..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Friday, 29 June 2012

ജനാസയോട് ആദരം പി.എ സരിന്‍ മഞ്ഞപ്പെട്ടി, ആലുവ ജൂതന്റെ ജനാസ കണ്ടപ്പോള്‍ 'അതും ഒരാത്മാവല്ലേ, നിങ്ങളെഴുന്നേറ്റു നില്‍ക്കൂ' എന്ന പ്രവാചക കല്‍പന സ്ഥാനത്തും അസ്ഥാനത്തും പൊക്കിപ്പിടിച്ച് ലോകത്തിലെ സകലമാന ജൂതരോടും മറ്റു വേദക്കാരോടും മുശ്രിക്കുകളോടും സത്യനിഷേധികളോട് മൊത്തത്തിലും ബഹുമാനവും ആദരവും പുലര്‍ത്തണമെന്ന് പഠിപ്പിക്കുന്ന നവ മതേതരവാദികളുടെ നിലപാട് അസ്വീകാര്യമാണ്. കാലഹരണപ്പെട്ട ഒരു നിയമത്തെ അടിസ്ഥാന പ്രമാണമായി ഉയര്‍ത്തിപ്പിടിക്കുന്നത് അനുചിതവും അന്യായവുമാണ്. നില്‍ക്കാനുള്ള കല്‍പനക്കു പോലും പ്രേരകമായത് ജൂതനോടുള്ള ബഹുമാനമായിരുന്നില്ല. മറിച്ച്, ആത്മാവിനെ പിടിച്ചെടുക്കുന്നവനോടുള്ള ആദരവായിരുന്നു. ഇമാം അഹ്മദും ഹാകിമും അബ്ദുല്ലാഹിബ്നു അംറില്‍നിന്ന് ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു. 'ആത്മാവിനെ പിടിച്ചെടുക്കുന്നവനെ ആദരിച്ചുകൊണ്ടാണ് നിങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുന്നത്'. അദ്ദേഹത്തില്‍ നിന്നുതന്നെ ഇബ്നു ഹിബ്ബാന്‍ ഉദ്ധരിക്കുന്നത് 'ആത്മാക്കളെ പിടിച്ചെടുക്കുന്ന അല്ലാഹുവിനെ ആദരിക്കാനാണ്' എന്നാണ്. എന്നാല്‍, ജനാസക്ക് വേണ്ടി എഴുന്നേറ്റു നില്‍ക്കുക എന്ന കല്‍പന കാലഹരണപ്പെട്ടതാണെന്നാണ് ശരിയും പ്രസിദ്ധവും. അലിയില്‍ നിന്ന്: 'ജനാസ കാണുമ്പോള്‍ നില്‍ക്കാന്‍ പ്രവാചകന്‍ ഞങ്ങളോട് കല്‍പിച്ചിരുന്നു. പിന്നീട് അവിടുന്ന് ഇരുന്നു. ഞങ്ങളോട് ഇരിക്കാന്‍ കല്‍പിച്ചു.' അഹ്മദും അബൂദാവൂദും ഉദ്ധരിച്ച ഇത് ഹസനാണ്. നസാഇ ഇബ്നു സീരീനില്‍നിന്ന്: "ഒരു ജനാസ കണ്ടപ്പോള്‍ ഹസന്‍ ബിന്‍ അലി എഴുന്നേറ്റുനിന്നു. ഇബ്നു അബ്ബാസ് എഴുന്നേറ്റില്ല. അപ്പോള്‍ ഹസന്‍ ചോദിച്ചു: പ്രവാചകന്‍ ജൂതന്റെ ജനാസക്ക് എഴുന്നേറ്റുനിന്നിട്ടില്ലേ? ഇബ്നു അബ്ബാസ് പറഞ്ഞു: ഉവ്വ്. എന്നാല്‍ പില്‍ക്കാലത്ത് ഇരിക്കുമായിരുന്നു.'' ഇമാം ശാഫിഈ പറയുന്നു: "പ്രവാചകന്‍ മുമ്പ് നിന്നിരുന്നുവെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയുണ്ടായി. ആദ്യകാല കല്‍പന വാജിബായിരുന്നുവെങ്കില്‍ പോലും പ്രവാചകന്റെ അവസാന നിലപാടായിരിക്കും ഹുജ്ജത്ത്. ആയതിനാല്‍ ആദ്യ നിലപാട് കാലഹരണപ്പെടുകയും രണ്ടാമത്തേത് സ്ഥാപിതമാവുകയും ചെയ്തു. പ്രവാചകന്റെ അവസാനകാല നിലപാട് ഇരിക്കലായിരുന്നു'' (തുഹ്ഫത്തുല്‍ അഹ്വദി, 4/123). ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി പറയുന്നു: "നില്‍ക്കല്‍ ദുര്‍ബലപ്പെടുത്തപ്പെട്ടു'' (അഹ്കാമുല്‍ ജനാഇസ്, 100). ജനാസക്ക് എഴുന്നേറ്റ് നില്‍ക്കുന്നതു തന്നെ-മുസ്ലിമിന്റെയോ നിഷേധിയുടെയോ എന്ന വ്യത്യാസമില്ലാതെ- ദുര്‍ബപ്പെടുത്തപ്പെട്ടു എന്നിരിക്കെ ജൂതന്റെ ജനാസക്കു വേണ്ടി എഴുന്നേറ്റു നിന്നത് പൊക്കിപ്പിടിച്ച് വിശ്വ സാഹോദര്യത്തിന് തെളിവുണ്ടാക്കുന്ന വഹ്ദത്തുല്‍ അദ്യാന്റേയും മതേതരത്വത്തിന്റേയും വക്താക്കള്‍ തികഞ്ഞ വഴികേടാണ് പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. (സര്‍ഫറാസ് നവാസ്, ആര്‍ക്കാണ് മതേതരത്വത്തോട് പ്രതിപത്തി? പ്രസാ: നേരറിവ് പെരുമ്പാവൂര്‍, 2011 സെപ്റ്റംബര്‍, പേജ് 86). സത്യാവസ്ഥയെന്ത്? തീവ്രവാദം തലക്കു പിടിച്ചാല്‍ ഏതറ്റം വരെയും പോവാം എന്നതിനു ഉദാഹരണമാണ് ചോദ്യത്തില്‍ ഉദ്ധരിച്ച വാദഗതി. ജനാസ അഥവാ ശവമഞ്ചം കണ്ടാല്‍ ആദരസൂചകമായി പ്രവാചകനും ശിഷ്യന്മാരും എഴുന്നേറ്റുനിന്നിരുന്നു എന്ന കാര്യത്തില്‍ ഒരെതിര്‍പ്പും ലേഖകന്‍ പ്രകടിപ്പിച്ചിട്ടില്ല. ആ യാഥാര്‍ഥ്യത്തെ അദ്ദേഹം നിഷേധിച്ചിട്ടുമില്ല. എന്നാല്‍, പിന്നീടാ ആചാരം നിര്‍ത്തലാക്കി എന്നാണ് ആകപ്പാടെ പറഞ്ഞതിന്റെ ചുരുക്കം. അതുകൊണ്ട് എന്താണ്? മനുഷ്യരായ ആരുടെയും ശവമഞ്ചം കാണുമ്പോള്‍ മനുഷ്യ മഹത്വത്തെ അംഗീകരിച്ചുകൊണ്ട് എഴുന്നേറ്റ് നില്‍ക്കാനാണ് നബി പഠിപ്പിച്ചത്, അത് അന്ന് മദീനയിലെ ഇസ്ലാമിലെ കൊടിയ ശത്രുക്കളായ ജൂതന്മാരുടെ മൃതദേഹമാണെങ്കില്‍ പോലും. 'അയാളും ഒരു മനുഷ്യനല്ലേ' എന്നായിരുന്നു നബിയുടെ ചോദ്യം എന്നോര്‍ക്കുക. പിന്നീട് നബിയോ ശിഷ്യന്മാരോ അത് നിര്‍ത്തലാക്കിയെങ്കില്‍, അത് ജൂതന്മാരുടെയോ അമുസ്ലിംകളുടെയോ ശവമഞ്ചങ്ങള്‍ കാണുമ്പോള്‍ മാത്രം എഴുന്നേറ്റ് നില്‍ക്കുന്നതിനെയല്ല. സാക്ഷാല്‍ മുസ്ലിംകള്‍ ഉള്‍പ്പെടെയും ആരുടെയും ജനാസ കാണുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. പാടുണ്ടോ, പാടില്ലേ എന്ന കര്‍മശാസ്ത്ര ചര്‍ച്ചക്ക് ഇക്കാര്യത്തില്‍ ഒരു പ്രസക്തിയുമില്ല. ജനാസ കാണുമ്പോള്‍ ആദരപൂര്‍വം എഴുന്നേല്‍ക്കുക എന്ന സംസ്കാരം നിലവിലിരുന്നപ്പോള്‍ അത് എല്ലാ മനുഷ്യരുടെയും കാര്യത്തില്‍ പാലിക്കപ്പെട്ടിരുന്നു എന്നതിനാണ് പ്രസക്തി. നിര്‍ത്തലാക്കിയപ്പോള്‍ പൊതുവെ എല്ലാവരുടെ കാര്യത്തിലും നിര്‍ത്തലാക്കി. അമുസ്ലിം ജനാസകളുടെ കാര്യത്തില്‍ മാത്രം അതുപേക്ഷിച്ചതല്ല. അതാണ് ഇസ്ലാമിന്റെ വിശാല വീക്ഷണം.

No comments:

Post a Comment