
ദൈവവിശ്വാസിയാകാന്‍ 10 കാരണങ്ങള്‍
ദൈവം ഇല്ലെന്നു പറയാന്‍ ഒരു നിരീശ്വരവാദിയുടെ മുമ്പിലുള്ള ഒരേയൊരു ന്യായം അത് ഇന്ദ്രിയഗോചരമല്ല എന്നാണ്. രണ്ടു കാരണങ്ങളാല്‍ ഈ വാദം അബദ്ധമാണ്. ഒന്നാമത്, ദൈവം പദാര്‍ഥാതീതന്‍ ആണ്. അങ്ങനെയുള്ള ആ അസ്ഥിത്വം പദാര്‍ഥത്തെ മാത്രം അനുഭവിക്കാന്‍ കഴിവുള്ള നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു വിധേയമാകണം എന്ന് പറയുന്നത് വിഡ്ഢിത്തമാണ്.
രണ്ടാമത് , നമ്മുടെ ഇന്ദ്രിയങ്ങള്‍ അറിവിന്റെ അവസാന വാക്കല്ല. ആണെന്ന് തെളിയിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. ദൈവം ഉണ്ടെന്നും ദൈവവിശ്വാസമാണ് യഥാര്‍ത്ഥ യുക്തിവാദം എന്നും ബോധ്യപ്പെടുത്തുന്ന പത്തു കാരണങ്ങള്‍ താഴെ വായിക്കുക. വിലയിരുത്തുക.
നാം തന്നെയാണ് ദൈവവിശ്വാസം വരാനുള്ള ഒന്നാമത്തെ കാരണം. ദൈവവിശ്വാസം മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. അത് കൊണ്ടാണ് ലോകത്ത് എക്കാലവും 99 .9 % ആളുകളും ദൈവവിശ്വാസിയാകുന്നത്. അവന്‍ എന്നും ദൈവത്തെ തേടുന്നു. ചിലര്‍ ആ അടിസ്ഥാന പ്രകൃതിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും നിരീശ്വരവാദിയായി തീരുകയും ചെയ്യുന്നു.
ദൈവം ഇല്ലെന്നു ഉറപ്പിച്ചു പറയണമെങ്കില്‍ മനുഷ്യന്‍ സ്വന്തത്തെ കുറിച്ചും ഈ പ്രപഞ്ചത്തെ കുറിച്ചും അതിനപ്പുറമുള്ള കാര്യത്തെ കുറിച്ചും പൂര്‍ണമായ അറിവ് നേടണം. ചുരുങ്ങിയ പക്ഷം ഒരാള്‍ക്ക് ദൈവം ഉണ്ടോ ഇല്ലേ എന്ന് അറിയില്ല എന്ന് മാത്രമേ പറയാന്‍ കഴിയൂ. യഥാര്‍ഥത്തില്‍ നിരീശ്വരവാദം ഊഹാധിഷ്ടിതവും തെളിവില്ലാത്തതുമാണ്. ഇന്നത്തെ ശാസ്ത്രത്തെയും അറിവുകളെയും വെച്ചാണ് അവന്‍ ദൈവം ഇല്ലെന്നു പറയുന്നത്. എന്നാല്‍ ശാസ്ത്രം എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമാണ്. അത് വെച്ച് എങ്ങനെയാണ് കൃത്യമായ, ഉറപ്പായ അറിവില്‍ എത്തുക?
വളരെ വ്യവസ്ഥാപൂര്‍വ്വം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ശരീരം ദൈവാസ്ഥിക്യത്തിനുള്ള മികച്ച തെളിവാണ്. ശാസ്ത്രം വളരെ പുരോഗമിച്ചിട്ടും ആ വിസ്മയത്തിന്റെ കുരുക്കഴിക്കാന്‍ സാധിച്ചിട്ടില്ല. അറിയുന്തോറും പത്തിരട്ടിയായി അറിവില്ലായ്മയുടെ അടഞ്ഞ അറകള്‍ നാം കാണുന്നു. പൂര്‍ണമായ അറിവിലേക്ക് നാം എത്തിപ്പെടുമെന്ന് ഒരാള്‍ക്കും പറയാന്‍ കഴിയില്ല.
നിഗൂഡതകളുടെ അനന്തതയാണ് മനസ്സ് എന്ന പ്രതിഭാസം. മനസ്സിന്റെ യാഥാര്‍ത്യം തേടുന്നവര്‍ പൂര്‍ണമായ, തൃപ്തികരമായ ഒരു ഉത്തരത്തില്‍ എത്തുന്നില്ല. അത് ദൈവത്തെ തേടുന്നു.
ദൈവം ഇല്ലായിരുന്നുവെങ്കില്‍ നന്മ-തിന്മ തുടങ്ങിയ കാര്യങ്ങള്‍ക്ക് വലിയ പ്രസക്തി ഉണ്ടാവുമായിരുന്നില്ല. മറ്റു ജീവികളെ പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു ജീവിയായി മനുഷ്യനെ ആരും കാണുന്നുമില്ല. ഇത്ര സങ്കീര്‍ണവും അത്ഭുതകരവുമായ മനസ്സും ശരീരവും ഉണ്ടായിട്ടു അവസാനം അര്‍ത്ഥശൂന്യമായ ഒരു അന്ത്യമാണ് അവനുള്ളതെങ്കില്‍ സാധാരണ ഒരു മൃഗവും നാമും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? നന്മയും തിന്മയും എന്ന സങ്കല്പം തന്നെ ദൈവികമാണ്.
ഈ ലോകത്ത് സമ്പൂര്‍ണമായ നീതി നടപ്പിലാവുന്നില്ല. തിന്മയില്‍ മുങ്ങിക്കുളിക്കുന്നവന്‍ സുഖിക്കുകയും മദിക്കുകയും എന്നിട്ട് സാധാരണ പോലെ മരിച്ചു പോവുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരമായി നാം കാണുന്നു. എന്നാല്‍ നന്മ ചെയ്യുന്നവന് കഠിനദു:ഖവും പ്രയാസവും കൊടിയ പീഡനങ്ങളും ആണ് അധികവും കാണുന്നത്. തിന്മയുടെ ശക്തികളാല്‍ അവര്‍ കൊല്ലപ്പെടുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു. അപരാധികള്‍ വിലസുന്നു. ദുര്‍ബലര്‍ ചൂഷണം ചെയ്യപ്പെടുന്നു. നീതിയുടെ ഒരു ലോകവും അതിനൊരു രാജാവും (ദൈവം) ഉണ്ടാവണമെന്ന് ഈ വസ്തുതകള്‍ നമ്മോടു പറയുന്നില്ലേ? ഇല്ലെങ്കില്‍ ഈ ജീവിതത്തിനു എന്തര്‍ത്ഥം?
ഈ പ്രപഞ്ചവും അതിനുള്ളിലുള്ളതും കൃത്യമായ താളത്തോടെയും ഐക്യത്തോടെയും നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ജന്മവാസനകള്‍ പ്രകടിപ്പിക്കുന്ന ജീവികളുടെ പ്രവര്‍ത്തനങ്ങള്‍ ദൈവാസ്ഥിക്യത്തെ വെളിപ്പെടുത്തുന്നു.
പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന് യുക്തിവാദിയോടു ചോദിച്ചാല്‍ അതു ആദ്യമേ ഉള്ളതാണെന്നും അതിനു തുടക്കമില്ല എന്നുമാണു ഉത്തരം കിട്ടുക. എന്നാല്‍ പ്രപഞ്ചത്തെ പ്രപഞ്ചാതീതനായ ദൈവം സൃഷ്ടിച്ചു എന്നാണു മതം നല്‍കുന്ന മറുപടി. ദൈവമാവട്ടെ തുടക്കമില്ലാത്തവനാണെന്നും പറയുന്നു. പദാര്‍ത്ഥത്തിനു (പ്രപഞ്ചത്തിനു) തുടക്കമില്ല എന്ന് പറയുന്നതിനേക്കാള്‍ യുക്തിഭദ്രമാണ് പ്രപഞ്ചാതീതമായ ദൈവത്തിനു തുടക്കമില്ല എന്ന് പറയുന്നത്.
ദൈവവിശ്വാസം ജീവിതത്തിനു ശാന്തിയും സമാധാനവും പ്രതീക്ഷയും നല്‍കുന്നു. ദുഃഖവേളകളില്‍ ആശയായും ആശ്വാസമായും നമുക്ക് അനുഭവപ്പെടുന്നു. ദൈവവിശ്വസമില്ലാത്തവന് പൊതുവേ ജീവിതം ശൂന്യതയാണ്. മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതം. ഇവിടെ കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി , മറ്റൊരു ലോകം അവനു വേണ്ടി ഇല്ല.
ദൈവവിശ്വാസം ഇല്ലാത്തവന്‍ ഒന്നുകില്‍ മഹാധിക്കാരിയായി തീരുന്നു. അല്ലെങ്കില്‍ മറ്റു വല്ലതിന്റെയും അടിമയായിത്തീരുന്നു. അവന്‍ ഇഷ്ടമുള്ള നിലക്ക് ജീവിക്കും. അവന്റെ ധാര്‍മികത അവന്‍ തീരുമാനിക്കും. മറ്റുള്ളവരുടെ നന്മക്ക് വേണ്ടി തന്റെ സുഖം ത്യജിക്കേണ്ട ആവശ്യം ഇല്ലെന്നു കരുതും. പാപങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയും പ്രകടിപ്പിക്കില്ല. കാരണം അതിനെ കുറിച്ച് ചോദിക്കാന്‍ ഒരു ദൈവവും ഇല്ല എന്നാണല്ലോ അവന്റെ സങ്കല്പം. ഈ ലോകത്തെ നിയമങ്ങള്‍ ദുര്‍ബലവും പഴുതുകള്‍ നിറഞ്ഞതുമായതിനാല്‍ ആ ഭയവും അസ്ഥാനത്താണ്. എന്നാല്‍ അടിയുറച്ച ദൈവവിശ്വാസി പാപങ്ങള്‍ ചെയ്യാന്‍ തയ്യാറാകില്ല. ദൈവഭയവും പരലോകത്തെ വിചാരണയും അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ ലോകത്തിന്റെ സുഗമവും സമാധാനപൂര്‍ണവുമായ പ്രയാണത്തിന് ദൈവവിശ്വാസം അനിവാര്യമാണ്. ഇന്നത്തെ ലോകഗതി അത് കൃത്യമായി നമ്മോട് പറയുന്നുമുണ്ട്.
No comments:
Post a Comment