..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 19 June 2012

അല്ലാഹു അവതരിപ്പിച്ച തൗറാത്തും ജൂതന്‍മാരുടെ തോറയും സലാഹ് അബ്ദുല്‍ ഫത്താഹ് അല്‍ ഖാലിദി വിശ്വാസത്തിന്റെ ആറു അടിസ്ഥാനങ്ങളില്‍ ഒന്നാണ് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. അതില്ലാതെ വിശ്വാസം പൂര്‍ണ്ണാമാവില്ല.അല്ലാഹു തന്റെ ദൂതന്‍മാര്‍ക്ക് ഗ്രന്ഥം അവതരിപ്പിച്ചുവെന്നും അവ ജനങ്ങള്‍ക്ക് നേര്‍മാര്‍ഗവും പ്രകാശവുമാണെന്നും വിശ്വസിക്കല്‍ ഓരോ വിശ്വാസിക്കും നിര്‍ബന്ധമാണ്. വിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത് പരാമര്‍ശിച്ച ഗ്രന്ഥങ്ങളില്‍ വിശ്വസിക്കലും പ്രസ്തുത വിശ്വാസത്തിന്റെ അനിവാര്യതേട്ടമാണ്. മൂസാ നബിക്ക് തൗറാത്തും ദാവൂദ് നബിക്ക് സബൂറും ഈസാ നബിക്ക് ഇഞ്ചീലും മുഹമ്മദ് നബിക്ക് ഖുര്‍ആനും അവതരിപ്പിച്ചുവെന്ന് വിശ്വസിക്കേണ്ടതുണ്ട്. രണ്ടു തൗറാത്തുകള്‍ മൂസാ നബി(അ)ക്ക് തൗറാത്ത് അവതരിപ്പിച്ചതിനെ നിരസിച്ചവന്‍ ഇസ്‌ലാമിക വിധിപ്രകാരം സത്യനിഷേധിയും നരകാവകാശിയുമാണ്. അപ്രകാരം തന്നെയാണ് ദാവൂദ് നബി(അ)ക്ക് അവതരിപ്പിച്ച സബൂറിനെയും ഈസാ(അ)ക്ക് ഇറക്കിയ ഇഞ്ചീലിനെയും നിഷേധിക്കുന്നവന്റെ വിധിയും. എന്നാല്‍ ഏതു തൗറാത്തില്‍ നാം വിശ്വസിക്കും? ഏത് ഇഞ്ചീലില്‍ വിശ്വസിക്കും? ജൂതന്‍മാരുടെ പക്കല്‍ നിലവിലുള്ള തൗറാത്തല്ല യഥാര്‍ഥ തൗറാത്ത്. പഴയ നിയമം എന്നവര്‍ വിളിക്കുന്ന അതില്‍ ധാരാളം കൂട്ടിചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്. സബൂറിനെ ദാവീദിന്റെ സങ്കീര്‍ത്തനമെന്ന പേരില്‍ പഴയ നിയമത്തിലവര്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അവര്‍ ചേര്‍ത്തിരിക്കുന്നത് യഥാര്‍ഥ സബൂറല്ല. ഇഞ്ചീലിന്റെ കഥയും മറ്റൊന്നല്ല. പുതിയ നിയമം എന്നപേരിലാണ് ക്രിസ്ത്യാനികള്‍ക്കിടയിലത് അറിയപ്പെടുന്നത്. ലൂക്കോസ്, പത്രോസ്, മത്തായി, യോഹന്നാന്‍ എന്നീ നാലുപേരിലേക്കു ചേര്‍ക്കുന്ന സുവിശേഷങ്ങളാണ് അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നിലവില്‍ രണ്ടുതൗറാത്തുകളും രണ്ടു ഇഞ്ചീലുകളുമുണ്ട്. അവയില്‍ ഒന്ന് അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അതംഗീകരിക്കാത്തവന്‍ നിഷേധിയാണ്. നിലവില്‍ അവരുടെ പക്കലുള്ളത് അല്ലാഹുവില്‍ നിന്നുള്ളതല്ല എന്നും വിശ്വസിക്കേണ്ടതുണ്ട്. മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായതാണവ. തൗറാത്തിന്റെ അവതരണം വാനലോകത്തും നിന്നും ഫലകങ്ങളായിട്ടാണ് മൂസാനബി(അ)ക്ക് അല്ലാഹു തൗറാത്ത് അവതരിപ്പിച്ചത്. ഇജിപ്തില്‍ നിന്ന് ബനൂഇസ്രായീല്യരുമായി അദ്ദേഹം പുറപ്പെട്ടതിനു ശേഷമായിരുന്നു അത്. അവരെ പിന്തുടര്‍ന്ന ഫിര്‍ഔനിനെയും സൈന്യത്തെയും മുക്കികളയുകയും ചെയ്തു. ബനൂഇസ്‌റാഈല്യരോടൊപ്പം സീനാ മരുഭൂമിയിലായിരുന്ന മൂസാ(അ)യോട് അല്ലാഹു ത്വൂര്‍ പര്‍വതത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സഹോദരന്‍ ഹാറൂനെ ബനൂഇസ്‌റാഈല്യരില്‍ പ്രതിനിധിയാക്കി മൂസാ നബി(അ) ത്വൂര്‍ പര്‍വ്വതത്തിലേക്ക് പോയി. നാല്‍പ്പതു ദിവസത്തേക്ക് അദ്ദേഹം അവരില്‍ നിന്നും മാറിനില്‍ക്കുകയാണ്. നാല്‍പതു ദിവസം പൂര്‍ത്തീകരിച്ച മൂസാ(അ)യോട് അല്ലാഹു സംസാരിച്ചു. ഫലകങ്ങളില്‍ എഴുതപ്പെട്ട രൂപത്തില്‍ അദ്ദേഹത്തിന് മേല്‍ തൗറാത്ത് അവതരിപ്പിക്കപ്പെട്ടു. തന്റെ സന്ദേശം ഇസ്രയേല്‍ ജനതയിലേക്ക് എത്തിക്കാന്‍ അല്ലാഹു അദ്ദേഹത്തോട് കല്‍പിച്ചു. അവരതിനെ മുറുകെ പിടിക്കാനും അനടപ്പാക്കാനും വേണ്ടിയായിരുന്നു അത്. അല്ലാഹു അതിനെ കുറിച്ച് പറയുന്നു: 'മൂസാക്ക് നാം മുപ്പത് രാവുകള്‍ നിശ്ചയിച്ചുകൊടുത്തു. പിന്നീട് പത്തുകൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കി. അങ്ങനെ തന്റെ നാഥന്‍ നിശ്ചയിച്ച നാല്‍പത് നാള്‍ തികഞ്ഞു. മൂസാ തന്റെ സഹോദരന്‍ ഹാറൂനോട് പറഞ്ഞു: എനിക്കു പിറകെ നീ എന്റെ ജനത്തിന് പ്രതിനിധിയാവണം. നല്ല നിലയില്‍ വര്‍ത്തിക്കണം. കുഴപ്പക്കാരുടെ വഴിയെ പോകരുത്. നാം നിശ്ചയിച്ച സമയത്ത് മൂസാ വന്നു. തന്റെ നാഥന്‍ അദ്ദേഹത്തോട് സംസാരിച്ചു. അപ്പോള്‍ മൂസാ പറഞ്ഞു: എന്റെ നാഥാ, നിന്നെ എനിക്കൊന്നു കാണിച്ചുതരൂ! ഞാന്‍ നിന്നെയൊന്നു നോക്കിക്കാണട്ടെ. അല്ലാഹു പറഞ്ഞു: നിനക്ക് എന്നെ കാണാനാവില്ല. എന്നാലും നീ ആ മലയിലേക്ക് നോക്കുക. അത് സ്വസ്ഥാനത്ത് ഉറച്ചുനിന്നാല്‍ നീയെന്നെ കാണും. അങ്ങനെ അദ്ദേഹത്തിന്റെ നാഥന്‍ പര്‍വതത്തിന് പ്രത്യക്ഷമായപ്പോള്‍ അവനതിനെ പൊടിയാക്കി. മൂസാ ബോധംകെട്ടു വീഴുകയും ചെയ്തു. പിന്നീട് ബോധമുണര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍. ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. ഞാന്‍ സത്യവിശ്വാസികളില്‍ ഒന്നാമനാകുന്നു. അല്ലാഹു പറഞ്ഞു: മൂസാ, ഞാനെന്റെ സന്ദേശങ്ങളാലും സംഭാഷണങ്ങളാലും മറ്റെല്ലാ മനുഷ്യരെക്കാളും പ്രാധാന്യം നല്‍കി നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്കു തന്നതൊക്കെ മുറുകെപ്പിടിക്കുക. നന്ദിയുള്ളവനായിത്തീരുകയും ചെയ്യുക. സകലസംഗതികളെയും സംബന്ധിച്ച സദുപദേശങ്ങളും എല്ലാ കാര്യങ്ങളുടെയും വിശദാംശങ്ങളും നാം മൂസാക്ക് ഫലകങ്ങളില്‍ രേഖപ്പെടുത്തിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: അവയെ മുറുകെപ്പിടിക്കുക. അവയിലെ ഏറ്റം നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിന്റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. അധര്‍മകാരികളുടെ താമസസ്ഥലം വൈകാതെ തന്നെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ.്' (അഅ്‌റാഫ്: 142-145) അല്ലാഹു മൂസാ(അ)ക്ക് അവതരിപ്പിച്ച തൗറാത്ത് പ്രകാശവും സന്മാര്‍ഗവും കാരുണ്യവും സത്യാസത്യവിവേചനവും യാഥാര്‍ഥ്യവുമാണ്. കാരണം അല്ലാഹുവിന്റെ വാക്കുകളും വിധികളും നിയമവുമാണത്. തൗറാത്തിന്റെ വിശേഷണം ഖുര്‍ആനില്‍ ഖുര്‍ആന്‍ തൗറാത്തിനെ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. 'മൂസാക്കും ഹാറൂന്നും നാം ശരിതെറ്റുകള്‍ വേര്‍തിരിച്ചുകാണിക്കുന്ന പ്രമാണം നല്‍കി. പ്രകാശവും ദൈവഭക്തര്‍ക്കുള്ള ഉദ്‌ബോധനവും സമ്മാനിച്ചു. അവര്‍ തങ്ങളുടെ നാഥനെ കാണാതെ തന്നെ അവനെ ഭയപ്പെടുന്നവരാണ്. അന്ത്യനാളിനെ പേടിയോടെ ഓര്‍ക്കുന്നവരും.' (അല്‍ അമ്പിയാഅ് : 48-49) തൗറാത്ത് സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കുന്നതും ലോകത്തിന് പ്രകാശവും ഉദ്‌ബോധനവുമാണെന്നും വ്യക്തമാക്കുകയാണീ സൂക്തങ്ങള്‍. അല്ലാഹുവിന്റെ വാക്കുകളാണതില്‍. അല്ലാഹു തന്റെ ദൂതന്‍മാരിലൂടെ അവതരിപ്പിച്ച ഗ്രന്ഥങ്ങളെല്ലാം ലോകത്തിന് വെളിച്ചവും ഉദ്‌ബോധനവുമാണ്. തൗറാത്തും ഇഞ്ചീലും സബൂറും ഖുര്‍ആനുമെല്ലാം അതില്‍ പെടുന്നതാണ്. അല്ലാഹു പറയുന്നു: 'ചോദിക്കുക: ജനങ്ങള്‍ക്ക് വഴികാട്ടിയും വെളിച്ചവുമായി മൂസാ കൊണ്ടുവന്ന വേദപുസ്തകം ആരാണ് ഇറക്കിത്തന്നത്?' (അല്‍ അന്‍ആം: 91) തൗറാത്ത് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും പ്രകാശവുമാണ്. ഇവിടെ ജനങ്ങള്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത് ബനൂഇസ്‌റാഈല്യരാണ്. എല്ലാ പ്രവാചകന്‍മാരും അവരുടെ സമൂഹങ്ങളിലേക്ക് മാത്രമായി നിയോഗിക്കപ്പെട്ടവരായിരുന്നു. മുഹമ്മദ് നബി(സ) മാത്രമാണ് മുഴുവന്‍ ലോകത്തിനുമായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു പറയുന്നു: 'നാം തന്നെയാണ് തൗറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നേര്‍വഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ടുജീവിച്ച പ്രവാചകന്മാര്‍ യഹൂദരുടെ മേല്‍ അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു വേദപുസ്തകത്തിന്റെ സംരക്ഷണം ഏല്‍പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു.' (മാഇദ: 44) പ്രസ്തുത വിശേഷണങ്ങളെല്ലാം ഉള്ള യഥാര്‍ഥ തൗറാത്തില്‍ വിശ്വസിക്കാനാണ് അല്ലാഹു നമ്മോട് കല്‍പ്പിച്ചിരിക്കുന്നത്. 'നിങ്ങള്‍ പ്രഖ്യാപിക്കുക: ഞങ്ങള്‍ അല്ലാഹുവിലും അവനില്‍നിന്ന് ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നല്‍കിയതിലും മറ്റു പ്രവാചകന്മാര്‍ക്ക് തങ്ങളുടെ നാഥനില്‍നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാര്‍ക്കുമിടയില്‍ ഞങ്ങളൊരുവിധ വിവേചനവും കല്‍പിക്കുന്നില്ല.' (അല്‍ ബഖറ: 136) ബനൂഇസ്‌റാഈല്യര്‍ക്ക് നിഷിദ്ധമാക്കിയ ചില വസ്തുക്കളെ കുറിച്ച് ഖുര്‍ആന്‍ അല്ലാഹു ഖുര്‍ആനില്‍ നമ്മെ അറിയിച്ചിട്ടുണ്ട്. അതില്‍ പെട്ടതാണ് ഈ സൂക്തം. 'നഖമുള്ളവയെയെല്ലാം ജൂതന്മാര്‍ക്കു നാം നിഷിദ്ധമാക്കി. ആടുമാടുകളുടെ കൊഴുപ്പും നാമവര്‍ക്ക് വിലക്കിയിരുന്നു; അവയുടെ മുതുകിലും കുടലിലും പറ്റിപ്പിടിച്ചതോ എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ.' പുരോഹിതന്‍മാര്‍ തൗറാത്തിനെ ഏറ്റെടുത്തില്ല, കഴുതകളെ പോലെയായിരുന്നു അവര്‍ തൗറാത്തനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ജൂതന്‍മാരിലെ പുരോഹിതന്‍മാരെയും സാധാരണക്കാരെയും ചുമതലപ്പെടുത്തി. അതിന്റെ സംരക്ഷണവും അവരെയാണ് ഏല്‍പ്പിച്ചിത്. ജൂതന്‍മാരിലെ പുരോഹിതന്‍മാരോട് അവര്‍ക്ക് അവതരിക്കപ്പെട്ട തൗറാത്ത് സംരക്ഷിക്കാന്‍ അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്. അതില്‍ അതിരുവിടാതിരിക്കാനും അതിനെ നഷ്ടപ്പെടുത്താതിരിക്കാനും അല്ലാഹു ആവശ്യപ്പെട്ടു. ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തപോലെ തൗറാത്തിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടില്ല. പുരോഹിതന്‍മാര്‍ അതിനെ സംരക്ഷിക്കുകയില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് യുക്തിമാനായ അല്ലാഹു അവരെ ആ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. അവരതിനെ നഷ്ടപ്പെടുത്തുകയും മാറ്റത്തിരുത്തല്‍ വരുത്തുമെന്നും അവനറിയാമായിരുന്നു. അവര്‍ക്കെതിരെയുള്ള തെളിവായി നിലനിര്‍ത്താനായിരുന്നു അവന്റെ തീരുമാനം. അവരുടെ പ്രവര്‍ത്തനം മുസ്‌ലിങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് കൂടിയാണത്. ജൂതന്‍മാരിലെ സാധാരണക്കാര്‍ക്ക് മുമ്പ് അവരിലെ പുരോഹിതന്‍മാര്‍ക്ക് ബാധിച്ച അടിസ്ഥാന പരമായ വ്യതിചലനം മുസ്‌ലിങ്ങളെ ബാധിച്ചിട്ടില്ല. ജൂതന്‍മാരെ ഏല്‍പ്പിച്ച ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അവര്‍ വീഴ്ച്ചവരുത്തി. തൗറാത്തിനെ അവര്‍ ഏറ്റെടുത്തില്ല. അതിലെ നിയമങ്ങളും വ്യവസ്ഥകളും അവര്‍ പാലിച്ചില്ല. അക്കാരണത്താലാണ് ഗ്രന്ഥം ചുമക്കുന്ന കഴുതയോടവരെ ഉപമിച്ചത്. 'തൗറാത്തിന്റെ വാഹകരാക്കുകയും എന്നിട്ടത് വഹിക്കാതിരിക്കുകയും ചെയ്തവരുടെ ഉപമയിതാ: ഗ്രന്ഥക്കെട്ടുകള്‍ പേറുന്ന കഴുതയെപ്പോലെയാണവര്‍.' പുരോഹിതന്‍മാര്‍ തൗറാത്തില്‍ തിരുത്തല്‍ നടത്തി ജൂത പുരോഹിതര്‍ തൗറാത്തിന്റെ വിധികളും വിലക്കുകളും നടപ്പിലാക്കിയിരുന്നെങ്കില്‍ സദ്‌വൃത്തരായിട്ടുള്ള പണ്ഢിതന്‍മാരാകുമായിരുന്നു അവര്‍. അതില്‍ നിന്ന് വ്യതിചലിച്ച അവര്‍ അതിന്റെ പ്രയോജനമെടുക്കാത്ത കഴുതകളായി മാറി. ഗ്രന്ഥം ചുമക്കുന്ന കഴുത ഒരിക്കലും അതിന്റെ മുതുകിലുള്ളവയില്‍ നിന്നും പ്രയോജനമെടുക്കുന്നില്ലല്ലോ. തൗറാത്തിനെ നഷ്ടപ്പെടുത്തി എന്ന ഗുരുതരമായ കുറ്റമാണ് അവര്‍ ചെയ്തത്. എന്നാല്‍ അതുകൊണ്ടും അവര്‍ അവസാനിപ്പിക്കാന്‍ തയ്യാറായില്ല. മാറ്റത്തിരുത്തലുകളും കൂട്ടിചേര്‍ക്കലുകളും നടത്തിയതിനെ വികൃതമാക്കുക കൂടി ചെയ്തവരാണവര്‍. അല്ലാഹുവിന്റെ വാക്കുകള്‍ക്കൊപ്പം തങ്ങളുടെ വാക്കുകളുമവര്‍ കൂട്ടികലര്‍ത്തി. അവര്‍തന്നെ എഴുതിചേര്‍ത്ത അത് ദൈവിക ഗ്രന്ഥമെന്നവര്‍ വാദിക്കുകയും ചെയ്തു. മൂസാ(അ)ക്ക് അവതീര്‍ണ്ണമായ വശുദ്ധഗ്രന്ഥമെന്നവര്‍ വാദിക്കുന്ന അതിന് പഴയനിയമമെന്ന പേരും അവര്‍ നല്‍കി. തൗറാത്തില്‍ അവര്‍ കൈകടത്തിയതിന്റെ തെളിവുകള്‍ തൗറാത്തില്‍ ജൂതന്‍മാര്‍ കൈകടത്തിയിട്ടുണ്ടെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ പേരില്‍ അവരെ ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്തു. അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനുമവര്‍ ഇരയായി. അവര്‍ നിഷേധികളും നരകാവകാശികളാണെന്നും അല്ലാഹു വ്യക്തമാക്കി. ഇക്കാര്യം വളരെ വ്യക്തമായി പറയുന്ന ധാരാളം ആയത്തുകളുണ്ട്. ഖുര്‍ആന്‍ ആറ് സ്ഥലങ്ങളിലത് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് ഇന്ന് നിലവിലുള്ള തൗറാത്ത് മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടുള്ളതാണെന്നാണ്. ജൂതന്‍മാര്‍ വിശ്വസിക്കുന്ന പഴയനിയമം ദൈവവചനമാണെന്നവര്‍ വാദിക്കുന്നുണ്ടെങ്കിലും അല്ലാഹു മൂസാ നബിക്ക് ഇറക്കിയ തൗറാത്ത് അല്ല എന്നു വ്യക്തമാണ്. മൂസാ(അ)ക്ക് അവതരിപ്പിച്ച ചിലതെല്ലാം ഉള്ളതുപോലെ അവരിലേക്ക് വന്ന മറ്റു പ്രവാചകന്‍മാരുടെ അധ്യാപനങ്ങളില്‍ നിന്നുള്ളതും ഉണ്ട്. അതിലേക്ക് അവരുടെ പുരോഹിതന്‍മാര്‍ അവരുടെ അഭിപ്രായങ്ങളും വാദങ്ങളും കെട്ടുകഥകളുമെല്ലാം കൂട്ടിചേര്‍ക്കുകയും ചെയ്തു. ഇന്ന് അവരുടെ പക്കലുള്ള ഗ്രന്ഥത്തിന്റെ സിംഹഭാഗവും പുരോഹിതന്‍മാര്‍ ചേര്‍ത്തതാണ്. മൂസാ നബിക്ക് അവതീര്‍ണ്ണമായ തൗറാത്തിലാണ് നാം വിശ്വസിക്കേണ്ടത്. ജൂതന്‍മാര്‍ അത് നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നു കൂടി അതോടൊപ്പം വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. ഇന്ന് അവരുടെ അടുത്തുള്ള തൗറാത്ത് ദൈവവചനമല്ലെന്നും അവര്‍ തിരുത്തലുകള്‍ വരുത്തിയിട്ടുള്ളാതെന്നു കൂടി നാം വിശ്വസിക്കേണ്ടതുണ്ട്. കെട്ടുകഥകളും സങ്കല്‍പ്പങ്ങളും നിറഞ്ഞ അത് അല്ലാഹുവിന്റെ ഗ്രന്ഥമല്ല. അതില്‍ നാം വിശ്വസിക്കേണ്ടതുമില്ല. അതിനുപകരമായിട്ടാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അന്ത്യദിനം വരെ ശേഷിക്കുന്ന അതിനെ മുറുകെ പിടിക്കുകയാണ് നാം ചെയ്യേണ്ടത്. വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി

No comments:

Post a Comment