..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 17 June 2012

ഫത്‌വ ഉത്തരം നല്‍കുന്നത്: ഡോ. ഹുസാമുദ്ദീനുബ്നു മൂസാ അഫാന (ഫിഖ്ഹ്- നിദാനശാസ്ത്ര പ്രഫസര്‍, അല്‍ഖുദ്സ് യൂനിവേഴ്സിറ്റി) മൊബൈല്‍ കാമറയുടെ ദുരുപയോഗം മൊബൈല്‍ ഫോണിലെ കാമറയുപയോഗിച്ച് യുവതികളുടെ ചിത്രങ്ങളെടുക്കുകയും ബ്ളൂട്ടൂത്ത്, ഇമെയില്‍ മുഖേന അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇക്കാലത്ത് സാധാരണമാണ്. പലരും അധാര്‍മികമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഇത്തരം ചിത്രങ്ങളുപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്താണിതിന്റെ ഇസ്ലാമികവിധി? ആധുനിക മാധ്യമങ്ങളായ വീഡിയോ, ടെലിവിഷന്‍, കാമറ ഇവ ഉപയോഗിച്ചുള്ള ചിത്രീകരണം അനുവദനീയമാണ് എന്നതാണ് പ്രബലമായ പണ്ഡിതാഭിപ്രായം. നിഷിദ്ധമായ കാര്യങ്ങള്‍ ചിത്രീകരിക്കരുത് എന്ന നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് മാത്രം. അതിനാല്‍ മൊബൈല്‍ കാമറ ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രങ്ങളെടുക്കുന്നതും അത് ഏതെങ്കിലും മാധ്യമം മുഖേന പ്രചരിപ്പിക്കുന്നതും ഹറാമാണ്. ശരീഅത്ത് വിലക്കിയ പല കുഴപ്പങ്ങളും അതുമൂലം സംഭവിക്കും എന്നതാണ് കാരണം. 1. ഗോപ്യ സ്ഥാനങ്ങള്‍ കാണാനിടവരിക അത് ശറഅ് നിരോധിക്കുന്ന കാര്യമാണ്. നബി(സ) പറഞ്ഞു: "നിന്റെ അനുവാദമില്ലാതെ വീട്ടിലേക്ക് എത്തിനോക്കിയവനെ ചരല്‍ കല്ല് കൊണ്ട് എറിഞ്ഞ് അവന്റെ കണ്ണ് പൊട്ടിപ്പോയാലും നിനക്ക് കുറ്റമില്ല'' (ബുഖാരി). 2. ജനങ്ങളെ ഉപദ്രവിക്കല്‍ അല്ലാഹു പറയുന്നു: "തങ്ങളുടെ പാപ കര്‍മങ്ങളുടെ പേരിലല്ലാതെ വിശ്വാസികളെയും വിശ്വാസിനികളെയും ഉപദ്രവിക്കുന്നവര്‍ അപവാദവും വ്യക്തമായ കുറ്റവും പേറിയിരിക്കുകയാണ്'' (അല്‍അഅ്റാഫ് 58). യുവതികളുടെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നത് തീര്‍ച്ചയായും അവരോടുള്ള അക്രമവും ഉപദ്രവവും തന്നെയാണ്. ഇബ്നു ഉമര്‍(റ) പറയുന്നു: "നബി(സ) മിമ്പറിലേക്ക് കയറി ഉറക്കെ പറഞ്ഞു. നാവ് കൊണ്ട് വിശ്വസിക്കുകയും വിശ്വാസം ഹൃദയങ്ങളിലേക്ക് കടക്കാതിരിക്കുകയും ചെയ്ത സമൂഹമേ......... നിങ്ങള്‍ മുസ്ലിംകളെ ഉപദ്രവിക്കരുത്. അവരുടെ രഹസ്യങ്ങള്‍ അന്വേഷിച്ച് നടക്കുകയുമരുത്. ആരെങ്കിലും തന്റെ മുസ്ലിം സഹോദരന്റെ രഹസ്യമന്വേഷിച്ചു പുറപ്പെട്ടാല്‍ അല്ലാഹു അവന്റെ രഹസ്യവും അന്വേഷിക്കുന്നതാണ്. അല്ലാഹു ആരുടെയെങ്കിലും രഹസ്യം പിന്തുടരുകയാണെങ്കില്‍, അവന്‍ തന്റെ വീട്ടിലുള്ളിലാണെങ്കിലും അല്ലാഹു അവനെ നിന്ദിക്കുന്നതാണ്.'' (തിര്‍മിദി). 3. അശ്ളീല പ്രചാരണം യുവതികളുടെ, വിശേഷിച്ചും നഗ്നത പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ അശ്ളീല സംസ്കാരം വളര്‍ത്താനാണ്. അത് നിഷിദ്ധമാണെന്നത് സംശയരഹിതമായ കാര്യമാണ്. അല്ലാഹു പറയുന്നു: "വിശ്വാസികള്‍ക്കിടയില്‍ അശ്ളീലം പ്രചരിക്കുന്നതിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുണ്ട്. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല'' (അന്നൂര്‍ 19). 4. കുടുംബ പ്രശ്നങ്ങള്‍ യുവതികളുടെ വിശേഷിച്ചും വിവാഹിതകളുടെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നത് പല കുടുംബ പ്രശ്നങ്ങള്‍ക്കും ഇടവരുത്തും. ഒരു പക്ഷേ അത് വിവാഹമോചനത്തിലേക്കും സന്താനങ്ങള്‍ വഴിയാധാരമാകുന്നതിലേക്കും നയിച്ചേക്കാം. ചുരുക്കത്തില്‍, പല കുഴപ്പങ്ങള്‍ക്കും ഇടയാകുമെന്നതിനാല്‍ യുവതികളുടെ ചിത്രങ്ങളെടുക്കുന്നതും ആധുനിക മാധ്യമങ്ങള്‍ വഴി അത് പ്രചരിപ്പിക്കുന്നതും നിഷിദ്ധമാണ്. ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോഴും അല്ലാഹുവിനെ സൂക്ഷിക്കുകയും ശരീഅത്തിന്റെ പരിധികള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്. തെറ്റായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവ ഉപയോഗിക്കാതിരിക്കുകയും ശരിയായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്യുക.

No comments:

Post a Comment