തുകളും ആവര്‍ത്തിക്കുന്നതിന് വിരോധമില്ല. എന്നാല്‍ മനഃപാഠമില്ലാത്ത ഭാഗങ്ങള്‍ മുസ്ഹഫ് നോക്കി ഓതാമോ എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാറുണ്ട്.
ഇമാം മാലിക് ഉദ്ധരിക്കുന്നു: ആഇശ(റ)യുടെ വിമുക്ത അടിമയായ ദക്വാന്‍ റമദാനില്‍ അവര്‍ക്ക് ഇമാമായി നമസ്കരിക്കാറുണ്ടായിരുന്നു; അദ്ദേഹം മുസ്ഹഫില്‍ നോക്കിയാണ് സൂറത്തുകള്‍ പാരായണം ചെയ്തിരുന്നത്. നോക്കി ഓതുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് ശാഫിഈകളുടെയും അഭിപ്രായം. മുസ്ഹഫ് എടുക്കുക, വെക്കുക, ഇടക്കിടെ തുറക്കുക എന്നിങ്ങനെയുള്ള അധിക ചലനങ്ങള്‍ ഒഴിവാക്കണം എന്ന് നിബന്ധനയുണ്ട്. കാരണം മൂന്ന് പ്രാവശ്യം തുടര്‍ച്ചയായുള്ള ചലനം നമസ്കാരം ദുര്‍ബലപ്പെടുത്തുന്നതാണ്. വലിയ അക്ഷരമുള്ള മുസ്ഹഫ് നമസ്കരിക്കുന്നയാളുടെ മുമ്പില്‍ ഉയര്‍ന്ന സ്ഥാനത്ത് വെച്ചാല്‍ തുടര്‍ച്ചയായ ചലനങ്ങള്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ അത്യാവശ്യത്തിനു മാത്രം പേജ് മറിക്കുന്നതുകൊണ്ട് കുഴപ്പമില്ല. ഇമാം നവവി മജ്മൂഇല്‍ എഴുതുന്നു: ചില സന്ദര്‍ഭങ്ങളില്‍ നമസ്കാരത്തില്‍ മുസ്ഹഫിന്റെ പേജുകള്‍ മറിക്കുന്നത് കൊണ്ട് നമസ്കാരം ദുര്‍ബലപ്പെടില്ല.
മാലിക്കികളും ശാഫിഈകളും ഹമ്പലികളും തറാവീഹിലും മറ്റു സുന്നത്ത് നമസ്കാരങ്ങളിലും മുസ്ഹഫ് നോക്കി പാരായണം ചെയ്യല്‍ അനുവദനീയമാണ്, എന്നാല്‍ ഫര്‍ദ് നമസ്കാരങ്ങളില്‍ അത് കറാഹത്താണ് -നമസ്കാരം ശരിയാകുമെങ്കിലും- എന്ന് അഭിപ്രായപ്പൈട്ടിരിക്കുന്നു. റമദാനിലെ നമസ്കാരത്തില്‍ (തറാവീഹാണുദ്ദേശ്യം) മുസ്ഹഫ് നോക്കി പാരായണം ചെയ്യുന്നിനെക്കുറിച്ച് സുഹ്രിയോട് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു: "നമ്മിലെ പുണ്യവാന്മാര്‍ അങ്ങനെ ചെയ്യാറുണ്ടായിരുന്നു''
No comments:
Post a Comment