..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 17 June 2012

ദൈവസഹായം ലഭിക്കാത്തതെന്ത്? സമകാലിക ലോകത്തിന് ഇസ്ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുന്നു എന്നവകാശപ്പെടുന്ന പ്രസ്ഥാനമാണല്ലോ ജമാഅത്തെ ഇസ്ലാമി. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സേവന മേഖലകളില്‍ സത്യസന്ധമായും വ്യവസ്ഥാപിതമായും ഈ പ്രസ്ഥാനം ഇടപെടുന്നതോടൊപ്പം മറ്റു പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും മാതൃകയാവുകയും ചെയ്യുന്നുവെന്ന പൊതുധാരണയും ഉണ്ട്. ആദര്‍ശവും ലക്ഷ്യവും മാര്‍ഗവും പ്രവര്‍ത്തനങ്ങളും പരിഗണിക്കുമ്പോള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാഹുവിന്റെ സഹായവും ജനങ്ങളുടെ പിന്തുണയും ലഭിക്കേണ്ട പ്രസ്ഥാനം പക്ഷേ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പരാജയപ്പെട്ടതെന്തുകൊണ്ട്? എന്തുകൊണ്ട് പടച്ചവന്റെയെങ്കിലും സഹായം പ്രസ്ഥാനത്തിന് ലഭിച്ചില്ല? Ans:-സമകാലിക ലോകത്തിന് ഇസ്ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുന്നതും പരിചയപ്പെടുത്തിയതുമായ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നത് ശരിയാണ്. നാനാ ജീവിതമേഖലകളില്‍ അതിന്റെ ഇടപെടല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നതും വാസ്തവമാണ്. എന്നാല്‍ അതുകൊണ്ടു മാത്രം അതൊരു ജനകീയ പ്രസ്ഥാനമായി വളരണമെന്നില്ല. ഒരു ജനകീയ പ്രസ്ഥാനത്തിനു വേണ്ട ഉപാധികള്‍ അതിനിയും കൈവരിക്കാനിരിക്കുന്നേയുള്ളൂ. അതിന് പല കാരണങ്ങളുമുണ്ട്. ഒന്നാമതായി, എളുപ്പത്തില്‍ ജനപിന്തുണ നേടാവുന്നതല്ല ജമാഅത്തിന്റെ ആദര്‍ശവും ലക്ഷ്യവും പ്രവര്‍ത്തന മാര്‍ഗവുമൊന്നും. അല്ലാഹുവിന്റെ പരമാധികാരവും ജനങ്ങളുടെ പ്രാതിനിധ്യവും ആദര്‍ശമായംഗീകരിച്ച് ജീവിതം ആ ആദര്‍ശത്തിന്റെ സംസ്ഥാപനത്തിനായി അര്‍പ്പിക്കുക എന്ന ലക്ഷ്യം അനിസ്ലാമിക പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ആധിപത്യം പുലരുന്ന ഒരു സമൂഹത്തില്‍ അത്രയെളുപ്പത്തില്‍ സ്വീകാര്യത നേടാവുന്നതല്ല. അധാര്‍മികതയിലേക്ക് നയിക്കുന്ന ഭരണകൂടവും അതിന്റെ നാനാവിധ ഉപകരണങ്ങളും സത്യത്തില്‍നിന്ന് ജനങ്ങളെ തടയാന്‍ സര്‍വശക്തിയും പ്രയോഗിച്ചുകൊണ്ടിരിക്കെ വിശേഷിച്ചും. രണ്ടാമതായി, ആദര്‍ശപരമായും ജീവിതശൈലിയിലും ഇസ്ലാമില്‍ നിന്ന് ബഹുദൂരം അകന്നുപോയ മുസ്ലിം സമുദായമാണ് പ്രസ്ഥാനത്തിന്റെ പ്രഥമ സംബോധിതര്‍. അവരെ മതപണ്ഡിതന്മാരും പുരോഹിതന്മാരും സാമുദായിക നേതാക്കളും ചേര്‍ന്ന് ഗുരുതരമായി തെറ്റിദ്ധരിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. മീഡിയയും തെറ്റിദ്ധാരണ പ്രചാരണത്തില്‍ വലുതായ പങ്കുവഹിക്കുകയും ചെയ്യുന്നു. പരിമിതമായ മാധ്യമ സൌകര്യങ്ങളുപയോഗിച്ച് പുകമറ നീക്കി യഥാര്‍ഥ രൂപം വ്യക്തമാക്കിക്കൊടുക്കാന്‍ സമയമെടുക്കും. മൂന്നാമതായി, ജമാഅത്തെ ഇസ്ലാമി ഇനിയും ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരപ്പെട്ടിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടിയായി മാറി വേണ്ടത്ര ഒരുക്കങ്ങളോടെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുമ്പോഴേ ജനങ്ങളുടെ പ്രതികരണം ശരിയായി വിലയിരുത്താന്‍ പറ്റൂ. കാര്യകാരണ ബന്ധങ്ങളിലാണ് അല്ലാഹു ഈ ഭൌതിക പ്രപഞ്ചത്തെ സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും. അഭൌതിക മാര്‍ഗേണ അത്യപൂര്‍വ ഘട്ടങ്ങളില്‍ അല്ലാഹു പ്രവാചകന്മാരെയും വിശ്വാസികളെയും സഹായിച്ചിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, അതെപ്പോള്‍, എങ്ങനെ വേണമെന്ന് അല്ലാഹുവാണ് തീരുമാനിക്കേണ്ടത്. ഒന്നുണ്ട്: ആത്മാര്‍ഥമായ പ്രാര്‍ഥനയും നേരായ ദിശയിലെ പ്രവര്‍ത്തനവും തീര്‍ച്ചയായും സഫലമാവാതെ വയ്യ. പല കാരണങ്ങളാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടും സീറ്റും പരിമിതമാണെങ്കിലും സുമനസ്സുകളുടെ പിന്തുണയും സഹകരണവും പ്രതീക്ഷയേക്കാള്‍ എത്രയോ കൂടുതലാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പുരോഗതി തീവ്ര മതനിരാസികളുടെയും മതേതരവാദികളുടെയും ഉറക്കം കെടുത്തുന്നതോടൊപ്പം പാര്‍ട്ടി, സമുദായ ബന്ധങ്ങള്‍ക്കതീതമായി ഒട്ടേറെയാളുകളുടെ സൌമനസ്യവും അതിന് നേടാനായിട്ടുണ്ട്.

No comments:

Post a Comment