
Monday, 18 June 2012
2,207 ഇ-മെയില്‍ വിശദാംശങ്ങള്‍ തേടി -ഗൂഗ്ള്‍
എ.എസ്. സുരേഷ്കുമാര്‍
ഇ-മെയില്‍ വിവരം തേടുന്നതില്‍ അമേരിക്കക്ക് തൊട്ടുപിന്നില്‍ ഇന്ത്യ ഇന്ത്യ
ന്യൂദല്‍ഹി: ഇ-മെയില്‍ ഉപയോക്താക്കളെക്കുറിച്ച് രഹസ്യമായി സൂക്ഷിക്കുന്ന വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഭരണകൂടം ആറു മാസക്കാലയളവില്‍ 2207 അപേക്ഷകള്‍ തങ്ങള്‍ക്ക് നല്‍കിയതായി പ്രമുഖ ഇന്റര്‍നെറ്റ് വെബ്സൈറ്റും ഇ-മെയില്‍ സേവനദാതാക്കളുമായ ഗൂഗ്ള്‍ വെളിപ്പെടുത്തി. മൂന്നില്‍ രണ്ട് അപേക്ഷകളിലും രഹസ്യവിവരങ്ങള്‍ കൈമാറ്റം ചെയ്തതായും ഗൂഗ്ള്‍ വ്യക്തമാക്കി.
കേരള സര്‍ക്കാറിന്റെ ഇ-മെയില്‍ ചോര്‍ത്തല്‍ വന്‍വിവാദമായി നില്‍ക്കുന്നതിനിടയിലാണ് ഗൂഗ്ള്‍ ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്ക കഴിഞ്ഞാല്‍, ഉപയോക്താക്കളെക്കുറിച്ച വിശദാംശങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടത് ഇന്ത്യയാണെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള ആറു മാസത്തെ ഗൂഗ്ള്‍ സുതാര്യതാ റിപ്പോര്‍ട്ടാണ് ഇ-മെയില്‍ ചോര്‍ത്താനുള്ള ഭരണകൂട വ്യഗ്രത വര്‍ധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയത്. ഇ-മെയില്‍ അക്കൗണ്ടുകളുടെ യൂസര്‍-ഐ.ഡി, പാസ്വേര്‍ഡ് സംബന്ധമായ വിവരങ്ങള്‍, വിലാസം, ബയോഡാറ്റ തുടങ്ങിയ വിവരങ്ങള്‍ സേവനദാതാക്കള്‍ പുറത്തുവിടാറില്ല. എന്നാല്‍ സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ സര്‍ക്കാറുകള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും ഈ വിവരങ്ങള്‍ നല്‍കാറുണ്ട്. പൊതുതാല്‍പര്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ രഹസ്യവിവരങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം കൂടുതലായി ചോര്‍ത്തുന്നുവെന്നാണ് ഗൂഗ്ള്‍ വെളിപ്പെടുത്തലിന്റെ കാതല്‍. ഇത്തരം വിവരങ്ങള്‍ ലഭ്യമായാല്‍ ഇ-മെയില്‍ വിലാസത്തിലേക്ക് കടന്നുചെല്ലാനും തെരച്ചില്‍ നടത്താനുമൊക്കെ ആര്‍ക്കും കഴിയും.
ആവശ്യപ്പെടുന്ന വിവിധ വിവരങ്ങളെക്കുറിച്ച വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. യൂസര്‍ അക്കൗണ്ടുകളെക്കുറിച്ച് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 3427 അഭ്യര്‍ഥനകളാണ് ആറുമാസത്തിനിടയില്‍ തങ്ങള്‍ക്ക് ലഭിച്ചത്. ഈ അഭ്യര്‍ഥനകളുടെ സ്വഭാവം പക്ഷേ, കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഏതേതു വിവരങ്ങള്‍ സര്‍ക്കാറുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന വിശദാംശങ്ങളും പുറത്തു പറഞ്ഞിട്ടില്ല. ജനുവരി മുതല്‍ ജൂലൈ വരെയുള്ള ആറു മാസത്തിനിടയില്‍ കിട്ടിയ അപേക്ഷകള്‍ 2439 ആണ്.
അധികൃതര്‍ക്ക് വിശദാംശങ്ങള്‍ നല്‍കുന്ന കാര്യം ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങള്‍ കണക്കിലെടുത്ത് ഇ-മെയില്‍ വരിക്കാരെ അറിയിക്കാറില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇങ്ങനെ ചെയ്താല്‍ തെളിവു നശിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കലായി പിന്നീട് വ്യാഖ്യാനിക്കപ്പെട്ടേക്കാം. കമ്പനിക്ക് നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാം. ക്രിമിനല്‍ കേസന്വേഷണങ്ങളുടെ ഭാഗമായി ഇ-മെയില്‍ വിവരങ്ങള്‍ തേടി നല്‍കുന്ന അപേക്ഷകളുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരികയാണെന്നും ഗൂഗ്ള്‍ വിശദീകരിക്കുന്നുണ്ട്.
കത്തില്‍ പറയുന്ന ആവശ്യവും നിയമങ്ങളും വിലയിരുത്തിയാണ് വിശദാംശങ്ങള്‍ കൈമാറുന്നത്. ചിലപ്പോള്‍ വിശദാംശങ്ങള്‍ നല്‍കാതിരിക്കുന്നുണ്ട്. ചോദിക്കുന്ന വിവരങ്ങളെല്ലാം അതേപടി നല്‍കാറുമില്ല. 2011 ഡിസംബര്‍ വരെയുള്ള ആറു മാസത്തിനടിയില്‍ 255 ഇനങ്ങളുടെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 101 അപേക്ഷകള്‍ ഗൂഗ്ളിന് ലഭിച്ചു. അതില്‍ 29 ശതമാനം അപേക്ഷകള്‍ മാത്രമാണ് അംഗീകരിച്ചത്. എന്നാല്‍ തൊട്ടുമുമ്പത്തെ ആറു മാസക്കാലത്ത് 51 ശതമാനം അപേക്ഷകളും അംഗീകരിച്ചു. ദേശസുരക്ഷ, വിദ്വേഷപ്രസംഗം, മതപരമായ കുറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങളാണ് ഇങ്ങശന നീക്കിയത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട് യു-ട്യൂബിലെ 10 ഇനങ്ങള്‍ നീക്കി. മതവിദ്വേഷവുമായി ബന്ധപ്പെട്ട് യു-ട്യൂബില്‍ നിന്ന് 24ഉം ഓര്‍ക്കുട്ടില്‍ നിന്ന് ഒന്നും ഇനങ്ങള്‍ നീക്കി. മതവിദ്വേഷ പ്രശ്നമുയര്‍ത്തിയതിനാല്‍ യു-ട്യൂബില്‍ നിന്ന് ആറും സെര്‍ച്ചില്‍ നിന്ന് ഒന്നും ഇനങ്ങള്‍ ഒഴിവാക്കി. സര്‍ക്കാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ട ഇനങ്ങള്‍ ഇക്കുറി പ്രത്യേകമായി ഗൂഗ്ള്‍ പറഞ്ഞിട്ടില്ല.
ഇന്ത്യയുടെ ഇന്റര്‍നെറ്റ് നിയന്ത്രണ ചട്ടങ്ങള്‍ ഇത്തരം പ്രവണത വര്‍ധിപ്പിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിവയിലേക്കും നിരീക്ഷണക്കണ്ണ് നീളും. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഇ-മെയില്‍ അക്കൗണ്ടുകളുടെ എണ്ണം ഭാവിയില്‍ വര്‍ധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Subscribe to:
Post Comments (Atom)
No comments:
Post a Comment