..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Thursday, 14 June 2012

ബഹുദൈവത്വം യുക്തിവിരുദ്ധം ഈ പ്രപഞ്ചവും അതിനുള്ളിലുള്ളതും സര്‍വശക്തനായ ദൈവം തമ്പുരാന്റെ സൃഷ്ടിയാണ് എന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്നു. ചില അപശബ്ദങ്ങള്‍ അതിനെതിരില്‍ ഉണ്ടെങ്കിലും. ദൈവം ഏതു പേരില്‍ അറിയപ്പെട്ടാലും അവന്‍ ഏകനാണ് എന്ന പരമസത്യം നാം അംഗീകരിച്ചേ തീരൂ. ദൈവം ഒന്നിലധികം ഉണ്ടാവുക എന്നത് അസംഭവ്യവും യുക്തിവിരുദ്ധവുമാണ്. ചില ആളുകള്‍ തികഞ്ഞ പരിഹാസത്തോടെ ഒന്നിലധികം ദൈവങ്ങള്‍ ഉണ്ടായാല്‍ എന്ത് സംഭവിക്കാനാ എന്ന് ചോദിക്കാറുണ്ട്. ലളിതമായൊരു ഉപമയിലൂടെ ആണ് പലപ്പോഴും അതിനു മറുപടി നല്‍കുക. ഒരു സ്ഥാപനത്തിനോ രാഷ്ട്രത്തിനോ മറ്റോ ഒന്നിലധികം ഉന്നത നേതൃത്വം ഉണ്ടായാല്‍ അവിടെ കലഹം ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നായിരിക്കും ആ ഉപമ. ഇത് കേള്‍ക്കേണ്ട താമസം ദൈവം മനുഷ്യനെ പോലെയാണോ, അങ്ങനെയാണെങ്കില്‍ അതിനെ ദൈവം എന്ന് വിളിക്കാന്‍ പറ്റുമോ എന്നൊക്കെ തിരിച്ചു ചോദിക്കും. കാര്യങ്ങളെ ആഴത്തില്‍ പഠിക്കുവാനോ വിശകലനം ചെയ്യുവാനോ തയ്യാറാകാത്തവരാണ് ഇത്തരം 'ഉത്തരം മുട്ടിക്കുന്ന' ചോദ്യങ്ങള്‍ ഉന്നയിക്കുക. ദൈവം ഏകനായിരിക്കല്‍ നിര്‍ബന്ധമാണ്‌ എന്നതിന്റെ യുക്തിപരമായ കാരണങ്ങള്‍ താഴെ വായിക്കുക: ഈ പ്രപഞ്ചവും അതിലുള്ള സകലതും അല്ലാഹുവിന്റെ സൃഷ്ടിയാണ്. അഥവാ അല്ലാഹു സ്രഷ്ടാവാണ് . അവനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം അതിനാല്‍ അപ്രസക്തമാണ്. രണ്ടു ദൈവം വന്നാല്‍ എല്ലാത്തിനെയും സൃഷ്ടിച്ചവന്‍ എന്ന ഗുണം രണ്ടു ദൈവത്തിനും നഷ്ടമാവും. അതുപോലെ ഒരു ദൈവം മറ്റേ ദൈവത്തിനെ സൃഷ്ടിച്ചു എന്നാണെങ്കില്‍ അതിനര്‍ത്ഥം ഒരു ദൈവം സൃഷ്ടിയായി മാറുന്നു എന്നാണ്. സൃഷ്ടിയെ ദൈവം എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ. അത് യുക്തി വിരുദ്ധമല്ലേ? സാക്ഷാല്‍ ദൈവം സര്‍വശക്തനും, സര്‍വജ്ഞനും, സര്‍വാധിപത്യമുള്ളവനും ആയിരിക്കുമല്ലോ. ഇനി രണ്ടു ദൈവങ്ങള്‍ ഉണ്ടെന്നു സങ്കല്പ്പികുക. അതോട് കൂടി മേല്‍ ഗുണങ്ങള്‍ രണ്ടു പേര്‍ക്കും നഷ്ടമാകും. ഉദാഹരണത്തിന് ഒരു ദൈവം മറ്റേ ദൈവത്തിനു മേല്‍ ആധിപത്യം ഉള്ളവനായിരിക്കില്ല. അങ്ങനെ ആയാല്‍ മറ്റേ ആളെ ദൈവം എന്ന് വിളിക്കാനും പറ്റില്ല. സര്‍വാധിപത്യം എന്ന ഗുണം ഇവിടെ നഷ്ടപ്പെടുന്നു. എല്ലാത്തിന്മേലുമുള്ള ശക്തിയാണ് സര്‍വശക്തനുണ്ടാവേണ്ടത്. രണ്ടു ദൈവം വന്നാല്‍ അതും നഷ്ടമാവും. കാരണം ഒരു ദൈവത്തിനു തന്റെ ശക്തി മറ്റേ ദൈവത്തില്‍ പ്രയോഗിക്കാന്‍ പറ്റില്ല. ഒരു ദൈവം പ്രപഞ്ചത്തെ പരിപാലിക്കാനും രണ്ടാമത്തെ ദൈവം അതിനെ സംഹരിക്കാനും സ്വതന്ത്രമായി തീരുമാനിചു എന്ന് സങ്കല്പ്പികുക. ആരുടെ തീരുമാനമാണ് നടപ്പിലാവുക? രണ്ടും കൂടി ഒരേ സമയം നടക്കില്ലല്ലോ. ഒരാളുടെ തീരുമാനം മാത്രം ഏകപക്ഷീയമായി നടപ്പിലായാല്‍ മറ്റേ ദൈവം അവനു കീഴടങ്ങി എന്ന് പറയേണ്ടി വരും. അതോടെ സര്‍വാധിപത്യം എന്ന ഗുണം നഷ്ടപ്പെടും. ഇനി രണ്ടു പേരും മനുഷ്യരെ പോലെ കലഹം നടത്താതെ, കൂടിയാലോചിച്ച് മുകളില്‍ പറഞ്ഞ പോലുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. അപ്പോഴും മേല്‍ ഗുണം ഒരു ദൈവത്തിനു നഷ്ടപ്പെടുകയാണ് ചെയ്യുക. മാത്രമല്ല, കൂടിയാലോചന എന്ന സംഗതി ദൈവത്തിന്റെ അറിവ് കേടിനെ സൂചിപ്പിക്കുന്നു. (സര്‍വജ്ഞനു കൂടിയാലോചന നടത്തേണ്ട ആവശ്യമില്ലല്ലോ). ഇവിടെ ഒരു ദൈവത്തിനു മാത്രമായി പ്രപഞ്ചത്തെ പരിപാലിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. ഇതും സര്‍വാധിപത്യം, സര്‍വശക്തി തുടങ്ങിയ ഗുണങ്ങളെ ഇല്ലാതാക്കുന്നു.

No comments:

Post a Comment