
Tuesday, 19 June 2012
ഇസ്‌ലാമും ജാഹിലിയ്യത്തും
മുഹിബ്ബുദ്ദീന്‍ ഖതീബ്
ഇസ്‌ലാമിന്റെ ഉദയത്തോടെ ജാഹിലിയ്യത്ത് അവസാനിച്ചുവെന്ന് ധരിക്കുന്നവരാണ് അധിക മുസ്‌ലിങ്ങളും. അറേബ്യന്‍ ഉപദ്വീപില്‍ ജാഹിലിയ്യത്ത് എന്ന പേരില്‍ അറിയപ്പെടുന്നതിനെ ഇസ്‌ലാം അതിജയിച്ചുവല്ലോ. ജാഹിലിയ്യത്ത് ഭൂമിയില്‍ അവശേഷിച്ചിരിക്കുന്നതായി നാം കാണുന്നു. എന്നല്ല അതിന്റെ എല്ലാ രൂപങ്ങളെയും ഇസ്‌ലാമിക വ്യവസ്ഥ പുല്‍കിയിരിക്കുന്നു.
മനുഷ്യ സമൂഹം രണ്ട് വ്യവസ്ഥകള്‍ക്കിടയില്‍ ഇളകിക്കളിക്കുകയാണ്. സത്യത്തെയും ധര്‍മ്മത്തെയും പ്രതിനിധാനം ചെയ്യുന്ന പ്രകൃതിദര്‍ശനമാണ് ഒന്നാമത്തെത്. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളും അതിന്റെ നടപടിക്രമങ്ങളും നിലകൊള്ളുന്നത് പ്രസ്തുത അടിസ്ഥാനങ്ങളിന്‍മേലാണ്. ശാരീരികവും മാനസികവുമായ വഴക്കവും വ്യക്തിപരവും സാമൂഹികവുമായ സ്വഭാവ ശീലങ്ങളും അവയുടെ ഫലങ്ങളാണ്. വീടുകളിലും അങ്ങാടികളിലും, യുദ്ധ വേളകളിലും സമാധാന സന്ദര്‍ഭങ്ങളിലും അവര്‍ പാലിക്കുന്നതും പ്രസ്തുത നിയമങ്ങള്‍ തന്നെ.
ഇവയെല്ലാമാണ് ഇസ്‌ലാമെന്ന് വിളിക്കപ്പെടുന്നത്. ഇസ്‌ലാമിക സമൂഹം സ്വന്തത്തോടും മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ കര്‍ശനമായി പാലിക്കുന്ന നയങ്ങള്‍ക്കനുസരിച്ച് അതിന്റെ സ്ഥാനം ഉയരുകയോ താഴുകയോ ചെയ്യും.
അവ വിഭജിതമല്ലാത്ത പൊതുവായ കാര്യങ്ങളാണ്. ചിലത് സ്വീകരിക്കുകയും മറ്റ് ചിലത് ഉപേക്ഷവരുത്തുകയും ചെയ്യാവതല്ല. ജനങ്ങളെ അല്ലാഹു സൃഷ്ടിച്ച് ആ പ്രകൃതിയിലാണ്. വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നതിന്റെയും ഇജ്മാഇന്റെയും അച്ചുതണ്ടിലാണ് അത് തിരിയുന്നത്.
ഇതിന് വിരുദ്ധമായ സംവിധാനങ്ങളത്രയും നാം പറഞ്ഞ രണ്ടാം വിഭാഗത്തിലാണ് പെടുക. അതിന്റെ നിറമോ, ഉറവിടമോ പ്രശ്‌നമല്ല. കാലമോ സാഹചര്യമോ പരിഗണനാര്‍ഹമല്ല. അവയെല്ലാം ജാഹിലിയ്യ വ്യവസ്ഥിതിയാണ്. ഇസ്‌ലാമിന് ശേഷമാണ് അതിന്റെ പ്രാരംഭം. ഇസ്‌ലാമിക വ്യവസ്ഥയിലെ ഏതെങ്കിലും ഘടകത്തിന് പകരമായി അവയില്‍ നിന്നും എന്തെങ്കിലും സ്വീകരിക്കല്‍ മുസ്‌ലിമിന് അനുവദനീയമല്ല. കാരണം ഇസ്‌ലാം സ്വയം തന്നെ പൂര്‍ണമാണ്. മറ്റുള്ളവയെ ആശ്രയിക്കേണ്ടതില്ല. ഇക്കാര്യം നബി തിരുമേനി (സ) തന്റെ പ്രസിദ്ധമായ ഹജ്ജതുല്‍ വിദാഅ് പ്രഭാഷണത്തില്‍ വിശുദ്ധ വേദവചനം പാരായണം ചെയ്ത് വ്യക്തമാക്കിയതാണല്ലോ.
ഹിജ്‌റയുടെ അര്‍ത്ഥം
ഉപേക്ഷിക്കുക, അകന്ന് നില്‍ക്കുക എന്നൊക്കെയാണ് ഹിജ്‌റയുടെ ഭാഷാര്‍ത്ഥം.
ജാഹിലിയ്യത്തിന്റെ വ്യവസ്ഥകളും ഘടകങ്ങളും, ചുറ്റുപാടും ഉപേക്ഷിക്കുക. ഇസ്‌ലാമിന്റെ പ്രകൃതിക്ക് വിരുദ്ധമായ നിയമങ്ങളില്‍ നിന്നും അടിസ്ഥാനങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക തുടങ്ങിയവയാണ് ഉദ്ദേശ്യം. ഇസ്‌ലാമിന്റെ പ്രാരംഭത്തില്‍ നടന്ന ഹിജ്‌റ മുഖേന മുസ്‌ലിംകള്‍ അടയാളപ്പെടുത്തിയത് അതായിരുന്നു. അതിനെ തുടര്‍ന്ന് ബദ്‌റും മക്കാവിജയവും സംഭവിച്ചു.
ഇസ്‌ലാമിനെ അടിച്ചമര്‍ത്തുന്ന ജാഹിലിയ്യാ വ്യവസ്ഥയില്‍ നിന്നുള്ള മോചനമായിരുന്നു ഹിജ്‌റ കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്. അത് കൊണ്ട് തന്നെ ഇസ്‌ലാമിക രാഷ്ട്രീയ നയം അവര്‍ക്ക് പുതിയ ഘടന വരച്ച് കൊടുത്തു. അവരതിലേക്ക് മാറുകയും അവിടെ തമ്പടിക്കുകയും ചെയ്തു. അതിന് കീഴില്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു ശക്തി രൂപപ്പെട്ടു. അവര്‍ ലോകത്തിന് മാതൃകയായ ജീവിതം നയിച്ചു. എല്ലാ കാലത്തും എല്ലാ പ്രദേശത്തുമുള്ള ജനകോടികളില്‍ നിന്നും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഹിജ്‌റയുടെ ഒന്നാമത്തെ ഘട്ടം
ഇസ്‌ലാമിക ഹിജ്‌റയുടെ പ്രഥമ ഘട്ടം ഉദ്ദേശ ശുദ്ധിയാണ്. ഒരു പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നതിന് മുമ്പ് ലക്ഷ്യം വെക്കുന്നതെന്തോ അതാണ് നിയ്യത്ത്. ഇതുമായി ബന്ധപ്പെട്ട് ഉമര്‍ (റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് സുപ്രസിദ്ധമാണല്ലോ.
ഹിജ്‌റ മക്കാ കാലഘട്ടത്തിന് ശേഷം
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. 'നിങ്ങള്‍ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു. ജനങ്ങള്‍ നിങ്ങളെ റാഞ്ചാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അവനാണ് നിങ്ങള്‍ക്ക് അഭയം നല്‍കിയത്. നിങ്ങളെ സഹായിക്കുകയും ചെയ്തു. ഏറ്റവും നല്ല ഭക്ഷണം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദി കാണിക്കുന്നതിന് വേണ്ടിയാണത്.' അന്‍ഫാല്‍ 26
അവരൊരിക്കലും അവരുടെ നാടുകളില്‍ ദുര്‍ബലരായിരുന്നില്ല. കാരണം അവര്‍ പിറന്ന് വീണത് തറവാടിത്തമുള്ള കുടുംബങ്ങളിലായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ സന്ദേശം ഏറ്റടുക്കുന്നതിലൂടെയാണ് അവര്‍ അടിച്ചമര്‍ത്തപ്പെടുന്നത്. കാരണം അക്കാലത്ത് ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസ ആചാരങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അത്. അവര്‍ക്ക് പരിചിതമല്ലാത്ത ഒരു അഭിപ്രായമായിരുന്നു സമര്‍പ്പിക്കപ്പെട്ടത്. ഈ സന്ദേശമാവട്ടെ പിന്തുണക്കാനും സഹായിക്കാനും അനുയായികള്‍ക്ക് വേണ്ടി പ്രയാസമനുഭവിക്കുന്ന ഘട്ടത്തിലുമായിരുന്നു.
പക്ഷെ സത്യത്തിന്റെ ശത്രുക്കള്‍ എത്ര തന്നെ അധികരിച്ചാലും അതിന് വേണ്ടി അല്ലാഹു ആളുകളെ ഒരുക്കുക തന്നെ ചെയ്യും. ഇവിടെയാണ് അന്‍സ്വാറുകളും മുഹാജിറുകളും രൂപപ്പെടുന്നത്.
എന്നാല്‍ വിശ്വസിക്കുകയും ഹിജ്‌റ നിര്‍വ്വഹിക്കാതിരിക്കുകയും ചെയ്തവര്‍ അവര്‍ മക്കയില്‍ വെച്ച് ഇസ്‌ലാം സ്വീകരിക്കുകയും തങ്ങളുടെ വീടുകളിലും മറ്റിടങ്ങളിലും വെച്ച് ആരാധനകള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നവരായിരുന്നു. അവരും യഥാര്‍ത്ഥ വിശ്വാസികളും ആരാധനകളില്‍ വീഴ്ച വരുത്താതിരിക്കുകയും ചെയ്യുന്നവരായിരുന്നു. പക്ഷെ ഇസ്‌ലാമികമല്ലാത്ത വ്യവസ്ഥയിലുള്ള ജീവിതത്തിലൂടെ ഇസ്‌ലാമിന്റെ ദൗര്‍ബല്യത്തിന് അവര്‍ കാരണമാവുകയാണുണ്ടായത്.
പരിശുദ്ധ കഅ്ബാലയം ജയിച്ചടക്കുന്നത് വരെ അന്‍സ്വാരികളും മുഹാജിറുകളും സ്വീകരിച്ച നയം ഇത് തന്നെയായിരുന്നു. ഖുറൈശികളിലെ വലിയ സമര്‍ത്ഥന്‍മാര്‍ തങ്ങളുടെ പൂര്‍വ്വകാല ജാഹിലിയ്യത്തിലെയും ഇസ്ലാമിലെയും അവസ്ഥ താരതമ്യം ചെയ്യാന്‍ പോലും തയ്യാറായിരുന്നു. അതോടെ സന്മാര്‍ഗത്തിനും ദുര്‍മാര്‍ഗത്തിനും ഇടയിലുള്ള വ്യത്യാസം അവര്‍ക്ക് ബോധ്യമായി.
ഹിജ്‌റ ഇക്കാലത്ത്
ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം പറയുന്നു. മുജാശിഅ് ബിന്‍ മസ്ഊദ് പറയുന്നു. ഞാന്‍ എന്റെ സഹോദരന്‍ അബൂ മഅ്ബദിന്റെ കൂടെ മക്കാ വിജയത്തിന് ശേഷം തിരുസന്നിധിയിലെത്തി. ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ ഞാന്‍ ഹിജ്‌റക്ക് മേല്‍ താങ്കളോട് കരാര്‍ ചെയ്യുന്നു. നബി തിരുമേനി (സ) പറഞ്ഞു. ഹിജ്‌റ അവസാനിച്ചിരിക്കുന്നു. അദ്ദേഹം ചോദിച്ചു. ഇനി എന്തിന്റെ മേലാണ് കരാര്‍ ചെയ്യേണ്ടത്? പ്രവാചകന്‍ (സ) പറഞ്ഞു. ഇസ്‌ലാമിന്റെയും ജിഹാദിന്റെയും നന്മയുടെയും പേരില്‍ നിങ്ങള്‍ കരാര്‍ ചെയ്യുക.
ഇപ്രകാരം നന്മ ചെയ്യലും, തിന്മയെ വര്‍ജിക്കലുമാണ് യഥാര്‍ത്ഥ ഹിജ്‌റ എന്ന് സൂചിപ്പിക്കുന്ന ധാരാളം ഹദീസുകള്‍ കാണാവുന്നതാണ്. അല്ലാഹുവിനോട് എല്ലാ ഓരോരുത്തരും എടുക്കേണ്ട കരാറാണിത്. ഈ ഒരു കരാറാണ് ഉന്നതമായ മൂല്യങ്ങളുള്ള മുസ്‌ലിം ഉമ്മത്തിനെ രൂപപ്പെടുത്തുന്നത്. ലോകത്തിലെ മറ്റ് ജന വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും മുസ്‌ലിം സമൂഹത്തെ വ്യതിരിക്തമാക്കുന്നതും അത് തന്നെ.
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Subscribe to:
Post Comments (Atom)
No comments:
Post a Comment