Sunday, 17 June 2012
ഫത്‌വ
(ഈ ചോദ്യത്തിന് മറുപടി നല്‍കുന്നത് ഫത്വാ സമിതി, ഈജിപ്ത്
വസ്ത്രധാരണത്തിന്റെ ഇസ്ലാമിക കാഴ്ചപ്പാട്
ചോ: ഒരു മുസ്ലിം താന്‍ ജീവിക്കുന്ന നാട്ടിലെ ജനം ധരിക്കുന്ന വസ്ത്രമല്ല ധരിക്കേണടത്, നബി(സ)യുടെ വസ്ത്രധാരണരീതി പിന്തുടരുകയാണ് വേണടത്, എന്ന് പലരും പ്രചരിപ്പിക്കുന്നുണട്. ഈ വാദം ശരിയാണോ?
ഉത്തരം:
അല്ലാഹു പറയുന്നു: 'ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (എല്ലാ ആരാധനാ വേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക'' (7:31). ആണും പെണ്ണും മുസ്ലിമും അമുസ്ലിമും ഉള്‍പ്പെടെ എല്ലാ മനുഷ്യരോടുമാണ് അല്ലാഹുവിന്റെ അഭിസംബോധന. മനുഷ്യന്‍ ഒരുമിച്ചുകൂടുന്ന അവസരങ്ങളില്‍- പള്ളിയിലോ വിദ്യാലയത്തിലോ മറ്റെവിടെയാണെങ്കിലും ശരി- നാണം മറയ്ക്കാനും അലങ്കാരത്തിനുമുതകുന്ന വസ്ത്രങ്ങള്‍ ധരിക്കണം എന്നാണ് കല്‍പന. മതപരവും സാമൂഹികവുമായ നന്മയുടെ ഒരു സുപ്രധാന അടിസ്ഥാനമാണ് ഈ സൂക്തം മുന്നോട്ടുവെക്കുന്നത്. അറബികള്‍- സ്ത്രീകളും പുരുഷന്മാരും- നഗ്നരായി കഅ്ബാ പ്രദക്ഷിണം ചെയ്തിരുന്നതിനെ വിമര്‍ശിച്ചുകൊണടാണ് പ്രസ്തുത ആയത്ത് ഇറങ്ങിയതെന്നാണ് പണ്ഡിതാഭിപ്രായം.
വസ്ത്രത്തിന്റെ ഇനമോ രൂപമോ ഈ ആയത്ത് നിര്‍ണയിക്കുന്നില്ല. എല്ലാ സ്ഥലത്തേക്കും കാലത്തേക്കും പ്രസക്തമായ ഒരു മൌലിക തത്ത്വം മുന്നോട്ടു വെക്കുകയാണ് ചെയ്തത്. തന്റെ ജനതയുടെയും കാലത്തിന്റെയും സമ്പ്രദായത്തിലുള്ളതും തന്റെ കഴിവിനും സാമ്പത്തിക നിലവാരത്തിനുമനുസരിച്ചുള്ളതുമായ വസ്ത്രം ഓരോരുത്തരും ധരിക്കണം എന്നുമാത്രം പ്രസ്താവിച്ച് മതിയാക്കി. അതിനാല്‍തന്നെ മറ്റുള്ളവരില്‍നിന്നും വ്യതിരിക്തമായ പ്രത്യേക വസ്ത്രമൊന്നും നബി(സ) ധരിച്ചിരുന്നില്ല. ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കാന്‍ വേണടി പ്രത്യേക വസ്ത്രമൊന്നും അദ്ദേഹം ആവിഷ്കരിക്കുകയും ചെയ്തില്ല. പ്രവാചകന്‍ ചിലപ്പോള്‍ ഇടുങ്ങിയതും മറ്റു ചിലപ്പോള്‍ തുറസ്സുള്ളതുമായ വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. സ്വഹാബികളുടെയും താബിഉകളുടെയും രീതിയും അങ്ങനെതന്നെയായിരുന്നു. പ്രവാചകനോ സ്വഹാബികളോ സ്ത്രീകളുടെയോ പുരുഷന്മാരുടെയോ വസ്ത്രത്തിന് പ്രത്യേകരൂപം നിര്‍ദേശിച്ചിരുന്നതിന് സ്വീകാര്യമായ യാതൊരു തെളിവുമില്ല. വസ്ത്രത്തിന്റെ രീതിയും രൂപവുമൊക്കെ പരിചയത്തിലൂടെയും അനുഭവത്തിലൂടെയുമൊക്കെ മനസ്സിലാക്കാം എന്നതിനാല്‍ അത്തരം വിശദാംശങ്ങള്‍ ഒഴിവാക്കുകയാണ് 'ശറഅ്' ചെയ്തിട്ടുള്ളത്. വെളുപ്പും കറുപ്പും തുണികള്‍ ചേര്‍ത്തു തുന്നിയ വസ്ത്രം ധരിച്ച ഒരാളെ കണടപ്പോള്‍ ഇമാം അഹ്മദ് പറഞ്ഞു: "താങ്കള്‍ ഈ വസ്ത്രം ഉപേക്ഷിക്കുക. നിന്റെ നാട്ടുകാര്‍ ധരിക്കുന്ന വസ്ത്രം ധരിക്കുക. അത് നിഷിദ്ധമൊന്നുമല്ല. നീ മക്കയിലെയോ മദീനയിലെയോ താമസക്കാരനായിരുന്നുവെങ്കില്‍ ഞാന്‍ കുറ്റം പറയുകയില്ലായിരുന്നു'' (മക്കയിലെയും മദീനയിലെയും വസ്ത്രം മറ്റൊരു നാട്ടില്‍ ധരിക്കുന്നതിന്റെ അനൌചിത്യമാണ് സൂചിപ്പിക്കുന്നത് - വിവ:) വസ്ത്രത്തെ സംബന്ധിച്ച് ശരീഅത്ത് മുന്നോട്ടുവെക്കുന്ന പൊതു തത്ത്വങ്ങളുടെ പരിധിയിലുള്ള, ചിത്രവേലകളോ സുതാര്യതയോ ഇല്ലാത്തതും പ്രസിദ്ധിയുടെ വസ്ത്രമല്ലാത്തതുമായ ഏത് വസ്ത്രവും ഹലാല്‍ (അനുവദനീയം)ആണ്.
താന്‍ ജീവിക്കുന്ന കാലഘട്ടത്തിലെ മാന്യമായ വസ്ത്രം ധരിക്കുന്നത് വ്യക്തിത്വ സംരക്ഷണത്തിന്റെ ഒരു രീതി കൂടിയാണ്. വസ്ത്രധാരണ രീതിയിലും പൊതു സമ്പ്രദായങ്ങളിലുമൊക്കെ പ്രസിദ്ധിനടിച്ച് ജനങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്നത് ശരിയായ നടപടിയല്ല. പ്രസിദ്ധിയുടെ വസ്ത്രം ധരിക്കുന്നതിനെ നബി(സ) ആക്ഷേപിച്ചിട്ടുമുണട്. ഇബ്നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു: "ആരെങ്കിലും പ്രസിദ്ധിയുടെ വസ്ത്രം ധരിച്ചാല്‍ അല്ലാഹു അവനെ അന്ത്യദിനത്തില്‍ നിന്ദ്യതയുടെ വസ്ത്രം ധരിപ്പിക്കുന്നതാണ്.'' അദ്ദേഹത്തില്‍നിന്നു തന്നെയുള്ള മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്: "ആരെങ്കിലും പ്രസിദ്ധിയുടെ വസ്ത്രം ധരിച്ചാല്‍ അല്ലാഹു അവനെ അന്ത്യദിനത്തില്‍ നിന്ദ്യതയുടെ വസ്ത്രം ധരിപ്പിക്കുന്നതാണ്. പിന്നീടതില്‍ നീ ആളിപ്പടരും.''
പ്രസിദ്ധിയുടെ വസ്ത്രം ധരിക്കുന്നതിനെ വിലക്കുന്ന ഹദീസുകള്‍, ചമയ വസ്ത്രങ്ങള്‍ക്കോ വിലകൂടിയ വസ്ത്രങ്ങള്‍ക്കോ മാത്രം ബാധകമല്ല. ജനങ്ങളുടെ പൊതു വസ്ത്രധാരണ രീതിയില്‍നിന്ന് വ്യത്യസ്തമായ വസ്ത്രം ധരിക്കുന്നതും അതിന്റെ പരിധിയില്‍ വരുന്നതും ആക്ഷേപാര്‍ഹവുമാണ്. ജനങ്ങളുടെ അനര്‍ഹമായ ശ്രദ്ധ പിടിച്ചുപറ്റുന്ന രൂപത്തില്‍ ആഡംബരപൂര്‍ണമായ വസ്ത്രം ധരിക്കുന്നതും കീറിപ്പറിഞ്ഞതും ജീര്‍ണിച്ചതുമായ വസ്ത്രം ധരിക്കുന്നതും നബി വിലക്കിയിട്ടുണട്. ഓരോ പ്രദേശത്തെയും തദ്ദേശീയര്‍ ധരിക്കുന്ന വസ്ത്രം ധരിക്കാനും പ്രദേശവാസികളുടെ സമ്പ്രദായം പിന്തുടരാനുമാണ് നബി(സ) നിര്‍ദേശിച്ചിട്ടുള്ളത്, എന്നാണ് മനസ്സിലാവുന്നത്.
ഇബ്നു തൈമിയ പറയുന്നു: "മറ്റുള്ള പുരുഷന്മാര്‍ ധരിക്കുന്നതുപോലുള്ള വസ്ത്രം ധരിക്കുക, തദ്ദേശവാസികള്‍ കഴിക്കുന്ന ആഹാരം തന്നെ കഴിക്കുക എന്നതൊക്കെയായിരുന്നു നബി(സ)യുടെ രീതി. ഇത്തരം കാര്യങ്ങളെല്ലാം നാടുമാറുന്നതിനനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്.'' അബ്ദുല്‍വലീദ് അല്‍ബാജി പറയുന്നു: "പ്രസിദ്ധിയുടെ വസ്ത്രം ധരിക്കുന്നതും, പൊതു സമ്പ്രദായത്തില്‍ നിന്നു വ്യത്യസ്തമായ വസ്ത്രം ധരിക്കുന്നതും നബി(സ) വെറുത്തിരുന്നു.'' അബ്ദുല്‍ഖാദിര്‍ ജീലാനി പറയുന്നു: "തന്റെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സമ്പ്രദായങ്ങളില്‍നിന്ന് വ്യതിചലിച്ചുകൊണട് അവരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കേണടതാണ്. അവര്‍ ധരിക്കുന്നതുതന്നെ ധരിക്കുകയാണ് വേണടത്. അല്ലാത്തപക്ഷം ജനം അവനിലേക്ക് വിരല്‍ചൂണടും. തന്നെക്കുറിച്ച് പരദൂഷണം പറയാന്‍ അവരില്‍ പ്രേരണ സൃഷ്ടിക്കലും അവരെ ആ പാപത്തില്‍ പങ്കുചേര്‍ക്കലുമാണത്.'' അബ്ദുല്ലാഹിബ്നു ഉമര്‍ പറഞ്ഞു: "നിനക്ക് രുചികരമായി തോന്നുന്ന ഭക്ഷണം കഴിക്കുക. ജനം നല്ലതായി കാണുന്ന വസ്ത്രം ധരിക്കുക.''
നബി(സ)യും തന്റെ കാലത്തെ നാട്ടുകാര്‍ ധരിച്ചിരിക്കുന്നതുപോലെ തലപ്പാവ് ധരിക്കുകയും വടിപിടിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ കാലം ഒരുപാട് മാറുകയും സമ്പ്രദായങ്ങള്‍ വ്യത്യസ്തമാവുകയും ചെയ്തിട്ടുണട്. തന്റെ നാട്ടുകാരുടെ സമ്പ്രദായങ്ങളോട് എതിരാകാത്തിടത്തോളം ഒരാള്‍ക്ക് തലപ്പാവ് ധരിക്കാവുന്നതാണ്. എന്നാല്‍ തലപ്പാവ് ധരിക്കുന്ന സമ്പ്രദായമില്ലാത്ത നാട്ടില്‍ വസിക്കുന്ന ഒരാള്‍ അതു ധരിക്കുന്നത് 'കീര്‍ത്തിപരവും', ജനങ്ങള്‍ക്ക് കൈചൂണടാന്‍ അവസരം നല്‍കലുമായിരിക്കും. അത് പ്രവാചക ചര്യയല്ല.
ഹസ്വീന്‍ പറയുന്നു: "സബീദുല്‍ യാമീ തൊപ്പിധരിക്കാറുണടായിരുന്നു; ഇബ്റാഹീം അദ്ദേഹത്തെ ആക്ഷേപിച്ചു. മുന്‍ഗാമികള്‍ അത് ധരിക്കാറുണടായിരുന്നല്ലോ എന്നദ്ദേഹം മറുപടി പറഞ്ഞു. ഇബ്റാഹീം: അതേ, പക്ഷേ അത് ധരിച്ചിരുന്നവര്‍ മണ്‍മറഞ്ഞുപോയിരിക്കുന്നു. ഇന്നത്തെകാലത്ത് ആരെങ്കിലും അത് ധരിച്ചാല്‍ അതൊരു പ്രസിദ്ധിയുടെ അടയാളമാവുകയും ജനം അയാള്‍ക്കുനേരെ കൈചൂണടുകയും ചെയ്യും'' (ഇബ്നു അബീ ശൈബ).
തദ്ദേശ വാസികളുടെ സമ്പ്രദായത്തിനു വിരുദ്ധമായി സുന്നത്താണെന്ന വ്യാജേന ചിലര്‍ വെച്ചുപുലര്‍ത്തുന്ന വസ്ത്രധാരണ രീതികള്‍ അംഗീകാര യോഗ്യമല്ല. നാട്ടുസമ്പ്രദായങ്ങളെ പ്രവാചക ചര്യയായി തെറ്റിദ്ധരിച്ചതും 'സുന്നത്ത്' എന്ന സാങ്കേതിക പദത്തെ മനസ്സിലാക്കുന്നതില്‍ വന്ന അബദ്ധവുമാണ് ജനം ഇത്തരമൊരു തെറ്റില്‍ അകപ്പെടാന്‍ കാരണം.
നിദാന ശാസ്ത്രപണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ സുന്നത്ത് എന്നത് ശറഈ വിധികളുടെ ഒരടിസ്ഥാനവും ഖുര്‍ആനോട് തൊട്ടടുത്ത സ്ഥാനമുള്ള നിയമത്തിന്റെ തെളിവുമാണ്. "ഖുര്‍ആനുപുറമെ നബിയില്‍ നിന്നുണടായിട്ടുള്ള വാക്കും പ്രവൃത്തിയും മൌനാനുവാദവുമാണ് സുന്നത്ത്'' എന്നവര്‍ നിര്‍വചനവും നല്‍കി.
കര്‍മശാസ്ത്ര വീക്ഷണപ്രകാരം ശറഈ തെളിവില്‍നിന്ന് ആവിഷ്കരിക്കപ്പെട്ട ഒരു വിധിയാണ് സുന്നത്ത്. പ്രവര്‍ത്തിച്ചാല്‍ പ്രതിഫലമുള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതുമായ കാര്യം. മന്‍ദൂബ്, മുസ്തഹബ്ബ്, തത്വവ്വുഅ്, ത്വാഅത്ത്, നഫ്ല്‍, ഖുര്‍ബത്, മര്‍ഗൂബ്ഫീഹി, ഫദീല എന്നെല്ലാം അതിന് പര്യായം പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു.
നബിയില്‍നിന്ന് രേഖപ്പെടുത്തപ്പെട്ട വാക്കും പ്രവൃത്തിയും മൌനാനുവാദവും പ്രവാചകത്വത്തിന് മുമ്പോ ശേഷമോ ഉള്ളതായ നബിയുടെ സൃഷ്ടിപരവും സ്വഭാവപരവുമായ സവിശേഷതകളും എല്ലാം ഹദീസ് പണ്ഡിതരുടെ വീക്ഷണത്തില്‍ സുന്നത്തില്‍പെടും. നിയമത്തിന്റെ നിദാനം എന്നതില്‍ മാത്രം അവര്‍ സുന്നത്തിനെ ഒതുക്കുന്നില്ല. റസൂലിന്റെ സ്വഭാവ നടപടികളും വാക്കും പ്രവൃത്തിയും റസൂലിനെ സംബന്ധിച്ച ഏതു വിവരണവും അദ്ദേഹത്തിന്റെ ആചാര നടപടികളും എല്ലാം അവര്‍ രേഖപ്പെടുത്തിവെച്ചു; ശറഈ നിയമമായി സ്ഥിരപ്പെട്ടതാണോ അല്ലേ എന്നൊന്നും ഈ വിഷയത്തില്‍ അവര്‍ വേര്‍തിരിവ് കാണിച്ചിട്ടില്ല. നിദാനശാസ്ത്ര പണ്ഡിതര്‍ ശറഈ വിധിയുടെ തെളിവുകളാണ് സുന്നത്തില്‍ അന്വേഷിക്കുക.
എന്നാല്‍ പൊതുജനം കര്‍മശാസ്ത്ര പണ്ഡിതരുടെയും ഹദീസ് പണ്ഡിതരുടെയും അഭിപ്രായങ്ങള്‍ തമ്മില്‍ കൂട്ടിക്കലര്‍ത്തി നബിയുടെ നാട്ടാചാരങ്ങളെയും രൂപഭാവങ്ങളെയും വസ്ത്ര സമ്പ്രദായങ്ങളെയുമൊക്കെ സുന്നത്താണെന്ന് മനസ്സിലാക്കുകയും അപ്രകാരം ചെയ്യുന്നത് പ്രതിഫലാര്‍ഹമാണെന്ന് വിശ്വസിക്കുകയും ചെയ്തു.
മുകളില്‍ പറഞ്ഞ തെളിവുകളുടെയും അംഗീകൃതരായ പണ്ഡിതന്മാരുടെ വചനങ്ങളുടെയും വെളിച്ചത്തില്‍ ശര്‍ഇന്റെ പൊതു തത്ത്വത്തോട് വിരുദ്ധമാകാത്ത തദ്ദേശവാസികളുടെ വസ്ത്ര സമ്പ്രദായ രീതിയില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ശരിയായ നടപടിയല്ല എന്ന് വ്യക്തമാവുന്നു. ഒരാള്‍ ധരിക്കുന്ന വസ്ത്രം പ്രവാചക കാലഘട്ടത്തില്‍ നിലവിലുണടായിരുന്നു എന്നത് ഒറ്റപ്പെട്ട വസ്ത്രധാരണ രീതിയെ ന്യായീകരിക്കാന്‍ പര്യാപ്തമല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment