
ഭരണാധികാരികളെ ജനം അനുസരിക്കേണ്ടതെപ്പോള്‍
ഡോ. ഉസ്വാം ബിന്‍ സ്വാലിഹ് അൽ-ഉവൈദ്
തുനീഷ്യയിലെയും ഇജിപ്തിലെയും വിപ്ലവങ്ങള്‍ ഉയര്‍ത്തുന്ന ചില കര്‍മ്മശാസ്ത്ര വിഷയങ്ങളുണ്ട്. നേതൃത്വവും അവരോടുള്ള അനുസരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവയില്‍ പ്രധാനപെട്ടതാണ്. ഭരണാധികാരികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, പണ്ഡിതന്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ എന്നിവയെല്ലാം അതില്‍പ്പെടുന്ന കാര്യങ്ങളാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പരിഗണിച്ച് ഈ സംഭവവികാസങ്ങളെ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ഭരണാധികാരിക്കെതിരെ പരസ്യമായി രംഗത്തിറങ്ങുന്നതിന്റെ വിധി എന്താണ്? ഏതു സമയത്താണത് അനുവദനീയമാവുക?
യുവാക്കളുടെ കൈകളാല്‍ തുനീഷ്യന്‍ പ്രസിഡന്റ് ബിന്‍ അലിയുടെ പതനത്തില്‍ അറബ് ദേശങ്ങളിലെ ജനങ്ങള്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്. മറച്ച് വെക്കാന്‍ കഴിയാത്ത സന്തോഷമാണത്. ഇത്തരം അക്രമികളുടെയും കൂട്ടാളികളുടെയും പതനത്തില്‍ പക്ഷികളും മൃഗങ്ങളും വരെ സന്തോഷം പ്രകടിപ്പിക്കുകയാണ്. വ്യക്തിതാല്‍പര്യങ്ങളെയും മറ്റു സ്വാധീനശക്തികളെയും മാറ്റി നിര്‍ത്തി ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാത്തില്‍ അവയെ വിലയിരുത്തേണ്ടതുണ്ട്. അല്ലാഹു പറയുന്നു: 'അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ.' (അല്‍ അഹ്‌സാബ്: 36)
അല്ലയോ തുനീഷ്യന്‍ സമൂഹമേ, അല്ലാഹുവാണ് നിങ്ങളെ സംരക്ഷിക്കുന്നത്. വ്യക്തമായ നിഷേധത്തിന് കീഴിലാണ് നീണ്ടകാലം ജനങ്ങള്‍ കഴിഞ്ഞത്. അവരുടെ ദീനിലും ധനത്തിലും അഭിമാനത്തിലും ഭരണാധികാരികള്‍ ചെയ്ത അക്രമത്തിന് വ്യക്തമായ തെളിവ് നിലനില്‍ക്കുന്നുണ്ട്. നിങ്ങള്‍ക്ക് ശേഷം വരുന്നവര്‍ പ്രതാപത്തിന്റെയും നീതിയുടെയും രുചി ആസ്വദിക്കുക തന്നെ ചെയ്യും. 'തങ്ങള്‍ അതിക്രമങ്ങള്‍ക്കിരയായാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവരും'(അശ്ശൂറ: 39) എന്ന ആയത്തിനെ ആദ്യമായി പ്രയോഗത്തില്‍ വരുത്തിയവരാണ് നിങ്ങള്‍. ജനങ്ങളെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് പണ്ഡിതന്‍മാര്‍ അറിവുള്ളവരായിരുന്നു. നിങ്ങള്‍ക്കു മേലും അത് സംഭവിക്കുമെന്ന് ഭയന്നിരുന്നു. എന്നാല്‍ നിങ്ങള്‍ പുരുഷകേസരികള്‍ക്കനുയോജ്യമായ ക്ഷമയവലംബിച്ചു. അക്രമികളായ ആളുകളെ അല്ലാഹു തകര്‍ക്കുകയും ചെയ്തു. നിങ്ങള്‍ നിങ്ങളുടെ പ്രഥമ ലക്ഷ്യം സാക്ഷാല്‍കരിച്ചു. നീതിയും വിശ്വാസവും മാനദണ്ഡമാക്കി ഭരിക്കുന്നവരെ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയേക്കാം.
ഇതിന് ശേഷം മുസ്‌ലിം നാടുകള്‍ തീച്ചൂളയിലാണ് കഴിഞ്ഞിരുന്നത്. കാനന്‍ ദേശങ്ങള്‍ തിളച്ചു മറിയുകയും അവിടത്തെ പ്രസിഡന്റ,് മൈതാനങ്ങളില്‍ ആര്‍ത്തിരമ്പിയ ജനങ്ങളുടെ സമ്മര്‍ദ്ധത്തിനു മുന്നില്‍ കീഴടങ്ങുകയും ചെയ്തു. മറിച്ച് വന്‍ രാഷ്ട്രങ്ങള്‍ സമാധാനപരമായ അധികാരകൈമാറ്റത്തിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. യമനിലും അള്‍ജീരിയയിലും ജോര്‍ദ്ദാനിലുമെല്ലാം അതിന്റെ അടയാളങ്ങളുണ്ട്. സിറിയക്ക് ചില ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. ഇനിയെന്താണ് സംഭവിക്കുകയെന്നതിനെ കുറിച്ച് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. മുസ്‌ലിങ്ങള്‍ക്ക് നന്മയും പ്രയോജനവും വരുത്തുകയും അവരെ ബാധിക്കുന്ന നാശങ്ങളില്‍ നിന്നവന്‍ സംരക്ഷിക്കുകയും ചെയ്‌തേക്കാം.
ഇവിടെ പ്രതിപാദിച്ച പ്രശ്‌നങ്ങള്‍ നേതൃത്വവും അവര്‍ക്ക് കീഴ്‌പ്പെടലുമായി ബന്ധപ്പെട്ട വിഷയമാണ്. ഭരാണാധികാരികള്‍ക്കെതിരെ രംഗത്തിറങ്ങുന്നതിന്റെയും അതില്‍ പണ്ഡിതര്‍ക്കുള്ള പങ്കുമെല്ലാം ഇതിന് കീഴില്‍ വരുന്ന പ്രശ്‌നങ്ങളാണ്. ഇത്തരം ഗൗരവകരമായ വിഷയങ്ങള്‍ക്ക് അല്ലാഹു സമ്പൂര്‍ണ്ണമായി അവതരിപ്പിച്ചു തന്ന ശരീഅത്തില്‍ പരിഹാരമില്ലെന്ന് ധരിച്ച ആളുകളുണ്ട്. എന്നാല്‍ ഖുര്‍ആന്‍ അത് വ്യക്തമാക്കിയതും പ്രവാചകചര്യയിലൂടെ വിശദീകരിച്ചതും മഹാരഥന്മാര്‍ ധാരാളം ഗ്രന്ഥങ്ങളിലൂടെ വിവരിച്ചിട്ടുള്ളതുമായ കാര്യമാണത്. അപ്പോള്‍ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍ എങ്ങനെയാണ് ഇത്തരം ഒരു വിഷയം ഇല്ലാതിരിക്കുക. ബുഖാരിയില്‍ 'അല്‍ അഹ്കാം'(വിധികള്‍), മുസ്‌ലിമില്‍ 'അല്‍ ഇമാറഃ'(നേതൃത്വം) , അബൂദാവൂദ് 'അല്‍ ഗറാജ് വല്‍ ഫൈഅ് വല്‍ ഇമാറഃ'(നികുതിയും യുദ്ധമുതലും നേതൃത്വവും) എന്നീ തലക്കെട്ടുകളില്‍ അവ കൈകാര്യം ചെയ്യുന്നു. മറ്റു ഗ്രന്ഥങ്ങളിലും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഹദീസ് ഗ്രന്ഥങ്ങള്‍ മാത്രമല്ല കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും അതിനെ കൈകാര്യം ചെയ്തിട്ടുണ്ട്.
പണ്ഡിതരെന്ന് അറിയപ്പെടുന്ന ചിലര്‍ തുനീഷ്യയിലെ സംഭവ വികാസങ്ങളെക്കുറിച്ച് നടത്തിയ ചില അഭിപ്രായങ്ങളെക്കുറിച്ച് ഞാന്‍ കേള്‍ക്കാനിടയായി. ' ജനങ്ങള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാത്ത പക്ഷം, പ്രക്ഷോഭം നടത്താനും, അനുസരിക്കാതിരിക്കാനും പ്രജകള്‍ക്ക് അനുവാദമുണ്ട്. ജനങ്ങള്‍ക്കിടയില്‍ അക്രമവും അരാജകത്വവും വ്യാപിക്കുകയും ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഭരണാധികാരിയെ താഴെഇറക്കാവുന്നതുമാണ്'. അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പണ്ഡിതന്‍മാരും ഇസ്‌ലാമിക ഗവേഷണ സമിതിയംഗമായ അബ്ദുല്‍ മുഅ്ത്വി ബയ്യൂമി, ഫലസ്തീനിയായ അബൂ ഖുദാമ പോലുള്ള പണ്ഡിതന്മാരും ഭരണാധികാരിക്കെതിരെ പുറപ്പെടുന്നതിനെ അനുവദിച്ചിട്ടുണ്ട്.
ഇതിന് വിരുദ്ധമായി ഭരണാധികാരിയോടുള്ള ഗുണകാംക്ഷ രഹസ്യമായിട്ടായിരിക്കണമെന്ന് സ്ഥാപിക്കുന്ന സാമാന്യം ദൈര്‍ഘ്യമേറിയ മറ്റൊരു ലേഖനവും വായിക്കാനിടയായി. തെളിവായിട്ട് ലേഖകന്‍ ഒരു ഹദീസ് ഉദ്ധരിക്കുന്നു. 'ഭരണാധികാരിയുടെ ഗുണകാംക്ഷ ആരെങ്കിലും ഉദ്ദേശിച്ചാല്‍ പരസ്യമായിട്ടത് ചെയ്യരുത്. രഹസ്യമായിട്ടാണ് അത് ചെയ്യേണ്ടത്. ഉപദേശം സ്വീകരിച്ചാല്‍ അപ്രകാരം പ്രവര്‍ത്തിക്കട്ടെ, ഇല്ലെങ്കില്‍ അവന്‍ തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു.' ആധികാരികമായി നിവേദനം ചെയ്യപ്പെട്ടിട്ടുള്ള ഹദീസുകളും സ്വഹാബിമാരുടെയും പൂര്‍വ്വികരുടെയും പ്രവര്‍ത്തനങ്ങളും അസത്യത്തെ പരസ്യമായി എതിര്‍ക്കുന്ന മാതൃകകളാണ്. അത്തരം മാതൃകകളെ പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടാണ് ഇത്തരം നിലപാടുകളെടുത്തിരിക്കുന്നത്.
തുനീഷ്യയുടെ പ്രസിഡന്റിനെതിരെ പോരാടുന്നത് അനുവദനീയമല്ല, അദ്ദേഹത്തെ അനുസരിക്കുകയാണ് വേണ്ടത് എന്ന് വാദിക്കുന്ന ആളുകളുണ്ട്. ഖുര്‍ആനില്‍ ചിലത് സ്വീകരിക്കുകയും മറ്റു ചിലത് അവഗണിക്കുകയുമാണവര്‍ ചെയ്തിരിക്കുന്നത്. സത്യം അവക്കിടയില്‍ മങ്ങിക്കിടക്കുകയാണ്. ശാന്തമായ മനസും ബുദ്ധിയുമുള്ളവര്‍ അത് ക്രമേണ കണ്ടെത്തുക തന്നെ ചെയ്യും.
ഭരണാധികാരികള്‍ മൂന്ന് വിധത്തിലായിരിക്കും. ഒന്നുകില്‍ നീതിമാനായിരിക്കും, അല്ലെങ്കില്‍ അക്രമിയായിരിക്കും അതുമല്ലെങ്കില്‍ നിഷേധിയായിരിക്കും.
1. വിശ്വാസിയും നീതിമാനുമായ ഭരണാധികാരി
അല്ലാഹു വിലക്കിയിട്ടില്ലാത്ത കാര്യങ്ങളില്‍ മുസ്‌ലിമും നീതിമാനുമായ ഭരണാധികാരിയെ അനുസരിക്കല്‍ നിര്‍ബന്ധമാണെന്നതില്‍ മുസ്‌ലിം സമൂഹത്തിന് എതിരഭിപ്രായമില്ല. അദ്ദേഹത്തിനെതിരെ പോരാടല്‍ അനുവദനീയമല്ല എന്നതിന് നിരവധി തെളിവുകള്‍ ഉണ്ട്. വളരെ പ്രബലമായ ഒരു ഹദീസിലൂടെ പ്രവാചകന്‍ പറയുന്നു. 'യാതൊരു തണലുമില്ലാത്ത അന്ത്യനാളില്‍ ഏഴു വിഭാഗങ്ങള്‍ക്ക് അല്ലാഹു തണലേകും' നീതിമാനായ ഭരണാധികാരിയെയാണ് അതില്‍ പ്രഥമമായി എണ്ണിയിട്ടുള്ളത്.
മുസ്‌ലിം ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു: 'ഭരണാധികാരിയെ അനുസരിച്ചവന്‍ എന്നെ അനുസരിച്ചു. ഭരണാധികാരിയെ ധിക്കരിച്ചവന്‍ എന്നെയും ധിക്കരിച്ചിരിക്കുന്നു.'
ഖുര്‍ആന്‍ പറയുന്നു: 'വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക.' (അന്നിസാഅ്: 59)
ഭരണാധികാരി അല്ലാഹുവിനെ അനുസരിക്കാന്‍ കല്‍പ്പിച്ചാല്‍ അല്ലാഹുവിനെ അനുസരിക്കല്‍ നിര്‍ബന്ധമാണ്. അതുപോലെ ഭരണാധികാരിയെയും അനുസരിക്കണം. ജനങ്ങള്‍ക്ക് ഭിന്നാഭിപ്രായമുള്ള ജീവിതരീതികളിലും ജോലി സംബന്ധമായ കാര്യങ്ങളിലും അവര്‍ പ്രത്യേകം കല്‍പന നടത്തിയാല്‍ അനുസരിക്കേണ്ടതുണ്ട്. ജനങ്ങളുടെ കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്താന്‍ എന്നാല്‍ മാത്രമേ സാധ്യമാവുകയുള്ളൂ. അദ്ദേഹം നീതിമാനെങ്കില്‍ നീതിപൂര്‍വ്വം കാര്യങ്ങള്‍ നടപ്പാക്കും.
2. നിഷേധത്തെ ആദര്‍ശമായി സ്വീകരിച്ചവരും ആകസ്മികമായി നിഷേധിക്കുന്നവരും
അടിസ്ഥാനപരമായിട്ടുള്ള നിഷേധം വളരെ വ്യക്തമാണ്. ഫലസ്തീനിലും ഇറാഖിലുമെല്ലാം സംഭവിക്കുന്നത് പോലെ മുസ്‌ലിം നാടുകളില്‍ അക്രമം നടത്തുന്നവര്‍ അതിന് ഉദാഹരണമാണ്. എന്നാല്‍ ആകസ്മികമായി നിഷേധിക്കുന്നവന്‍ അടിസ്ഥാനപരമായി വിശ്വാസി തന്നെയായിരിക്കും. പിന്നീട് വന്‍ ശിര്‍ക്ക് ചെയ്യുകയോ അനുവദനീയമെന്ന് വളരെ വ്യക്തമായ കാര്യങ്ങളെ നിഷിദ്ധമാക്കുന്നതിലൂടെയോ അല്ലെങ്കില്‍ അതുപോലുള്ള മറ്റു പ്രവര്‍ത്തങ്ങളിലൂടെയോ അത് സംഭവിക്കുന്നു. ഭരണാധികാരിയുടെ നിഷേധം വ്യക്തമായാല്‍ അയാള്‍ക്കെതിരെ പോരാടാവുന്നതാണ്.
ഇമാം നവവി ശറഹ് മുസ്‌ലിമില്‍ ഖാദി ഇയാദിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നു: 'നേതൃത്വം നിഷേധിയെ ഏല്‍പ്പിക്കരുതെന്നതില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിരിക്കുന്നു. പിന്നീട് ഭരണാധികാരിയില്‍ കുഫ്ര്‍ വെളിവായാല്‍ അദ്ദേഹത്തെ നീക്കം ചെയ്യണം. അവര്‍ക്കതിന് സാധിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധമില്ല.'
ഇത്തരം പ്രവണത വലിയ ശിര്‍ക്കില്‍ സ്ഥിരപ്പെട്ടവരില്‍ നിന്നാണ് ഉണ്ടാവുക. തൗഹീദിന് വിരുദ്ധമായ കാര്യങ്ങളാണ് വന്‍ ശിര്‍ക് കൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കല്‍, ശവകുടീരങ്ങളിലെ ബലിയര്‍പ്പണം പോലുള്ള കാര്യങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. ദൈവിക നിയമങ്ങള്‍ക്ക് പകരം മനുഷ്യ നിയമങ്ങള്‍ സ്ഥാപിക്കുകയും അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദിക്കുകയും അല്ലാഹു അനുവദിച്ചവയെ നിഷിദ്ധമാക്കുകയും ചെയ്യുന്നതും അതില്‍പ്പെട്ട കാര്യമാണ്. ആധുനിക അറബ് ഇസ്‌ലാമിക ലോകത്തെ ഭരണകൂടങ്ങളില്‍ പലരും ഈ തിന്മയില്‍ അകപ്പെട്ടവരാണ്.
ആളുകള്‍ക്ക് പ്രയാസമുണ്ടാകുന്നതും, അവരുടെ ജീവനും അഭിമാനത്തിനും സമ്പത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ ഭരണാധികാരിക്കെതിരെ രംഗത്തിറങ്ങാന്‍ അനുവാദമുള്ളൂ. അല്ലാത്ത അവസ്ഥയില്‍ വലിയ വിപത്ത് സംഭവിക്കുമെന്നതിനാല്‍ അത് അനുവദനീയമല്ല. അക്രമിയായ ഭരണാധികാരിയെ അധികാരത്തില്‍ നിന്ന് നീക്കുകയെന്ന ലക്ഷ്യത്തോടെ ഈജിപ്തിലെ യുവാക്കള്‍ നടത്തുന്ന പോരാട്ടങ്ങള്‍ അനുവദനീയമാണ്. സാധ്യമായവരെല്ലാം അതില്‍ നിര്‍ബന്ധമായും പങ്കാളികളാവണം. അവിടത്തെ പോരാളികളുടെ പാദങ്ങളെ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തുകയും അവരുടെ മനസുകള്‍ക്ക് അല്ലാഹു ശാന്തത നല്‍കുകയും ചെയ്തു. അവരുടെ വാക്കുകളും പ്രവൃത്തികളും ശരിപ്പെടുത്തി അവരെ നേര്‍മാര്‍ഗത്തില്‍ നയിക്കാനുള്ള അവസരം സംജാതമാക്കുകയും ചെയ്യട്ടെ.
3. നിഷേധിയല്ലാത്ത അക്രമിയായ ഭരണാധികാരി
ഇത്തരം ഭരണാധികാരിയെ ഉപദേശിക്കല്‍ നിര്‍ബന്ധവും അദ്ദേഹത്തിനെതിരെ പ്രവര്‍ത്തിക്കല്‍ നിഷിദ്ധവുമാണ്. ഭരണാധികാരിക്കെതിരെ പോരാടുന്നതിനും അവരെ അനുസരിക്കുന്നതിനുമിടയിലെ നിലപാടാണ് ഇവിടെ സ്വീകരിക്കേണ്ടത്. ഇത്തരം അവസ്ഥയില്‍ അവര്‍ക്കെതിരെ പോരാടുന്നത് അനുവദനീയമല്ലാത്തത് പോലെ അവര്‍ക്ക് കീഴ്‌പ്പെടുന്നതും അനുവദനീയമല്ല.
അവരോടുള്ള ഗുണകാംക്ഷ എങ്ങനെയായിരിക്കണമെന്നത് ശരീഅത്തധിഷ്ഠിത രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. തിന്മയെ ലഘുവായ രൂപത്തില്‍ നീക്കാന്‍ കഴിയുമെങ്കില്‍ വലിയ കാര്യങ്ങളിലേക്ക് നീങ്ങാതിരിക്കുകയാണ് വേണ്ടത്. രഹസ്യമായ ഉപദേശത്തിലൂടെ അത് സാധ്യമാണെങ്കില്‍ അപ്രകാരമാണ് ചെയ്യേണ്ടത്. രഹസ്യശ്രമങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പരസ്യമായി ഗുണകാംക്ഷിക്കേണ്ടത്. അപ്പോഴും വലിയ കുഴപ്പങ്ങള്‍ക്ക് കാരണമാവാതിരിക്കുകയും അക്രമിയായ ഭരണാധികാരിക്കെതിരെ ഇറങ്ങി പുറപ്പെടാതിരിക്കുകയും വേണമെന്ന നിബന്ധന പാലിച്ചുകൊണ്ടായിരിക്കണമത്.
പരസ്യമായിട്ട് പറയുന്നതും രഹസ്യമായി ഗുണദോഷിക്കുന്നതും ശരീഅത്തിന്റെ താല്‍പര്യമനുസരിച്ചാണ്. അതില്‍ നിന്നുണ്ടാവുന്ന ഗുണദോഷങ്ങള്‍ പരിശോധിച്ചായിരിക്കണം അവ നിര്‍വ്വഹിക്കേണ്ടത്. അതിന്റെ ശൈലിയും രൂപവുമെല്ലാം സാഹചര്യത്തിനനുസരിച്ച് മാറ്റത്തിന് വിധേയമാകുന്നവയാണ്. ഭരണാധികാരിയെ പരസ്യമായി എതിര്‍ത്ത പൂര്‍വ്വികരായ ഇമാമുകളുടെ മാതൃക നമുക്ക് കാണാവുന്നതാണ്. അതേ സമയം രഹസ്യമായി അവര്‍ക്കും ഭരണാധികാരികള്‍ക്കും ഇടയില്‍ മാത്രം ഒതുങ്ങിയ ഒന്നായി അത് നിര്‍വ്വഹിച്ച സന്ദര്‍ഭങ്ങളുമുണ്ട്. അന്നിസാഅ് അദ്ധ്യായത്തില്‍ പണ്ഡിതന്‍മാര്‍ ഭരണാധികാരികളുടെ ആയത്ത് എന്നു വിശേഷിപ്പിച്ച ഒരു സൂക്തമുണ്ട്. 'അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക.' (അന്നിസാഅ്: 58)
രണ്ടു കാര്യങ്ങളാണ് ഈ ആയത്ത് ഭരണാധികാരികളുടെ മേല്‍ നിര്‍ബന്ധമാക്കുന്നത്. ഒന്ന് ഉത്തരവാദിത്വനിര്‍വ്വഹണവും രണ്ടാമത്തേത് നീതിപൂര്‍വ്വം വിധികല്‍പ്പിക്കലുമാണ്. ഇവരണ്ടും കൂടിച്ചേര്‍ന്നതാണ് ദൈവികമായ രാഷ്ട്രീയം. ഉത്തരവാദിത്വ നിര്‍വ്വഹണത്തിലും നീതിപൂര്‍വ്വമായ വിധികല്‍പ്പിക്കലിലും വീഴ്ചവരുത്തുന്നത് ചില ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാവുന്നതാണ്.
1. കുടുംബ ബന്ധത്തിന്റെയോ പരിചയത്തിന്റെയോ അതുപോലുളള വല്ലകാരണങ്ങളുടേയോ പേരില്‍ ഒരാളെ അധികാരമേല്‍പ്പിക്കുന്നിനെ കുറിച്ച് ഉമര്‍(റ) പറയുന്നു: ആരെങ്കിലും മുസ്‌ലിങ്ങളുടെ കാര്യങ്ങളില്‍ വല്ലതും ആരെയെങ്കിലും ഏല്‍പ്പിക്കുന്നു, എന്നിട്ട് അവനുമായുള്ള സൗഹൃദത്തിന്റെയോ ബന്ധത്തിന്റെയോ പേരില്‍ ഒരാളെ അധികാരമേല്‍പ്പിക്കുന്നു, അവന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയും വഞ്ചിച്ചിരിക്കുന്നു.
2. പൊതുമുതല്‍ വീതിച്ചു നല്‍കുന്നതില്‍ കുടുംബ ബന്ധം സ്വാധീനിക്കുകയോ അല്ലെങ്കില്‍ അതിന് അര്‍ഹരല്ലാത്തവര്‍ക്ക് നീതിക്ക് നിരക്കാത്ത വിധം നല്‍കുകയോ ചെയ്യുക. നബി(സ) പറയുന്നു: 'ആരെങ്കിലും തന്റെ പ്രവര്‍ത്തനത്താല്‍ ഒരു മുസ്‌ലിമിന്റെ അവകാശത്തില്‍ കുറവ് വരുത്തിയാല്‍ അല്ലാഹു അവന് നരകം അനിവാര്യമാക്കുകയും സ്വര്‍ഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.' അപ്പോള്‍ ഒരാള്‍ ചോദിച്ചു: 'അത് വളരെ നിസ്സാരമായ കാര്യമാണെങ്കിലോ?' അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു: 'ഒരു അറാഖിന്റ തണ്ട് ആണെങ്കിലും.'
3. അക്രമം ചെയ്യുക അല്ലെങ്കില്‍ തിന്മ കല്‍പ്പിക്കുക. അല്ലെങ്കില്‍ നിര്‍ബന്ധകാര്യങ്ങളില്‍ നിന്ന് തടയുകയോ കുഴപ്പങ്ങള്‍ വ്യാപിപ്പിക്കുകയോ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്യുക..
വിവ . അഹ്മദ് നസീഫ് തിരുമ്പാടി
No comments:
Post a Comment