
ബാബരി മസ്ജിദ്
നാലു നൂറ്റാണ്ടു കാലത്തോളം മുസ്ലിംകള്‍ അഞ്ചുനേരം നമസ്കാരം നിര്‍വ്വഹിച്ചു പോന്ന ബാബരി മസ്ജിദ് മുസ്ലിം സമുദായത്തിനവകാശപ്പെട്ടതും അവരുടെ ഉടമസ്ഥതയലുള്ളതുമായ ഒരാരാധനാലയമാണ്. ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണ്ണറായിരുന്ന മീര്‍ ബാഖി 1528 ല്‍ നിര്‍മ്മിച്ച ഈ മസ്ജിദ് ഇന്ത്യന്‍ മുസ്ലിംകളടെ വിലപ്പെട്ട സാംസ്കാരിക പൈതൃകങ്ങളിലൊന്നുകൂടിയായിരുന്നു.
1949 മുതല്‍ ഈ മസ്ജിദ് ഒരു തര്‍ക്കസ്ഥലമായിത്തുടരുന്നത് മാറി മാറി വരുന്ന കേന്ദ്ര ഗവണ്‍മെന്റുകളും യു.പി. സംസ്ഥാന ഗവണ്‍മെന്റുകളും നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ വഞ്ചനയുടെ ഫലമാണ്. 1949-ല്‍ പള്ളയില്‍ വര്‍ഗീയ ഭ്രാന്തന്‍മാര്‍ അതിക്രമിച്ച് കടന്ന് വിഗ്രഹം സ്ഥാപിച്ചത് അന്നത്തെ ഫൈസാബാദ് ജില്ലാ അധികൃതരുടെ ഒത്താസയോടെയായിരുന്നു. അക്രമികളെ ഒഴിപ്പിച്ച് മസ്ജിദ് മുസ്ലിംകളെ തിരിച്ചേല്‍പ്പിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആവശ്യപ്പെട്ടിട്ടും സംസ്ഥാന ഗവണ്‍മെന്റ്അത് ചെവി കൊള്ളാന്‍ തയ്യാറായില്ല. അവര്‍ പള്ളി പൂട്ടി സീല്‍ ചെയ്യുകയാണുണ്ടായത്. പ്രശ്നം കോടതിയിലെത്തിയെങ്കിലും, വര്‍ഗീയ ഫാസിസ്റുകളുടെ ഇംഗിതത്തിനൊത്ത വിധിയുണ്ടാവാന്‍ നൈതികമായ യാതൊരു പഴുതുമില്ലാത്തതിനാല്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന കുതന്ത്രം സ്വീകരിക്കപ്പെട്ടു. 1986 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബാബരി മസ്ജിദ് തുറന്ന് അതില്‍ വിഗ്രഹാരാധന നടത്താനും പള്ളി മുറ്റത്ത് രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താനും വര്‍ഗീയ ഫാഷിസ്റുകളെ അനുവദിച്ചു. തികച്ചും നീതി വിരുദ്ധവും അധാര്‍മികവുമായ ഈ നടപടികള്‍ മതഭ്രാന്തന്‍മാരാല്‍ 1992 ഡിസംബര്‍ 6-ാം തിയതി ബാബരി മസ്ജിദ് സമ്പര്‍ണ്ണമായി തകര്‍ക്കപ്പെടുക എന്ന ദുരന്തത്തിലേക്ക് നയിച്ചു. തകര്‍ക്കപ്പെട്ട പള്ളി പുനഃസ്ഥാപിക്കുക എന്ന വാഗ്ദാനം പാലിക്കാനും കേന്ദ്ര ഗവണ്‍മെന്റോ സംസ്ഥാന ഗവണ്‍മെന്റോ തയ്യാറായില്ല. പകരം തല്‍സ്ഥാത്ത് താല്‍ക്കാലികമായി ക്ഷേത്രം നിര്‍മിച്ച് ആരാധന നടത്താനുള്ള സൌകര്യം ചെയ്ത്കൊടുക്കുകയാണ് ചെയ്തത്.
ഇന്ത്യയുടെ മതേതര യശ്ശസിനേറ്റ തീരാകളങ്കമാണ് ബാബരി ധ്വംസനം. ഗുജറാത്ത് കലാപത്തിന് മുമ്പ് ലോകത്തിനു മുമ്പില്‍ ഇന്ത്യാ രാജ്യം ഇത്രത്തോളം നാണം കെട്ട മറ്റൊരവസരമുണ്ടായത് ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ മാത്രമാണ്. അതില്‍ പക്ഷെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കോ ഹീനമായ തന്ത്രങ്ങള്‍ക്കോ പങ്കുണ്ടായിരുന്നില്ല.
ബാബരി മസ്ജിദ് ധ്വംസനം മുസ്ലിം സമുദായത്തിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലുള്ള പതനായിരക്കണക്കിന് പള്ളികളില്‍ ഒന്നിന്റെ നഷ്ടം മാത്രമല്ല, അത് മതസ്വാതന്ത്യ്രത്തിനും മുസ്ലിം സമുദായത്തിന്റെ സാംസ്കാരികമായ അസ്തിത്വത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള തുറന്ന കൊലവിളിതന്നെയാണ്. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അതിനു ശേഷം ആരംഭം കുറിച്ച മുംബൈ കലാപവും ഗുജറാത്ത് വംശഹത്യയും. അത്കൊണ്ട് ബാബരി ധ്വംസനം മുസ്ലിംകള്‍ക്ക് ഒരുകാലത്തും മറക്കാനോ പൊറുക്കാനോ കഴിയില്ല.
അരനൂറ്റാണ്ടിലേറെ കാലമായി ബാബരി മസ്ജിദ് കേസ് കോടതികളില്‍ കിടന്ന് നിരങ്ങുകയാണ്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി മുസ്ലിംകളുടെ പ്രതീക്ഷ കെടുത്തുക, അങ്ങനെ മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരൊത്തുതീര്‍പ്പിന് അവരെ മാനസകമായി തയ്യാറാക്കുക എന്ന വഞ്ചനാത്മകമായ തന്ത്രമാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്നത്. ഇത് ഫാസിസ്റുകളുടെ ധാര്‍ഷ്ട്യം വളര്‍ത്താന്‍ ഉതകിയിട്ടുണ്െടങ്കിലും നീതിക്കുവേണ്ടിയുള്ള സമുദായത്തിന്റെ പോരാട്ടത്തെ തളര്‍ത്തിയിട്ടില്ല.
ബാബരി മസ്ജിദ് പ്രശ്നം പരിഹരിക്കാന്‍ രണ്ട് വഴികളുണ്ട്.
1. തകര്‍ക്കപ്പെട്ട മസ്ജിദ് പുനര്‍നിര്‍മിച്ച് മുസ്ലിംകള്‍ക്ക് തിരിച്ചു നല്‍കാനുള്ള ധാര്‍മിക ധൈര്യവും ഇഛാശക്തിയും ഇന്ത്യാഗവണ്‍മെന്റ് പ്രകടിപ്പിക്കുക.
2. കേസില്‍ കോടതിയുടെ വിധി അംഗീകരിക്കാന്‍ മുസ്ലിംകള്‍ സന്നദ്ധരാണ്. അത്പോലെ മറുകക്ഷിയെയും അതിന് സന്നദ്ധരാക്കുകയും എത്രയും പെട്ടെന്ന് കേസ് തീര്‍പ്പാക്കാന്‍ സാഹചര്യംകോടതികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുക.
ഒന്നാമത്തെ മാര്‍ഗം സ്വീകരിക്കാന്‍ വേണ്ട ധാര്‍മിക ധൈര്യമുള്ള സര്‍ക്കാരല്ല ഇന്ന് ഇന്ത്യയിലുള്ളത്. ആ നിലക്ക് കോടതിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയേ മുസ്ലിം സമുദായത്തിന് വഴിയുള്ളൂ. ആ പ്രതീക്ഷയും അസ്തമിക്കാതെ നോക്കേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. ബാബരി കേസ് അനന്തമായി നീണ്ടു പോകുന്നതിലൂടെ മുസ്ലിം സമുദായത്തിന് ഒരു പള്ളിയുടെ വീണ്െടടുപ്പിലുള്ള പ്രതീക്ഷയല്ല ക്ഷയിക്കുന്നത് പ്രത്യുത ജനാധിപത്യ ഭാരതത്തിന്റെ മതേതരത്വ വ്യവസ്ഥിതിയിലും നീതിന്യായ സംവിധാനത്തിലുമുള്ള വിശ്വാസമാണ്.
No comments:
Post a Comment