..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Wednesday, 13 June 2012

ഇസ്ലാമും സംഗീതവും കലയും സാഹിത്യവുമൊക്കെ ഇസ്ലാമിന് അന്യമോ അപ്രധാനമോ ആണെന്ന ഒരു പൊതുധാരണ നിലവിലുണ്ട്. ഒരാള്‍ നല്ല ഗായകനാണ്, അല്ലെങ്കില്‍ അഭിനയ മികവുള്ളവനാണ്, അതുമല്ലെങ്കില്‍ മനോഹരമായി ചിത്രം വരക്കുന്നവനാണ് എന്നൊക്കെ കേട്ടാല്‍ ആ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ നന്മയുടെ മാര്‍ഗത്തില്‍ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യണമെന്നു പറയുന്ന മതനേതാക്കന്മാര്‍ വളരെ കുറവാണ്. വരണ്ടതും ഗൗരവം മാത്രം നിറഞ്ഞതുമായ ഒരു ഇസ്ലാമാണ് അത്തരക്കാരുടെ മുമ്പിലുള്ളത് എന്ന് വേണം മനസ്സിലാക്കാന്‍. ഈ മുന്‍ ധാരണ പ്രമാണങ്ങളെ വിലയിരുത്തുമ്പോഴും വ്യാഖ്യാനിക്കുമ്പോഴും അവരില്‍ പ്രകടമാകുന്നു. അക്ഷര പൂജയും കാര്‍ക്കശ്യവും ഇക്കൂട്ടരുടെ പ്രധാനപ്പെട്ട ലക്ഷണമാണ്. അങ്ങനെ കാണിച്ചാലേ വലിയ തഖ്‌വ (ഭക്തി) ഉള്ളവനാവുകയുള്ളൂ എന്നും ചിലര്‍ വിചാരിക്കുന്നു. എന്നാല്‍ പ്രമാണങ്ങള്‍ ശരിയായും സമഗ്രമായും വിലയിരുത്തുമ്പോള്‍ ഇസ്ലാം കലക്കും സാഹിത്യത്തിനും എതിരല്ല എന്നും അവ പ്രബോധനത്തിന്റെ ശക്തമായ ഉപാധികള്‍ ആണെന്നും വ്യക്തമാകും. അടിസ്ഥാനപരമായ 3 കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധയില്‍ പെടുത്തട്ടെ: 1. ഇസ്ലാം നിരോധിക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അല്ലാത്തവ അനുവദനീയമായി കണക്കാക്കണം. അഥവാ അനുവദനീയതക്ക് പ്രത്യേക തെളിവ് വേണ്ട. നിരോധത്തിനാണ് തെളിവ് വേണ്ടത്. നബി(സ) പറഞ്ഞു: "അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ ഹലാലാക്കിയത് (അനുവദനീയം) ഹലാലും ഹറാമാക്കിയത് (നിഷിദ്ധം) ഹറാമുമാകുന്നു. മൌനം പൂണ്ടത് അനുവദനീയമാകുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവില്‍നിന്ന് അവന്‍ അനുവദനീയമാക്കിയത് സ്വീകരിക്കുക. അല്ലാഹു ഒരു കാര്യവും വിസ്മരിക്കുന്നതല്ല.'' എന്നിട്ട് തിരുമേനി ഓതി: "നിന്റെ രക്ഷിതാവ് മറക്കുന്നവനല്ല.'' (മര്‍യം: 64) തിരുമേനി വീണ്ടും പറഞ്ഞു: "നിശ്ചയമായും അല്ലാഹു ചില ഫര്‍ദുകള്‍ നിശ്ചയിച്ചിരിക്കുന്നു. അത് നിങ്ങള്‍ പാഴാക്കരുത്. ചില പരിധികള്‍ വെച്ചിരിക്കുന്നു. അത് നിങ്ങള്‍ ലംഘിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് അവന്‍ മൌനം പൂണ്ടിരിക്കുന്നു. അത് നിങ്ങളോടുള്ള കരുണകൊണ്ടാണ്. മറന്നുപോയതുകൊണ്ടല്ല. അതുകൊണ്ട് നിങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിക്കരുത്.'' ചില ആളുകള്‍ ചെണ്ട കൊട്ടുന്നതിനു തെളിവുണ്ടോ, സിനിമയില്‍ അഭിനയിക്കുന്നതിന് തെളിവുണ്ടോ എന്നൊക്കെ ചോദിക്കാറുണ്ട്. മേല്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് നില നില്പ്പില്ല. 2. അനുവദനീയമായ സംഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതിനനുസരിച്ചാണ് അതിന്റെ വിധി മാറുക. കത്തി പോലുള്ള ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നത് പോലെ. പഴങ്ങളും പച്ചക്കറികളും മുറിക്കാന്‍ അതുപയോഗിച്ചാല്‍ ഹലാല്‍ , ഒരു വ്യക്തിയെ അന്യായമായി കുത്തിക്കൊന്നാലോ? അത് നിഷിദ്ധം. പാട്ട് പാടുമ്പോഴും ചിത്രം വരക്കുമ്പോഴും അഭിനയിക്കുമ്പോഴും ഇതേ നിയമമാണ് വരിക. അശ്ലീലതയും അധാര്‍മികതയും പ്രചരിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതു കലാരൂപവും നിഷിദ്ധമാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ല. ഇത് കലക്ക് മാത്രം ബാധകവുമല്ലല്ലോ. 3. പല സംഗതികളും നിഷിദ്ധമാകുന്നത് അതിന്റെ ഉദ്ദേശ്യ ശുദ്ധിക്കനുസരിച്ചാണ്. കര്‍മങ്ങളെല്ലാം ഉദ്ദേശ്യമനുസരിച്ചാണെന്ന പ്രവാചകവചനം വളരെ പ്രസിദ്ധമാണല്ലോ. ഉദാഹരണത്തിന് ഒരാള്‍ നമസ്ക്കരിക്കുന്നത് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാണെങ്കില്‍ ആ നമസ്ക്കാരം നിഷ്ഫലമാണ്. ഇത് കലയുടെ മേഖലയിലും ബാധകമാണ്. ഒരു ഗാനം ആലപിക്കുമ്പോള്‍ അതിലെ വരികള്‍ ഒരു പക്ഷെ നല്ലതായിരിക്കും. പക്ഷെ പാടുന്നവനോ കേള്‍ക്കുന്നവനോ അതിന്റെ ഈണവും താളവും അവതരണരീതിയും കാരണമായി മറ്റെന്തെങ്കിലും നിഷിദ്ധ ചിന്തകളിലേക്ക് പോയാല്‍ അത് തിന്മയായിത്തീരും. പാമ്പിന്റെ ചിത്രം വരക്കുന്നത് തെറ്റല്ല. എന്നാല്‍ വരക്കുന്നവന്‍ അതൊരു ദൈവത്തിന്റെ ചിത്രമാണെന്ന് സങ്കല്‍പ്പിച്ചാല്‍ അത് നിഷിദ്ധമായി മാറും. ഓരോരുത്തരും സ്വയം വിലയിരുത്തുകയും താന്‍ ചിന്തിക്കുന്നതും ചെയ്യുന്നതും ശരിയായ മാര്‍ഗത്തില്‍ തന്നെയാണോ എന്ന് വിലയിരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സംഗീതത്തിന്റെ വിധി മേല്‍ പറഞ്ഞ ഉപാധികളോടെ പണ്ഡിതന്മാര്‍ പൊതുവില്‍ യോജിച്ചിട്ടുള്ള കാര്യം ഉപകരണം ഇല്ലാതെയുള്ള ഗാനം അനുവദനീയം തന്നെയാണെന്നാണ്. എന്നാല്‍ ഉപകരണത്തോട് കൂടിയ സംഗീതത്തിന്റെ കാര്യത്തിലാണ് കാര്യപ്പെട്ട അഭിപ്രായ വ്യത്യാസമുള്ളത്. എന്തായാലും സംഗീതം നിഷിദ്ധമാണെന്ന് വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന തെളിവുകള്‍ നമുക്ക് പരിശോധിക്കാം. 1. ഖുര്‍ആന്‍ പറയുന്നു: "യാതൊരു വിവരവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചു കളയുവാനും, അതിനെ പരിഹാസ്യമാക്കി തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകള്‍ (ലഹവുല്‍ ഹദീസ്) വിലക്ക് വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്." (31 :6) 2.ഖുര്‍ആന്‍ പറയുന്നു:"വ്യര്‍ഥമായ വാക്കുകള്‍ (ലഗവ്) കേട്ടാല്‍ അതില്‍ നിന്നവര്‍ തിരിഞ്ഞുകളയും'' (അല്‍ഖസ്വസ്: 55). സംഗീതം വ്യര്‍ഥമായ വാക്കായതുകൊണ്ട് അതില്‍നിന്ന് പിന്തിരിയേണ്ടത് നിര്‍ബന്ധമാണ്. എന്നാണവരുടെ വാദം. മേല്‍ പറഞ്ഞ സൂക്തത്തിലെ 'വ്യര്‍ഥമായ വാക്ക്' എന്നത് സംഗീതം ഉള്‍ക്കൊള്ളുന്നു എന്ന് സമ്മതിച്ചാല്‍തന്നെ അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കല്‍ സുന്നത്താണ്. നിര്‍ബന്ധമല്ല എന്ന് വരുന്നു. ഇബ്നു ജുറൈജില്‍നിന്ന് നിവേദനം: അദ്ദേഹം സംഗീതം കേള്‍ക്കുന്നതിന് ഇളവ് നല്‍കുകയുണ്ടായി. അപ്പോള്‍ ഒരാള്‍ ചോദിച്ചു: അന്ത്യനാളില്‍ അത് താങ്കളുടെ സല്‍കര്‍മങ്ങളിലോ അതോ ദുഷ്കര്‍മങ്ങളിലോ വരുക? അദ്ദേഹം പറഞ്ഞു: സല്‍കര്‍മങ്ങളിലുമല്ല, ദുഷ്കര്‍മങ്ങളിലുമല്ല. കാരണം, അത് വ്യര്‍ഥമായ വാക്കിനോട് സദൃശമാണ്. അല്ലാഹു പറയുന്നു: "(ബോധപൂര്‍വമല്ലാതെ) വെറുതെ പറഞ്ഞുപോകുന്ന ശപഥ വാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. 3. തിരുമേനി പറഞ്ഞു: "എന്റെ സമുദായത്തില്‍ ഒരു വിഭാഗം ഉണ്ടാകും. അവര്‍ വ്യഭിചാരവും പട്ടും മദ്യവും സംഗീതോപകരണവും ഹലാലായിക്കരുതുന്നവരാണ്.'' (ബുഖാരി) ഈ ഹദീസിന്റെ നിവേദക പരമ്പര അപൂര്‍ണമാണ്. അതിനാല്‍ ഇബ്നു ഹസം (റ) അത് തള്ളിക്കളഞ്ഞിരിക്കുന്നു. 4. "സത്യവിശ്വാസി ഏര്‍പ്പെടുന്ന എല്ലാ നേരമ്പോക്കും പ്രയോജനമില്ലാത്ത (ബാത്വില്‍ ) താകുന്നു. മൂന്ന് കാര്യം ഒഴികെ: തന്റെ ഭാര്യയുമായുള്ള ശൃംഗാരം, തന്റെ കുതിരയെ പരിശീലപ്പിക്കല്‍ , അമ്പെയ്ത്ത് എന്നിവ.'' സംഗീതം അനുവദനീയമാണെന്ന് പറയുന്നവര്‍ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറഞ്ഞിരിക്കുന്നു. അവര്‍ പറയുന്നു: ഹദീസ് സ്വഹീഹാണെങ്കില്‍തന്നെ അത് തെളിവായി ഉദ്ധരിക്കാന്‍ പറ്റുകയില്ല. കാരണം, ഹദീസില്‍ പറഞ്ഞ ബാത്വില്‍ എന്ന പ്രയോഗം സംഗീതം ഹറാമാണെന്ന് സൂചിപ്പിക്കുന്നില്ല. മറിച്ച് പ്രയോജനകരമല്ലെന്നാണ് സൂചിപ്പിക്കുന്നത്. 5. "പാട്ടുകാരിയായ അടിമസ്ത്രീയെ വില്‍ക്കുന്നതും അതിന്റെ വിലയും അവളെ പരിശീലിപ്പിക്കുന്നതും അല്ലാഹു ഹറാമാക്കിയിരിക്കുന്നു.'' ഈ ഹദീസ് ദുര്‍ബലമാണ്. ഇനി സ്വഹീഹ് ആണെങ്കില്‍ തന്നെ സംഗീതം നിഷിദ്ധമാണെന്ന് വരുന്നില്ല. ഇതേ കുറിച്ച് ഇമാം ഗസ്സാലി പറയുന്നത് കാണുക: "ഇവിടെ സൂചിപ്പിച്ച പാട്ടുകാരി മദ്യസദസ്സുകളില്‍ പുരുഷന്മാരുടെ മുമ്പില്‍ പാട്ടുപാടുന്ന സ്ത്രീയാണ്. എന്നാല്‍ പാട്ടുകാരിയായ അടിമസ്ത്രീ തന്റെ യജമാനനുവേണ്ടി പാടുന്നത് ഹറാമാണെന്ന് ഈ ഹദീസില്‍നിന്ന് മനസ്സിലാകുന്നില്ല.'' 5. "ഇബ്നു ഉമര്‍ ഇടയന്റെ പുല്ലാങ്കുഴല്‍ ശബ്ദം കേട്ടു. അപ്പോള്‍ അദ്ദേഹം തന്റെ വിരലുകള്‍ ചെവിയില്‍ തിരുകി. തന്റെ വാഹനം മറ്റൊരു വഴിക്ക് തിരിച്ചുവിടുകയും ചെയ്തു. അദ്ദേഹം നാഫിഇനോട് ചോദിച്ചു: നാഫിഅ് താങ്കള്‍ കേള്‍ക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. അദ്ദേഹം മുമ്പോട്ടുപോയി. അങ്ങനെ പുല്ലാങ്കുഴലിന്റെ കേള്‍ക്കാത്ത ദൂരം വരെയെത്തി. എന്നിട്ടദ്ദേഹം തന്റെ കൈ ഉയര്‍ത്തുകയും വാഹനത്തെ ശരിയായ വഴിക്ക് തിരിച്ചുവിടുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: നബി(സ) ഇടയന്റെ പുല്ലാങ്കുഴല്‍ കേട്ടപ്പോള്‍ ഇപ്രകാരം ചെയ്യുന്നത് ഞാന്‍ കാണുകയുണ്ടായി.'' എന്നാല്‍ തിരുമേനി അതൊഴിവാക്കിയത് മറ്റു അനുവദനീയമായ കാര്യങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചതുപോലെയാകുന്നു. ഉദ: തിരുമേനിയുടെ വീട്ടില്‍ ഒരു ദര്‍ഹമോ ദീനാറോ ബാക്കിവെക്കാറുണ്ടായിരുന്നില്ല. 6. "സംഗീതം മനസ്സില്‍ കാപട്യമുണ്ടാക്കും'' എന്ന ഹദീസും അവര്‍ തെളിവായി ഉദ്ധരിക്കുന്നു. ഇത് തിരുമേനിയില്‍നിന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് ചില സ്വഹാബികളില്‍ നിന്ന് ഉദ്ധരിച്ചതാകുന്നു. 7. "ഞാന്‍ സംഗീതോപകരണങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയാണ് നിയുക്തനായത്." എന്ന ഹദീസാണ് മറ്റൊരു തെളിവായി കാണിക്കുന്നത്. എന്നാല്‍ ഇതും ദുര്‍ബലമായ ഹദീസാണ്. ഖാദീ അബൂബക്ര്‍ ഇബ്നുല്‍അറബി (റ) പറയുന്നു: 'സംഗീതം ഹറാമാണെന്ന് പറയുന്ന സ്വഹീഹായ ഒരു പ്രമാണവും ഇല്ല. അപ്രകാരം തന്നെയാണ് ഇമാം ഗസ്സാലിയും ഇബ്നുന്നഹ്വിയും അഭിപ്രായപ്പെട്ടിരിക്കുന്നതും.' ഇബ്നു താഹിര്‍ (റ) പറയുന്നു: 'ഈ വിഷയകമായി ഒരു അക്ഷരവും സ്വഹീഹായി വന്നിട്ടില്ല. ഇബ്നു ഹസം (റ) പറയുന്നു: 'ഈ വിഷയത്തില്‍വന്ന എല്ലാ തെളിവുകളും തെറ്റും പടച്ചുണ്ടാക്കിയതുമാണ്.' ഇനി സംഗീതം അനുവദനീയമാണെന്ന് കരുതുന്നവര്‍ പറയുന്ന തെളിവുകള്‍ പരിശോധിക്കാം. 1. നബി (സ) യുടെ വീട്ടില്‍ ആഇശയുടെ സാന്നിധ്യത്തില്‍ രണ്ടുപെണ്‍കുട്ടികള്‍ പാട്ടുപാടുകയും അബൂബക്ര്‍ അതിനെ എതിര്‍ക്കുകയും അത് പിശാചിന്റെ കുഴലൂത്താണെന്ന് പറയുകയും ചെയ്തു. എന്നാല്‍ തിരുമേനി അബൂബക്റിനെ തടയുകയും നമ്മുടെ ദീനില്‍ വിശാലതയുണ്ടെന്ന് ജൂതന്മാര്‍ അറിയട്ടെ എന്നു പറയുകയും ചെയ്തു. 2. നിവേദനം ചെയ്ത ഒരു ഹദീസില്‍ ആഇശ പറയുന്നു: ഞാന്‍ ഒരു സ്ത്രീയെ അന്‍സ്വാരിയുടെ മണവാട്ടിയായി ഒരുക്കി അയച്ചു. അപ്പോള്‍ തിരുമേനി ചോദിച്ചു: "ആഇശാ, അവരുടെ കൂടെ നേരമ്പോക്കിന് ഒന്നുമുണ്ടായിരുന്നില്ലേ? അന്‍സ്വാറുകള്‍ക്ക് നേരമ്പോക്ക് ഇഷ്ടമാണ്.'' (ബുഖാരി) 3. ഇബ്നു അബ്ബാസില്‍ നിന്ന് നിവേദനം: "ആഇശ തന്റെ ഒരു അടുത്ത ബന്ധുവിനെ ഒരു അന്‍സ്വാരിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അപ്പോള്‍ തിരുമേനി ചോദിച്ചു: "നിങ്ങള്‍ പെണ്‍കുട്ടിക്ക് സമ്മാനം നല്‍കിയോ? അവര്‍ പറഞ്ഞു: അതെ. നിങ്ങള്‍ അവരുടെ കൂടെ പാട്ടുകാരിയെ അയച്ചോ? അവര്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ തിരുമേനി പറഞ്ഞു: അന്‍സ്വാരികള്‍ ഗസല്‍ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങള്‍ക്ക് പെണ്‍കുട്ടിയുടെ കൂടെ 'ഇതാ വരുന്നേ, ഇതാ വരുന്നേ' എന്ന് പാടുന്ന ഒരു സ്ത്രീയെ അയച്ചുകൂടായിരുന്നോ?!'' 4. ആമിറുബ്നു സഅദ് പറയുന്നു: "ഞാന്‍ ഖുര്‍ദതുബ്നു കഅ്ബിന്റെയും അബൂമസ്ഊദില്‍ അന്‍സ്വാരിയുടെയും കൂടെ കല്യാണത്തില്‍ പങ്കെടുത്തു. അവിടെ പെണ്‍കുട്ടികള്‍ പാടുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: "പ്രവാചകന്റെ സ്വഹാബികളും ബദ്റില്‍ പങ്കെടുത്തവരുമായവരേ, നിങ്ങളുടെ സാന്നിധ്യത്തില്‍ ഇത് ചെയ്യുകയോ?'' അപ്പോള്‍ അവരിരുവരും പറഞ്ഞു: "താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇവിടെയിരുന്ന് കേള്‍ക്കുക. അല്ലെങ്കില്‍ തിരിച്ചുപോവുകയും ചെയ്യുക. തിരുമേനി വിവാഹവേളയില്‍ നമുക്ക് നേരമ്പോക്ക് അനുവദിച്ചിട്ടുണ്ട്.'' 5. ഖുര്‍ആനിലെ "അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞുപോവുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തേക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു'' (അല്‍ജുമുഅ: 11) എന്ന സൂക്തവും സംഗീതത്തിന്റെ അനുവദനീയതയെ കുറിക്കുന്നു. കാരണം ഇവിടെ വിനോദത്തെയും കച്ചവടത്തെയും ചേര്‍ത്തുപറഞ്ഞിരിക്കുന്നു. കച്ചവടം അനുവദനീയമാണെങ്കില്‍ വിനോദവും അനുവദനീയമാകും. (യൂസുഫുല്‍ ഖര്‍ദാവിയുടെയും മറ്റും ഗ്രന്ഥങ്ങളെ അവലംബിച്ചു എഴുതിയത്)

No comments:

Post a Comment