..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 17 June 2012

രാഷ്ട്രീയ പാര്‍ട്ടിയും രാഷ്ട്രീയ പ്രസ്ഥാനവും "ജമാഅത്തെ ഇസ്ലാമിയെ കേവലം മതസംഘടനയായും സാംസ്കാരിക കൂട്ടായ്മയായും കണ്ടിരുന്ന കേരളീയ സമൂഹത്തില്‍ രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകരിക്കപ്പെട്ടു എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ ഏറ്റവും വലിയ നേട്ടമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു'' (മാധ്യമം ദിനപത്രം 2010 ഒക്ടോബര്‍ 31). "ജമാഅത്തെ ഇസ്ലാമിയോ? ആ സംഘടന മുന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്ന പോലെ ഈ തെരഞ്ഞെടുപ്പിലും മത്സരിച്ചില്ല. തങ്ങളൊരു രാഷ്ട്രീയ പാര്‍ട്ടിയാവാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്'' (മാധ്യമം ദിനപത്രം, എ.ആര്‍, 2010 നവംബര്‍ 2). ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയ പാര്‍ട്ടിയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് എ.ആര്‍. രാഷ്ട്രീയ പാര്‍ട്ടിയായി തങ്ങളെ സമൂഹം അംഗീകരിച്ചതാണ് ഈ തെരഞ്ഞെടുപ്പിലെ നേട്ടമെന്ന് അമീര്‍. ലക്ഷ്യമാവാത്തത് നേട്ടമാവുന്നതിന്റെ കെമിസ്ട്രി എന്താണ്? ans:-ആശയക്കുഴപ്പമുണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ വിമര്‍ശകര്‍ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഉദ്ധരണികളാണ് ചോദ്യത്തിലേത്. യഥാര്‍ഥത്തില്‍ രണ്ടും തമ്മില്‍ ഒരു വൈരുധ്യവുമില്ല. പത്രറിപ്പോര്‍ട്ടില്‍ വിശദാംശങ്ങളില്ലാത്തത് ദുഷ്പ്രചാരണത്തിന് സഹായകമായി എന്നു മാത്രം. ജമാഅത്തെ ഇസ്ലാമി ഹിന്ദ് രാഷ്ട്രീയ പാര്‍ട്ടിയായി മാറേണ്ടതില്ലെന്നും അത് സജീവ രാഷ്ട്രീയത്തിലിറങ്ങുകയോ ഇലക്ഷനില്‍ മത്സരിക്കുകയോ ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചത് ഉന്നത നയരൂപീകരണ വേദിയായ മജ്ലിസ് ശൂറയാണ്. അക്കാര്യമാണ് മാധ്യമം ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതും. എന്നാല്‍ ഒരു സാമ്പ്രാദയിക മത സംഘടനയല്ല ജമാഅത്ത് എന്നും ഇസ്ലാമിനെ രാഷ്ട്രീയമടക്കമുള്ള മേഖലകളില്‍ സ്പഷ്ടവും ഖണ്ഡിതവുമായ നിര്‍ദേശങ്ങളുള്ള ഒരു സമഗ്ര ജീവിത വ്യവസ്ഥയായി വിശ്വസിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്ന സമ്പൂര്‍ണ പ്രസ്ഥാനമാണതെന്നും സ്ഥാപിതമായത് മുതല്‍ അസന്ദിഗ്ധമായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ടെല്ലാ ജമാഅത്ത് സാഹിത്യങ്ങളിലും ഇക്കാര്യം സംശയാതീതമായി വിശദീകരിച്ചിട്ടുമുണ്ട്. എങ്കിലും പരമ്പരാഗത മത സംഘടനകളും ജമാഅത്തെ ഇസ്ലാമിയും തമ്മിലെ മൌലികമായ അന്തരം മനസ്സിലാക്കാതെ സുന്നി, മുജാഹിദ് പട്ടികയില്‍ മൂന്നാമതായി ജമാഅത്തിനെയും ഉള്‍പ്പെടുത്തുന്ന പതിവ് ഇപ്പോഴും തുടരുന്നു. ഈ സംഘടനകള്‍ തന്നെ, മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതായി ജമാഅത്തിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് അമീര്‍ ടി. ആരിഫലി ഒരു പ്രസംഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ കേവലം മതസംഘടനയായും സാംസ്കാരിക കൂട്ടായ്മയായും കണ്ടിരുന്ന കേരളീയ സമൂഹത്തില്‍ അത് രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകരിക്കപ്പെട്ടു എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നേട്ടമായി അഭിപ്രായപ്പെട്ടത്. തീര്‍ച്ചയായും ജമാഅത്തെ ഇസ്ലാമി അതിന്റെ തുടക്കം മുതല്‍ തന്നെ ഒരു കേവല മത സംഘടനയോ സാംസ്കാരിക കൂട്ടായ്മയോ ആയിരുന്നില്ല. പൊതു ജീവിതത്തെ ഇസ്ലാമിക രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്ന പ്രസ്ഥാനം ആയിരുന്നു. അതുകൊണ്ടാണ് സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും ഭൌതികവാദത്തെയും മുതലാളിത്തത്തെയും കമ്യൂണിസത്തെയും തത്ത്വാധിഷ്ഠിതമായി എതിര്‍ക്കാനും ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും ഇസ്ലാമിനെ ബദല്‍ പദ്ധതിയായി അവതരിപ്പിക്കാനും അതിന് കഴിഞ്ഞത്. ഇക്കാര്യം കൂടുതല്‍ വ്യക്തമാവാന്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജമാഅത്തിന്റെ ഇടപെടലും അതേതുടര്‍ന്നുണ്ടായ പ്രചാരണങ്ങളും വിവാദങ്ങളും സഹായകമായിട്ടുമുണ്ട്. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നത് ഒരു പുതിയ തീരുമാനമല്ല. 1974 ജൂണില്‍ ബാംഗ്ളൂരില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് മജ്ലിസ് ശൂറ കൈക്കൊണ്ട തീരുമാനമാണ്. 'രാജ്യത്ത് നിവസിക്കുന്ന എല്ലാവര്‍ക്കും ജമാഅത്തിന്റെ സന്ദേശമെത്തിക്കാനും ബഹുജനാഭിപ്രായം അനുകൂലമാക്കിത്തീര്‍ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര മജ്ലിസ് ശൂറാ ജമാഅത്ത് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. ജമാഅത്തിന്റെ ലക്ഷ്യം മുമ്പില്‍ വെച്ചു കൊണ്ട്, അതിന്റെ നയപരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെന്നും കേന്ദ്ര മജ്ലിസ് ശൂറ തീരുമാനിച്ചു. ഇവ്വിഷയകമായി, ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സ്വാധീനം ലഭിക്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രായോഗികമായി പങ്കെടുക്കാന്‍ സാധ്യത തെളിയുകയും ചെയ്യുന്ന പ്രദേശങ്ങളുടെ സര്‍വേ നടത്താന്‍ രണ്ട് സബ് കമ്മിറ്റികള്‍ നിയോഗിക്കപ്പെടുകയുണ്ടായി. കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ചുരുങ്ങിയത് 100 ഗ്രാമങ്ങളെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ബോധ്യമായാല്‍ മാത്രമേ ജമാഅത്ത് ഗ്രാമപഞ്ചായത്ത് ഇലക്ഷനില്‍ പങ്കെടുക്കുന്നിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും തീരുമാനിക്കപ്പെട്ടു' (പ്രബോധനം, ജമാഅത്തെ ഇസ്ലാമി 50-ാം വാര്‍ഷിക പതിപ്പ്, 1992- ജമാഅത്തും തെരഞ്ഞെടുപ്പും എന്ന ലേഖനം). എന്നാല്‍ 1975 ജൂലൈയില്‍ ജമാഅത്ത് നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ ഉണ്ടായില്ല. നിരോധം റദ്ദായ ശേഷം പൊതു തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചാണ് ആലോചനകളും ചര്‍ച്ചകളും നടന്നത്. നയപരമായ മാനങ്ങളില്ലാത്ത, രാഷ്ട്രീയാതീതമായി വികസനം മാത്രം ലക്ഷ്യമാക്കിയുള്ള ത്രിതല പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കുകയും സ്വതന്ത്രരായി മത്സരിക്കുകയും ചെയ്യാമെന്ന് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. അത് പ്രകാരം ബംഗാളിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ലോക്കല്‍ ബോഡീസ് ഇലക്ഷനില്‍ പങ്കെടുത്തു, ഇപ്പോള്‍ കേരളത്തിലും. എന്നാല്‍ ജമാഅത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമീഷനില്‍ രജിസ്റര്‍ ചെയ്യുകയോ പൊതുവായ പതാകയോ ചിഹ്നമോ സ്വീകരിക്കുകയോ ചെയ്തുകൊണ്ടല്ല ഈ സംസ്ഥാനങ്ങളിലൊന്നും തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയ പാര്‍ട്ടി ആവണം എന്നില്ല. രാഷ്ട്രീയ പാര്‍ട്ടി വേറെത്തന്നെ രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു.

No comments:

Post a Comment