
പര്‍ദ നിര്‍ബന്ധമാക്കുക വഴി ഇസ്ലാം സ്ത്രീകളെ പീഡിപ്പിക്കുകയല്ലേ?
പര്‍ദ നിര്‍ബന്ധമാക്കുക വഴി ഇസ്ലാം സ്ത്രീകളെ പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്? മുസ്‌ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം പര്‍ദയല്ലേ?
A സ്ത്രീ മുഖവും മുന്‍കൈയുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കണമെന്നതാണ് ഇസ്‌ലാമിക ശാസന. ഇത് പുരോഗതിക്ക് തടസ്സമല്ലെന്നു മാത്രമല്ല; സഹായകവുമാണ്. സ്ത്രീക്ക് പര്‍ദ പീഡനമല്ല; സുരക്ഷയാണ് നല്‍കുന്നത്.
ഇന്ന് ലോകത്തിന്റെ പല ഭാഗത്തും പര്‍ദയണിഞ്ഞ സ്ത്രീകള്‍ ശാസ്ത്രജ്ഞകളായും വൈമാനികരായും സാഹിത്യകാരികളായും പത്രപ്രവര്‍ത്തകകളായും പാര്‍ലമെന്റംഗങ്ങളായും പ്രശസ്ത സേവനം നിര്‍വഹിച്ചുവരുന്നു. ഇറാനിലെ അഞ്ചു വൈസ് പ്രസിഡന്റുമാരിലൊരാളായ മഅ്‌സൂമാ ഇബ്തികാര്‍ പര്‍ദാധാരിണിയാണ്. അമേരിക്കയില്‍ ഉപരിപഠനം നിര്‍വഹിച്ച മഅ്‌സൂമാ തെഹ്‌റാന്‍ യൂനിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും പ്രശസ്ത പത്രപ്രവര്‍ത്തകയുമാണ്. അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയായ അവര്‍ നിരവധി അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ സംബന്ധിച്ചിട്ടുണ്ട്. ഇറാനിലെ പ്രമുഖ വനിതാ പ്രസിദ്ധീകരണമായ 'മഹ്ജൂബാഹി'ന്റെ പത്രാധിപയും തെഹ്‌റാന്‍ സര്‍വകലാശാലാ പ്രഫസറുമായ ടുറാന്‍ ജംശീദ്യാന്‍, നാഷനല്‍ ഒളിംപിക് വൈസ് പ്രസിഡന്റും പാര്‍ലമെന്റ് ഉപാധ്യക്ഷയുമായിരുന്ന ഫസീഹ് ഹാശ്മി, വനിതാ ക്ഷേമവകുപ്പിന്റെ ഉപദേശകയായിരുന്ന ശഹ്ലാ ഹബീബി, മലേഷ്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വാന്‍ അസീസ പോലുള്ള വിഖ്യാതരായ വനിതകളെല്ലാം പര്‍ദാധാരിണികളാണ്. ആധുനിക ലോകത്ത് രണാങ്കണത്തില്‍ ധീരമായി പൊരുതിയ വീരവനിതകള്‍ ഇറാനിലെയും അഫ്ഗാനിസ്താനിലെയും പര്‍ദാധാരിണികളാണെന്ന വസ്തുത വിസ്മരിക്കാവതല്ല. വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഷൂട്ടിംഗ്, സൈക്‌ളിംഗ്, ടെന്നീസ്, ജിംനാസ്‌റിക്, കുതിരയോട്ടം, ജൂഡോ, കരാട്ടെ, ചെസ്സ് തുടങ്ങിയ വിനോദങ്ങളിലും കായികാഭ്യാസങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന ഇറാനിയന്‍ വനിതകളുടെ പുരോഗതിയുടെ പാതയില്‍ പര്‍ദ ഒരുവിധ വിഘാതവും സൃഷ്ടിക്കുന്നില്ല. പര്‍ദക്ക് സമാനമായ വസ്ത്രമണിഞ്ഞത് മദര്‍ തെരേസയുടെ സേവനവൃത്തികള്‍ക്കൊട്ടും വിഘാതം സൃഷ്ടിച്ചില്ല. വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീകളുടെ വേഷം ഇസ്‌ലാമിലെ പര്‍ദക്കു സമാനമാണല്ലോ. ശരീരഭാഗം മറയ്ക്കുന്നത് ഗോളാന്തരയാത്രക്കോ പരീക്ഷണനിരീക്ഷണങ്ങള്‍ക്കോ ഒട്ടും തടസ്സം സൃഷ്ടിക്കില്ലെന്ന് ചാന്ദ്രയാത്രികരുടെ അനുഭവം തെളിയിക്കുന്നു. പാന്റ്‌സും ഷര്‍ട്ടും ടൈയും ഓവര്‍കോട്ടും സോക്‌സും ഷൂവും കേപ്പുമണിയുന്ന പാശ്ചാത്യരാജ്യങ്ങളിലെ പുരുഷന്മാര്‍ ഇസ്‌ലാം സ്ത്രീകളോട് മറയ്ക്കാനാവശ്യപ്പെട്ട ശരീരഭാഗങ്ങളിലേറെയും മറയ്ക്കുന്നവരാണ്. സ്ത്രീകള്‍ മറിച്ചാണെങ്കിലും.
സ്ത്രീയെന്നാല്‍ അവളുടെ ശരീരവും രൂപലാവണ്യവുമാണെന്നും അവളുടെ വ്യക്തിത്വം അതിന്റെ മോടി പിടിപ്പിക്കലിനനുസൃതമാണെന്നുമുള്ള ധാരണ സൃഷ്ടിക്കുന്നതില്‍ പുത്തന്‍ മുതലാളിത്ത സാമ്രാജ്യത്വവും അതിന്റെ സൃഷ്ടിയായ കമ്പോള സംസ്‌കാരവും വന്‍വിജയം വരിച്ചതാണ്, പര്‍ദ പുരോഗതിക്കും പരിഷ്‌കാരത്തിനും തടസ്സമാണെന്ന ധാരണ വളരാന്‍ കാരണം. മാംസളമായ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പട്ടണങ്ങളിലും പൊതുസ്ഥലങ്ങളിലും ചുറ്റിക്കറങ്ങലാണ് പുരോഗതിയെന്ന് പ്രചരിപ്പിക്കുന്ന സ്ത്രീകള്‍, പുരുഷന്മാര്‍ തങ്ങളുടെ ശരീരസൗന്ദര്യം കണ്ടാസ്വദിക്കുന്നതില്‍ നിര്‍വൃതിയടയുന്ന ഒരുതരം മനോവൈകൃതത്തിനടിപ്പെട്ടവരത്രെ.
സമൂഹത്തിലെ സ്ത്രീകളുടെയൊക്കെ സൗന്ദര്യം കണ്ടാസ്വദിക്കാന്‍ കാമാതുരമായ കണ്ണുകളുമായി കാത്തിരിക്കുന്നവരില്‍നിന്ന് സ്വന്തം ശരീരം മറച്ചുവയ്ക്കലാണ് മാന്യത. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഏറെ സഹായകവും അതത്രെ. പര്‍ദയണിയാന്‍ ഇസ്‌ലാം ആവശ്യപ്പെടാനുള്ള കാരണവും അതുതന്നെ. അതോടൊപ്പം അത് പുരോഗതിയെ ഒട്ടും പ്രതികൂലമായി ബാധിക്കുന്നുമില്ല. ഇറാന്‍ സന്ദര്‍ശിച്ചശേഷം എം.പി. വീരേന്ദ്രകുമാര്‍ എഴുതിയ വരികള്‍ ശ്രദ്ധേയമത്രെ: 'ഇറാനിയന്‍ സ്ത്രീകള്‍ പര്‍ദ ധരിക്കുന്നു. മുഖം മൂടാറില്ല. തല മൂടും. ഏത് പിക്‌നിക് സ്‌പോട്ടില്‍ ചെന്നാലും നൂറുകണക്കിന് സ്ത്രീകളെ കാണാം. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന'യുടെ കേന്ദ്രകമ്മിറ്റി ഓഫീസില്‍ ചെന്നപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. സ്ത്രീകള്‍ തെഹ്‌റാനിലൂടെ കാറോടിക്കുന്നു. ഒരു കുഴപ്പവുമില്ല. പക്ഷേ ഒന്നുണ്ട്. ന്യൂയോര്‍ക്കിലൊക്കെ പോയാല്‍ കാണുന്നതുപോലെ സ്ത്രീകളെ സെക്‌സ് സിംബലാക്കി മാറ്റാന്‍ ഇറാനികള്‍ അനുവദിക്കുകയില്ല.''(ബോധനം വാരിക, 1993 നവംബര്‍ 6).
ശ്രീമതി കല്‍പനാ ശര്‍മയുടെ ചോദ്യം പ്രസക്തമത്രെ: 'വിദ്യയഭ്യസിക്കാനും പുറത്തിറങ്ങി ജോലി ചെയ്യുവാനും ദാമ്പത്യ ബന്ധം പൊറുപ്പിച്ചുകൂടാതെ വരുമ്പോള്‍ വിവാഹമോചനമാവശ്യപ്പെട്ട് കോടതിയില്‍ പോവാനും അവകാശമുള്ള ഇറാനിലെ സ്ത്രീകള്‍ക്കെതിരെ വിധിപറയാന്‍ നാം ശക്തരാണോ? പര്‍ദയണിയുന്ന ഇറാനിലെ സഹോദരിമാരേക്കാള്‍ എന്തു മഹത്ത്വമാണ് നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുള്ളത്?''(Kalpana Sharma- Behind The Veil- The Hindu 20- 7-'97).
'സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കുകയും പുരുഷന്മാരെ അതില്‍നിന്നൊഴിവാക്കുകയും ചെയ്തത് തികഞ്ഞ വിവേചനമല്ലേ?''
ഈ വിവേചനം പ്രകൃതിപരമാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരപ്രകൃതി ഒരുപോലെയല്ലല്ലോ. ഏതൊരു കരുത്തനായ പുരുഷനും സ്ത്രീയെ അവളുടെ അനുവാദമില്ലാതെ തന്നെ ബലാത്സംഗം ചെയ്യാന്‍ സാധിക്കും. എന്നാല്‍ സ്ത്രീ എത്ര കരുത്തയായാലും പുരുഷന്റെ അനുമതിയില്ലാതെ അയാളെ ലൈംഗികമായി കീഴ്‌പ്പെടുത്താനാവില്ല. ഈ അന്തരത്തിന്റെ അനിവാര്യമായ താല്‍പര്യമാണ് വസ്ത്രത്തിലെ വ്യത്യാസം. അതിനാലാണല്ലോ ഇന്ത്യയുള്‍പ്പെടെ ലോകമെങ്ങും സ്ത്രീയുടെ സംരക്ഷണത്തിന് പ്രത്യേക നിയമം അനിവാര്യമായത്. സ്ത്രീപീഡനത്തിന് കഠിനശിക്ഷ നിയമം മൂലം നിശ്ചയിച്ച നാടുകളിലൊന്നും പുരുഷ പീഡനത്തിനെതിരെ ഇവ്വിധം നിയമനിര്‍മാണം നടത്തിയിട്ടില്ലല്ലോ. ശാരീരിക വ്യത്യാസങ്ങളാല്‍ കൂടുതല്‍ സുരക്ഷിതത്വവും മുന്‍കരുതലും ആവശ്യമുള്ളത് സ്ത്രീകള്‍ക്കാണെന്ന് ഇത് സുതരാം വ്യക്തമാക്കുന്നു. അവള്‍ തന്റെ ശരീരസൗന്ദര്യം പരപുരുഷന്മാരുടെ മുമ്പില്‍ പ്രകടിപ്പിക്കരുതെന്ന് ഇസ്‌ലാം ആവശ്യപ്പെടാനുള്ള കാരണവും അതത്രെ. അതിനാല്‍ പര്‍ദ സ്ത്രീകള്‍ക്ക് സുരക്ഷയും സൗകര്യവുമാണ്. അസൗകര്യമോ പീഡനമോ അല്ല.
No comments:
Post a Comment