..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 18 June 2012

സര്‍വ്വാതിശായിയായ വേദഗ്രന്ഥം :- ഇസ്‌ലാം എന്ന അറബ് പദത്തിന് സമാധാനം, കീഴ്‌വണക്കം, സമര്‍പ്പണം തുടങ്ങിയ അര്‍ഥഭേദങ്ങളുണ്ട്. ദൈവത്തിന്റെ മുന്നില്‍ സ്വയം സമര്‍പ്പിക്കുക എന്നാണ് ഈ പദം വിവക്ഷിക്കുന്നത്. ത്രികരണങ്ങളെക്കൊണ്ടും ഈ വിശ്വാസത്തെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവനാണ് മുസ്‌ലിം. അനുസരണമഖിലം അല്ലാഹുവിനര്‍പ്പിക്കുന്നവന്‍, അല്ലാഹുവിനെമാത്രം യജമാനനും ഉടമയും വിധികര്‍ത്താവും ആരാധ്യനുമായംഗീകരിക്കുന്നവന്‍, തന്നെ പരിപൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് അവന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കുന്നവന്‍ എന്നൊക്കെയാണ് ഒരു മുസ്‌ലിമിനെ വിശേഷിപ്പിക്കാന്‍ സാധിക്കുക..ഈ ആദര്‍ശത്തിന്റെയും ജീവിതശൈലിയുടെയും പേരാകുന്നു ഇസ്‌ലാം. ഇത് തന്നെയായിരുന്നു മനുഷ്യോല്‍പത്തി മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജനസമുദായങ്ങളിലും സമാഗതരായ പ്രവാചകന്മാരെല്ലാം പ്രബോധിപ്പിച്ചത്. കാലത്തിനൊപ്പം നടന്നുനീങ്ങാന്‍ കഴിയുന്ന, കാലാതിവര്‍ത്തിയായ സൗഭാഗ്യവും നിത്യനൂതനത്വവുമാണ് ഖുര്‍ആന്റെ സവിശേഷതകള്‍. മാനവജീവിതപ്രകൃതി എത്ര ചടുലമായി മാറിക്കൊണ്ടിരുന്നാലും അതത് കാലഘട്ടത്തിനാവശ്യമായ ഉപദര്‍ശനം ഖുര്‍ആനില്‍ നല്‍കപ്പെട്ടിരിക്കുന്നതായി വിചാരമതികള്‍ കണ്ടെത്തിയിരിക്കുന്നു. ദൈവം ആദികന്ദം-മൂലകാരണം-മാത്രമല്ലെന്നും അവന്‍ സ്രഷ്ടാവും സംവിധായകനും പരിരക്ഷകനും നിയന്താവുമാണെന്നും ആകാശഭൂമികളുടെ കടിഞ്ഞാണ്‍ അവന്റെ പക്കലാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇസ്‌ലാം ഒരു പ്രായോഗിക ജീവിത വ്യവസ്ഥയാണ്. ജീവിത നിഷേധത്തിന്റെയോ വരട്ടുവാദത്തില്‍ പെട്ടുഴലുന്ന സങ്കീര്‍ണദര്‍ശനങ്ങളുടെയോ ഒരു മതമല്ലിത്. പ്രകൃതിയെ ചിട്ടപ്പെടുത്തുന്ന, ഈശ്വരന്റെ അനിഷേധ്യ സാന്നിദ്ധ്യത്തില്‍ ഇസ്‌ലാം ഉറച്ചു വിശ്വസിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിയും സമരസപ്പെട്ടും അഭിരമിച്ചും മുന്നോട്ടുപോകാനാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്.മനുഷ്യപ്രകൃതിയുടെ സംസ്‌കരണവും പൂരണവും ഉന്നമനവുമാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. സംസ്‌കരണാര്‍ഥം പ്രകൃതിയുടെ സഹജപ്രകൃതം മാറ്റാന്‍ ഇസ്‌ലാംആവശ്യപ്പെടുന്നില്ല.തന്റെ വിചാരവിശ്വാസവൃത്തികളെക്കൊണ്ടും വേദഗ്രന്ഥം നീട്ടിക്കാട്ടുന്ന വഴിയിലൂടെയും അല്ലാഹുവിന്റെ സന്നിധിയിലേക്കുയരാന്‍ മനുഷ്യന് കഴിയണമെന്ന് ഇസ്‌ലാം സംസ്‌കൃതിയാഹ്വാനം ചെയ്യുന്നു. കുടുംബത്തിനൊരു തലവന്‍, വിദ്യാലയത്തിനൊരു ഹെഡ്മാസ്റ്റര്‍, നഗരത്തിനൊരു പിതാവ്, സ്റ്റെയ്റ്റിനൊരു ഗവര്‍ണര്‍, ഓരോ രാഷ്ട്രത്തിനും ഓരോ രാഷ്ട്രപതി-ഈ വസ്തുതകള്‍ നമ്മെ നയിക്കുന്നത് നേതൃത്വത്തിന്റെ അനിവാര്യതയിലേക്കാണ്. കണ്ടറിഞ്ഞ് നയിക്കാനൊരാളില്ലെങ്കില്‍ ഒരു പ്രസ്ഥാനവും മുന്നോട്ടു നീങ്ങുകയില്ല. പ്രപഞ്ചം എത്ര ചിട്ടയിലും ക്രമപൂര്‍വകവുമായാണ് സ്പന്ദിക്കുന്നത്, ചലിക്കുന്നത്! ആയിരത്താണ്ടുകളായി പിഴയ്ക്കാതെ അത് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതൊക്കെ ആകസ്മികം എന്ന് പറയാന്‍ പറ്റുമോ? ഇതൊക്കെ യാദൃഛികസംഭവങ്ങളെന്ന് അലക്ഷ്യമായി, അനായാസം വിശേഷിപ്പിക്കാമോ? മനുഷ്യന്റെ പിറവി ആകസ്മികവും യാദൃഛികവുമാണെങ്കില്‍ അവന്റെ അസ്തിത്വവും അനുഭവങ്ങളുമെല്ലാം ആകസ്മികതകള്‍ക്കൊണ്ട് അപഹാസ്യമായിത്തീരുമായിരുന്നു. പക്ഷേ, വിവേകശാലികളും വിചാരമതികളും ജീവിതത്തെ നോക്കി അര്‍ഥശൂന്യം എന്ന് അപഹസിച്ചിട്ടില്ല. സഗൗരവം വിശകലനം ചെയ്യപ്പെടേണ്ട സങ്കീര്‍ണവും ദുര്‍മേയവുമായ പ്രതിഭാസമാണ് ജീവിതം. (Man:The Unknown എന്ന ഗ്രന്ഥത്തില്‍ ദാര്‍ശനികനായ അലക്‌സിസ് കാറേല്‍ ഇക്കാര്യം എത്ര വശ്യമായ രീതിയിലാണാവിഷ്‌കരിച്ചിട്ടുള്ളത്!) ജീവിതപൂര്‍ണതയെ സംബന്ധിക്കുന്ന പഠന പരിശ്രമങ്ങളില്‍ ഒരു ഗുരുവിന്റെ സാന്നിദ്ധ്യം അനുപേക്ഷണീയമാണെന്ന് ഭാരതീയ വിചാരമതികള്‍ പ്രാമാണികമായിത്തന്നെ സമര്‍ഥിച്ചിട്ടുണ്ട്. ഒരുവന്‍ എത്ര പ്രഗല്‍ഭനായാലും, മനുഷ്യസിദ്ധികളുടെയും ശാസ്ത്രത്തിന്റെയും കലകളുടെയും തലത്തില്‍ ഒരുവനെത്ര സമുന്നതനായാലും വഴി നയിക്കാനാചാര്യനില്ലെങ്കില്‍ താളപ്പിഴയും മാര്‍ഗഭ്രംശവും അവന്റെ ജീവിതത്തെ വികലമാക്കുന്നതായിക്കാണാം. ഈ രംഗത്ത് ഖുര്‍ആന്‍ ഒരു വഴിവിളക്കാണ്. മുഹമ്മദിനെ നിമിത്തമാക്കിക്കൊണ്ട് അല്ലാഹു തന്നെ വഴിനയിക്കുകയാണിവിടെ. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മവും സമഗ്രവുമായ തലങ്ങള്‍ ഇവിടെ യഥാതഥം വിശകലനം ചെയ്യപ്പെടുന്നു.മനുഷ്യന് ദൈവത്തോടും സമസ്രഷ്ടങ്ങളോടുമുള്ള ധര്‍മദൗത്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നു. പൂര്‍ണതയിലേക്കുള്ള നേരാംവഴി കാട്ടി അത് മനുഷ്യപഥത്തില്‍ പ്രകാശം ചൊരിയുന്നു. മനുഷ്യന്റെ ഉത്തരവാദിത്വം (അമാനത്ത്) അത്യുദാത്തമാണെന്നും അലംഘനീയമാണെന്നും ഖുര്‍ആന്‍ അനുസ്മരിക്കുന്നു. നവംനവങ്ങളായ ആശയങ്ങള്‍ വിളയിച്ചെടുക്കാനും അത് കൈമോശം വരാതെ വരും തലമുറക്ക് കൈമാറാനും മനുഷ്യന്‍ കടപ്പെട്ടവനാണ്.വിശിഷ്ടാശയങ്ങളുടെ കൈമാറ്റത്തിനും വ്യവഹരണത്തിനുമാണ് സംസാരശേഷിയും ലേഖനചാതുരിയും ദൈവം മനുഷ്യന് സമ്മാനിച്ചത്. വായിക്കാനും തൂലികകൊണ്ട് അക്ഷരം കുറിക്കാനും പഠിപ്പിച്ച ദൈവം, മനുഷ്യരാശിയില്‍ നിന്ന് ഇതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. വിടവാങ്ങല്‍ പ്രസംഗവേളയില്‍ അറഫാ മലയ്ക്ക് മുന്നില്‍ സംബന്ധിക്കാനും പ്രവാചകവചസ്സുകള്‍ നേരില്‍ ശ്രവിക്കാനും തരപ്പെടാത്തവരോടും പിറവിയെടുക്കാനിരിക്കുന്ന വരും തലമുറകളോടും തന്റെ വാക്കുകളറിയിക്കണമെന്ന് പ്രവാചകന്‍ പ്രത്യേകം നിര്‍ദേശിച്ചപ്പോള്‍ സംസാരശേഷിയുടെയും ലേഖനസിദ്ധിയുടെയും വരിഷ്ഠമായ പ്രയോജനം അവിടെ കീര്‍ത്തിക്കുകയായിരുന്നു. ധര്‍മബോധം മനുഷ്യനിലങ്കുരിപ്പിക്കുന്ന ഖുര്‍ആന്‍ (91:7,8) തൊട്ടടുത്ത് പ്രതിപാദിക്കുന്നത് മനുഷ്യജീവിതത്തിലെ ജയപരാജയങ്ങളെ കുറിച്ചാണ്. ജീവിതത്തെ ധര്‍മനിഷ്ഠമായി, സംശുദ്ധമാക്കി സംരക്ഷിച്ചു പോരുന്നവന്‍ വിജയിക്കുന്നുവെന്നും ധര്‍മവിസ്മൃതി മനുഷ്യനെ ദുഃഖത്തിന്റെയും പരാജയത്തിന്റെയും പടുകുഴിയിലാഴ്ത്തുന്നുവെന്നും ഖുര്‍ആന്‍ അറിയിക്കുന്നു. മഹാഭാരതത്തിലെ 'യതോ ധര്‍മസ്തതോ ജയ' എന്ന പ്രസിദ്ധമായ വചനം വിചാരപരമായ ഔന്നത്യത്തിലെ സജാതീയതക്കുദാഹരണമായി വര്‍ത്തിക്കുന്നു. 'അതിനെ (അസ്തിത്വത്തെ) സംശുദ്ധമാക്കിയവന്‍ വിജയിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവന്‍ പരാജയപ്പെട്ടിരിക്കുന്നു' (91:9,10) എന്നാണ് ഖുര്‍ആനിക വചനം. അതിനാല്‍ വേദഗ്രന്ഥത്തെ വഴിവിളക്കായിക്കണ്ട് മാര്‍ഗഭ്രംശം വരാതെ മുന്നോട്ടു പോയാല്‍ അത് ജീവിത വിജയത്തിന്റെ സാക്ഷാല്‍ക്കാരമായി പരിണമിക്കുമെന്ന് ഖുര്‍ആന്‍ പ്രബോധിപ്പിക്കുന്നു. സ്വാതന്ത്ര്യം അഥവാ മോചനം എന്നത് ഇവിടെയിന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം എന്ന പദം കൊണ്ട് നാമിന്നര്‍ഥമാക്കുന്നത് രാഷ്ട്രീയ സ്വാതന്ത്ര്യമെന്നാണ്. തുടര്‍ന്ന് സാമ്പത്തിക സ്വാതന്ത്ര്യംകൂടികൈവരിച്ചാലേ പൂര്‍ണ സ്വാതന്ത്ര്യമാവുന്നുള്ളൂവെന്നും സ്വാതന്ത്ര്യവാദികള്‍ പറയുന്നുണ്ട്. വിശപ്പകറ്റുക,ആവശ്യങ്ങള്‍ സാധിക്കുന്നതിന് പോരുംവിധം സാഹചര്യങ്ങള്‍ ഭദ്രവും സമൃദ്ധവുമാക്കുക-ഇതിലൂടെ യഥാര്‍ഥമോചനം കൈവരിക്കാന്‍ കഴിയുമെന്ന പ്രഖ്യാപനവുമായാണവര്‍ നീങ്ങുന്നത്.അവരെ നോക്കി അനുതപിച്ചുകൊണ്ട്,ജീവിതപൂര്‍ണത അഥവാ യഥാര്‍ഥമോ ചനം സാധിക്കണമെങ്കില്‍ ആത്മീയവികാസമാണ് അനിവാര്യമായിട്ടുള്ളതെന്നും മറ്റെല്ലാം അതിന്റെമുന്നില്‍ നിസ്സാരമാണെന്നും വാദിക്കുന്ന ആത്മാന്വേഷികളായ മതപ്രചാരകന്മാര്‍ മറുവശത്തും വര്‍ത്തിക്കുന്നു. ഭൗതികവരാഭവങ്ങളില്‍നിന്നുള്ള മോചന (തഹ്‌രീര്‍) വും ധര്‍മാധിഷ്ഠിതമായ ജീവിതത്തിലൂടെയുള്ള ആത്മീയ വികാസ (തസ്‌കിയ)വും സമന്വയിച്ചുകൊണ്ടുള്ള ഒരു പൂര്‍ണ ദര്‍ശനമായി ഖുര്‍ആന്‍ വിരാജിക്കുന്നു. അങ്ങനെയാണ് ഖുര്‍ആനിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെടുന്നത്. ഞാന്‍ അറിയാന്‍ തുടങ്ങി. ഞാന്‍ അദ്ഭുതപ്പെടാന്‍ തുടങ്ങി. ഞാന്‍ അനുകര്‍ത്താവായി മാറാന്‍ തുടങ്ങി. ഖുര്‍ആന്‍ മറ്റു മതഗ്രന്ഥങ്ങളെപ്പോലെ, ആശയങ്ങളെ കേവലാശയങ്ങളായി എന്റെ മനസ്സില്‍ കോരിനിറക്കാന്‍ ശ്രമിക്കുകയായിരുന്നില്ല. അത്യലൗകികമായ അപ്രമേയപ്രഭാവിലാസങ്ങളെക്കുറിച്ചുള്ള അമൂര്‍ത്താശയങ്ങള്‍ ആവഹിച്ചുകൊണ്ടുമായിരുന്നില്ല അതെന്റെ മുന്നില്‍ കടന്നുവന്നത്. ഖുര്‍ആന്‍ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. ചുറ്റും നോക്കാനാവശ്യപ്പെടുന്നു.പ്രപഞ്ച വസ്തുക്കളെയും പ്രാപഞ്ചികപ്രതിഭാസങ്ങളെയും നമ്മുടെ ദൃഷ്ടിയില്‍ കൊണ്ടുവരുന്നു. ഓരോന്നിന്റെയും സംരചനയിലും പരസ്പരസംബന്ധത്തിലും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു. അവ നമ്മുടെ വിചാരകോശത്തെ പ്രവര്‍ത്തിപ്പിക്കുന്നു.മനനവും യുക്തിഭദ്രമായ കാര്യാകാര്യവിവേചനവും അവിടെ കതിര്‍വെട്ടം ചൊരിയുന്നു. ആ പ്രകാശവലയത്തില്‍ പതിരൊന്നും കണ്ടില്ല. യുക്തിനിരപേക്ഷമായി ഒന്നും തോന്നിയില്ല.സന്ദേഹത്തിന്റെയുംഅവ്യക്തതയുടെയും നിഴല്‍പ്പാടുകള്‍ അവിടെയൊന്നും കാണാന്‍ കഴിഞ്ഞില്ല. വനകുല്യയിലെ തെളിനീര്‍ പോലെ സ്വഛവും ശുദ്ധവുമാണെല്ലാം. എല്ലാം പരസ്പരാശ്രിതവും അന്യോന്യപൂരകവുമാണ്. പരംപൊരുളിന്റെ സോദ്ദേശ്യമായ, സബോധനമായ സര്‍ഗവൃത്തി അവിടെ ബോധ്യപ്പെട്ടു.അവയെല്ലാം വഴിനയിച്ചത് സൃഷ്ടികാരനായ ഏകദൈവത്തിന്റെ പവിത്രസങ്കേതത്തിലേക്കാണ്. അപ്പോള്‍ മനസ്സിന്റെ സൂക്ഷ്മകോശങ്ങളില്‍ പോലും സംതൃപ്തി സംത്രസിക്കുന്നതായി തോന്നി. മനസ്സിനെ അവിരാമമായി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ജിജ്ഞാസക്ക് പരിശമനം കൈവന്ന പോലൊരു ബോധ്യം. ഏതൊരു സത്യപഥത്തെ ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചുവോ അവിടെ സംപ്രാപിച്ചതു പോലൊരു തോന്നല്‍. സത്യവേദം എന്നിലുണ്ടാക്കിയ പ്രതികരണമതാണ്. പിന്നെപ്പിന്നെ എന്റെ മനസ്സിലെ ചിത്രശലഭം ഖുര്‍ആന്‍ തുറന്നുകാട്ടിയ വസന്താരാമത്തില്‍ ചുറ്റിപ്പറക്കാന്‍ ഭ്രമം കൊള്ളുകയായി. എന്റെ ചിന്തകളില്‍ ഖുര്‍ആനിക വചസ്സുകള്‍ വര്‍ണച്ചായം പുരട്ടി. എന്റെ വാക്കുകളില്‍ കുളിരായും മധുരമായും വര്‍ത്തിച്ചത് മറ്റൊന്നായിരുന്നില്ല. എന്റെ വിചാരവിശ്വാസങ്ങളിലാകെ വെളിച്ചം പകര്‍ന്ന വേദഗ്രന്ഥമാണ് ഖുര്‍ആന്‍.എന്റെ വീക്ഷണത്തിന് വൈശദ്യവും ആത്മീയ പരിവേഷവും സാമൂഹിക പ്രസക്തിയും സമ്മാനിച്ചത് ആ വേദഗ്രന്ഥമാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവായ ഒരുവനുണ്ടെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. എന്നാല്‍ സൃഷ്ടികര്‍ത്താവിന്റെ മഹിതഗുണങ്ങളെക്കുറിച്ചും അവന്റെ കര്‍മപ്രപഞ്ചത്തെക്കുറിച്ചും അവന്‍ മാത്രമാണാരാധ്യന്‍ എന്ന മഹാസത്യത്തെക്കുറിച്ചും ഇസ്‌ലാം നല്‍കുന്ന ഉല്‍കൃഷ്ടവും സര്‍വാദൃതവുമായ അധ്യാപനം മറ്റൊരു മതഗ്രന്ഥത്തിലും കാണാന്‍ സാധ്യമല്ല. സര്‍വാരാധ്യന്‍ അഥവാ ഇബാദത്തിനര്‍ഹനായവന്‍ ദൈവം മാത്രമാണെന്നറിയിക്കുമ്പോള്‍, ലോകത്തില്‍ മനുഷ്യര്‍ക്കിടയില്‍ കെട്ടിപ്പൊക്കിയ 'സര്‍വാരാധ്യതയുടെ കപട വേഷ'ങ്ങളൊക്കെ കെട്ടഴിഞ്ഞൂര്‍ന്നു വീഴുകയാണ്. തട്ടുകളില്ലാത്ത മനുഷ്യമണ്ഡലം മറ്റേത് പരിഷ്‌കൃത സാമൂഹിക സങ്കല്പത്തെക്കാളും വരിഷ്ഠവും ഉദാത്തവുമായി നമ്മുടെ മുന്നില്‍ തെളിഞ്ഞുവരികയും ചെയ്യുന്നു. പ്രപഞ്ചത്തിലെ സമസ്ത ജീവപ്രതിഭാസങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാരകാരകത്വം വഹിച്ചു വര്‍ത്തിക്കുന്ന ദിവ്യമായ അസ്തിത്വത്തിന്റെ നാമാന്തരമാണ് അല്ലാഹു. 'അഖിലാണ്ഡകോടി ബ്രഹ്മാണ്ഡകടാഹ'ത്തിന്റെ അധീശത്വവും അല്ലാഹുവിന് തന്നെ. പരമാണുവിലെ സൂക്ഷ്മസ്പന്ദം തൊട്ട് താരാപഥത്തിലെ സുസ്ഥിതിക്കാവശ്യമായ വ്യവസ്ഥാപിതനിയമങ്ങള്‍ വരെ അല്ലാഹുവിന്റെ നിയന്ത്രണത്തിന് വിധേയമാണ്. എന്നാല്‍ അല്ലാഹു കേവലമായ ഒരു ശക്തിയോ ഊര്‍ജരൂപമോ മാത്രമാണെന്ന് ഖുര്‍ആന്‍ നമ്മെ പ്രബോധിപ്പിക്കുന്നില്ല. മറ്റു മതദര്‍ശനങ്ങളില്‍നിന്ന് ഈ ബോധ്യവും സമീപനവുമാണ് ഇസ്‌ലാമിനെ വ്യത്യസ്തമാക്കുന്നത്. ദേശീയവും കാലാവസ്ഥാപരവും പരമ്പരാഗതവുമായ കാരണങ്ങളാല്‍ മനുഷ്യനിലുള്ള വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ മനുഷ്യന്‍ ഒറ്റജാതിയാണെന്നും വര്‍ഗമോ വര്‍ണമോ ദേശഭേദമോ പാരമ്പര്യമോ മനുഷ്യനെ മനുഷ്യനില്‍ നിന്ന് വേര്‍തിരിക്കുന്നതിന് കാരണമല്ലെന്നും ഇസ്‌ലാം വ്യക്തമാക്കുന്നു. കുലമഹിമയിലും വംശീയതയിലും ഊറ്റംകൊണ്ട ഖുറൈശികളുടെയിടയിലാണ് ഖുര്‍ആന്‍ ഈ സ്‌ഫോടകസ്വരമുയര്‍ത്തിയത് എന്നത് അത്യന്തം ശ്രദ്ധേയമത്രെ. സമസ്രഷ്ടങ്ങളോടുള്ള സ്‌നേഹവും ദൈവസന്നിധിയിലുള്ള സമര്‍പ്പണവുമാണ് മതബോധത്തിന്റെ തെളിഞ്ഞലക്ഷണം. മനുഷ്യനും ദൈവവും തമ്മില്‍, മനുഷ്യനും മനുഷ്യനും തമ്മില്‍, മനുഷ്യനും പ്രപഞ്ചവും തമ്മില്‍ ഉള്ള ബന്ധം ഖുര്‍ആന്‍ സുവിശദമായി പ്രതിപാദിക്കുന്നു. അത്തരമൊരു സമ്പൂര്‍ണ സംസ്‌കൃതി, ആധ്യാത്മിക സംസ്‌കാരം, 'ഇന്‍സാഫ്'വളര്‍ത്തിയെടുക്കാന്‍ ഖുര്‍ആന്‍ പ്രബോധിപ്പിക്കുന്നു. ജീവിതഗന്ധിയായ ഒരു സമ്പൂര്‍ണ മതദര്‍ശനത്തിന്റെ മുഖമതാണ്. സ്ത്രീക്കും പുരുഷനും ദരിദ്രനും ധനികനും ദുര്‍ബലനും ശക്തനും കിഴക്കനും പടിഞ്ഞാറനും-ആര്‍ക്കും ഒരുപോലെ സ്വാഭിമാനം സംരക്ഷിച്ചുകൊണ്ട് ദൈവോന്മുഖമായി പ്രാര്‍ഥനാപൂര്‍വം നില്‍ക്കാനും തരതമഭേദമില്ലാതെ വിശ്വാസമായും ആചാരമായും അനുഷ്ഠാനമായും അനുവര്‍ത്തിക്കാനും കഴിയുന്ന മതദര്‍ശനമാണ് ഇസ്‌ലാം. ഒരു പക്ഷേ, അതുകൊണ്ടായിരിക്കണം ബര്‍ണാഡ് ഷാ ഇസ്‌ലാമിനെ 'ഇലാസ്റ്റിക് മത'മെന്ന് വിശേഷിപ്പിച്ചത്. കാലാന്തരത്തിലുണ്ടാവുന്ന ഏതവസ്ഥാവിശേഷത്തിലുംപൂര്‍ണപ്രഭാവത്തോടെ വര്‍ത്തിക്കാന്‍ കഴിയുന്ന സത്യവേദദര്‍ശനത്തിനു മുന്നില്‍ കാലവും ലോകവും കൈകൂപ്പുന്നു. അതീവ ലളിതവും പ്രയോഗക്ഷമവും സാധാരണ മനസ്സിനുപോലും സംപ്രാപ്യവുമായ ഒരു മതതലം എന്ന നിലയില്‍ ഇസ്‌ലാം യഹൂദമതത്തില്‍ നിന്നും ക്രൈസ്തവമതത്തില്‍ നിന്നും സൊറാസ്ട്രിയനിസത്തില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്നു എന്ന് എച്ച്.ജി.വെല്‍സ് പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. കേവലം അഭൗമവും അപ്രായോഗികവുമായ ധര്‍മോപദേശങ്ങളുടെ സമുച്ചയമല്ല ഖുര്‍ആന്‍. ഖുര്‍ആനഖിലവും ജീവിതത്തില്‍ പ്രായോഗികമാക്കാനുള്ളതും ദൈവഹിതം കീര്‍ത്തിക്കുന്നതുമാണ്. ജീവിതമൂല്യങ്ങള്‍ ഒരേ സമയത്തുതന്നെ ഭൗതികവും ആത്മീയവുമാണെന്നും അവ തമ്മിലുള്ള അഭിന്നത അവഗണിക്കാന്‍ പറ്റുന്നതല്ലെന്നും ഇസ്‌ലാം കരുതുന്നു. ഏതെങ്കിലും വ്യക്തിയുടെയോ വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ അനുഭവങ്ങളെയല്ല ഇസ്‌ലാം സത്യമായ അനുഭവങ്ങളായിക്കാണുന്നത്. അവയ്‌ക്കെല്ലാം താല്‍ക്കാലികവും സങ്കുചിതവും പരിസീമിതവുമായ സ്വഭാവമാണുള്ളതെന്നും നിത്യവും പ്രവിശാലവും അമേയവുമായ സവിശേഷതകളാണ് ഇസ്‌ലാം പ്രകാശിപ്പിക്കുന്നതെന്നും സൂക്ഷ്മദൃഷ്ടികള്‍ക്ക് ബോധ്യമാകുന്നതാണ്. അപരിമേയമായ, അവ്യാഹതമായ, ഇഹപരസംബന്ധമാര്‍ന്ന കാലപ്രവാഹത്തെകണ്ടുകൊണ്ടാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്.ഒരു പ്രത്യേക ജനപദത്തെയല്ല, മനുഷ്യസാമാന്യത്തെയാണത് അഭിസംബോധന ചെയ്യുന്നത്. വ്യക്തിയില്‍ ആത്മാവും ശരീരവും തമ്മിലുള്ള സമീകരണവും ജീവിതത്തില്‍ ആത്മീയ ഭൗതിക മൂല്യങ്ങളുടെ ഏകീകരണവുമാണ് സത്യവേദം നിഷ്‌കര്‍ഷിക്കുന്നത്.നിരുപാധികമായ മാനസിക സ്വാതന്ത്ര്യവും സമ്പൂര്‍ണമായ മനുഷ്യസമത്വവും സുദൃഢമായ സാമൂഹിക ബാധ്യതയും സാമൂഹ്യനീതിയില്‍ ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു.അതിനാല്‍ ഖുര്‍ആന്‍ ഒരു സമഗ്രമാനവ ദര്‍ശനമാണ്. ഖുര്‍ആന്‍ എന്ന സത്യവേദഗ്രന്ഥത്തിന്റെ സര്‍വാതിശായിത്വം അത്യന്തം ശ്രദ്ധേയമാണ്. അത് കാലദേശാതിവര്‍ത്തിയായ സ്വാധീനം ജനമനസ്സുകളിലുളവാക്കി; മനുഷ്യചിന്തയെ പ്രോജ്വലിപ്പിച്ചു; വിചാരവിശ്വാസങ്ങളില്‍ വിപ്ലവം സൃഷ്ടിച്ചു. ലോകനാഗരികതയ്ക്ക് പ്രോത്സാഹകമായി; അടിമകളില്‍ ആത്മവിശ്വാസം വളര്‍ത്തി; അബലകളായി അവഗണിക്കപ്പെട്ട സ്ത്രീസമൂഹത്തെ വിമോചിപ്പിച്ചു; അക്ഷരത്തിനും അറിവിനും അനല്‍പമായ അംഗീകാരം നല്‍കി; വിശ്വസാഹോദര്യം വിളംബരം ചെയ്തു. അതുള്‍ക്കൊള്ളുന്ന നിത്യഹരിതഭാവം കാലാതിവര്‍ത്തിത്വത്തെ സമാശ്ലേഷിക്കുന്നു എന്നതാണ് ഇസ്‌ലാം സംസ്‌കൃതിയുടെ സര്‍വാതിശായിത്വം.

No comments:

Post a Comment